കോട്ടയം: കേരള കോൺഗ്രസ് (എം) ഗ്രൂപ്പ് വഴക്ക് യുഡിഎഫിനു തലവേദനയാകുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിൽ പൊട്ടിത്തെറിക്ക് സാധ്യത. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടു.

മുൻ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചർച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറല്ല.

പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പി.ജെ.ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്തുനൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. എട്ട് മാസം ജോസ് കെ.മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാൻ ജോസ് കെ.മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നൽകിയ കത്തിൽ പറയുന്നു.

അതേസമയം, പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. ധാരണ പാലിക്കാൻ ജോസ് വിഭാഗം തയ്യാറാകണമെന്നും യുഡിഎഫ് ഇടപെടണമെന്നും പി.ജെ.ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്നു വിട്ടുനിൽക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു.