അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആറ് ചെക്ക് പോസ്റ്റുകൾ വഴി മലയാളികൾ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകൾ ലഭിച്ചവരാണ് എത്തുന്നത്. കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസർഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് ആളുകൾക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്.
കളിയിക്കാവിള ചെക്ക് പോസ്റ്റു വഴി ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവരെ വീടുകളിലേക്ക് വിടുക. വാളയാർ വഴിയും കുമളി ചെക്ക് പോസ്റ്റ് വഴിയും ആളുകൾ വരുന്നുണ്ട്. കമ്പം തേനി മേഖലകൾ ഹോട്ട് സ്പോട്ട് ആയതിനാൽ ആ വഴിയുള്ള യാത്ര ഒഴിവാക്കാൻ തേനി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് കർണാടക അതിർത്തിയായ മുത്തങ്ങയിൽ രാവിലെ വലിയ തിരക്ക് ആരംഭിച്ചിട്ടില്ല. അവർക്കുള്ള പാസ് നൽകിത്തുടങ്ങുന്നേയുള്ളൂ. എട്ട് മണിക്ക് മൈസൂരിൽ നിന്നും പുറപ്പെട്ട സംഘം അല്പസമയത്തിനകം എത്തുമെന്നാണ് റിപ്പോർട്ട്.
അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വാഹന സൗകര്യം ഒരുക്കാൻ സർക്കാരിന് കഴിയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാന അതിർത്തിയിൽ നിന്നും വീടുകളിലേക്ക് പോകുന്നവർ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് വാഹനം വിളിച്ചോ എത്തണമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സംസ്ഥാനത്ത് പുറത്തുള്ള സൈനികർക്കും കുടുംബത്തിനും നാട്ടിലേക്ക് എത്താൻ പ്രത്യേക പരിഗണന നൽകും. സർക്കാരിനെ നേരിട്ട് ബന്ധപ്പെട്ടാൽ അതിനുള്ള നടപടികൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഇ പാസ് കിട്ടിയാൽ കേരളത്തിലേക്ക് എത്തുന്നതിന് മറ്റു തടസങ്ങളുണ്ടാവില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് 1,50,054 മലയാളികളാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് പാസ് നൽകുന്നത്.
വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.
സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.
ലോക് ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതൊടെ 8 സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു.
അതേ സമയം ഇങ്ങനെ തുറന്ന കടകളില്‍ നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്.സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം നില്‍ക്കുകയായിരുന്നു.
ഛത്തീസ്ഗഡ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാമൂഹിക അകലം അടക്കം വിവിധ നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് എട്ടു സംസ്ഥാനങ്ങളിലാണ് മദ്യക്കടകള്‍ തുറന്നത്.
അതേ സമയം കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു തന്നെ കിടക്കും.ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
Chhattisgarh: Social distancing norms being flouted as people in large numbers queue outside a liquor shop in Rajnandgaon. The state govt has allowed liquor shops to open in the state from today except for the containment zones. #CoronavirusLockdown pic.twitter.com/GfTzQP86Ip
— ANI (@ANI) May 4, 2020
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടു കൂടി രോഗികളുടെ എണ്ണം 40,263 ആയി. ഇതിൽ 28,070 പേരാണ് ചികിത്സയിലുള്ളത്. 10,887 പേർ രോഗമുക്തരായി. ഇതുവരെ 1306 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ 83 പേർ മരിച്ചു.
കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 2000 പേരുടെ രോഗം ഭേദമായപ്പോൾ 521 പേർ മരണത്തിനു കീഴടങ്ങി. ആന്ധ്രപ്രദേശ് (1583), ഡൽഹി (4122), ഗുജറാത്ത് (5055), മധ്യപ്രദേശ് (2846), രാജസ്ഥാൻ (2772), തമിഴ്നാട് (2757), തെലങ്കാന (1063), ഉത്തർപ്രദേശ് (2626) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. ജമ്മു കശ്മീരിൽ ഞായറാഴ്ച 35 പേർക്കൂ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 701 ആയി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 35,06,399 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2,45,193 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,996പേര്‍ യുഎസിലാണ്. 67,448 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം.
1,64,967 രോഗികളുള്ള ജര്‍മനിയില്‍ 6,812 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിൽ ഞായറാഴ്ച 14 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി നാഷനൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ഇതിൽ 12 പേർക്കും രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച രണ്ടു പുതിയ കേസുകളുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 82,877 പേർക്കു രോഗം സ്ഥിരീകരിച്ചു. 531 പേരാണ് ചികിത്സയിലുള്ളത്. 4,630 പേർ മരിച്ചു.
കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലുമായി ആറു മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുനീഷിന്റെ മകന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.
മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് അബുദബിയിലാണ് മരിച്ചത്. അൻപത്തൊന്നു വയസായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. പത്തനംതിട്ട നെല്ലിക്കൽ സ്വദേശി റോഷനും അബുദബിയിലാണ് മരിച്ചത്. നാൽപ്പത്തെട്ടു വയസായിരുന്നു. കോതമംഗലം ആയക്കാട് സ്വദേശി നിസാറാണ് അജ്മാനിൽ മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത്തിരണ്ടായി. ആറു ഗൾഫ് രാജ്യങ്ങളിലുമായി നാൽപ്പത്തിനാലു മലയാളികളാണ് ഇതുവരെ മരിച്ചത്.
മൂവാറ്റുപുഴ മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ. നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം.
‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്.
വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിപ്പിക്കുന്ന സാമൂഹ്യ അടുക്കളയില്‍ ചെന്ന് തുപ്പിവെച്ച് ഗുജറാത്ത് എംഎല്‍എ അര്‍വിന്ദ് റൈയാനി. പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ ഫൈന്‍ ഈടാക്കുന്ന ചട്ടങ്ങള്‍ സാധാരണക്കാര്‍ക്കെതിരെ കര്‍ശനമായി നടപ്പാക്കുമ്പോഴാണ് ബിജെപി എംഎല്‍എ ഈ അക്രമം കാണിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശയക്കാര്‍ക്കായി തുറന്നതാണ് കമ്യൂണിറ്റി കിച്ചന്‍.
അതെസമയം, ഇദ്ദേഹത്തിന്റെ പ്രവൃത്തിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ താന്‍ 500 രൂപ ഫൈന്‍ അടച്ചിട്ടുണ്ടെന്നു കാട്ടി അതിന്റെ രശീത് എംഎല്‍എ പുറത്തുവിട്ടു. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് അര്‍വിന്ദ് ഫൈന്‍ ഒടുക്കിയത്.
നേരത്തെയും സമാനമായ അതിക്രമങ്ങള്‍ ചെയ്ത് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. നാട്ടിലെ ഒരു ക്രിക്കറ്റ് മാച്ചിനിടയില്‍ കമന്റേറ്ററെ തെറി വിളിച്ചത് വിവാദമായിരുന്നു. സാധാരണക്കാര്‍ നിരത്തില്‍ തുപ്പിയാല്‍ ഫൈനടയ്ക്കുമ്പോള്‍ ബിജെപി ഗുണ്ടകള്‍ക്ക് കമ്യൂണിറ്റി കിച്ചനിലും വന്ന് തുപ്പാം എന്നതാണ് സ്ഥിതിയെന്ന് രാജ്കോട്ടിലെ കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി വിരാള്‍ ഭട്ട് പറഞ്ഞു.
ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണ് എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിവിധ സേവനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം – കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1256 പേര്‍ക്ക് അസുഖം ഭേദമായി.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഹോസ്പിറ്റലുകളും കിറ്റുകളും സജ്ജമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സീല്‍ ചെയ്തത് തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മറ്റ് മേഖലകളെല്ലാം ഗ്രീന്‍ സോണുകളാക്കാം. ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ നോക്കി കടകള്‍ തുറക്കാം. ലോക്ക് ഡൗണ്‍ അവസാനിച്ച് കഴിഞ്ഞും കേസുകള്‍ വന്നാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണ് എന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.
രാജ്യത്ത് 250 മൈക്രോബ്രൂവറികളിലായി ഏതാണ്ട് എട്ട് ലക്ഷം ലിറ്ററോളം ബിയര്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മദ്യവില്‍പ്പന നിലച്ചതാണ് കാരണം. നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 700 കോടി രൂപ വില മതിക്കുന്ന 12 ലക്ഷം കേസ് ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യമാണ് ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ബോട്ടില്‍ ചെയ്ത ബിയര്‍ പോലെയല്ല ഫ്രഷ് ബിയര്‍ എന്നും വളരെ വേഗം ഉപയോഗക്ഷമമല്ലാതാകുമെന്നും ബ്രൂവറി കണ്‍സള്‍ട്ടന്റ് ഇഷാന്‍ ഗ്രോവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഗുഡ്ഗാവിലെ പല ബ്രൂവറികളും ബിയര്‍ ഒഴുക്കിക്കളഞ്ഞു തുടങ്ങി. ബിയര്‍ കേടുവരാതെ സൂക്ഷിക്കാന്‍ ആവശ്യമായ ശീതീകരിച്ച താപനില വേണമെങ്കില്‍ പ്ലാന്റുകളില്‍ വൈദ്യുതി വേണം – ഇഷാന്‍ ഗ്രോവര്‍ പറഞ്ഞു.
ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ബ്രൂവറികളില്‍ നിന്ന് ബിയര്‍ ഗ്രൗളേര്‍സില്‍ നിന്ന് ഫ്രഷ് ബിയര്‍ നല്‍കണം. ലോകത്ത് 35 രാജ്യങ്ങളില്‍ ഈ സംവിധാനമുണ്ടെന്ന് മഹാരാഷ്ട്ര ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നകുല്‍ ഭോണ്‍സ്ലെ പറഞ്ഞു. 250ഓളം മൈക്രോ ബ്രൂവറികള്‍ അടഞ്ഞുകിടക്കുന്നത് 50,000ത്തോളം തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നു.
700 കോടി രൂപ വില വരുന്ന 12 ലക്ഷത്തോളം കേസ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക്ക് ബിവറേജ് കമ്പനീസ് (സിഐഎബിസി) ജനറല്‍ ഡയറക്ടര്‍ വിനോദ് ഗിരി പറഞ്ഞു. 700 കോടിയുടെ ഈ സ്‌റ്റോക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് (മാര്‍ച്ച് 31) വിറ്റഴിക്കേണ്ടതായിരുന്നു. എന്നാല്‍ മാര്‍ച്ച് 24 മുതല്‍ രാജ്യത്താകെ ലോക്ക് ഡൗണ്‍ വന്നതോടെ ഇത് സാധ്യമാകാതെ വന്നു. 12 ലക്ഷം കേസ് വരുന്ന ഈ പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ടെന്നും വിനോദ് ഗിരി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 150054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.
വിദേശത്തുനിന്നും മടങ്ങുന്ന പ്രവാസികളില്‍ 61009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് മടങ്ങിയെത്തുക. രജിസ്റ്റര്‍ ചെയ്തവരില്‍ 9827 ഗര്‍ഭിണികളും 10628 കുട്ടികളും 11256 വയോജനങ്ങളുമാണ്. പഠനം പൂര്‍ത്തിയാക്കിയ 2902 വിദ്യാര്‍ത്ഥികളും മടങ്ങിവരും.
വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70638 പേരും, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എമ്പസികള്‍ക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.
ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതെസമയം അരലക്ഷത്തോളം ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ടാണ് തിരിച്ചേത്തുന്നത്. ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.