ലിബിയയിലെ ആശ്വെറിഫിൽ നിന്ന് കഴിഞ്ഞ മാസം 14ന് തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ ഞായറാഴ്ച മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് വിട്ടയയ്ക്കപ്പെട്ടവർ. തുണീസ്യയിലെ ഇന്ത്യൻ അംബാസഡർ പുനീത് റോയ് കുന്ദാൽ ഇവരോട് സംസാരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാനായി ലിബിയൻ തലസ്ഥാനം ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവർ തട്ടിക്കൊണ്ടുപോവപ്പെട്ടത്. നിർമാണ, എണ്ണ വിതരണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അൽ ഷോല അൽ മുദിയ എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു അവർ. എല്ലാവരെയും കമ്പനി പ്രതിനിധികളെ ഏൽപ്പിച്ചുവെന്നു വ്യക്തമായെതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ലിബിയയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ഇല്ലാത്തതിനാൽ തുണീസ്യയിലെ എംബസിയാണു ലിബിയയിലെ ഇന്ത്യക്കാരുടെ കാര്യങ്ങളും നോക്കുന്നത്. ലിബിയയിലെ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് 2016 മുതൽ ആ രാജ്യത്തേക്ക് ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.