പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടംചേര്‍ന്ന് ഭക്ഷണം പാകംചെയ്ത് കഴിച്ച ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പോലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1. അഞ്ച് പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജന്മാരും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മലപ്പുറത്ത് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കോവിഡ്. വിദേശത്ത് നിന്നെത്തി തൊടുപുഴ താലുക്കാശുപത്രിയില്‍ ചികില്‍സയിലാണ് കോട്ടയം സ്വദേശി. പാലക്കാട് സ്വദേശിക്കുമാത്രമാണ് ഇന്ന് രോഗമുക്തി. ഇതുവരെ 437 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിൽസയിലുള്ളത് 127 പേർ. 29150 പേർ നിരീക്ഷണത്തിലുണ്ട്. 20821 പരിശോധനകൾ നടത്തി.
കണ്ണൂര്‍ അതീവജാഗ്രത തുടരും.ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുത്. ജില്ലമുഴുവന്‍ അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ ആയി കണക്കാക്കില്ല. കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യഉത്തരവാദിത്ത സംഭാവനയാണ് CSR. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുന്നത് താല്‍ക്കാലികമായെന്ന് മുഖ്യമന്ത്രി
ആശ വര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ മേയ് വരെ ആയിരം രൂപ അധിക ഇന്‍സന്റീവ്. നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും ഇന്‍സന്റീവും ലഭിക്കും. സാമ്പത്തികപ്രതിസന്ധിയും പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാന്‍ സമിതി
മലയാളികൾ ഒരിക്കലും മറക്കാത്ത മികച്ച കോമഡി സിനിമകളിലൊന്നാണ് അലി അക്ബർ സംവിധാനം ചെയ്ത ജൂനിയർ മാൻഡ്രേക്ക്. ജഗദീഷ് നായകനായ ചിത്രത്തിൽ ജഗതി അവതരിപ്പിച്ച ഒാമനക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് രംഗങ്ങളിലാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്. പല രംഗങ്ങളും ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ നമുക്ക് കാണാപാഠവുമാണ്. ഉടൽ മുഴുവൻ മണ്ണിനടിയിലുള്ള രംഗവും റോഡിൽ പായ് വിരിച്ചു കിടക്കുന്ന സീനുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ആ സിനിമയിലെ ഇത്തരം ചില രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവങ്ങൾ സിനിമയുടെ ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിൽ അത് വലിയ ചർച്ചയാകുകയും ചെയ്തു. സുനിൽ എന്ന ഒരു സിനിമാപ്രേമി ഇൗ രംഗങ്ങളെക്കുറിച്ചും സിനിമയുടെ ഛായാഗ്രാഹകന്റെ അനുഭവം വായിക്കാനിടയായതിനെക്കുറിച്ചും ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്.
ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”
“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും”
“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”
ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.”!
സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.
തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവായി ഫലം വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.
ഏവരെയും ആശങ്കയിലാക്കി തുടര്‍ച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്ന് നല്‍കിത്തുടങ്ങിയത്. സാധാരണ ഗതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷനു നല്‍കുന്ന മരുന്നാണിത്. ഇതോടെയാണ് ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത്. ഇറ്റലിയില്‍നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവര്‍ രോഗബാധിതയായത്.
മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ മുസ്‌ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.
101 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശ്മുഖ് ബി.ജെ.പിവര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്നും ആരോപിച്ചു.
കേസ് മഹാരാഷ്ട്ര സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്)ന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധമായ വിശകലനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘101 പേരെ അറസ്റ്റു ചെയ്തതില്‍ ആരും തന്നെ മുസ്‌ലിങ്ങളില്ല. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്,’ മന്ത്രി പറഞ്ഞു.
ചിലരൊക്കെ ദിവാസ്വപ്‌നം കണ്ടു നടക്കുകയാണ്. ഇത് രാഷ്്ട്രീയം കളിക്കാനുള്ള സമയമല്ല, കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുമാറിയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
അതേസമയം സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തതില്‍ അഞ്ചു പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എമ്മിന് പങ്കുണ്ടെന്നും ബി.ജെ.പി ആരോപണം ഉന്നയിക്കുന്നുണ്ട്.
അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
കോമഡി സ്റ്റാര്‍സ് എന്ന പരിപാടി കാണുന്നവര്‍ക്കെല്ലാം പരിചിതനായിരുന്നു ഷാബുരാജ്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ആ മുഖം കാണുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ചിരി വിരിയും. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ നല്‍കിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പുരുഷ വേഷങ്ങളില്‍ മാത്രമല്ല സ്ത്രീ വേഷങ്ങളിലും തിളങ്ങിയിരുന്നു അദ്ദേഹം. നിര്‍ധന കുടുംബമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.
വേദനയോടെയല്ലാതെ അദ്ദേഹത്തെ ഓര്‍ക്കാനാവുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദീപു. കോമഡി സ്റ്റാര്‍സുള്‍പ്പടെ ഷാബുവിനൊപ്പം സ്ഥിരമായി ദീപുവും ഉണ്ടാവാറുണ്ട്. ഷാബുവിന്റെ കോമഡി രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. വിങ്ങലോടെയല്ലാതെ ആ രംഗങ്ങള്‍ കാണാനാവില്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ഷാബുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു സിനിമയെന്ന് ദീപു പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദീപു വിശേഷങ്ങള്‍ പങ്കുവെച്ചത്.
മരിക്കും മുന്‍പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണം ഇതായിരുന്നു ഷാബുവിന്റെ വലിയ ആഗ്രഹമെന്ന് ദീപു പറയുന്നു. ഇതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ നടന്നാല്‍ പറ്റില്ല, എങ്ങനെയെങ്കിലും ഒന്ന് കരകയറണം, രക്ഷപ്പെടണം. മക്കളെ നല്ല നിലയിലാക്കണം, അദ്ദേഹം എന്നും പറയാറുണ്ട്. അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ആ വാക്കുകളാണ് മനസ്സിലേക്ക് വരുന്നത്. മരിക്കും മുന്‍പ് ഒരു സിനിമയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാതെയാണ് അദ്ദേഹം യാത്രയായത്. കുടുംബത്തെ നല്ല രീതിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.
ഷാബു അണ്ണനെന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. എനിക്ക് അദ്ദേഹം ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സില്‍ ഞങ്ങളാണ് കോമ്പിനേഷന്‍. നിരവധി ട്രൂപ്പുകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം അണ്ണനായിരുന്നു എന്റെ ശക്തി. ഏത് വര്‍ക്ക് കിട്ടിയാലും അദ്ദേഹത്തെയാണ് ഞാന്‍ ആദ്യം വിളിക്കാറുള്ളത്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ചയായ മനുഷ്യനാണ്. എന്നെ അനിയനെപ്പോലെയാണ് അദ്ദേഹം കണ്ടത്.
അദ്ദേഹം ഇനിയില്ലെന്നുള്ള കാര്യത്തെക്കുറിച്ച് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രോഗ്രാമുണ്ടാവുമ്പോള്‍ ഒരു മുറിയിലാണ് ഞങ്ങള്‍ കഴിയാറുള്ളത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുള്ളതായോ, അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് അദ്ദേഹത്തെ നേരത്തേ പിടികൂടിയിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോള്‍ 50 ശതമാനം സാധ്യതയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാനും ആശുപത്രിയിലുണ്ടായിരുന്നു. അദ്ദേഹം തിരിച്ച് വരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
എല്ലാത്തിനേയും പോസിറ്റീവായി കാണുന്നയാളാണ് ഷാബു അണ്ണന്‍. ജീവിതത്തിലും തമാശയായിരുന്നു അദ്ദേഹത്തിന്. ചേച്ചിക്കും 4 മക്കള്‍ക്കും സന്തോഷമുള്ളൊരു ജീവിതം, ഇതേക്കുറിച്ച് പറഞ്ഞ് അദ്ദേഹം സങ്കടപ്പെടാറുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ സ്റ്റേജ് ഷോകളിലും ഉത്സവപ്പറമ്പുകളിലും കയറി ഇറങ്ങിയ മനുഷ്യനാണ് അവരുടെ മുന്നില്‍ ജീവനില്ലാതെ കിടക്കുന്നത്. മിമിക്രിയിലൂടെ ലഭിച്ച വരുമാനമായിരുന്നു അദ്ദേഹത്തിനുള്ളത്. നാല് മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്‍മക്കളും ഒരു മകളുമാണ്. മൂത്ത മകന് 12 വയസ്സാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഹൃദ്രോഗിയാണ്.
കോവിഡ് നേരിടുന്ന മലയാളികളെ ഞെട്ടിച്ച വാർത്ത ആയിരുന്ന സഹപാഠിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം. കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടുസുഹൃത്തുക്കളെ നാട്ടുകാര്‍ സംഭവസ്ഥലത്തുനിന്നു പിടികൂടി. ഇവരും മറ്റൊരു സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്നവരാണ്.
സുഹൃത്തുക്കള്‍ വൈരാഗ്യത്തില്‍ പത്താംക്ലാസുകാരനെ വീട്ടില്‍ വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം വാക്കു തര്‍ക്കത്തിനൊടുവില്‍ ഓടിപ്പോവാന്‍ ശ്രമിച്ച പതിനാറുകാരനെ കല്ലെറിഞ്ഞു വീഴ്ത്തി, അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടി കൊന്നശേഷം കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ.
കഞ്ചാവ് കേസില്‍ പ്രതികളായതിന്റെ പേരില്‍ പല തവണ രണ്ടു സ്‌കൂളുകളില്‍ നിന്നും താക്കീത് വാങ്ങുകയും വീണാജോര്‍ജ്ജ് എംഎല്‍എ യുടെ വീട്ടില്‍ നടന്ന മോഷണക്കേസില്‍ പ്രതികളുമായിരുന്നതായി റിപ്പോര്‍ട്ടുകൾ. കേസിലെ പ്രതികള്‍ രണ്ടു വര്‍ഷം മുൻപ് എംഎല്‍എ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നടത്തിയ മോഷണക്കേസിലെ പ്രതികള്‍ കൂടിയാണ്. സിസിടിവിയായിരുന്നു ഇവര്‍ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചത്. മോഷണം ക്യാമറയില്‍ പതിഞ്ഞതിനാല്‍ ഇവര്‍ പിടിയിലാകുകയും ചെയ്തിരുന്നു.
കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ അഖിലിനൊപ്പം ഒൻപതാം ക്‌ളാസ്സ് വരെ പഠിച്ചവരായ ഇരുവരെയും കഞ്ചാവ് കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ സ്‌കൂളില്‍ നിന്നും പോയ പ്രതികള്‍ പിന്നീട് പഠിച്ചത് അങ്ങാടിക്കല്‍ സ്‌കൂളിലാണ്. അവിടെയും കഞ്ചാവ് കേസില്‍ പിടിക്കപ്പെടുകയും പലതവണ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്യുകയുമുണ്ടായി. ഒൻപതാം ക്‌ളാസ്സ് വരെ ഒരുമിച്ച് പഴയ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്നതിനാല്‍ അഖിലുമായി ഇവര്‍ സൗഹൃദം തുടര്‍ന്നിരുന്നു. അടുത്തിടെ അഖില്‍ പ്രതികളില്‍ ഒരാളുടെ വിലകൂടിയ ഷൂസ് കടം വാങ്ങിയിരുന്നു പകരം മൊബൈല്‍ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇതിന്റെ പേരില്‍ ഇവര്‍ പല തവണ അഖിലുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ രണ്ടു സൈക്കിളുകളിലായി എത്തിയ ഇവര്‍ അഖിലിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി. റബര്‍തോട്ടത്തില്‍ എത്തിയപ്പോള്‍ അധിക്ഷേപത്തെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും അഖിലിനെ കല്ലിന് എറിയുകയുമായിരുന്നു. പിന്നീട് മരണം ഉറപ്പാക്കിയപ്പോള്‍ കഴുത്തില്‍ മുന്നിലും പിന്നിലും കോടാലി കൊണ്ടു വെട്ടി. മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് മൃതദേഹം വേഗം ജീര്‍ണിച്ചു പോകുമെന്ന് കരുതിയാണെന്നാണ് ഇരുവരും നല്‍കിയ മൊഴി. പിന്നീടു ചെറിയകുഴി എടുത്ത് സമീപത്തുനിന്നു മണ്ണിട്ടു മൃതദേഹം മറവ് ചെയുമ്പോൾ പരുങ്ങി നില്‍ക്കുകയായിരുന്ന കുട്ടികളെ ആദ്യം കണ്ടത് ഇവര്‍ പഠിച്ചിരുന്ന അങ്ങാടിക്കല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ രഘുവാണ്.
തോട്ടത്തിനരികില്‍ െസെക്കികളുകള്‍ ഇരിക്കുന്നതുകണ്ട് അവിടേയ്ക്ക് വന്ന രഘു കുട്ടികളെ ചോദ്യം ചെയ്തതോടെ ആയിരുന്നു എല്ലാ വിവരങ്ങളും പുറത്തു വന്നത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കുട്ടികളെ തടഞ്ഞുവെച്ച ശേഷം പോലീസിനെ അറിയിച്ചു. കുട്ടികളുടെ കൈകള്‍ കൂട്ടിക്കെട്ടിയാണ് നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. കല്ലേറ് കൊണ്ടു താഴെവീണ അഖിലിന്റെ ശ്വാസം പോയെന്നു കണ്ട പ്രതികള്‍ വീട്ടിലേക്കു പോയി. കുളിയും ഭക്ഷണവും കഴിഞ്ഞ് കുറച്ചുകഴിഞ്ഞു തിരികെയെത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കി. സമീപത്തുനിന്നു കിട്ടിയ കോടാലി കൊണ്ട് കഴുത്തിന്റെ മുന്നിലും പിന്നിലും വെട്ടി.
മൃതദേഹം വലിച്ചിഴച്ച് പെട്ടെന്നു ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറ്റിയിട്ടു. വീണ്ടും വീട്ടില്‍പ്പോയി രണ്ടു കുടമെടുത്ത് മടങ്ങിവന്നു. സമീപത്തെ തിട്ട ഇടിച്ച് ഇവിടെനിന്നു മണ്ണ് കുടത്തിലാക്കി കൊണ്ടുവന്ന് മൃതദേഹത്തിന് മുകളിലിടുമ്പോൾ ആണ് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ട് ഇവര്‍ പിടിയിലായത്. മൃതദേഹം പ്രതികളെ കൊണ്ടു തന്നെ പോലീസ് മാന്തിച്ച് എടുത്തിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു അഖിലിന്റെ മൃതദേഹം. റബ്ബര്‍തോട്ടത്തിന് സമീപത്തെ വീട്ടില്‍ നിന്നുമാണ് കോടാലി കിട്ടിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. പ്രതികളില്‍ ഒരാളുടെ മാതാപിതാക്കള്‍ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മറ്റൊരാളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരും. അഖിലിന്റെ പിതാവ് ഹോട്ടല്‍ തൊഴിലാളിയാണ്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലി(23)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനില്‍ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സുഹൈലിനെ രണ്ടംഗസംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെയായിരുന്നു അക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും എന്നാല്‍ പ്രസിഡന്റ് ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്.
കഴുത്തിന് ഗുതരുതരമായി പരിക്കേറ്റ സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ അടുത്തവർഷത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇന്ത്യൻ കമ്പനി. വാക്‌സിൻ വിജയകരമായാൽ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവൻ എത്തിക്കുമെന്നും ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെ പ്രതിരോധിക്കാൻ വാക്‌സിൻ ഇറക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് അറിയിച്ചിരിക്കുന്നത്.
കമ്പനി പറയുന്നത് അനുസരിച്ച് അവർ നിലവിൽ എലികളിലും പ്രൈമേറ്റുകളിലും ഉപയോഗിച്ച് മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയിൽ തന്നെ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നുമാണ് പറയുന്നത്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് 19നുള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അതിന് പേറ്റന്റ് നൽകില്ലെന്നും സെറം ഇന്ത്യ അറിയിച്ചിരിക്കുകയാണ്. വാക്‌സിൻ വികസിപ്പിച്ചെടുത്താൽ ആർക്കും നൽകാം, നിർമ്മിക്കുകയും ചെയ്യാമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്. 2021 ഓടെ വാക്‌സിൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതും പേറ്റന്റില്ലാതെ. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കോവിഡ്19നുള്ള സെറം വാക്‌സിൻ എല്ലാവർക്കും ഉത്പാദിപ്പിക്കാനും വിൽക്കാനും ലഭ്യമായിരിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ലയുടെതാണ് വാക്കുകൾ.
വാക്‌സിൻ വികസിപ്പിച്ചാൽ തന്നെ ലോകമെങ്ങും അത് എത്തിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തെ വാക്‌സിൻ നിർമ്മാതാക്കൾ പങ്കാളികളാകണം. ഇതിനാൽ തന്നെ ഏത് കമ്പനി വാക്‌സിൻ വികസിപ്പിച്ചാലും പേറ്റന്റുകൾ ഉപയോഗിച്ച് മറച്ചുവെക്കാനാകില്ലെന്ന് അദാർ പൂനവല്ല പറയുന്നു. സെറം ഇന്ത്യ അതിന്റെ വാക്‌സിൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പേറ്റന്റ് നൽകില്ല.
കൊവിഡ് വാക്‌സിൻ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാൽ ഈ തീരുമാനം വേഗം എടുക്കാൻ സാധിക്കും. ലിസ്റ്റുചെയ്ത സ്ഥാപനമായിരുന്നെങ്കിൽ ഈ തീരുമാനം എടുക്കണമെങ്കിൽ ഓഹരി ഉടമകളുടെ അനുവാദവും എടുക്കേണ്ടി വരുമായിരുന്നുവെന്ന് അദാർ പൂനവല്ല പറയുന്നു.
മരിച്ച ഭര്‍ത്താവിനെ കാണാന്‍ ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം. നാട്ടില്‍ മരിച്ച അമേരിക്കന്‍ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടര്‍ന്നുള്ള തടസ്സങ്ങള്‍ കാരണം വൈകിയത്. പ്രിയപ്പെട്ടവന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യയും മക്കളും നാട്ടിലെത്തിയെങ്കിലും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം ഏകാന്തവാസവും കഴിഞ്ഞാണ് അവര്‍ സാജനെ കണ്ടത്.
ഹോട്ടല്‍ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിന്‍, നേഹ, നവീന എന്നിവര്‍ 25 വര്‍ഷത്തിലേറെയായി ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാണ്. അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനാണ് മൂത്ത മകന്‍ ജിതിന്‍. ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജന്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 14-ന് ചിങ്ങവനത്ത് വെച്ച് മരണം സംഭവിച്ചു.
മരണവാര്‍ത്തയറിഞ്ഞതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും കൊറോണ വ്യാപനം തീവ്രമായ അമേരിക്കയില്‍ വിദേശയാത്ര വിലക്കിയിരുന്നു. ഒടുവില്‍ യാത്രാ അനുമതിക്കായി സാജന്റെ മരണസര്‍ട്ടിഫിക്കറ്റ് നാട്ടില്‍നിന്ന് ഇന്ത്യന്‍ എംബസി വഴി ഹാജരാക്കേണ്ടിവന്നു . അഞ്ചുദിവസം കഴിഞ്ഞ് 19-നാണ് ഇവര്‍ക്ക് വിസയും യാത്രാനുമതിയും ലഭിച്ചത്.
എന്നാല്‍ അവധി ലഭിക്കാത്തതിനാല്‍ മകന് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. കടമ്പകള്‍ ഏറെ കടന്നതിനുശേഷം പ്രിയപ്പെട്ടവനെ അവസാനമായി കാണാന്‍ സുബയും രണ്ട് പെണ്‍മക്കളും 23-ന് വെളുപ്പിനെ പോലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ വീട്ടിലെത്തി.
എന്നാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരം 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവന്നു. ഏകാന്തവാസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇവര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്.
രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ചു. ആളുകള്‍ കൂട്ടംകൂടാതെ നോക്കാന്‍ പ്രത്യേക ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. സാനിറ്റൈസറും ഹാന്‍ഡ്വാഷും വീടിനോട് ചേര്‍ന്ന് ഒരുക്കി. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും എത്തിയിരുന്നു.
തുടര്‍ന്ന് പന്ത്രണ്ടരയോടെ മൃതദേഹം കല്ലിശ്ശേരി സെയ്ന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങുകളില്‍ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.