നടന്‍ സുരേഷ്ഗോപിയെക്കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം സുരേഷ്ഗോപി ചെയ്തു നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ കഥ വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.
ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് താന്‍ കേട്ടിട്ടില്ലെന്നും ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല, ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കുറിച്ചു. ഒരു വയസ്സുളളപ്പോള്‍ മകള്‍ ലക്ഷ്മി മരിച്ചതിന്റെ ദു:ഖത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെയാണ് സുരേഷ് ചിറകടിച്ചുയര്‍ന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍.
ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
suresh Gopi ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!
മുപ്പത്തിനാല് വര്‍ഷത്തെ പരിചയം. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം. നവോദയയുടെ ‘ ഒന്നു മുതല്‍ പൂജ്യം വരെ ‘ യുടെ ടൈറ്റില്‍സില്‍ ‘ ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതു ഗായകന്‍ ജി വേണുഗോപാല്‍” കഴിഞ്ഞ അടുത്ത ഷോ കാര്‍ഡ് പുതുമുഖ നടന്‍ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നില്‍ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോള്‍ ദേഷ്യത്തിലാകാം. ചിലപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോള്‍ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേര്‍ത്ത് പിടിച്ച ഓര്‍മ്മകളെ എനിക്കുളളൂ.
സുരേഷിന്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദു:ഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോല്‍ സുരേഷ് ചിറകടിച്ചുയര്‍ന്നു. സിനിമാരംഗത്ത് തന്റെ കൂടി കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകലുമ്പോള്‍, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതില്‍ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണര്‍ന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഒരു കപ്പല്‍ച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാന്‍ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിന്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താന്‍ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാര്‍ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോള്‍ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമാകുന്ന മനസ്സില്‍ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയില്‍ നിറഞ്ഞു വന്നു.
സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറയുകയായിരുന്നു. അന്നും ഞാന്‍ എന്റെ സ്ഥായിയായ സംശയങ്ങള്‍ ഉന്നയിച്ചു. ‘ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ? ‘ സുരേഷിന്റെ മറുപടി രസകരമായിരുന്നു. രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക ‘. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയര്‍ കേന്ദ്ര നേതാവിനോട് ‘ഇല്ല സര്‍, ഓ. രാജഗോപാല്‍ കഴിഞ്ഞ് മതി മറ്റ് പരിഗണനകള്‍’ എന്ന് പറഞ്ഞത് എനിക്കറിയാം. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഈയൊരു ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഞാനിപ്പോള്‍ സുരേഷില്‍ കാണുന്നത്. ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍, രോഗികളായ വിദേശങ്ങളിലെ ഇന്ത്യന്‍ പൗരരെ പ്രത്യേക പരിഗണനയില്‍ നാട്ടിലെത്തിക്കുവാന്‍, വിസ കാലാവധിയും റെസിഡന്റ് പെര്‍മിറ്റും അവസാനിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളേയും ഇന്ത്യന്‍ പൗരന്മാരേയും ഹൈക്കമ്മീഷന്‍ മുഖേന സഹായിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, അങ്ങിനെ നിരവധി നിരവധി കര്‍മ്മ പദ്ധതികളാണ് സുരേഷിന്റെ മുന്‍ഗണനയില്‍. രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് വരെ ടിവിയില്ല, വായനയില്ല, പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ടീയ വിനോദമില്ല.
മുപ്പത്തിനാല് വര്‍ഷത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമാണെന്റെയീ എഴുത്ത്. ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ നിറമോ ആരും നല്‍കേണ്ടതില്ല. വോട്ടവകാശം കിട്ടി ഒരു മുതിര്‍ന്ന പൗരനായ ശേഷം, മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല ഞാന്‍ ഇന്നിതേവരെ. എല്ലാവരുടെയും മനുഷ്യസ്‌നേഹവും, കരുണയും മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങളില്‍ പലതിലും എന്റെ സംഗീതത്തേയും ഞാന്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇത്ര നാള്‍ സിനിമാ / സംഗീത മേഘലകളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയ്ക്കും, ഈ നാട്ടിലെ മിക്ക തിരഞ്ഞെടുപ്പുകള്‍ക്കും വോട്ട് ചെയ്ത ഒരാളെന്ന നിലയിലും, ഈ ഒരു വ്യക്തി ഒരു കള്ളനാണയമല്ല എന്ന തിരിച്ചറിവാണ് ഈ എഴുത്തിന് നിദാനം. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ വെറുക്കുന്നുവെന്നര്‍ത്ഥമില്ല. ‘ Naivete’ ( നൈവിറ്റി) എന്ന വാക്കിന് തത്തുല്ല്യമായ ഒരു മലയാളപദം ഉണ്ടോ എന്നറിയില്ല. ഉള്ളിലുള്ള ഒരു നന്മയുടെ ഹൃത്തടം മറ്റുള്ളവര്‍ക്കും കാണും എന്ന ഉറച്ച ധാരണയില്‍ മനസ്സില്‍ വരുന്നതെന്തും മറയില്ലാതെ ഉറക്കെപ്പറയുന്ന ഒരു ഗുണം ആ പദത്തില്‍ അന്തര്‍ലീനമാണ് എന്നാണെന്റെ വിശ്വാസം. സ്‌നേഹമാണെങ്കിലും കാലുഷ്യ മാണെങ്കിലും അതില്‍ കലര്‍പ്പില്ല. അതെന്തായാലും സിനിമയില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തില്‍ എനിക്കറിയാവുന്ന വ്യക്തികളില്‍ അത് ദര്‍ശിക്കാനുമായിട്ടില്ല.
പരസ്പരം വല്ലപ്പോഴും കണ്ട് മുട്ടുമ്പോള്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുന്‍പത്തെ ചെറുപ്പക്കാരാകാനുള്ള ഏതോ ഒരു മാജിക് ഞങ്ങളുടെ സൗഹൃദത്തിനുണ്ട്. സിനിമയും സംഗീതവും തലയ്ക്ക് പിടിച്ച് ഭ്രാന്തായി നടന്ന രണ്ട് ചെറുപ്പക്കാര്‍. പരസ്പരം ഒരക്ഷരം പോലുമുരിയാടാതെ മറ്റേയാളുടെ വേദനയും സന്തോഷവും കൃത്യമായി മനസ്സിലാക്കിത്തരുന്നതും ഈ പഴയോര്‍മ്മകളുടെ ശക്തി തന്നെ. ‘ഓര്‍മ്മ വീട്ടിലേക്കുള്ള വഴിയാണ്. വീട്ടിലേക്കുള്ള വഴി മറന്നു പോയവര്‍ വേരറ്റുപോകുന്നവരാണ്. ശ്വാസം നിലയ്ക്കലല്ല മരണം. ഓര്‍മ്മ മുറിഞ്ഞു പോകലാണ് മരണം.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍ . കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതി(32)യെയാണ് തൃക്കുന്നപ്പുഴ പോലീസ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്.
അശ്വതിയുടെ മകള്‍ ഹര്‍ഷയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് . അശ്വതി തന്റെ ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ നേരത്തേ ആരോപിച്ചിരുന്നു സംസ്കാരത്തിനായി മൃതദേഹവുമായി ആംബുലന്‍സ് വന്നപ്പോള്‍ നാട്ടുകാര്‍ തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു .
തൃക്കുന്നപ്പുഴ സിഐ ആര് ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത് . കുട്ടിയെ അശ്വതി പലപ്പോഴും ഉപദ്രവിച്ചെന്നതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് . നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഹര്‍ഷ
ഇന്ന് സംസ്ഥാനത്ത് 127 പേർക്കു കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്‌നാട്-5, ഉത്തർപ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.
ആശുപത്രിയിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന ആൾക്ക് ദാരുണാന്ത്യം .. മുറിയില്‍ ചൂട് ഉയര്‍ന്നപ്പോള്‍ വീട്ടുകാര്‍ കൂളര്‍ കണക്ട് ചെയ്യാന്‍ ഊരിയത് വെന്റിലേറ്ററിന്റെ പ്ലഗ്! രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്
കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
കൂളര്‍ വീട്ടുകാർ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇത് റൂമിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കൾക്ക് മനസ്സിലായില്ല. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു.
ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും രോഗി മരണമടയുകയായിരുന്നു. രോഗി മരിച്ചതിനെത്തുടര്‍ന്നു ബഹളം വച്ച ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും.
ഗല്‍വാന്‍ നദിക്ക് കുറുകെയുളള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ത്യൻ സൈന്യം. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പാലം പണി അതിവേഗം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിനുശേഷവും നിര്‍മാണം തടയാന്‍ ചൈനയ്ക്കായില്ല എന്നതും സൈന്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. 60 മീറ്റർ നീളമുള്ള പാലമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ദാര്‍ബുക്ക് മുതല്‍ ദുലാത് ബെഗ് ഓള്‍ഡിലേക്കുള്ള 225 കിലോമീറ്റര്‍ പാതയില്‍ സൈനിക വിന്യസം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
അതേസമയം ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനികശക്തിയില്‍ ചൈന മുന്നിലാണെന്നതു യാഥാര്‍ഥ്യമാണെങ്കിലും തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യ തങ്ങളുടേതെന്നു കരുതുന്ന ഭൂപ്രദേശങ്ങളില്‍ കടന്നുകയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ സൈനിക നടപടിയിലൂടെത്തന്നെ ഒഴിപ്പിക്കണം. 1999 ല്‍ കാര്‍ഗിലില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരേ നടത്തിയ ആക്രമണത്തിനു സമാനമായ ആക്രമണത്തെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. ചൈന സൈനിക ശക്തിയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ സൈന്യത്തെ ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം മത്സരിച്ചത്.
മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
‘ഞങ്ങളുടെ എം.എല്‍.എമാരും ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് എ.എല്‍.എമാരും സ്വതന്ത്രരും എല്ലാം ഒറ്റക്കെട്ടാണ്. ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിലും പേരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. നീരജ് ദംഗിയും കെ.സി വേണുഗോപാലും ജയിച്ചിരിക്കും’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.
നേരത്തെ രാജസ്ഥാനില്‍ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും കച്ചവടം ഉറപ്പിക്കാന്‍ വേണ്ടി ബി.ജെ.പി മനപ്പൂര്‍വ്വം രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കെ.സി.വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്.
10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ഇതിൽ കർണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാർച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗൺ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 തുടങ്ങി ട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
ഭോപാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ സിങിനും ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ജയം. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിച്ചത്.
മാര്‍ച്ചില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍
ചേര്‍ന്നത്. ഇതിന് പ്രത്യുപകാരമായിട്ടായിരുന്നു ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ബി.ജെ.പിയുടെ സുമര്‍ സിങ് സോളങ്കിയാണ് ജയിച്ച രണ്ടാമത്തെ വ്യക്തി.
അട്ടിമറിക്ക് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്.
ദളിത് നേതാവ് ഫൂല്‍ സിങ് ഭരൈ ആയിരുന്നു കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.
230 അംഗങ്ങളുള്ള നിയമസഭയില്‍ 107 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.എസ്.പിയുടെ രണ്ട് പേരും എസ്.പിയുടെ ഒരാളും രണ്ട് സ്വതന്ത്രരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നുണ്ട്.
കോണ്‍ഗ്രസിന് 92 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസില്‍നിന്നുള്ള 24 എം.എല്‍.എമാര്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ 206 അംഗബലമാണ് നിയമസഭയ്ക്ക് നിലവിലുള്ളത്.
54 എം.എല്‍.എമാരോട് ദിഗ് വിജയ സിങിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 54 വോട്ടുകളാണ് രാജ്യസഭാ പ്രവേശനത്തിന് ആവശ്യമായിരുന്നത്.
അതേസമയം, ദിഗ് വിജയ സിങിന്റെ രാജ്യസഭാ പ്രവേശം തങ്ങള്‍ക്ക് സഹായകരമാണെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചാല്‍ 24 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദിഗ് വിജയ സിങെന്ന പ്രതിയോഗിയെ നേരിടേണ്ടി വരില്ല എന്നതാണ് അതിന്റെ കാരണം.
ചൈനയ്ക്കെതിരെ ശക്മായ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു ഇന്ത്യൻ വ്യേമസേന സജീവമായി കഴിഞ്ഞു. സുഖോയ്–30 എംകെഐ, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങൾ ഇവിടേക്കു മാറ്റിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കരസേനയ്ക്ക് പിന്തുണയുമായി അപ്പാഷെ അറ്റാക്ക് ഹെലികോപ്റ്ററുകളുമുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ സൈനികരെ എത്തിക്കാന്‍ ചിനൂക്ക് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയിൽ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കൻ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേർന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.
വ്യോമസേന മേധാവി ആർ.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും സൈനിക നീക്കങ്ങൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ബധുരിയയുടെ സന്ദർശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാൽ അതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കൻ ലഡാക്കിലേക്കു സന്ദർശനം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിർത്തിയിൽ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഈമാസം 17നു ലേ സന്ദർശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗർ സൈനിക താവളവും സന്ദർശിച്ചിരുന്നു. കിഴക്കൻ ലഡാക്കിനോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളിൽ ആക്രമണം നടത്താൻ അനുയോജ്യം. അതേസമയം, വ്യോമസേന മേധാവിയുടെ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ സേനാ വക്താവ് തയാറായില്ല.
മുളകുപാടം ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഗംഭീര വിരുന്നൊരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായിരിക്കും വരുന്നതെന്ന് നിർമ്മാതാവ് പറയുന്നു.
കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ്
ഗോപി ചിത്രത്തിലെത്തുക. ജോഷിയുടെ സംവിധാനത്തില്‍ 1997 ല്‍ ഇറങ്ങിയ ‘ലേല’ത്തിലെ പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം സുരേഷ് ഗോപി കോട്ടയംകാരനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധായകൻ. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സുരേഷ്
ഗോപിയെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഒന്നിക്കും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ വെളുപ്പെടുത്തിയിട്ടില്ല.