India

തിരുവനന്തപുരം ∙ േകരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഞങ്ങൾ ആരേയും പുറത്താക്കിയിട്ടില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. കേരള കോൺഗ്രസ് അവിഭാജ്യ ഘടകമാണ്. നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവർത്തിക്കുന്നു. കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം പാർട്ടിയിൽ ഭിന്നത ഉണ്ടായി. യുഡിഎഫ് ഇരുവിഭാഗത്തേയും യോജിപ്പിക്കാൻ ശ്രമിച്ചു. ഒരു കാരണവശാലും യോജിക്കില്ലെന്ന് വന്നപ്പോൾ രണ്ട് പാർട്ടികളായി പരിഗണിക്കാൻ തീരുമാനിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എട്ടുമാസം ജോസ് കെ.മാണി വിഭാഗത്തിനും ആറുമാസം പി.ജെ.ജോസഫ് വിഭാഗത്തിനും നൽകാമെന്ന് തീരുമാനമായിരുന്നു. ജോസ് കെ.മാണി വിഭാഗം രാജിവയ്ക്കേണ്ട സമയമായപ്പോൾ രാജി വച്ചില്ല. കോവിഡ് ആയതുകൊണ്ട് മൂന്നുമാസം കൂടി നീണ്ടുപോയി. ഇതോടെ ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നാല് മാസമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാജിവയ്ക്കാൻ തയാറായില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു ധാരണയേ ഇല്ല എന്നാണ് ജോസ് കെ.മാണി വിഭാഗം പറഞ്ഞത്. ഇതോടെ യുഡിഎഫ് യോഗങ്ങളിൽ നിന്നു ജോസ് കെ.മാണി വിഭാഗത്തെ മാറ്റിനിർത്താൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് വിഷയത്തിൽ യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ അന്നുമുതൽ യോഗത്തിൽ പങ്കെടുപ്പിക്കും.

 

വെടിയേറ്റ് മരിച്ച മുത്തച്ഛന്റെ മൃതദേഹത്തിന് മുകളിൽ കയറിയിരുന്ന് നിലവിളിച്ച മൂന്നുവയസുകാരനെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തി. ഈ ചിത്രം ഇപ്പോൾ രാജ്യമെങ്ങും കണ്ണീരോടെ പങ്കുവയ്ക്കുകയാണ്. ജമ്മു കശ്മീരിലെ സോപോറിൽ ഇന്ന് രാവിലെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിന് ഇടയിലാണ് സംഭവം.

സിആർപിഎഫ് പട്രോൾ സംഘത്തിന് നേരെ ഭീകരവാദികൾ വെടിവെച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യുവരിച്ചു. ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന മുത്തച്ഛനും മൂന്നുവയസുകാരൻ കൊച്ചുമോനും വെടിവയ്പ്പിന് ഇടയിൽപ്പെട്ടുപോയി. ഭീകരുടെ വെടിയേറ്റ് കൊച്ചുമകന്റെ മുന്നിൽ തന്നെ മുത്തച്ഛൻ വീഴുകയായിരുന്നു. ഇതോടെ ഭയന്നുപോയ കുട്ടി മുത്തച്ഛന്റെ മൃതദേഹത്തിന് മുകളിൽ കയറിയിരുന്ന് നിലവിളിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട ജവാൻ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അവിചാരിതമായ ഒരു ആക്രമണമാണ് തങ്ങളുടെ പെട്രോളിങ് സംഘത്തിന് നേരെ ഉണ്ടായതെന്ന് സോപോറിലെ സിആർപിഎഫ് വക്താവ്  പറഞ്ഞു. സിആർപിഎഫിന്റെ 179-ാം ബറ്റാലിയന്റെ ജവാന്മാർക്ക് നേരെയാണ് രാവിലെ 7.35 അടുപ്പിച്ച് ആക്രമണം നടന്നത്.

 

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി എം.പി. യുഡിഎഫിന്റെ തിരുത്തല്‍ സാങ്കേതികം മാത്രമാണ് രാഷ്ട്രീയമല്ല. എന്ത് തെറ്റാണ് ചെയ്തതെന്ന് യുഡിഎഫ് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി യുഡിഎഫുമായി ചര്‍ച്ചയില്ലെന്നും ജോസ്.കെ. മാണി പറ‍‍ഞ്ഞു.

അതിനിടെ ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. യു.ഡി.എഫ് തീരുമാനം അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ യോഗത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം പറഞ്ഞു.

അതേസമയം ജോസ് കെ മാണിയെ യുഡിഎഫിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തിയതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തെറ്റുതിരുത്തി യുഡിഎഫിലേക്ക് മടങ്ങാം, ജോസ് കെ മാണി പുനരാലോചിക്കണം. യു‍ഡിഎഫാണ് മികച്ച മുന്നണിയെന്ന് ജോസ് കെ മാണി മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജോസ് കെ.മാണിയുമായി അങ്ങോട്ടുപോയി ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചാലേ ചര്‍ച്ച ഉണ്ടാകു. ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരേണ്ടെന്നും യു.ഡി.എഫ് തീരുമാനം

ജെസിബി കയറ്റിയെത്തിയ ലോറി താൽക്കാലികമായി നിർമിച്ച ബെയ്‍ലി പാലത്തിൽ കയറിയതോടെ ഭാരം താങ്ങാനാവാതെ പാലം തകർന്നു. ഇന്ത്യ–ചൈന അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിലാണ് സൈന്യം പണിത ബെയ്‍ലി പാലം തകർന്നു വീണത്. അമിതഭാരവുമായി എത്തിയ ലോറിയാണ് അപകടത്തിന് കാരണമായത്.

ജൂൺ 20 നാണ് അപകടം നടന്നത്. 2009 ൽ നിർമിച്ച പാലത്തിന് 18 ടൺ വരെ ഭാരം താങ്ങാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 26 ടൺ ഭാരവുമായി വന്ന ലോറി പാലം കടക്കാൻ ശ്രമിച്ചപ്പോഴാണ് തകർന്നു വീണത്. മുന്നറിയിപ്പ് വകവെയ്ക്കാതെ പാലത്തിലേക്ക് വാഹനം കയറ്റിയ ഡ്രൈവർക്കെതിരെ കേസെടുത്തു എന്നാണ് മുൻസ്യാരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പറയുന്നത്.

മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുമുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പാലം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ശബരിമലയിലും പത്തനംതിട്ട റാന്നിയിലും ഇത്തരത്തിലുള്ള പാലം നിർമിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ ഖജനാവിൽ നിന്നും വൻ തുക ചെലവിട്ടതായി റിപ്പോർട്ട്. 2019 ഡിസംബറിനും മാർച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും പരിപാലിക്കാൻ സംസ്ഥാനം 36 ലക്ഷം രൂപ ചെലവഴിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു

ജൂൺ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിപാലിക്കുന്നതിനായി 36,07,207 രൂപ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിക്ക് (സി-ഡിറ്റ്) സംസ്ഥാന സർക്കാർ അനുവദിച്ചു.

“മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളുടെ പ്രതിഫലത്തിനായി ഉയർന്ന തുക ചെലവഴിക്കുന്നു. നിലവിൽ 12 പേർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു. അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം 25 ലക്ഷം രൂപയിലധികമാണ്,” എന്ന് സി-ഡിറ്റ് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്.

തത്സമയ സ്ട്രീമിംഗിനായി 1.83 ലക്ഷം രൂപയും സെർവർ അഡ്മിനിസ്ട്രേഷനും നെറ്റ്‌വർക്ക് സുരക്ഷയ്ക്കും 36,667 രൂപയും ഡാറ്റാ ശേഖരണത്തിനും വികസനത്തിനുമായി 1.1 ലക്ഷം രൂപയും കാർ വാടകയ്‌ക്കെടുക്കൽ ചാർജായി 73,333 രൂപയും ചെലവഴിച്ചതായി ചെലവ് കണക്കുകൾ വ്യക്തമാക്കുന്നു.

കൊല്ലം എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട്‌ ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. രണ്ടരമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാ‍ഞ്ഞത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പതിനാറുവര്‍ഷമായി അന്വേഷണം നീളുന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

വൈകീട്ട് അഞ്ചുമണിക്കാണ് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം എത്തിയത്. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴരവരെ എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറിയെ ചോദ്യംചെയ്തു. 2004 രജിസ്റ്റർ ചെയ്‌ത കേസിൽ 16 വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജൂലായ് ആറിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വഷേണം വേഗത്തിലായത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന ക്രൈം ബ്രാഞ്ച് വിശദീകരണം കോടതി അംഗീകരിച്ചിരുന്നില്ല

1997ല്‍ കൊല്ലം SN കോളേജിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്എന്‍ഡിപി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍. കേസിന്റെ FIR റദ്ദാക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നേരത്തെതന്നെ കോടതി തള്ളിയിരുന്നു.

യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഇരുട്ടടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. നടപടിക്ക് പിന്നാലെ ജോസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ ജോസഫിനൊപ്പം ചേർന്നു. ജോസ് പക്ഷത്തെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ പാളയത്തിലെത്തിച്ച് കരുത്ത് കാട്ടാനൊരുങ്ങുകയാണ് പി.ജെ. ജോസഫ്.

യുഡിഎഫിൻ്റെ അപ്രതീക്ഷിത തീരുമാനത്തിൽ പകച്ചുപോയ ജോസ് വിഭാഗത്തിനേറ്റ അടുത്ത പ്രഹരമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ജോസ് കെ.മാണിയുടെ വലംകൈ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ചുവടുമാറ്റം ജോസ് ക്യാംപിനെ അക്ഷരാർഥത്തിൽ ഞ്ഞെട്ടിച്ചു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിൻ്റെ മകനായ പ്രിൻസ് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥിയായി തോമസ് ചാഴികാടനൊപ്പം പരിഗണിച്ചിരുന്നതും പ്രിൻസിനെയാണ്. ജോസ് പക്ഷത്തെ പ്രഗൽഭരായ കൂടുതൽ നേതാക്കളും പാർട്ടിയിലെത്തുമെന്ന് ജോസഫ് ആവർത്തിക്കുന്നു.

ജോസ് കെ.മാണിയെ പിന്തുണച്ചിരുന്ന പാലാ നഗരസഭയിലെ 5 കൗൺസിലർമാരും ജില്ലാ സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കലും ജോസഫ് പക്ഷത്ത് ഇടം പിടിച്ചു.സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജോസിൻ്റെ നീക്കങ്ങൾക്കാണ് നേതാക്കളുടെ തീരുമാനം തിരിച്ചടിയായത്. ജോസ്.കെ.മാണി ഇടതുപക്ഷത്തോടടുത്താൽ കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോട്ടയം ജില്ലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫിൻ്റെ കരുനീക്കം.

അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്തുനില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുകയാണ് കൃതിക. വിജയാരവങ്ങള്‍ ആഘോഷിക്കാന്‍ കൃതികയില്ലാത്തത് നൊമ്പരപ്പെടുത്തുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കൃതികയുടെ അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് കൃതിക മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് കൃതിക (15) യാത്രയായത്. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളാണ്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ കൂട്ടത്തോടെ കൊണ്ടുവന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയ ശേഷമാണ് വലിയ കുഴികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത്.

സംഭവം കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ സ്വദേശത്താണ് സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് ദാരുണ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

റോഡില്‍ ഇനിയൊരു ജീവന്‍ പൊലിയാതിരിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിയമിക്കുക. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രാജ്യത്തെ 21,000 ഓളം സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

പദ്ധതി നടത്തിപ്പിനായി പ്രത്യേക നിധി രൂപീകരിക്കും. പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ ഫണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികളും വിഹിതം അടയ്ക്കും. ഇനി അപകടത്തില്‍പ്പെട്ട വാഹനം ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെങ്കിലും ഈ സഹായം ലഭ്യമാകും. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved