ഒറ്റയ്ക്ക് ബലിയാടാകാൻ ഞാനില്ല…..! കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളിയും സഹായികളും നടത്തിയത് കോടികളുടെ തട്ടിപ്പ്; എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച കെകെ മഹേശന്റെ ആത്മഹത്യ കുറിപ്പ്……

ഒറ്റയ്ക്ക് ബലിയാടാകാൻ ഞാനില്ല…..! കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളിയും സഹായികളും നടത്തിയത് കോടികളുടെ തട്ടിപ്പ്; എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച കെകെ മഹേശന്റെ ആത്മഹത്യ കുറിപ്പ്……
June 25 10:24 2020 Print This Article

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരേ ഗുരുതര ആരോപണങ്ങള്‍. വെള്ളാപ്പള്ളിയും സഹായികളും നടത്തിയ കോടിക്കണക്കിന് രൂപയുടെ വിവിധ അഴിമതികള്‍ താന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് തന്നോട് പകയുണ്ടായതെന്നാണ് 31വര്‍ഷത്തോളം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കൂടെയുണ്ടായിരുന്ന മഹേശന്‍ പറയുന്നത്. അബ്കാരി കേസുകളില്‍ അടക്കം തന്നെ വെള്ളാപ്പള്ളി കുടുക്കിയിട്ടുണ്ടെന്നും മഹേശന്‍ ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. 36 പേജുള്ള ആത്മഹത്യ കുറിപ്പാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ആര്‍ സന്തോഷിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

കണിച്ചുകുളങ്ങര ദേവസ്വം, ഐശ്വര്യ ട്രസ്റ്റ്, ദേവസ്വം വക സ്കൂള്‍ എന്നിവിടങ്ങളില്‍ കോടികളുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടേശന്‍ നേരിട്ടും സഹായികള്‍ വഴിയും നടത്തിയിട്ടുള്ളതെന്നാണ് കെ കെ മഹേശന്‍ എഴുതിയിരിക്കുന്നത്. കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്;

2018 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ എസ് ബി അക്കൌണ്ട് ഐശ്വര്യ ട്രസ്റ്റിലുണ്ട്. ആ അക്കൌണ്ടില്‍ ദേവസ്വത്തിന്റെതായി 10,041,540 രൂപയുണ്ടായിരുന്നു. വളരെ വര്‍ഷങ്ങളായി ഈ തുക അക്കൌണ്ടില്‍ കിടക്കുകയും ഓരോ വര്‍ഷവും ദേവസ്വം അക്കൌണ്ടില്‍ പലിശ വരവ് വയ്ക്കുകയും ചെയ്തിരുന്നു. ദേവസ്വത്തിന്റെ കണക്കും ഐശ്വര്യ ട്രസ്റ്റിന്റെ കണക്കും ഓഡിറ്റ് ചെയ്തുവരുന്ന GRK Nair.Co എന്ന ഓഡിറ്റ് സ്ഥാപനം എല്ലാ വര്‍ഷവും ഈ തുക ഐശ്വര്യ ട്രസ്റ്റിന്റെ അകൗണ്ടില്‍ നിന്നും പിന്‍വലിച്ച് ബാങ്കില്‍ എഫ് ഡി നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതിനുള്ള കാരണം ഐശ്വര്യ ട്രസ്റ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെന്നതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓരോ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കിയിരുന്നതാണെങ്കിലും ദേവസ്വം കമ്മിറ്റി യോഗത്തിലോ പൊതുയോഗത്തിലോ ആ റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും അവതരിപ്പിച്ചിട്ടില്ല. GRK Nair.Co യില്‍ നിന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഒപ്പിട്ട് വാങ്ങുന്നത് ആരാണെന്നത് അജ്ഞാതമായിരുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്നും തുക ബാങ്കിലെ എഫ് ഡി അകൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഭാഗം ഒഴിവാക്കിത്തരണമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തന്‍ അശോകന്‍ ഓഡിറ്ററെ സമീപിച്ചിരുന്നതായി മുന്‍ ദേവസ്വം സെക്രട്ടറിയും ഐശ്വര്യ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ഡി രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു ആവശ്യം GRK Nair.Co നിഷേധിച്ചതിനെ തുടര്‍ന്ന് ഓഡിറ്റര്‍ സ്ഥാനത്ത് നിന്നും പ്രസ്തുത സ്ഥാപനത്തെ മാറ്റി പകരം കുമാര്‍ എന്ന ഓഡിറ്ററെ നിയമിക്കുകയും ചെയ്തു. പുതിയ ഓഡിറ്റര്‍ വന്നതോടെ തുക ഐശ്വര്യ ട്രസ്റ്റില്‍ നിന്നും മാറ്റി ബാങ്കില്‍ നിക്ഷേപിക്കണമെന്ന ആവശ്യം ഓരോര വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ടില്ല. എന്നാല്‍ മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് ചെയ്തില്ല എങ്കില്‍ ഐശ്വര്യ ട്രസ്റ്റില്‍ നിന്നും കിട്ടാനുള്ള തുക ഭരണസമിതിയുടെ വ്യക്തിപരമായ ബാധ്യതയായി മാറും എന്ന് അന്നത്തെ സെക്രട്ടറിയായിരുന്ന ഡി രാധാകൃഷ്ണന് നിയമോപദേശം കിട്ടിയതിനെ തുടര്‍ന്ന് തന്റെ പേരിലുള്ള വസ്തുക്കള്‍ രാധാകൃഷ്ണന്‍ പേര് മാറ്റുകയാണ് ചെയ്തത്. (ഈ ഓഡിറ്റ് റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ക്ഷേത്രം വിവരാവകാശ നിയമത്തില്‍ വരില്ല എന്ന കാരണം പറഞ്ഞ് നിഷേധിക്കുകയായിരുന്നു).

ഇതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വലിയൊരു അപകടം പതിയിരിക്കുന്നതായി മനസിലാക്കി. എസ് ബി നിക്ഷേപമായി കിടക്കുന്ന പണം തിരികെ എടുക്കണം എന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അത് കമ്മിറ്റിയിലോ പൊതുയോഗത്തിലോ അവതരിപ്പിക്കാതെ മറച്ചു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പണം ഏതു വിധേനയെങ്കിലും നഷ്ടമായാല്‍ ആ പണത്തിന്റെ മേലുള്ള ഉത്തരവാദിത്വം ഭരണസമിതിക്ക് മാത്രമായിരിക്കുമെന്ന് മനസിലാക്കിയാണ് അന്നത്തെ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണന്‍ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തത്.

വെള്ളാപ്പള്ളിയുടെ ഭരണകാലത്ത് ഒരാളും ഇതറിയില്ല. ആരും അന്വേഷിക്കില്ല. അതിനുശേഷം വരുന്ന ഭരണസമിതി ഇത് മനസിലാക്കി കേസ് ഫയല്‍ ചെയ്താല്‍ ജീവിച്ചിരിക്കുന്ന ഭരണസമിതി അംഗങ്ങളുടെ വ്യക്തിപരമായ ബാധ്യതയായി മാറുകയും നിരപരാധികളായ ഞങ്ങളോരോരുത്തരും വലിയ കടക്കെണിയിലാവുകയും ചെയ്യും. അത് അറിഞ്ഞതുകൊണ്ടാണ് സ്വയം വീഴുകയും മറ്റുള്ളവരെ അതില്‍ വീഴ്ത്തുകയും ചെയ്യുന്നത് നീതികേടാകുമെന്ന് അറിഞ്ഞുകൊണ്ട് ആ പണം തിരിച്ചടയ്ക്കണമെന്ന് അഭിപ്രായം പറഞ്ഞത്.

ഐശ്വര്യ ട്രസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചും തന്റെ ആത്മഹത്യ കുറിപ്പില്‍ മഹേശന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഐശ്വര്യ ട്രസ്റ്റിന് ടേണോവര്‍ ഉണ്ടായിരുന്നിട്ടും ലാഭമില്ല. ട്രസ്റ്റില്‍ നിന്നും നല്‍കിയിരുന്ന വായ്പ്പ്ക്ക് 42 ശതമാനം വരെ പലിശ വാങ്ങിയിരുന്നു. ഇതനുസരിച്ച് കോടികള്‍ ട്രസ്റ്റിന് ലാഭം ഉണ്ടാകേണ്ടതും ആ പണം ദേവസ്വത്തിന് മുതല്‍ക്കൂട്ട് ആകേണ്ടതുമായിരുന്നു. എന്നാല്‍ ട്രസ്റ്റിന് കോടികളുടെ നഷ്ടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ കാരണങ്ങള്‍; പലിശ കിട്ടിയ തുക പൂര്‍ണമായി വരവ് വച്ചിട്ടില്ല. 82 പേരുടെ ലോണ്‍ എഴുതിത്തള്ളി. നിരവധി പേരുടെ ലോണ്‍ തുകയില്‍ 50 മുതല്‍ 80 ശതമാനം വരെ ഇളവ് കൊടുത്തു. ഇതെല്ലാം വേണ്ടപ്പെട്ടവര്‍ക്കായിരുന്നു. അതേസമയം തന്നെ ദേവസ്വം മെംബര്‍മാരായ സാധാരണക്കാരെ നിയമപരമായും അല്ലാതെയും പീഡിപ്പിച്ച് പലിശയും മുതലും വാങ്ങുകയും ചെയ്തു. ലോണ്‍ എഴുതിത്തള്ളിയതും ഒറ്റത്തവണ തീര്‍പ്പാക്കിയതുമെല്ലാം ട്രസ്റ്റ് ബോര്‍ഡിന്റെ തീരുമാനമില്ലാതെയാണ്.

കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി നടേശനും സഹായികളും വന്‍ തിരിമറി നടത്തിയിരുന്നതായി കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായതിനുശേഷം മിച്ചം വന്ന 17 ലക്ഷം രൂപ അന്നത്തെ സ്‌കൂള്‍ മനേജര്‍ പി കെ ധനേശന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിരുന്നുവെന്നും ആ പണം വെള്ളാപ്പള്ളി എടുത്തെന്നുമാണ് ആക്ഷേപം. തുഷാര്‍ വെള്ളാപ്പള്ളി മനേജര്‍ ആയ 14 വര്‍ഷത്തിനിടയില്‍ സ്‌കൂളില്‍ 15 നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മാനേജര്‍ക്ക് മാസാമാസം അലവന്‍സായി പതിനായിരം രൂപ നല്‍കുന്നതല്ലാതെ ഒരു രൂപ പോലും അമ്പലത്തില്‍ വരവ് വച്ചിട്ടില്ലെന്നാണ് കെ കെ മഹേശന്റെ ആരോപണം. ഇതിനിടയില്‍ ചെലവ് വന്നതെന്നു പറയുന്നത് ഗേള്‍സ് സ്‌കൂളിനു വേണ്ടി മൂന്ന് നില കെട്ടിടം നിര്‍മിച്ചത് മാത്രമാണെന്നും എന്നാല്‍ ആ പണം ദേവസ്വത്തില്‍ നിന്നാണ് എടുത്തതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഈ സ്‌കൂള്‍ കെട്ടിടം വെള്ളാപ്പള്ളി നടേശന്റെ സപ്തതി സ്മാരകമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണിച്ചുകുളങ്ങര ഉത്സവത്തിന്റെ ഭാഗമായി വെള്ളാപ്പള്ളിയുടെ വീട്ടില്‍ ഇടുന്ന പന്തലിനും ലൈറ്റ് ആന്‍ഡ് സൗണ്ടിനും പണം എടുക്കുന്നതുപോലും ദേവസ്വത്തില്‍ നിന്നായിരുന്നുവെന്നും ഏകദേശം മൂന്നരലക്ഷത്തോളം രൂപയാണ് ഇങ്ങനെ ചെലവാക്കിയിരുന്നതെന്നും കെ കെ മഹേശന്‍ വെളിപ്പെടുത്തുന്നുണ്ട്.

കള്ള വൗച്ചര്‍ ഇട്ട് പണം തട്ടിപ്പ്, പൊതുയോഗത്തില്‍ ബിരിയാണി വാങ്ങുന്നതില്‍, കണിച്ചുകുളങ്ങര ഉത്സവുമായി ബന്ധപ്പെട്ട് നടക്കുന്ന കടലേലം എന്നിവയിലുമെല്ലാം വെള്ളാപ്പള്ളി നേരിട്ട് അഴിമതി നടത്തുകയും പണം തട്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും മഹേശന്റെ ആരോപണമുണ്ട്. ആ ആരോപണങ്ങള്‍ ഇവയാണ്; ആര്‍ ഇ സി യുടെ പേരില്‍ ഓരോ വര്‍ഷവും തെറ്റായ വൗച്ചര്‍ ഇട്ട് ദേവസ്വം സെക്രട്ടറി രാധാകൃഷ്ണന്‍ പണം എടുത്തിരുന്നു. വെള്ളാപ്പള്ളിയുടെ സഹായി അശോകന്‍ പറഞ്ഞിട്ട് എന്നായിരുന്നു മറുപടി. ഇക്കാര്യം തെളിവ് സഹിതം പറഞ്ഞപ്പോള്‍ ഒരിക്കല്‍ മാത്രം എടുത്ത പണം തിരികെ വയ്പ്പിച്ചു. ഇത്തവണത്തെ ഉത്സവ പ്രസിഡന്റിനെ തീരുമാനിക്കുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ അങ്ങ് ചോദിച്ചു, ആരാണ് പൊതുയോഗത്തിന് ബിരിയാണി ഓര്‍ഡര്‍ ചെയ്തതെന്ന്. അശോകന്‍ പറഞ്ഞു, അശോകനാണെന്ന് ഒരു ചിക്കന്‍ ബിരിയാണിക്ക് 105 രൂപ. ഇനി മുതല്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തുകൊള്ളാമെന്നും അങ്ങ് പറഞ്ഞു. ബിരിയാണിക്ക് കടയില്‍ 100 രൂപ മാത്രം. 100 എണ്ണം ആയാല്‍ 90 രൂപയ്ക്ക് കിട്ടും. അപ്പോള്‍ മൂവായിരത്തിനോ? ഇനി ആകെ യോഗത്തില്‍ പങ്കെടുക്കുന്നത് 750 പേര്‍ മാത്രം. ബിരിയാണി കഴിക്കാന്‍ ആയിരം പേരെ കൂട്ടാം. ഒരാള്‍ ഒരെണ്ണം വച്ച് കൊണ്ടു പോയാല്‍ പോലും 2000 രൂപ. നമ്മള്‍ ഓര്‍ഡര്‍ കൊടുക്കുന്നത് 3000. ഒരിക്കലും തികയാറുമില്ല. എല്ലാ വര്‍ഷത്തെയും ഏര്‍പ്പാടാണിത്. കണിച്ചു കുളങ്ങര ഉത്സവവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും നടക്കുന്ന കടലേലത്തിലും അഴിമതി. ഉത്സവത്തിനു മുമ്പായി നടക്കുന്ന ലേലം വെള്ളാപ്പള്ളിയാണ് ലേലം വിളിച്ച് ഉറപ്പിച്ചിരുന്നത്. ഈ വര്‍ഷം മാത്രം ലേലം വിളിച്ച തുകയും കിട്ടിയ തുകയും തമ്മില്‍ 16,64,000 രൂപയുടെ കുറവ് ഉണ്ട്. രസീത് എഴുതാതെ പണം വാങ്ങുകയായിരുന്നു രീതി. അന്നപൂര്‍ണേശ്വരി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കണക്കില്ലാതെ എഴുതി തള്ളിയത് രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരത്തി അമ്പത് രൂപ. അമ്പലത്തില്‍ നിന്നും എടുത്ത പണം തിരികെ ചോദിപ്പോള്‍ കിട്ടിയ മറുപടി വെള്ളാപ്പള്ളിയുടെ ഷാപ്പ് നടത്തിയ നഷ്ടത്തില്‍ വരവ് വച്ചു എന്നാണ്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് ഒളിപ്പിച്ചു വയ്ക്കുന്ന പരിപാടിയും വെള്ളാപ്പള്ളി നടേശന് ഉണ്ടായിരുന്നുവെന്നും കെ കെ മഹേശന്‍ ചൂണ്ടിക്കാണിക്കുന്നു. അതിനെക്കാള്‍ വലിയൊരു ആരോപണം നോട്ട് നിരോധന സമയത്ത് നടത്തിയ മറ്റൊരു തട്ടിപ്പാണെന്ന് മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേക്കുറിച്ച് മഹേശന്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്; അങ്ങേയ്ക്ക് തരാനില്ലാത്ത പണം തരാനുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നോട്ട് നിരോധന ദിനമായ 2017 മാര്‍ച്ച് 30 ന് 64,90,543 രൂപ അമ്പലത്തിന്റെ അകൗണ്ടില്‍ നിന്നും ചെക്ക് എഴുതിയെടുത്ത് അന്നേ ദിവസം ബാങ്ക് അവധിയായിട്ടും ധനലക്ഷ്മി ബാങ്കിന്റെ ഹെ്ഡ് ഓഫിസില്‍ നേരിട്ട് വിളിച്ച് പണം വരുത്തി അത് ചെറിയ ഡിനോമിനേഷന്‍ ആയതിനാല്‍ രണ്ട് ചാക്കില്‍ കെട്ടി വീട്ടില്‍ കൊണ്ടുവന്ന് ഭാര്യയെ ഏല്‍പ്പിച്ചു. പിന്നീട് ബാങ്ക് രേഖ പ്രകാരം ടാക്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുകയും അതനുസരിച്ച് ഇന്‍കം ടാക്‌സ് ഓഫിസില്‍ നിന്നും നോട്ടീസ് നല്‍കി വിളിപ്പിച്ചു. അമ്പലത്തിന്റെ ബുക്കില്‍ ഇട്ട ചെലവിന് പണം വാങ്ങിയ പാര്‍ട്ടിക്ക് നോട്ടീസ് അയക്കാന്‍ ഇന്‍കം ടാക്‌സ് ഓഫിസര്‍ തീരുമാനിച്ചപ്പോള്‍ കൈയ്യും കാലും പിടിച്ചു. പഴയ നോട്ട് മാറിയതാണെന്ന് തെളിക്കാന്‍ കഴിയുമെന്ന് ഇന്‍കം ടാക്‌സ് ഓഫിസര്‍ പറഞ്ഞു. ഒടുവില്‍ 13,94,000 രൂപ പിഴയടച്ചാണ് തടിയൂരിയത്. ആ പിഴ അടയ്ക്കാതിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇന്‍കം ടാക്‌സ് ഓഫിസറുടെ മുന്നില്‍ നടന്നില്ല.

കള്ള് ഷാപ്പ് നടത്തിപ്പിന്റെ പേരിലും വെള്ളാപ്പള്ളി തന്നെ ചതിച്ചിട്ടും വഞ്ചിച്ചിട്ടും ഉണ്ടെന്നാണ് മഹേശന്‍ പറയുന്നത്. മറ്റുള്ളവരുടെ പേരില്‍ ഷാപ്പ് നടത്തുകയും അതില്‍ നിന്നും കിട്ടുന്ന വരുമാനം നേരിട്ട് എടുക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ഷാപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് സ്വന്തം അനുഭവം പറഞ്ഞുകൊണ്ട് മഹേശന്‍ എഴുതുന്നുണ്ട്.

കണിച്ചുകുളങ്ങര കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും എന്റെ പേരിലുള്ള സ്ഥലം പണയപ്പെടുത്തി എന്റെ പേരില്‍ എടുത്ത വായ്പ്പ കൊണ്ട് കള്ള് ഷാപ്പ് നടത്തി. ഷാപ്പില്‍ നിന്നുള്ള വരുമാനം വെള്ളാപ്പള്ളിക്കും ഷാപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് 18 കേസുകള്‍ എനിക്കും. ഈ കേസുകള്‍ കോമ്പൗണ്ട് ചെയ്യുകയായിരുന്നു. ഞാനറിയാതെ. കോമ്പൗണ്ട് ചെയ്യുകയെന്നാല്‍ സ്വയം കുറ്റം സമ്മതിക്കുകയും അതിന് നിയമം അനുശാസിക്കുന്ന പിഴ ഒടുക്കി വിചാരണ ഒഴിവാക്കലാണ്. മുണ്ടക്കയം യൂണിയനിലെ മൈക്രോ ഫിനാന്‍സ് കേസില്‍ പ്രതിയായി വിസ്തരിച്ചപ്പോള്‍ വക്കീല്‍ ചോദിച്ചത് എത്ര അബ്കാരി കേസില്‍ തന്നെ ശിക്ഷിച്ചിട്ടുണ്ടെന്നാണ്. 22 വര്‍ഷം എന്റെ പേരില്‍ അങ്ങ് ഷാപ്പ് നടത്തിയിട്ട് ഞാന്‍ നിരവധി കേസില്‍ ശിക്ഷിക്കപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ചതോടെ ഷാപ്പ് ലേലത്തില്‍ പിടിക്കുന്നതില്‍ നിന്നും തന്റെ പേര് വെള്ളാപ്പള്ളി ഒഴിവാക്കിയെന്നും 22 വര്‍ഷം തന്റെ പേരില്‍ ഷാപ്പ് നടത്തി 25 കോടിയോളം രൂപ വെള്ളാപ്പള്ളി നേടിയിട്ടുണ്ടെന്നും ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും മഹേശന്‍ പറയുന്നു. വെള്ളാപ്പള്ളിക്കു വേണ്ടി ഷാപ്പ് നടത്തി കുടുംബവും സ്വത്തും എല്ലാം നശിപ്പുപോയ പലരും ഉണ്ടെന്നും മഹേശന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മൈക്രോ ഫിനാന്‍സ് സംസ്ഥാന തല കോ-ഓര്‍ഡിനേറ്ററും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തതിന് പിന്നാലെയാണ് മരണം. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് മഹേശന്‍ നേരത്തെ യൂണിയന്‍ ഭാരവാഹികള്‍ക്കും ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്കും കത്ത് നല്‍കിയിരുന്നു. കേസില്‍ കുടുക്കിയാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നായിരുന്നു അന്വേഷണ സംഘത്തിന് നല്‍കിയ കത്തിന്റെ ഉള്ളടക്കം. നിലവില്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് 21 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മഹേശന്‍ തന്നെയാണു കത്ത് പങ്കുവച്ചത്.

രാവിലെ ഏഴരയോടെ യൂണിയന്‍ ഓഫിസിലേക്ക് വന്ന മഹേശന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിയന്‍ ഓഫിസിന്റെ മൂന്നാം നിലയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന മഹേശന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles