ഡൽഹിയിൽനിന്നു പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും സ്മൃതി ഇറാനിയും. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ രാഹുൽ നാടകം കളിക്കുകയാണെന്ന് ആരോപിച്ച നിർമല, രാഹുൽ തൊഴിലാളികൾക്കൊപ്പം നടന്ന് അവരുടെ കുട്ടികളെയും പെട്ടിയും എടുത്താൽ നന്നായിരുന്നെന്നു പരിഹസിച്ചു. രാഹുൽ ഒരു നാണക്കേടാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടുകയും അവരെ സുരക്ഷിതമായി സ്വദേശത്ത് എത്തിക്കുകയുമാണു ചെയ്യേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം നാടകം കളിക്കുകയാണെന്ന് പറയുന്നു. തൊഴിലാളികളുടെ അരികിലിരുന്ന് അവരുമായി സംസാരിച്ച് സമയം കളയുകയല്ല വേണ്ടത്. വീട്ടിലേക്കു തിരിച്ചു നടക്കുന്ന ആളുകളുടെ അടുത്തിരുന്ന് അവരോടു സംസാരിക്കുന്നു. അതാണ് നാടകമെന്നു നിർമല സീതാരാമൻ പറഞ്ഞു.
സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രം കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ഈ ഘട്ടത്തിൽ ഒരുമിച്ചുനിന്നു കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്നാണു പ്രതിപക്ഷത്തോട് അഭ്യർഥിക്കാനുള്ളത്. ലക്ഷക്കണക്കിനു തൊഴിലാളികളെ അവരുടെ ജന്മദേശത്തെത്തിക്കുകയും അവർക്കു ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പലരും ഇപ്പോൾ റോഡുകളിൽ തന്നെയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്കു വേണ്ടി കൂടുതലായൊന്നും ചെയ്യുന്നില്ല. തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രത്തോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നു സോണിയ ഗാന്ധിയോടു താൻ അഭ്യർഥിക്കുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണു സ്മൃതി ഇറാനി രാഹുലിനെതിരേ പ്രസ്താവന നടത്തിയത്. അന്‍പത് വയസായിട്ടും കാര്യക്ഷമമായി ഒന്നും ചെയ്യാത്ത ഒരാൾക്ക് ബഹുമാനത്തിന്റെ കണികപോലും ലഭിക്കില്ലെന്നും രാഹുൽ ഒരു നാണക്കേടാണെന്നും അവർ പറഞ്ഞു. നീരവ് മോദി, വിജയ് മല്യ എന്നിവർക്ക് തട്ടിപ്പു നടത്താൻ അവസരം ലഭിച്ചത് യുപിഎ ഭരണകാലത്താണെന്നും അവർ ആരോപിച്ചു
വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പുലർച്ചെ ദുബായിയിൽനിന്നു കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 181 യാത്രക്കാരിൽ 75 പേർ ഗർഭിണികൾ. ഇതിൽ 35 ആഴ്ച ഗർഭസ്ഥരായ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
75 പേരും 32 ആഴ്ച തികഞ്ഞവരായിരുന്നു എന്നതും മറ്റൊരു വിശേഷം. പൂർണ ഗർഭിണികളെ വിമാനങ്ങളിൽ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടായിരിക്കെയാണ് ഇത്തരത്തിൽ അപൂർവ ഇളവു നൽകിയത്. ശനിയാഴ്ച അർധരാത്രി കൊച്ചിയിലേക്കു വന്ന വിമാനത്തിൽ പ്രത്യേക സാഹചര്യം മുൻനിർത്തി രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും കരുതിയിരുന്നു.
ഗർഭിണികൾക്കു പുറമെ 35 രോഗികളും കുട്ടികളും ഉൾപ്പെട്ടിരുന്നു. രോഗികളിൽ 28 പേർ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്ക് ഇതോടകം നടത്തിയ 20 പ്രത്യേക വിമാന സർവീസുകളിൽ ഗർഭിണികൾക്കു മുൻഗണന നൽകിയിരുന്നു. ദുബായിയിൽനിന്നുമാത്രം ഒരാഴ്ചയ്ക്കുള്ളിൽ 190 ഗർഭിണികളെ കൊച്ചിയിൽ എത്തിച്ചു. 13നു വന്ന ആദ്യവിമാന യാത്രക്കാരിൽ 49 പേർ ഗർഭിണികളായിരുന്നു.
കേരളത്തിലെത്തിയശേഷം ആറു പേർ വിവിധ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഗുരുതരാവസ്ഥയലുള്ള 398 രോഗികളെയും എയർ ഇന്ത്യ ഒന്നാം ഘട്ടത്തിൽ കൊച്ചിയിലെത്തിച്ചു. എയർ ഇന്ത്യ ഇതുവരെ നടത്തിയ ഗൾഫ് പറക്കലുകളിൽ 75 ഗർഭിണികൾ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. എയർ ഇന്ത്യയുടെ ദൗത്യ പാക്കേജ് രണ്ടാംഘട്ടത്തിൽ 40 രാജ്യങ്ങളിൽനിന്ന് 149 സ്പെഷൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തുക.
കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന 67 കാരെൻറ മൃതദേഹം ബസ്സ്റ്റാൻഡിൽ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന് സമീപം ബിആർടിഎസ് സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്.
കോവിഡ് ലക്ഷണങ്ങളുമായി മേയ് 10നാണ് ഇദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചു. മേയ് 15ന് മൃതദേഹം സ്റ്റാൻഡിൽ കണ്ടെത്തിയതായി പൊലീസ് ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് ഓൺലൈൻ പോർട്ടലായ ‘ദി ക്വിൻറി’നോട് മകൻ പറഞ്ഞു.
അധികൃതർ ആവശ്യപ്പെട്ട പ്രകാരം മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് കുടുംബാംഗങ്ങളാണ് പിതാവിെൻറ ശവസംസ്കാരം നടത്തിയതെന്ന് മകൻ പറഞ്ഞു.
അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാൽ ഇദ്ദേഹത്തെ മേയ് 14ന് ഡിസ്ചാർജ് ചെയ്തിരുന്നതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എം.എം. പ്രഭാകർ പറഞ്ഞു. “രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്. സർക്കാറിെൻറ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ അദ്ദേഹം ആരോഗ്യവാനായിരുന്നു” -ഡോക്ടർ പറഞ്ഞു.
ആശുപത്രിയുടെ വാഹനത്തിലാണ് രോഗിയെ കൊണ്ടുപോയത്. വീടിനടുത്ത് എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഡിസ്ചാർജ് ചെയ്തതിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക.
ഗുജറാത്ത് മോഡൽ എന്താണെന്ന് തുറന്നുകാട്ടുന്ന കുറ്റകരമായ അനാസ്ഥയാണിതെന്ന് ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനി ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണം.
ഏപ്രിൽ 24ന് 25 ഓളം കോവിഡ് ബാധിതർക്ക് സിവിൽ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ആറ് മണിക്കൂറോളം ഇവർ തെരുവുകളിൽ ചെലവഴിച്ചു. ഒടുവിൽ രോഗികളിൽ ഒരാൾ വീഡിയോ റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്.
Bloody what the hell is going on? Gunawant Makwana, a 70 year old Covid-19 patient was admitted at Ahmedabad Civil Hospital on 10th May and now his body is found on the street! Yes, bloody on the street! Mr. Rupani take moral responsibility and step down. This is just criminal. pic.twitter.com/CkgA2GheRz
— Jignesh Mevani (@jigneshmevani80) May 17, 2020
അതിഥി തൊഴിലാളികളുടെ ശബ്ദമായി സജീവമാവുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് പ്രിയങ്കയുടെ അപേക്ഷ.‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ അപേക്ഷിക്കുന്നു. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. അതിർത്തിയിൽ ഞങ്ങൾ ഒരുക്കിയ ബസുകൾ കാത്തുനിൽക്കുന്നു. ആയിരത്തിലേറെ അതിഥി തൊഴിലാളികളെ സഹായിക്കണം. ഭക്ഷണമില്ലാതെ കാൽനടയായി സ്വന്തം നാട്ടിലേക്ക് പോവുകയാണ്. ദയവായി അനുമതി തരൂ..’ പ്രിയങ്ക വിഡിയോയിൽ ചോദിക്കുന്നു.
ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലയിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 500 ബസുകൾ തയാറാണ്. എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ബസുകൾക്ക് വരുന്ന ചെലവ് വഹിക്കാൻ കോൺഗ്രസ് തയാറാണ്. എന്നിട്ടും ബിജെപി സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇതോടെയാണ് ഫെയ്സ്ബുക്കിലൂടെ അഭ്യർഥനയുമായി പ്രിയങ്ക രംഗത്തെത്തിയത്.
हमारी बसें बॉर्डर पर खड़ी हैं। हजारों की संख्या में राष्ट्र निर्माता श्रमिक और प्रवासी भाई-बहन धूप में पैदल चल रहे हैं।
परमीशन दीजिए @myogiadityanath जी, हमें अपने भाइयों और बहनों की मदद करने दीजिए pic.twitter.com/kNyxdKyxZA
— Priyanka Gandhi Vadra (@priyankagandhi) May 17, 2020
മേയ് നാല് മുതൽ നടപ്പാക്കിയ മാർഗനിർദ്ദേശങ്ങളിൽ മദ്യവിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകുകയും ബാറുകൾ തുറക്കാൻ അനുമതി നൽകാതിരിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ, കോവിഡ് ലോക്ക് ലോക്ക് ഡൗണിൻ്റെ നാലാം ഘട്ടത്തിലും ബാറുകൾ തുറക്കാൻ അനുമതി നൽകുന്നില്ല എന്ന് വ്യക്തമാക്കി. മേയ് 31 വരെ രാജ്യത്ത് ബാറുകൾ തുറക്കില്ല.
വിവാഹച്ചടങ്ങുകൾക്ക് പരമാവധി 20 പേർ പങ്കെടുക്കാം, ഇതിൽ കൂടുതൽ പാടില്ല എന്നായിരുന്നു ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലെ നിയന്ത്രണം. നാലാം ഘടത്തിലെത്തുമ്പോൾ വിവാഹച്ചടങ്ങുകൾ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാനേ അനുവാദമുള്ളൂ. മത, സാമുദായിക, സാമൂഹിക, രാഷ്ട്രീയ പരിപാടികളും ആരാധാനായലങ്ങൾ തുറന്നുപ്രവർത്തിക്കുന്നതും മതപരമായ കൂട്ടായ്മകളും കായിക മത്സരങ്ങളും പരിപാടികളുമെല്ലാം കർശനമായി വിലക്കിയിട്ടുണ്ട്.
സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും നിലവിലെ നിയന്ത്രണങ്ങൾ തുടരും. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നൽകിയപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്കും മെട്രോ റെയിൽ സർവീസുകൾക്കും അനുമതിയില്ല. റെഡ് സോണുകളിൽ പെടാത്ത മേഖലകളിൽ മെട്രോ സർവീസുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണുകൾ തീരുമാനിക്കാനും അവയിലെ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കാനും സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട് നാലാം ഘട്ടത്തിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കരുത് എന്ന് മാത്രം പറയുന്നു.
ലണ്ടൻ ∙ ഗാർഡിയൻ പത്രം അഞ്ചുകോളം തലക്കെട്ടിൽ ഫുൾപേജ് അഭിമുഖം നൽകിയപ്പോൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അതുവഴി കേരളത്തിനും ലഭിച്ച മൈലേജ് ചില്ലറയല്ല. എന്നാൽ അതിലേറെയാണ് ഈ ഒറ്റ വാർത്തകൊണ്ട് ഗാർഡിയൻ പത്രം നേടിയത്. ഇരുന്നൂറു വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഈയാഴ്ച ഏറ്റവുമധികം ലൈക്കും ഷെയറും നേടിയ വാർത്തകളിലൊന്നായി മാറിയിരിക്കുകയാണ് ടീച്ചറുമായുള്ള ഗാർഡിയനിലെ അഭിമുഖം. വ്യാഴാഴ്ച ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഏറ്റവുമധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവയിൽ ഏഴാം സ്ഥാനത്താണ് ടീച്ചറുടെ ഈ അഭിമുഖം.
ശൈലജ ടീച്ചർ അർഹിക്കുന്ന അംഗീകാരമാണിതെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ പോലും ട്വിറ്ററിലൂടെ ഈ വാർത്ത ഷെയർ ചെയ്തു. തരൂർ മാത്രമല്ല, രാഷ്ട്രീയം നോക്കാതെ ഇതിന് ലൈക്കും കമന്റും ഇട്ട പ്രമുഖർ നിരവധിയാണ്. കൊറോണയുടെ ഘാതകയെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കേരളത്തിന്റെ റോക്ക് സ്റ്റാറെന്നാണ് ടീച്ചറെ വിശേഷിപ്പിച്ചിരിക്കുന്നത്.
മൂന്നരക്കോടി വരുന്ന കേരളീയരെ വൈറസിൽനിന്നും ടീച്ചർ സംരക്ഷിച്ചുനിർത്തുന്നതാണ്, ഇന്റർവ്യൂവിലൂടെ, ഗാർഡിയൻ ജേർണലിസ്റ്റായ ലോറ സ്പിന്നി ലോകത്തോടു പങ്കുവച്ചത്. കേവലം നാലുപേരുടെ മരണങ്ങളിൽ ഒതുക്കി, സമൂഹവ്യാപനമില്ലാതെ കേരളത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയ രീതിയും അതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ നൽകിയ നേതൃത്വവുമെല്ലാം റിപ്പോർട്ടിൽ വിശദമായുണ്ട്.
വ്യാഴാഴ്ച രാവിലെ പത്രത്തിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വാർത്തയുടെ ലിങ്കിന് ഇതിനോടകം ലഭിച്ച ലൈക്കുകൾ പതിനെണ്ണായിരത്തിന് അടുത്താണ്. ഒമ്പതിനായിരത്തി ഇരുന്നൂറിലധികം പേരാണ് ഈ ലിങ്ക് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. വാർത്തവായിച്ച് കമന്റ് ചെയ്തിരിക്കുന്നവരും നാലായിരത്തി അഞ്ഞുറിലേറെപ്പേർ.
2018ൽ നിപ്പ വൈറസിനെ വരുതിയിലാക്കിയ ടീച്ചറുടെ വിജയകഥയും ഇപ്പോൾ കൊറോണയ്ക്കെതിരേ, പ്ലാൻ എയും ബിയും സിയുമായി നടത്തുന്ന പോരാട്ടവുമെല്ലാം വിവരിക്കുന്ന അഭിമുഖം, വിദേശികളേക്കാളും ലോകമെമ്പാടുമുള്ള മലയാളികൾതന്നെയാണ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ഗാർഡിയനും ടീച്ചർക്കും ഇടതുസർക്കാരിനും ഒരുപോലെ ഗുണപ്രദമായ ഈ വാർത്തകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു ലഭിച്ച മൈലേജും ചില്ലറയല്ല. ഇനിയും ഉണ്ടാകണം, ലോകത്തിനു കാട്ടിക്കൊടുക്കാൻ കേരളത്തിൽനിന്നും, ഇത്തരം, ഒട്ടേറെ മാതൃകകൾ.
രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ളയും, കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ളയുമാണ് കൊവിഡ് ബാധിച്ച മരിച്ചത്.
ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള ദുബായിലാണ് മരിച്ചത്. 61 വയസായിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള സൗദി അറേബ്യയിലെ റിയാദില്‍ വച്ചാണ് മരിച്ചത്. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍ ആയി ജോലി ചെയ്യുകയായിരുന്നു.
ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 81 ആയി. യുഎഇയില്‍ മാത്രം 53 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ 7 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.
രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.
വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കൂടുതല്‍ ഇളവുകളോടെയാവും ലോക്ക് ഡൗണ്‍ നടപ്പാക്കുക. നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാര്‍ഗനിര്‍ദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ പുറത്തു വരും.
രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.
ബസ്, വിമാന സര്‍വ്വീസുകള്‍ക്ക് നാലാം ഘട്ട ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസര്‍വ്വീസിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എല്ലാത്തരം ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്കും പുതിയ ഘട്ടത്തില്‍ അനുമതി നല്‍കുമെന്നാണ് സൂചന. കൂടാതെ തീവ്രമേഖലകള്‍ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന സൂചനയും ഉണ്ട്.
കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു.
മേയ് ഒമ്പതിനാണ് പ്രവാസിയായ കൊല്ലേങ്കാട് ആനമാറി വടുകമ്പാടത്തെ വിജയകുമാറിെൻറ ഭാര്യ ഗീത (46) ഹൃദയാഘാതംമൂലം മരിച്ചത്. അകാലത്തിൽ വിടപറഞ്ഞ പ്രിയതമയുടെ മുഖം ഒരു നോക്കുകാണാൻ വിമാന ടിക്കറ്റ് കിട്ടാതെ ദുബൈയിൽ കുടുങ്ങിയ വിജയകുമാറിന്റെ വേദന നാടിെനയൊന്നടങ്കം നൊമ്പരപ്പെടുത്തിയിരുന്നു. ടിക്കറ്റിനായി ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ലായിരുന്നു. സംസ്കാരം, താൻ വന്നശേഷം മതിെയന്ന വിജയകുമാറിെൻറ വാക്കുകൾ കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുകളും കേട്ടത്.
അവസാനമായി ഭാര്യയെ കാണാനായി ഓടിയെത്തിയപ്പോൾ നെഞ്ച് തകർന്നുപോയി ആ കാഴ്ച്ച. എന്റെ മുത്തേ.. എന്താ എന്നെ വിട്ട് പോയതെടീ, ഒന്ന് എണീക്ക്, കണ്ണുതുറക്ക്…’ പ്രിയസഖിയുടെ ചേതനയറ്റ ദേഹത്തോട് വിജയകുമാർ പൊട്ടികരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു. ഗീതയുടെ മൗനത്തിൽ പ്രിയതമന്‍റെ അടക്കിപിടിച്ച ദു:ഖം കണ്ണീർചാലുകളായി ഒഴുകി. കവിളിൽ തലോടിയും നെറ്റിയിൽ ഉമ്മ വെച്ചും വിജയകുമാർ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.
സ്നേഹനിധിയായ ഭാര്യക്ക് മുമ്പിൽ സങ്കടങ്ങൾ പെയ്തിറങ്ങുേമ്പാഴും ഫ്രീസറിെൻറ തണുപ്പിൽ ഗീത ഒന്നുമറിയാതെ കിടന്നു. വിജയകുമാർ തലയിൽ കൈവെച്ച് പിന്നെയും വാവിട്ടുകരയുന്നതിനിടെ, ബന്ധുക്കളുടെ കൂട്ടകരച്ചിൽകൂടിയായതോടെ പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാശനത്തിെൻറ മുറ്റം വിലാപക്കളമായി.
വിജയകുമാറിന്റെ കോവിഡ് പരിശോധന നെഗറ്റീവ് ആയിട്ടും വിജയകുമാർ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ പൊലീസിെൻറ പ്രത്യേക അനുമതിയോടെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
വിജയകുമാറിനെ എങ്ങിനെയും നാട്ടിലെത്തിക്കാൻ വഴിയുണ്ടാക്കണമെന്ന ആവശ്യം നാനാദിക്കുകളിൽനിന്നും ഉയർന്നു. ഇദ്ദേഹത്തിെൻറ കരഞ്ഞു കണ്ണുകലങ്ങിയ ചിത്രം ഒടുവിൽ അധികൃതരുടെ കണ്ണുതുറപ്പിച്ചു. 16ന് ദുബൈയിൽനിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് ലഭിച്ചു. ശനിയാഴ്ച വൈകീട്ട് നെടുമ്പാശ്ശേരിയിൽ ഇറങ്ങി, രാത്രി ഒമ്പതോടെയാണ് വീട്ടിലെത്തിയത്.
വിദേശത്തുനിന്നും വന്നതിനാൽ ക്വാറന്‍റീനിലായ വിജയകുമാർ, ഞായറാഴ്ച രാവിലെ സുരക്ഷ വസ്ത്രമണിഞ്ഞ ആരോഗ്യപ്രവർത്തകരോടൊപ്പം 108 ആംബുലൻസിലാണ് വൈദ്യുതി ശ്മശാനത്തിലെത്തിയത്. അൽപം കഴിഞ്ഞ് ഗീതയുടെ മൃതദേഹവുമായി മറ്റൊരു ആംബുലൻസ് എത്തി. വിജയകുമാറിനും അടുത്ത ബന്ധുക്കൾക്കും കാണാനായി മൃതദേഹം കുറച്ചുനേരം ശ്മാശന കവാടത്തിൽ കിടത്തി. ബന്ധുക്കൾ കണ്ടശേഷമാണ് വിജയകുമാറിനെ ഇറക്കികൊണ്ടുവന്നത്.
പ്രിയതമയുടെ മുഖം കാണണമെന്ന ആഗ്രഹം സഫലമായപ്പോഴും അകാലത്തിലുള്ള ഗീതയുടെ വേർപാട് വിജയകുമാറിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മക്കളില്ലാത്തതിന്റെ വേദനക്കിടയിലും ആശ്വാസവും സ്നേഹവും പകർന്നുനൽകിയ നിറപുഞ്ചിരിയാണ് പെട്ടന്ന് മാഞ്ഞുപോയിരിക്കുന്നത്. സുഖ, ദു:ഖങ്ങളിൽ രണ്ട് പതിറ്റാണ്ടോളം ഒപ്പം നിന്നവൾ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിരിക്കുന്നു. ഈ സത്യം വിജയകുമാർ തിരിച്ചറിയുേമ്പാഴും സങ്കടങ്ങൾ വിങ്ങലുകളായി പുറത്തുവരുന്നു. ഇനി ജീവിതയാത്രയിൽ വിജയകുമാറിന് താങ്ങായി പ്രായമായ അമ്മ മാധവി മാത്രം.