India

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പിഎം കെയര്‍സ് ഫണ്ടിലേയ്ക്ക് ലഭിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേയ്ക്ക് (പിഎംഎന്‍ആര്‍എഫ്) മാറ്റണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയ അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി മോദി കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും സോണിയ ഗാന്ധി മുന്നോട്ടുവച്ചിരിക്കുന്നത്. 20,000 കോടി രൂപ ചിലവഴിച്ച് ഡല്‍ഹിയില്‍ നടത്താനുദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്ത സൗന്ദര്യവത്കരണ പദ്ധതി ഉപേക്ഷി്ക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

പിഎം കെയര്‍സ് ഫണ്ട്, പിഎം എന്‍ആര്‍ഫിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക

ഇത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ സഹായിക്കും. കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടും. ഫണ്ട് വിതരണത്തിന് രണ്ട് സംവിധാനമുണ്ടാകുന്നത് അനാവശ്യമാണ്. 1948 മുതല്‍ രാജ്യത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുണ്ട്. പിഎം കെയര്‍സ് ഫണ്ടിന്റെ ആവശ്യമെന്തെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. 2019 സാമ്പത്തികവര്‍ഷം അവസാനം പിഎംഎന്‍ആര്‍എഫില്‍ 3800 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും സോണിയ പറയുന്നു.

സര്‍ക്കാര്‍ പരസ്യങ്ങളും രണ്ട് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക

പ്രിന്റ്, ഇലക്ട്രോണിക്ക്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും നിര്‍ത്തുക. സര്‍ക്കാരിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പരസ്യങ്ങള്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക. കൊവിഡ് 19നുമായി ബന്ധപ്പെട്ടതോ പൊതുജനാരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടതോ ആയ പരസ്യങ്ങള്‍ മാത്രം നല്‍കുക.

20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കുക

ഡല്‍ഹിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത സൗന്ദര്യവത്കരണ, നിര്‍മ്മാണപദ്ധതി ഉപേക്ഷിക്കുക. ഇത് തീര്‍ത്തും അനാവശ്യമായ ചിലവാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

ബജറ്റ് ചിലവ് 30 ശതമാനം കുറക്കുക

ശമ്പളം, പെന്‍ഷന്‍ കേന്ദ്ര പദ്ധതികള്‍ എന്നിവയല്ലാതെ, സര്‍ക്കാര്‍ ചിലവ് 30 ശതമാനം വെട്ടിക്കുറക്കുക.

വിദേശയാത്രകൾ ഒഴിവാക്കുക

പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടേതടക്കം എല്ലാവരുടേയും വിദേശയാത്രകള്‍ ഒഴിവാക്കുക. അടിയന്തരാവശ്യങ്ങളില്‍ ദേശീയ താല്‍പര്യം പരിഗണിച്ച് മാത്രം ഇതില്‍ ഇളവുകള്‍ നല്‍കാം.

ലോക് ഡൗണ്‍ മൂലം അര്‍ഹിച്ചിരുന്ന അന്ത്യയാത്ര ലഭിക്കാതെ പോയ ശശി കലിംഗയെക്കുറിച്ച് സിനിമ-നാടക അഭിനേതാവ് വിനോദ് കോവൂരിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലും വിനോദ് അവസാനമായി തന്റെ സഹപ്രവര്‍ത്തകനെ കാണാനായി പോയിരുന്നു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നത് സഹിക്കാന് കഴിയാത്ത കാഴ്ച്ചയാണെന്നാണ് വിനോദ് സങ്കടത്തോടെ എഴുതുന്നത്. ഒരു റീത്ത് പോലും വയ്ക്കാന്‍ സാധിക്കാതെ പോയെന്ന നിരാശയും ഈ കുറിപ്പിലൂടെ വിനോദ് പങ്കുവയ്ക്കുന്നുണ്ട്.

വിനോദ് കോവൂരിന്റെ കുറിപ്പ്;

നാടക സിനിമാ നടന്‍ ശശി കലിംഗ വിടവാങ്ങി.

കാലത്ത് മരണ വിവരം അറിഞ്ഞത് മുതല്‍ സിനിമാ പ്രവര്‍ത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാല്‍ ലോക് ഡൗണ്‍ കാലാവസ്ഥ കാരണം ആര്‍ക്കും വരാന്‍ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആര്‍ക്കും എത്താന്‍ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കില്‍ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടന്‍ പറഞ്ഞു. അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്ലെല്ലാം സജീവ പ്രവര്‍ത്തകനായ ആഷിര്‍ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാന്‍ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന്.

പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണാം. വിരലില്‍ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു. ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടില്‍ വന്നില്ലായിരുന്നെങ്കില്‍ ശശിയേട്ടന്റെ സഹപ്രവര്‍ത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ. നിര്‍ഭാഗ്യവാനാണ് ശശിയേട്ടന്‍. ഇടവേള ബാബു ചേട്ടന്‍ പറഞ്ഞിരുന്നു പറ്റുമെങ്കില്‍ കിട്ടുമെങ്കില്‍ ഒരു റീത്ത് അമ്മയുടെ പേരില്‍ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സര്‍വീസില്‍ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കള്‍ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാന്‍ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തില്‍ സമര്‍പ്പിച്ചു പറഞ്ഞു ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ? സത്യത്തില്‍ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌണ്‍ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. 5 സിനിമ കളില്‍ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാന്‍ .എന്നെ വലിയ പ്രിയമായിരുന്നു . ‘ഏറ്റവും ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ കുട്ടിമാമയായിരുന്നു. സന്തോഷമുള്ള ഏറെ ഓര്‍മ്മകള്‍ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങള്‍ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു.

ശശിയേട്ടാ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നാടക പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

രാജ്യത്ത് ഇതുവരെ 4421 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 354 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 117 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 326 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനങ്ങളുടേയും വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ച് 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 748.

ഉത്തര്‍പ്രദേശിലെ ആഗ്രയിലും ഗൗതംബുദ്ധ നഗറിലും കേരളത്തിലെ പത്തനംതിട്ടയിലും രാജസ്ഥാനിലെ ഭില്‍വാരയിലും ഈസ്റ്റ് ഡല്‍ഹിയിലും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജി വിജയകരമാണെന്ന് ആരോഗ്യ ജോയിന്റെ സെക്രട്ടറി അറിയിച്ചു. ഒരു കൊവിഡ് രോഗി ക്വാറന്റൈന്‍ ചെയ്യുന്നില്ലെങ്കില്‍ ഈ രോഗി 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ പഠനം പറയുന്നതായി ലാവ് അഗര്‍വാള്‍ പറഞ്ഞു. 2500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ഐസൊലേഷന്‍ ബെഡ്ഡുകള്‍ നിര്‍മ്മിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 133 കേന്ദ്രങ്ങളില്‍ ഈ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

 

ലോക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നടത്തുന്ന റേഷന്‍ വിതരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാമ് നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. റേഷന്‍ വിതരണത്തെ അഭിനന്ദിക്കുന്നവരെപ്പോലെ തന്നെ ചിലര്‍ എതിര്‍ത്തും രംഗത്തു വരുന്നുണ്ടെന്നു പറഞ്ഞാണ് മണിയന്‍പിള്ള രാജുവിനെ പരാമര്‍ശിച്ചത്.

റേഷനരി മോശമാണെന്നു ചിലരുടെയൊക്കെ ഫെയ്‌സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് താന്‍ റേഷന്‍ അരി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറഞ്ഞത്. റേഷന്‍ അരിയും ജീവിതവുമായി ബന്ധപ്പെട്ട് വൈകാരികമായ അനുഭവങ്ങളും രാജു ഈ അഭിമുഖത്തില്‍ പങ്കുവയ്്ക്കുന്നുണ്ട്. മകനും നടനുമായ നിരഞ്ജനുമൊത്തായിരുന്നു തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള റേഷന്‍ കടയില്‍ നിന്നും അരി വാങ്ങിയത്. അതെക്കുറിച്ച് മണിയന്‍ പിള്ള രാജു പറയുന്നത് ഇങ്ങനെയാണ്;

‘റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു ഒരാളുടെ പ്രതികരണം. എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയത്. കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.’

‘നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.

റേഷനരികൊണ്ടു വയ്ക്കുന്ന നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. അന്നൊക്കെ കഞ്ഞിവെള്ളത്തില്‍ മുക്കിയ വസ്ത്രം ധരിച്ചവന്റെ അടുത്തിരുന്നാല്‍ ആ ചോറിന്റെ മണം വരും. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല; മണിയന്‍പിള്ള രാജു പറയുന്നു.

നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റേഷന്‍ അരിയെ കുറ്റം പറയുന്നവര്‍ക്കായി എന്നു ചൂണ്ടിക്കാട്ടി നിരവധി പേര്‍ രാജുവിന്റെ അഭിമുഖം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനസ്വാധീനമുള്ളൊരു നടന്റെ പിന്തുണയായും മണിയന്‍പിള്ള രാജുവിന്റെ അനുഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതും അതേ കാര്യമാണ്.

കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.

ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.

കൊറോണ വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ മരുന്ന് ഹൈഡ്രോക്ലോറോക്വിന്‍ ഇന്ത്യ വിട്ടു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന യുഎസ്സിന്റെ ഭീഷണിക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ‘സൗഹാര്‍ദ്ദത്തില്‍ തിരിച്ചടിക്കല്‍ ഇല്ലെ’ന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യ ഈ ജീവന്‍‍രക്ഷാ മരുന്ന് ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കണം. രാജ്യത്ത് ഈ മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തിയതിനു ശേഷമേ അത് ചെയ്യാവൂ എന്നും രാഹുല്‍ പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തിയിട്ടുണ്ട്. അതെസമയം, ട്രംപിന്റെ ഭീഷണിക്കു മുമ്പില്‍ മോദി സര്‍ക്കാര്‍ വീണുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം മരുന്നു കയറ്റുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്തത് ഇന്ത്യയെ അടിയറ വെക്കലാണ്. ട്രംപിനു വേണ്ടി വന്‍തുക ചെലവിട്ട് മാമാങ്കം ഒരുക്കിയതിന് മോദിക്ക് ലഭിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ മുന്‍ഗണന ഇന്ത്യാക്കാരെ ചികിത്സിക്കുക എന്നതായിരിക്കണം. നിര്‍ണായകമായ മരുന്നുകളുടെ ക്ഷാമത്തിലേക്ക് ഇന്ത്യയെ തള്ളിവിടാന്‍ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കുന്ന മോദിയ അനുവദിച്ചുകൂടാ. ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല,” സീതാറാം യെച്ചൂരി പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവനയില്‍ അത്ഭുതം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ശശി തരൂരും രംഗത്തു വന്നു. തന്റെ ഇക്കണ്ട കാലത്തെ ലോകരാഷ്ട്രീയ പരിചയത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ ഭീഷണി മുഴക്കുന്നത് കണ്ടിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അവര്‍ പരിഗണിക്കാമെന്നാണ് അറിയിച്ചതെന്നും പരിഗണിച്ചില്ലെങ്കില്‍ അതിന് തിരിച്ചടിയുണ്ടാകുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ യുഎസ്സിനെ വെച്ച് ഒരുപാട് നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. “ഞങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയാല്‍” എന്നു തുടങ്ങുന്ന ട്രംപിന്റെ പ്രസ്താവനയില്‍ ധാര്‍ഷ്ട്യവും തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ഉല്‍പന്നം യുഎസ്സിന് വില്‍ക്കാമെന്ന് തീരുമാനിക്കുമ്പോള്‍ മാത്രമാണ് അത് യുഎസ്സിനുള്ള വിതരണമാകുനെന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം യുഎസ്സില്‍ നിന്ന് കാനഡയിലേക്കുള്ള എന്‍95 മാസ്കുകളുടെ കയറ്റുമതി ട്രംപ് തടഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞാണിത്. കാനഡയിലെ ജനസാന്ദ്രതയേറിയ ഒന്റേറിയോ പ്രവിശ്യയിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറെടുക്കവെയാണ് അധികാരികള്‍ തടഞ്ഞത്. ഒന്റേറിയോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകള്‍ നിലവില്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.

രാജ്യത്ത് 1950ലെ ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം നടപ്പാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയ ഈ നിയമപ്രകാരം സുരക്ഷാവസ്ത്രങ്ങളുടെ കയറ്റുമതി അധികാരികള്‍ക്ക് തടയാന്‍ സാധിക്കും. കാന‍ഡ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് യുഎസ്സില്‍ നിന്ന് എന്‍95 മാസ്കുകള്‍ ഏറെയും കയറ്റുമതി ചെയ്യുന്നത്.

കോവിഡ്-19 ചികിത്സയില്‍ മലേറിയ മരുന്നിന്റെ സാധ്യത സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍‌ഡ് ട്രംപ് പ്രസ്തുത മരുന്ന് തന്റെ രാജ്യത്ത് ലഭ്യമാക്കാനായി അന്തര്‍ദ്ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഇന്ത്യയായിരുന്നു ട്രംപിന്റെ പ്രധാന ലക്ഷ്യം. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊവിഡ് ചികിത്സയില്‍ ഈ മരുന്നിനുള്ള സാധ്യത തിരിച്ചറിഞ്ഞ ഇന്ത്യ അവയുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാത്രവുമല്ല, ഉല്‍പാദകരില്‍ നിന്ന് ഈ മരുന്ന് വന്‍തോതില്‍ വാങ്ങിവെക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം തുടങ്ങുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് ഈ മരുന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചത് സാക്ഷാല്‍ ട്രംപ് തന്നെയാണ്. ഈ സമ്മര്‍‌ദ്ദത്തില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മരുന്ന് വിട്ടു നല്‍കുന്നത് പരിഗണിക്കാമെന്ന് സമ്മതിച്ചു. ട്രംപിന്റെ ഭീഷണി വന്നതോടെ അതിവേഗത്തില്‍ നിരോധനം നീക്കം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ ലോക്ഡൗണിനെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ഡൗണ്‍ എന്ന് കമല്‍ഹാസന്‍. കൈയ്യിലുള്ളവര്‍ ബാല്‍ക്കണിയില്‍ നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് കമല്‍ഹാസന്‍ പരിഹസിക്കുന്നു.

കമല്‍ഹാസന്‍ പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് പരാമര്‍ശം. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നതായും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ഹാസന്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം….

ഈ രാജ്യത്തെ ഉത്തരവാദിത്ത ബോധമുള്ള പൗരനെന്ന നിലയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഈ രാജ്യത്തിന്റെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഇപ്പോഴൂം താങ്കള്‍. ഈ പ്രതിസന്ധിഘട്ടത്തില്‍ താങ്കളുടെ എല്ലാ നിര്‍ദേശങ്ങളും രാജ്യത്തെ 140 കോടി ജനങ്ങളും അനുസരിക്കും. ഇന്ന് ഒരുപക്ഷേ മറ്റൊരു ലോകനേതാവിനും ഇത്രയും ജനപിന്തുണയില്ല. നിങ്ങള്‍ പറയുന്നു. അവര്‍ അനുസരിക്കുന്നു. ഇന്ന് രാജ്യം അവസരത്തിനൊത്ത് താങ്കളുടെ ഓഫിസില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുന്നതിനായി കരഘോഷം മുഴക്കാനുള്ള ആഹ്വാനം താങ്കളുടെ വിമര്‍ശകര്‍ പോലും അനുസരിച്ചത് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. താങ്കളുടെ ഉത്തരവുകള്‍ അനുസരിക്കുന്നത് ഞങ്ങളുടെ വിധേയത്വമായി കാണരുത്.

നോട്ടു നിരോധനം എന്ന ബുദ്ധിമോശം കുറച്ചുകൂടി വലിയ തോതില്‍ ആവര്‍ത്തിക്കപ്പെടുകയാണ് എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. നോട്ടുനിരോധനം അങ്ങേയറ്റം ദരിദ്രരായ മനുഷ്യരുടെ ജീവനോപാധികളും സമ്പാദ്യവും നഷ്ടപ്പെടുത്തിയപ്പോള്‍ കൃത്യമായ ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ഈ ലോക്ഡൗണ്‍ ജീവന്റെയും ഉപജീവനോപാധികളുടെയും നാശത്തിലേക്കാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്

പാവപ്പെട്ടവര്‍ക്ക് താങ്കളല്ലാതെ മറ്റാരുമില്ല സര്‍, പ്രതീക്ഷയര്‍പ്പിക്കാന്‍. ഒരു വശത്ത് നിങ്ങള്‍ പ്രത്യേകാനുകൂല്യങ്ങളും വിശേഷാവകാശങ്ങളുമുള്ള ഒരു വിഭാഗം ജനതയോട് ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്യുമ്പോള്‍, മറുവശത്ത് പാവപ്പെട്ടവരുടെ ജീവിതം തന്നെ ഒരു കെട്ടുകാഴ്ചയായി മാറുകയാണ്. ഉള്ളവരുടെ ലോകം ബാല്‍ക്കണിയില്‍നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

രാജ്യത്തെ അഭിസംബോധന ചെയ്തുള്ള താങ്കളുടെ അവസാന രണ്ടു പ്രസംഗങ്ങളും ഈ പ്രതിസന്ധികാലത്ത് ജനങ്ങളെ ശാന്തരാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ഉള്ളവരുടെ ഉത്കണ്ഠകളും ആകുലതകളുമകറ്റാനുള്ള സൈക്കോതെറാപ്പി തന്ത്രങ്ങളായിരുന്നു അവ. എന്നാല്‍, അതിനേക്കാള്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെയുണ്ടായിരുന്നു ചെയ്യാന്‍. ആഹ്‌ളാദാരവം മുഴക്കാനും കരഘോഷം നടത്താനും ബാല്‍ക്കണി സ്വന്തമായുള്ളവരുണ്ട്. എന്നാല്‍ തലയ്ക്കു മീതെ മേല്‍ക്കൂര പോലുമില്ലാത്തവരുടെ കാര്യമോ? പാവപ്പെട്ടവരെ പാടെ അവഗണിച്ച് ബാല്‍ക്കണിക്കാര്‍ക്കു വേണ്ടിയുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവാന്‍ താങ്കളുടെ ഭരണകൂടം ആഗ്രഹിക്കുന്നില്‌ളെന്ന് എനിക്ക് തീര്‍ച്ചയാണ്. ദരിദ്രരാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകം. സമൂഹത്തിന്റെ അടിത്തറയാണ് അത്. അതിനു മുകളിലാണ് മധ്യവര്‍ഗവും സമ്പന്നവര്‍ഗവും അവരുടെ ജീവിതം പണിയുന്നത്. പാവപ്പെട്ടവര്‍ മുന്‍പേജ് വാര്‍ത്തകളാവുന്നില്ല. പക്ഷേ രാഷ്ട്രനിര്‍മ്മാണത്തിലും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലും പാവപ്പെട്ടവന്റെ സംഭാവനകള്‍ അവഗണിക്കാനാവില്ല. അടിത്തറ തകര്‍ക്കാനുള്ള ഏതു ശ്രമവും മുകള്‍ത്തട്ടിന്റെ വീഴ്ചയിലേക്കു നയിച്ചതായി ചരിത്രം തെളിയിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ മുകള്‍ത്തട്ടിലുള്ളവര്‍ താഴത്തേട്ടിലുള്ളവര്‍ക്ക് ബാധിക്കുന്നതിനിടയാക്കിയ ആദ്യ പകര്‍ച്ചവ്യാധിയും ആദ്യ പ്രതിസന്ധിയുമാണിത്. ദശലക്ഷക്കണക്കിന് ദിവസവേതനക്കാരും തെരുവുവണ്ടിക്കച്ചവടക്കാരും റിക്ഷ, ടാക്‌സി ഡ്രൈവര്‍മാരും കുടിയേറ്റ തൊഴിലാളികളും ജീവിക്കാന്‍ പാടുപെടുകയാണ് ഇപ്പോള്‍. വിശപ്പിന്റെയും ഉപജീവനോപാധികളുടെ ശോഷണത്തിന്റെയും ഫലമായി പാവപ്പെട്ടവര്‍ ഈ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഈ അവസ്ഥ കോവിഡ് 19 എന്ന വൈറസിനേക്കാള്‍ മാരകമാണ്. കൊറോണ പോയാലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

താങ്കള്‍ സുഖദായകമായ ഒരു സ്ഥലത്തിരുന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആശയങ്ങള്‍ പോലെ ഓരോന്ന് പുറത്തുവിടുകയാണ്. ഉത്തരവാദിത്തബോധത്തിന് സാധാരണജനങ്ങള്‍ക്കും സുതാര്യതയ്ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ക്കും പുറംപണി കരാര്‍ കൊടുത്ത് താങ്കള്‍ സുഖിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നല്‌ളൊരു ഭാവിക്കും വര്‍ത്തമാനത്തിനുമായി ധിഷണാശക്തി ഉപയോഗിച്ച് ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്ക് താങ്കളെപ്പറ്റി ഇങ്ങനെയൊരു കാഴ്ചപ്പാടാണുള്ളത്. ഞാനിവിടെ ബുദ്ധിജീവി എന്ന പദം പ്രയോഗിച്ചത് താങ്കള്‍ക്ക് നീരസമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. കാരണം എനിക്കറിയാം, താങ്കള്‍ക്കും താങ്കളുടെ സര്‍ക്കാറിനും ആ വാക്ക് ഇഷ്ടമല്ല എന്ന്. പക്ഷേ ഞാന്‍ പെരിയാറിന്റെയും ഗാന്ധിയുടെയും അനുയായി ആണ്. അവര്‍ പ്രാഥമികമായി ധിഷണാശാലികളായിരുന്നുവെന്ന് എനിക്കറിയാം. ശരിയായ പാത തെരഞ്ഞെടുക്കുന്നതിനും എല്ലാവര്‍ക്കും സമത്വവും അഭിവൃദ്ധിയും ഉറപ്പു വരുത്തുന്നതിനും നമ്മെ സഹായിക്കുന്നത് ബുദ്ധിയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിവില്ലാത്തവരും വിഡ്ഢികളുമായ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ താങ്കളുടെ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ലോകാരോഗ്യ സംഘടനയ്ക്കുള്ള ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് 2019 ഡിസംബര്‍ എട്ടിനാണ് ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. അഭൂതപൂര്‍വമായ വിധത്തില്‍ ഈ മാരകരോഗം നാശം വിതയ്ക്കുമെന്ന് ലോകത്തിനു മുഴുവന്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനുവരി 30നാണ്.

ഇറ്റലിയില്‍ എന്താണ് സംഭവിച്ചത് എന്നറിയാമായിരുന്നിട്ടും നാം അവിടെ നിന്ന് പാഠങ്ങള്‍ പഠിച്ചില്ല. വെറും നാലു മണിക്കൂര്‍ മാത്രം സമയം നല്‍കി 140 കോടി ജനങ്ങളുടെ ജീവിതം അടച്ചുപൂട്ടുകയാണ് താങ്കള്‍ ചെയ്തത്. നാലു മാസത്തെ നോട്ടീസ് പിരീഡ് ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ക്ക് കൊടുത്തത് വെറും നാലു മണിക്കൂര്‍. ദീര്‍ഘദര്‍ശിത്വമുള്ള നേതാക്കള്‍ പ്രശ്‌നങ്ങള്‍ വലുതാവുന്നതിനു മുമ്പ് അതിന് പരിഹാരം കണ്ടത്തെുന്നവരാണ്്. ഇക്കാര്യത്തില്‍ താങ്കളുടെ വീക്ഷണം പരാജയമായിരുന്നു,സര്‍.

എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചോട്ടെ. ഇത്രയും വലിയ ഒരു പ്രതിസന്ധിക്ക് തയാറെടുക്കാതിരുന്നതിന്റെ പേരില്‍ സാധാരണ ജനങ്ങളെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ ഇതിന്റെ പേരില്‍ നിങ്ങള്‍ കുറ്റപ്പെടുത്തപ്പെടും.

തന്റെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ജൂഹി രസ്‌തോഗി. ഇതുമായി ബന്ധപ്പെട്ട് താരം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് .

സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു. പ്രചരിക്കുന്നവയെല്ലാം വ്യാജമാണെന്ന് പറഞ്ഞ് പ്രേക്ഷകർക്കായും ജൂഹി ഒരു ഇൻസ്റ്റാഗ്രാം സന്ദേശം നൽകുന്നു.

ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ

എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.

ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.

കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.ആശുപത്രിയുടെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

ഹരിയാനയിലെ കര്‍ണാലിലെ കല്‍പന ചൗളാ മെഡിക്കല്‍ കേളേജില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഉപയോഗിച്ച് താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പാനിപറ്റില് നിന്നുമുള്ള ഇദ്ദേഹത്തെ ഏപ്രില്‍ ഒന്നിനാണ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആക്കിയത്.

ഒന്നിലധികം രോഗങ്ങള്‍ ഉള്ളതിനാല്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെങ്കിലും ഇദ്ദേഹത്തെ ഐസോലേഷനിലേക്ക് മാറ്റുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Copyright © . All rights reserved