സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവും സ്വപ്‌നയുടെ ഒളിവ് സങ്കേതമാണ്.

പോലീസിനാണ് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.

പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്.

രണ്ട് സ്ത്രീകള്‍ കാര്‍ നിര്‍ത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തില്‍ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.

എന്നാല്‍ മങ്കയത്തെ ചെക്‌പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നിലവില്‍ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.