മലയാളത്തിന്റെ നടനവിസമയ്ത്തിന് 60 .മലയാളം യുകെയുടെ പ്രണാമം . മഹാനടന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതുന്നു

മലയാളത്തിന്റെ നടനവിസമയ്ത്തിന് 60 .മലയാളം യുകെയുടെ പ്രണാമം .  മഹാനടന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതുന്നു
May 21 14:22 2020 Print This Article

ജിബിൻ ആഞ്ഞിലിമൂട്ടിൽ

അഭിനയമികവിന്റെ,നടനവൈഭവത്തിന്റെ ,മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടനത്തിന് ഇന്ന് 60 വയസ്സ്. മോഹൻലാൽ എന്നാൽ മലയാളസിനിമയുടെ അഭിമാനവും അഹങ്കാരവും ആണെന്നതിൽ സംശയമില്ല.വിശ്വനാഥൻ നായരുടെയും, ശാന്തകുമാരിയേടും മകനായി 1960 പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ തിരുവനന്തപുരത്തെ മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടിക്കാലം.ആ നാട്ടിലെ ഒരു ചെറിയ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ തുടക്കം.പ്രിയദർശൻ, എംജിശ്രീകുമാർ തുടങ്ങിയവർ ആയിരുന്നു അദ്ദേഹത്തിന്റെ സഹപാഠികൾ.ആ സൗഹൃദം ഇന്നും വളരെ ശക്തമായി തുടരുന്നു.

തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി,അക്കാലത്ത് തന്നെ നാടകങ്ങളിൽ മറ്റും അഭിനയിക്കുമായിരുന്നു.ഉപരിപഠനം തിരുവനന്തപുരം എംജി കോളേജിൽ പൂർത്തിയാക്കി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ. മോഹൻലാലിന്റെ ആദ്യ സിനിമ തിരനോട്ടം ആയിരുന്നു എന്നാൽ അത് റിലീസായില്ല.

മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ(1980) ആയിരുന്നു.അന്ന് മോഹൻലാലിന്റെ പ്രായം 20വയസ്സ്.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.1983ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ നായകപദവിയിലേക്ക് ചേക്കേറുന്നത്.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രങ്ങൾ ആയിരുന്നു കിലുക്കം, മിന്നാരം,തേന്മാവിൻ കൊമ്പത്ത് തുടങ്ങിയവ.1986 മുതൽ 1995 വരെ മലയാള സിനിമയുടെ സുവർണ കാലഘട്ടമായാണ് കണക്കാക്കുന്നത്.ഈ കാലത്ത് റിലീസായ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.മോഹൻലാലിന്റെ അഭിനയ രംഗത്തെ മികച്ച തുടക്കങ്ങളായിരുന്നു ഇതൊക്കെ.

മോഹൻലാലിന്റെ കൂടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ശോഭന ആണ്;പത്തൊൻപത് സിനിമകളിൽ.ഉർവശിക്കൊപ്പം 16 സിനിമയിൽ നായകനായി.പ്രിയ സുഹൃത്ത് പ്രിയദർശനോടൊപ്പം മലയാള സിനിമയിൽ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച്,ആഭിനയിച്ച് താരപദവിയിലേക്ക് നടന്നടുക്കുകയായിരുന്നു മോഹൻലാൽ.എൺപതുകളുടെ പകുതിയിൽ സൂപ്പർ സ്റ്റാർ പദവിയിൽ.1986 ൽ മാത്രം 34സിനിമകളിൽ അഭിനയിച്ചു .1986 പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.1989 ൽ കിരീടം സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം മോഹൻലാലിന് ലഭിച്ചു. 1991 ൽ ഭരതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.പിന്നീട് മോഹൻലാൽ മലയാള സിനിമയുടെ താരരാജാവായി ആണ് തന്റെ യാത്ര തുടർന്നത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ.

2001 ൽ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.പത്മ ഭൂഷൺ,ലെഫ്റ്റനന്റ് പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ മോഹൻലാൽ എന്ന നടനവിസ്മയത്തെ തേടിയെത്തി.മോഹൻലാൽ ഇതുവരെ അഭിനയിച്ച ആകെ സിനിമകളുടെ എണ്ണം 341.തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.നടനപ്പുറം നിർമ്മാതാവ്, പാട്ടുകാരൻ,എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചു.മോഹൻലാൽ എന്ന പേരിനൊപ്പം ചേർത്ത് വായിക്കുന്ന ഒരു പേരാണ് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിത്വവും.ആദ്യകാലത്ത് മോഹൻലാലിന്റെ ഡ്രൈവറും,പിന്നീട് വ്യാവസായിക സംരഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ നിർമ്മാണ കമ്പനി ആണ് ആശിർവാദ് സിനിമാസ്.കാലക്രമേണ മോഹൻലാലിന്റെ ഉത്തമ സുഹൃത്തായ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ അഭിനയ ജീവിത വഴികളിൽ നിഴലായി ഇപ്പോഴും കൂടെയുണ്ട്.അഭിനയമികവിന്റെ വഴിയിൽ വിജയത്തിന്റെ തേര് തെളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന മോഹൻലാൽ എന്ന മഹാനടനവിസ്മയത്തിന്റെ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. സിനിമയ്ക്ക് പേരും ആയി “ബറോസ്”.
അറുപതിന്റെ നിറവിൽ നിൽക്കുന്ന താരരാജാവിന് മലയാളംയുകെയുടെ പിറന്നാൾ ആശംസകൾ….

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles