കേരളത്തിൽ ഇന്ന് ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയം അടക്കം എട്ട് ജില്ലകളിൽ കോവിഡ് രോഗികളില്ല. ആലപ്പുഴയും തിരുവനന്തപുരവും കോവിഡ് മുക്തമായി. ആറ് ജില്ലകളിലാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. കോട്ടയത്ത് ആറ് പേരുടേയും പത്തനംതിട്ടയിൽ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 30 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി ഇന്ന് 58 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 502 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
14670 പേർ നിരീക്ഷണത്തിലാണ്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ ജില്ലയിൽ 18 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിലവിൽ കോവിഡ് രോഗികളില്ല. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് നിലവിൽ രോഗികളുള്ളത്. കാസറഗോഡ് 3, കണ്ണൂര്‍ 18, വയനാട് 4, പാലക്കാട് 1, ഇടുക്കി 1, കൊല്ലം 3 എന്നിങ്ങനെയാണ്. 1154 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. മുന്‍ഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകളില്‍ 2147 എണ്ണം നെഗറ്റീവ് ആണ്.
കോവിഡ് ലോക്ക് ഡൗണ്‍ മൂലം മുടങ്ങിയ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷകള്‍ മെയ് 21 മുതല്‍ 29 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍ നടത്തും. പരീക്ഷകൾ പൂർത്തിയാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കിലും വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ക്ലാസുകൾ നടത്തും. ഓൺലൈനിലും മൊബൈലിലും ഇത് ലഭ്യമാക്കും. വിക്ടേഴ്സ് ചാനൽ നൽകുന്നുണ്ടെന്ന് പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും ഡിടിഎച്ച് സേവനദാതാക്കളും ഉറപ്പുവരുത്തണം. ഈ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി തുടങ്ങിയിരുന്നു. ഇത് പൂര്‍ത്തിയാക്കും.
വലിയ തുക കൈയ്യിൽ നിന്നും വീണുപോയതോടെ അത് ഇനി തിരിച്ച് കിട്ടില്ലെന്ന് കരുതി വിഷമിച്ച ഓട്ടോ ഡ്രൈവർക്ക് തുണയായി ‘കൊവിഡ് ഭീതി’. മനഃപൂർവ്വം കൊവിഡ് പരത്താനായി ആരോ പണം റോഡിൽ ഉപേക്ഷിച്ചതാണെന്ന് തെറ്റിദ്ധരിച്ച ജനക്കൂട്ടം പണം തൊട്ടുപോലും നോക്കാതെ മാറി നിൽക്കുകയായിരുന്നു. ഇതാണ് ഓട്ടോ ഡ്രൈവർക്ക് തുണയായത്. ബീഹാറിലെ ഓട്ടോഡ്രൈവറായ ഗജേന്ദ്ര ഷായ്ക്കാണ് കൊവിഡ് ഭയം അനുഗ്രഹമായത്. ആളുകൾ നോട്ടിൽ തൊടാൻ മടിച്ചപ്പോൾ ഷായ്ക്ക് തന്റെ നഷ്ടമായ 20,500 രൂപ തിരികെ കിട്ടി.
മഹുവ ബസാറിലേക്ക് ടിൻ ഷെഡ് വാങ്ങാനായി ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് 25,000 രൂപയുമായി ഷാ പുറപ്പെട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പാണ് 29 കാരനായ ഗജേന്ദ്ര തന്റെ പോക്കറ്റിൽ നിന്ന് 25000 രൂപയുടെ ഒരു ഭാഗം നഷ്മായതായി അറിയുന്നത്. ചവയ്ക്കാനായി പുകയില പോക്കറ്റിൽ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടത്. പക്ഷെ എവിടെവച്ചാണ് അത് സംഭവിച്ചതെന്ന് ഓർമ്മയില്ലാത്തതിനാൽ ഓട്ടോയിൽ നിന്ന് ഇറങ്ങി പണം തേടി ഏതാനും കിലോമീറ്ററുകൾ പിന്നോട്ട് നടന്നെന്നും ഗജേന്ദ്ര പറഞ്ഞു.
പക്ഷേ പണം ലഭിക്കാത്തതിനെ തുടർന്ന് ഗജേന്ദ്ര വീട്ടിലേക്ക് മടങ്ങി. പിന്നീട് അയൽക്കാർ പറഞ്ഞാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ഒരു വാർത്ത ഗജേന്ദ്ര അറിഞ്ഞത്. കൊറോണ വൈറസ് പ്രചരിപ്പിക്കാൻ ഉപേക്ഷിച്ച നോട്ടുകൾ ഉദകിഷ്ഗഞ്ച് പോലീസ് കണ്ടെടുത്തു എന്നായിരുന്നു ആ വാർത്ത. കൊവിഡ് 19 ഭയന്ന് ആളുകൾ പണത്തിൽ തൊടാൻ തയ്യാറായിരുന്നില്ല. നാട്ടുകാർ പോലീസിനെ വിവരംഅറിയിക്കുകയായിരുന്നു. പോലീസെത്തി മുഴുവൻ തുകയും കണ്ടെടുത്തു.
നോട്ടുകളിലൂടെ കൊറോണ വൈറസ് വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി റോഡിൽ കിടക്കുന്ന പണത്തെക്കുറിച്ച് അറിയിക്കാൻ രാവിലെ 7.30 ഓടെ തനിക്ക് കുറച്ച് കോളുകൾ ലഭിച്ചതായി ഉദകിഷ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശശി ഭൂഷൺ സിങ് പറയുന്നു. പിന്നീടാണ് വിവരമറിഞ്ഞ് രാവിലെ പത്ത് മണിയോടെ ഗജേന്ദ്ര സാക്ഷികളുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇയാളുടെ അവകാശവാദം പോലീസ് പരിശോധിക്കുകയും രേഖാമൂലം സമർപ്പിക്കാൻ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പോലീസ് പണം അയാൾക്ക് കൈമാറിയെന്ന് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്തു.
ഭർത്താവിന്റേയും മൂത്തമകളുടേയും മുഖം അവസാനമായി ഒരു നോക്കു കാണാൻ നിറവയറുമായി പ്രസവ വാർഡിൽ നിന്നും വീട്ടിലേക്കു വന്ന ഒരു വീട്ടമ്മയുടെ ദുരന്തം. സഹതപിക്കാനോ സ്വന്തനിപ്പിക്കാനോ കഴിയാതെ ഒരു ഗ്രാമം വിറങ്ങലിച്ചു നിന്ന നിമിഷം .മറ്റത്തിൽ വീടിന്റെ മുൻപിൽ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾക്കരികിലായി കണ്ണീർ വറ്റി അർധബോധാവസ്ഥയിൽ ഇരിക്കുന്ന രേവതിയുടെ അവസ്ഥ കണ്ട് ഒരു നാടാകെ വിങ്ങിപ്പൊട്ടി. നിറവയറിൽ കൈകൾ ചേർത്തുവച്ച് പരിതപിച്ച രേവതിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവരുടെ അമ്മയും കണ്ണീർ മറയ്ക്കാൻ പാടുപെട്ടു.
ദേശീയപാതയിൽ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിൽ മജേഷിന്റെയും (35), മകൾ അർച്ചനയുടെയും (എട്ട്)സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആശുപത്രിയിൽനിന്ന് രേവതി വീട്ടിലേക്ക് മടങ്ങിയത്.
ഭർത്താവിന്റെയും മകളുടെയും മരണവാർത്ത രേവതിയെ അറിയിച്ചിരുന്നില്ല. അപകടത്തിൽ പരിക്കുപറ്റി എന്നുമാത്രമാണ് അറിയിച്ചിരുന്നത്. ഇരുവരും വീട്ടിലേക്ക് വരുന്നത് കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിക്ക് പ്രഹരമാവുകയായിരുന്നു മിനിറ്റുകൾക്കകം ഭർത്താവ് മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്കെത്തിച്ച സംഭവവും.
രേവതിയെ പ്രസവത്തിനായി പാതാളത്തെ ഏലൂർ ഇഎസ്‌ഐസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് മൂന്നോ നാലോ ദിവസം കൂടി ഉണ്ടായിരിക്കെ ചൊവ്വാഴ്ച പ്രസവദിവസമാക്കുകയായിരുന്നു. ഇതിനുവേണ്ട ആശുപത്രി രേഖകളിലൊക്കെ ഒപ്പിട്ട് കൊടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മജേഷിന്റെയും മകളുടെയും ദാരുണാന്ത്യം.
ഇരുവരുടെയും മരണത്തെ തുടർന്ന് രേവതിക്ക് പ്രസവത്തിനുള്ള മരുന്നുകൾ നൽകിയില്ല. ചൊവ്വാഴ്ച രാവിലെയോടെ രേവതിയെ മജേഷിനും മകൾക്കും അപകടം പറ്റിയതായി അറിയിച്ചു. എന്നാൽ ഇരുവരും മരിച്ച വിവരം അറിയിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ ഉച്ചയ്ക്ക് 1.50ഓടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ തൃക്കാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം രേവതിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു.
കോവിഡ് 19 നിർദേശങ്ങൾ പാലിച്ച് പോലീസിന്റെ സഹായത്തിലാണ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. പിടി തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, മുൻ എംഎൽഎ എഎം യൂസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.
പരേതനായ ബാബുവിന്റേയും ഇന്ദിരയുടേയും മകനായ മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. ബിജെപി തൃക്കാക്കര അയ്യനാട് ഏരിയ കമ്മിറ്റിയംഗമാണ്. കളമശ്ശേരി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായിരുന്നു മരിച്ച അർച്ചന. കാക്കനാട് അത്താണി ശ്മശാനത്തിൽ ഇരുവരുടെയും സംസ്‌കാരം നടത്തി.
ലയണൽ മെസിയുടെ ഗോൾ അനുകരിച്ച് സോഷ്യൽമീഡിയയെ അമ്പരപ്പിച്ച മിഷാൽ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. മിഷാലിന്റെ ഗോളടി മികവിനെ തന്റെ ഇൻസ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടിൽ സ്‌റ്റോറി ആക്കുകയായിരുന്നു റെയ്‌ന.
‘നമ്മളുടെ സ്വന്തം കേരളത്തിൽ നിന്ന് നമ്മളുടെ സ്വന്തം മെസി.’ എന്ന അടികുറിപ്പോടെയാണ് റെയ്‌ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ മിഷാലിന്റെ ഫ്രീകിക്ക്. ബാഴ്‌സലോണയുടെ അർജന്റീനൻ താരം ലയണൽ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ. ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലായി മുകളിൽ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് മിഷാൽ പന്ത് കടത്തിയത്.
മലപ്പുറം ജില്ലയിലെ മമ്പാട് ഗവൺമെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ. നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിനൊപ്പം ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയതാണ്. മലപ്പുറം ജില്ലാ ടീമിന്റെ മുൻ ഗോൾകീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.
മെസിയുടെ കടുത്ത ആരാധകനായ മിഷാൽ, പത്താം നമ്പർ ജഴ്‌സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങൾ ഉൾപ്പെടെ അനുകരിച്ചാണ് പ്രകടനം കാഴ്ചവച്ചത്.
മുമ്പൊരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മിഷാൽ അനുകരിച്ച് സോഷ്യൽമീഡിയയുടെ കൈയ്യടി നേടിയിരുന്നു.
എക്സൈസ് സംഘത്തെയും പോലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്ന സ്പിരിറ്റ് വാഹനം പിടികൂടി.എക്‌സൈസ് സംഘമാണ് സ്പിരിറ്റ് കടത്തിയ വാഹനവും, വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വിനോദിനെയും പിടികൂടിയത്.
അതേസമയം, പിടികൂടിയ വാഹനത്തില്‍ നിന്നും സ്പിരിറ്റ് കണ്ടെത്താനായില്ല. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല.
എറണാകുളം തൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു. തൃശ്ശൂര്‍ ഭാഗത്തേക്കായിരുന്നു പോയത്. ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയും പാലിയേക്കര ടോള്‍ പ്ലാസയുടെ ബാരിക്കേഡ് ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
പട്ടിക്കാട് എട്ടംഗ പോലീസ് സംഘം വാഹനം പിടികൂടാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നു. പാലക്കാട് എത്തുന്നതിന് മുന്‍പ് വാഹനം തിരിച്ച് മംഗലം ഡാമിലേക്കുള്ള വഴിയെ പോയി. ഇത്രയും നേരം എക്‌സൈസ് സംഘം സ്പിരിറ്റ് ലോറിയെ പിന്തുടര്‍ന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.
വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റിയേക്കും.
പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്.
എന്നാല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ 14 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ക്വാറന്റൈന്‍ നീട്ടാനുള്ള ആലോചനയുണ്ടായത്. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.
വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വീസുകളാണ് നടത്തുക.
ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല.
ചമ്പല്‍ കൊള്ളത്തലവന്‍ മോഹര്‍ സിങ് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു. മധ്യപ്രദേശിലെ മെഹ്ഗാവ് ഗ്രമത്തിലെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മോഹര്‍ സിങ് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു മരണം. ഒരു കാലത്ത് ചമ്പലിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരനായിരുന്നു റോബിന്‍ഹുഡ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മോഹര്‍ സിങ്ങ്. വിവാഹങ്ങള്‍ക്കായി ധനസസഹായം ചെയ്യുകയും ആവശ്യക്കാര്‍ക്ക് രഹസ്യമായി പണമെത്തിക്കുകയും ചെയ്തതിലൂടെയാണ് മോഹര്‍ സിങിന് റോബിന്‍ ഹുഡ് എന്ന അപരനാമം ലഭിച്ചത്.
70-കളില്‍ മോഹര്‍ സിങ്ങിനെ പിടികൂടുന്നതിനായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 1972ല്‍ 140 പേരടങ്ങുന്ന സംഘവുമായി മോഹര്‍ സിങ് സ്വയം കീഴടങ്ങുകയായിരുന്നു. ശിക്ഷാകാലയളവില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തിന് ശേഷം മോഹര്‍ സിങ് ജയില്‍ മോചിതനായി.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ അഞ്ഞൂറോളം കുറ്റങ്ങളാണ് മോഹര്‍സിങിന്റെ പേരിലുണ്ടായിരുന്നത്. ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹം കുടുംബത്തിനൊപ്പം ഗ്രാമത്തിലായിരന്നു താമസം. 1982ല്‍ പുറത്തിറങ്ങിയ ചമ്പല്‍ കെ ഡാക്കു എന്ന ബോളിവുഡ് ചിത്രത്തില്‍ മോഹര്‍ സിങ് അഭിനയിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാൻ ഏർപ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. നാളെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും ഒരു വിമാനം മാത്രമാണ് എത്തുക. അബുദാബിയിൽ നിന്നുള്ള വിമാനം മാത്രമാണ് എത്തുക.
രാത്രി 9.25 ന് ശേഷമാണ് വിമാനം എത്തുക. നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയിൽ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി. ദോഹയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിമാനജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാലാണ് ഷെഡ്യൂൾ മാറുന്നത് എന്നാണ് സൂചന.
ദുബായിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 189 സീറ്റുകളുള്ള എയർ ഇന്ത്യയുടെ 737 ബോയിങ് വിമാനമാണ് പ്രവാസികളെ കൊണ്ടുവരാനായി ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ സാമൂഹിക അകലം അടക്കം പരിഗണിച്ച് പരമാവധി 160 ഓളം പേരെ മാത്രമേ കയറ്റാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. നേരത്തെ 200 ഓളം യാത്രക്കാർ ഓരോ സർവീസിലും ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
അതേസമയം മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പിസിആർ ടെസ്റ്റ് ഉണ്ടാകില്ലെന്നും, വിമാനത്തിൽ കയറ്റും മുമ്ബ് റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌ക്രീനിങും നടത്തുമെന്നാണ് അറിയിപ്പ്. സൗകര്യം ലഭ്യമാണെങ്കിൽ പിസിആർ ടെസ്റ്റിന് എംബസികൾക്ക് തീരുമാനിക്കാം എന്നാണ് തീരുമാനം.
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനും മലയോരകർഷകരുടെ പ്രിയ സുഹൃത്തുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമായ എം. മോനിച്ചൻ അനുശോചനം രേഖപ്പെടുത്തി. ജാതി മത രാഷ്ട്രീയത്തിനതീതമായി കുടിയേറ്റ കാർഷികമേഖല ചൈതന്യവത്താക്കാൻ ആത്മീയാചാര്യനായ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും വേണ്ടി തന്നിലുള്ള നിയോഗത്തെ സംശുദ്ധിയോടുകൂടി നിർവഹിച്ച കർമ്മയോഗി കൂടിയായിരുന്നു ആനിക്കുഴിക്കാട്ടിൽ പിതാവ്. 2003 -ൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനാകുക വഴി കുടിയേറ്റ ജില്ലയിലെ എല്ലാവരുടെയും നൊമ്പരങ്ങളെ നെഞ്ചോട് ചേർത്ത് അഭിവന്ദ്യ പിതാവ് മലയോര ജില്ലയുടെ ഹൃദയതുടിപ്പായി മാറിയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എം. മോനിച്ചൻ, കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം