India

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്.

അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദിനത്തിൽ സെക്രട്ടേറയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം.

കഴിഞ്ഞ കുറേ നാളുകളായി പി.വി. അൻവർ എം.എൽ.എ. അജിത് കുമാറിനെതിരേ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ നിന്ന് പിണങ്ങി പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പിവി അൻവറിനെ എത്തിച്ചിരുന്നു. എ.ഡി.ജി.പി. അജിത് കുമാർ – ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചതിനു പിന്നാലെ ശക്തമായി പി.വി. അൻവർ ഉന്നയിച്ചിരുന്നു. തൃശ്ശൂർപ്പൂരം കലക്കൽ ആരോപണവും എ.ഡി.ജി.പിക്കെതിരേ ശക്തമായിരുന്നു. എന്നാൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എ.ഡി.ജി.പിയെ മാറ്റിയേ തീരൂ എന്ന നിലപാടിൽ സി.പി.ഐയും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഒടുവിൽ മുഖ്യമന്ത്രിക്ക് നടപടി എടുക്കേണ്ടി വന്നു എന്നുവേണം കരുതാൻ.

സിറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് അഭിമാനമായി മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്. ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെയാണ് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാളായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് നടക്കും.

അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ആശ്ചര്യത്തിലും ആഹ്ലാദത്തിലുമാണ് ചങ്ങനാശേരി അതിരൂപത. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്.

21 പുതിയ കര്‍ദിനാള്‍മാരെയാണ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. നിലവില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുടെ ഓദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ്. മാര്‍പാപ്പയുടെ യാത്രകള്‍ തീരുമാനിക്കുന്ന ചുമതലയായിരുന്നു അദേഹത്തിന്

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് നടത്തിപ്പോരുന്ന സ്തുത്യര്‍ഹമായ സേവനവും നയതന്ത്ര മികവും പരിഗണിച്ചാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതു കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒന്നാം വിഭാഗത്തിലേക്ക് അദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

വത്തിക്കാന്റെ പൊതുവായ ഭരണം, ചിലവുകള്‍, പരിപാലനം, മാര്‍പ്പാപ്പയുടെ യാത്രകള്‍, പൊതുക്കൂടിക്കാഴ്ചാ വേളയില്‍ തയ്യാറാക്കുന്ന ടെക്സ്റ്റുകളുടെ വിവിധ ഭാഷകളിലേക്കുളള വിവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം, വത്തിക്കാന്‍ പാസ്പോര്‍ട്ട് ഓഫീസ് ചുമതല എന്നിവയാണ് ഒന്നാം സെക്ഷനില്‍ നിയമനം ലഭിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍.

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് മാമ്മൂട് ലൂര്‍ദ് മാതാ ഇടവക കൂവക്കാട് ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11 നാണ് ജനിച്ചത്. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സേദസ് അബ്യന്‍സേ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.

2004 ജൂലൈ 24 ന് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എസ്.ബി കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദവും റോമില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റ്ന്റ് വികാരിയായി ശുശ്രൂഷ ചെയ്തു.

തുടര്‍ന്ന് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ ജോലി ചെയ്തു വരുന്നു. അള്‍ജീരിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകള്‍ക്ക് ശേഷം 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം.

കഴിഞ്ഞ വിശുദ്ധ വാരത്തില്‍ അദേഹം മാതൃ ഇടവകയായ മാമ്മൂട്ടിലും മറ്റ് ഇടവകളിലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിരൂപതാ ഭവനത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

പുതിയതായി നിയമിക്കപ്പെട്ട 21 കര്‍ദിനാള്‍മാരുടെയും നിയമനം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും. മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതോടെ മാര്‍പ്പായെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ അംഗമായി മോണ്‍. ജോര്‍ജ് കൂവക്കാട് മാറും. മാത്രമല്ല, ആഗോള കത്തോലിക്കാ സഭയില്‍ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായി തീരുകയും ചെയ്യും

ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.

തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോകുകയായിരുന്നു ലോറി. കുട്ടിക്കാനത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ എൻജിൻ ഓഫ് ചെയ്യാതെ സമീപത്ത് ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം പുറത്തിറങ്ങി. സമീപത്ത് നിന്നിരുന്ന കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ ലോറിയിൽ കയറി ഓടിച്ചു പോയി.

ലോറി കാണാതായതോടെ വാഹനം ഉരുണ്ട് നീങ്ങിയതെണെന്ന സംശയത്തിൽ ജീവനക്കാർ സമീപത്തു ഉണ്ടായിരുന്നവരുടെ സഹായം തേടി. ഇതിനിടെ ഇവിടെ എത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ അനീഷ്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഐഎച്ച്ആർഡി കോളജിനു സമീപം വാഹനം മറിഞ്ഞു കിടക്കുന്നത് കണ്ടു. പരിസരത്ത് തിരഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചു നിൽക്കുന്ന നിമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പീരുമേട് പൊലീസിന് കൈമാറി.

എക്‌സൈസ് ഉദ്യോഗസ്ഥനെ കുത്തി പരുക്കേൽപ്പിച്ചതു ഉൾപ്പെടെ ആറ് കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പീരുമേട് പൊലീസ് ഇയാളെ ചോദ്യം ചോദ്യം ചെയ്തപ്പോഴാണ് അതെ ദിവസം കുട്ടിക്കാനത്ത് നിന്നും ബൈക്ക് മോഷ്ടിച്ചതായി അറിഞ്ഞത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ കൊയിലാണ്ടി സ്വദേശി അതുലിനെയും കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലിനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.

എഡിജിപി അജിത് കുമാറിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എം.എൽ.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പലതും ആരോപണങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം കുറിച്ചത്. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ അപകീര്‍ത്തി കേസില്‍ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്കൊണ്ട് കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി മനാഫിനെതിരെ കേസെടുക്കുകയായിരുന്നു.

ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യത്തിന് ഇത്രയും വിലകുറയ്ക്കുന്നത്. പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. മദ്യനയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താഴ്ന്ന വരുമാനക്കാർ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വില്‍ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട‌് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാൻഡുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും എന്നും അധികൃതർ പറയുന്നുണ്ട്.

ഇതിനാെപ്പം സ്വകാര്യ ചില്ലറ വ്യാപാരികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യ വത്കരിക്കുകയും ചെയ്യും. ലൈസൻസ് ഇനത്തില്‍ തന്നെ ഇതിലൂടെ ലക്ഷങ്ങള്‍ സർക്കാർ ഖജനാവിലെത്തും. പുതിയ മദ്യനയത്തിന് രണ്ടുവർഷത്തെ കാലാവധിയാണ് ഉണ്ടാവുക.

എന്നാല്‍ പുതിയ മദ്യനയത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. ശരിക്കും വികലമായ നയം എന്നാണ് പൊതുവെയുള്ള ആക്ഷേപം. കുടുംബങ്ങളെ തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും സംസ്ഥാനത്തെ പാവപ്പെട്ടവർ ഗുരുതര രോഗങ്ങള്‍ക്ക് അടിമയാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജനങ്ങള്‍ വ്യാജമദ്യം വാങ്ങിക്കുടിച്ച്‌ ജീവൻ നഷ്ടപ്പെടുത്താതിരിക്കാനാണ് സർക്കാർ മുന്തിയ ഇനം മദ്യം വിലകുറച്ചുകൊടുക്കുന്നതെന്നാണ് മദ്യനയത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ട് മലയാള സിനിമ ലോകത്തെ പിടിച്ചുലച്ചതിന് പിന്നാലെ മാധ്യമ ലോകത്തും വെളിപ്പെടുത്തലുകളും രാജിയും. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മാതൃഭൂമിയിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തക സ്ഥാപനത്തിൽ നിന്നും രാജിവച്ചു. പത്രപ്രവർത്തക യൂനിയൻ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി രാജിവച്ചത്. മാധ്യമ ലോകത്ത് വലിയ ചർച്ചയാണ് അഞ്ജനയുടെ രാജി.

കഴിഞ്ഞ വേജ് ബോർഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയർ എച്ച്. ആർ മാനേജർ ആനന്ദിന് എതിരെയാണ് കത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാൾക്കെതിരേ മേലധികാരികൾക്ക് പരാതി നൽകി എന്നതിന്റെ പേരിൽ രണ്ടുവർഷമായി അയാളിൽ നിന്ന് താൻ പീഡനം നേരിടുകയാണെന്നും അഞ്ജന ശശി കത്തിൽ പറയുന്നു.

താൻ രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ഇന്റേണൽ കമ്മിറ്റി റിപോർട്ട് വരെ ഇയാൾ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷൻ തന്നെ വീണ്ടും അപമാനിച്ചു. ഇനി തനിക്ക് നിയമവഴിക്കു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും മാധ്യമപ്രവർത്തക പറയുന്നു.

എഡിറ്റർ മനോജ് കെ ദാസും എച്ച്.ആർ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണെന്നും തന്റെ പ്രമോഷനുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സംഭവം പരാതിപ്പെട്ടതിനെ തുടർന്ന് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. മാതൃഭൂമിക്കുള്ളിൽ നിന്നു പോരാടി നീതിലഭിക്കാത്തതിനാൽ നിയമപോരാട്ടത്തിനായി മാന്യമായി രാജി വച്ച് ഇറങ്ങി പുറത്തു നിന്നു പോരാടാൻ തന്നെയാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി.

മാനേജിങ് ഡയറക്ടർ എം.വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തിൽ താങ്കളുടെ പെൺമക്കൾ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയിൽ സുരഷിതരായിരിക്കില്ല എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശാരീരിക സമ്പർക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനിൽ വെച്ചും ഏതു പെൺകുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസൻസ് മാതൃഭൂമിയിലെ മുഴുവൻ പുരുഷൻമാർക്കും നൽകുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയിൽ ഉള്ളതെന്നും കത്തിലുണ്ട്.

17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നൽകിയ പരാതിയിൽ തന്നെ വീണ്ടും അപമാനിക്കുന്ന റിപോർട്ട് ആരോപണ വിധേയൻ തന്നെ തയ്യാറാക്കിയെന്നും കത്തിൽ അഞ്ജന ശശി വ്യക്തമാക്കുന്നു.

നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ അയൽവാസിയായ ഒഡിഷ സ്വദേശി അലി ഹുസൈൻ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചിപ്സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ‌തുടർന്ന് ഇന്ന് ഇയാൾ പോലീസ് പിടിയിലാകുകയായിരുന്നു.

മകളുമായി ബന്ധപ്പെട്ട് ബാലയുമായുണ്ടായ വിവാദത്തില്‍ അമൃത സുരേഷിന് പിന്തുണയുമായി മുന്‍ പങ്കാളി ഗോപി സുന്ദര്‍ രംഗത്തെത്തി. കഴിഞ്ഞദിവസം അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റിലാണ് ഗോപി സുന്ദര്‍ തന്റെ പിന്തുണ അറിയിച്ചത്. നീ ശക്തയും മികച്ചവളുമാണെന്ന് ഗോപി സുന്ദര്‍ കമന്റ് ചെയ്തു. മുന്നോട്ടുപോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക എന്നും ഗോപി കുറിച്ചു.

നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. മകളെ കാണിക്കാന്‍ മുന്‍ഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമര്‍ശമാണ് പ്രശ്‌നത്തിന്റെ തുടക്കം. പിന്നാലെ ബാലയ്‌ക്കെതിരെ മകളും താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ വ്യക്തമായി പങ്കുവെച്ച് അമൃതയും രംഗത്തെത്തിയിരുന്നു.

ബാല- അമൃത വിവാഹ ബന്ധത്തിലെന്താണ് സംഭവിച്ചതെന്ന് അമൃത നേരത്തേ പങ്കുവെച്ച വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു. മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് അതേ വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

അനുഭവിച്ചതിന്റെ ഒരുതരിമാത്രമാണ് പറഞ്ഞതെന്ന് ഇതിന് പിന്നാലെ അമൃത പ്രതികരിച്ചു. പി.ആര്‍. വര്‍ക്കെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുതെന്നും അമൃത കുറിപ്പില്‍ ആവശ്യപ്പെട്ടു. ഈ കുറിപ്പിന് താഴെയാണ് ഗോപി സുന്ദറിന്റെ കമന്റ്.

പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച്‌ പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

നടി കാസര്‍കോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്ബാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു.

മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു

RECENT POSTS
Copyright © . All rights reserved