India

ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താത്‌കാലിക നഴ്സായിരുന്ന ആഷിഫ് (23) അപകടത്തില്‍ മരിച്ചു. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്തതിന് ലഭിച്ച ആദ്യ പ്രതിഫലം വാങ്ങി മടങ്ങവെയാണ് അപകടമുണ്ടായത്. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്. ഏകസഹോദരി അജു നഴ്സിങ്‌ വിദ്യാര്‍ഥിനിയാണ്.

സ്ഥിരം ജീവനക്കാരേക്കാള്‍ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഷിഫിന്റെ സേവനമെന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്റെ വാക്കുകള്‍. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ രോ​ഗിയെ മെഡിക്കല്‍ കോളജിലേക്കെത്തിക്കാന്‍ ആഷിഫാണ് മുന്നില്‍ നിന്നത്. ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചപ്പോള്‍ അതിനും തയ്യാറാവുകയും ചെയ്തു. മറ്റുള്ളവര്‍ പേടിച്ചുനിന്നപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ രീതി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച്‌ 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്.മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഡൽഹിയാണ് ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം ആദ്യം മുന്നോട്ടുവയ്ക്കുന്നത്. മറ്റ് സംസ്ഥാന കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഡൽഹി നിർദേശിച്ചു.തുടർന്ന് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ലോക്ക്ഡൗൺ പിൻവലിക്കാൻ കേരളവും ആവശ്യപ്പെട്ടില്ല.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യു.എ.ഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചത്. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കി.

ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

അതിനിടെ യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിച്ച് ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം. മറ്റു വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം.

വിദേശകാര്യ മന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നും ദുബൈ കെ.എം.സി.സി കോടതിയെ അറിയിച്ചു. സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നൽകിയ ഹരജിയിൽ പറയുന്നു.

ലോക്ക്ഡൗൺ കാരണം സീരിയലുകളും റിയാലിറ്റി ഷോകളും ഉൾപ്പെടെ എല്ലാ മലയാള ടെലിവിഷൻ ഷോകളുടെയും ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതിനെ എങ്ങിനെ നേരിടാൻ ആകും എന്ന ചിന്തയിലാണ് ചാനലുകാരും. അതിന്റെ ഭാഗമായി പഴയ പല പരമ്പരകൾ ചില ചാനലുകൾ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല നിരവധി പരിപാടികളും പുതുതായി കൊണ്ടുവരികയും ചെയ്തു. അതിൽ ചില നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് ഏഷ്യാനെറ്റ് കൊണ്ടുവന്ന പരിപാടിയാണ് വീണ്ടും ചില വീട്ടുവിശേഷങ്ങൾ. മലയാളടെലിവിഷൻ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ജഗദീഷ് , ടിനി ടോം , ബിജു കുട്ടൻ , കലാഭവൻ പ്രജോദ്, രജിത് കുമാർ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയിൽ കോട്ടയം നസീറുമായും രജിത്കുമാറുമായും മറ്റു താരങ്ങൾ സംസാരിക്കുകയുണ്ടായി. പരിപാടിയ്ക്കിടയിൽ വച്ച് ടിനിയുടെയും രജിത്തിന്റെയും സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബിഗ് ബോസ് വിശേഷങ്ങൾ പങ്കിടുകയും, ഒപ്പം ഏഷ്യാനെറ്റ് എന്ന ചാനൽ തനിക്ക് തന്ന നല്ല നിമിഷങ്ങളെക്കുറിച്ചും രജിത് വാചാലനാകുന്നുണ്ട്.

മാത്രവുമല്ല, മുൻപ് താൻ കേട്ട സ്ത്രീവിരുദ്ധൻ, സാമൂഹ്യവിരുദ്ധൻ, പ്‍സ്യൂഡോ സയൻസ് വിവാദങ്ങളെ കുറിച്ചും താരം വാചാലൻ ആകുന്നുണ്ട്. ഇതിനിടയിലാണ് ടിനിയുടെ ആവശ്യത്തിന് രജിത് മറുപടി നൽകിയത്. താൻ ബിഗ് ബോസ് കാണാറുണ്ടെന്നും ആ സമയത്താണ് താനും പ്രചോദും ചേർന്ന് ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് നിശയിൽ താൻ ബിഗ് ബോസിനെഅനുകരിച്ചു ഒരു സ്‌കിറ്റുമായി എത്തിയതെന്നും ടിനി ടോം പറയുന്നു.അന്ന് രജിത്തിനെ അവതരിപ്പിച്ചത് പ്രജോദ് ആയിരുന്നുവെന്നും ടിനി വ്യക്തമാക്കി. എന്നാൽ അതിനുശേഷം രജിത് ആർമി എന്ന് പറയുന്ന സോഷ്യൽ മീഡിയ ഗ്രൂപുകളിൽ നിന്നും തെറി വിളി ആണെന്നും സാർ അതൊന്നു അവസാനിപ്പിക്കാൻ അവരോട് പറയണമെന്നും ടിനി രജിത്തിനോട് അഭ്യർത്ഥിച്ചു. ഇതിനു രജിത് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയത്. അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളിൽ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആർമി, എന്റെ പട്ടാളക്കാർ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതൽ, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകൾ വരെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ആണ് സന്തോഷം”

“അവർ രജിത് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കുകയാണ്. അപ്പോൾ അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യൻ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാൻ ഇടിച്ചു കയറിയതല്ല അവർ എന്നെ കയറ്റിയതാണ്. അവർ എന്നെ അത്രയും സ്‌നേഹിക്കുമ്പോൾ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരൻ ആക്കുന്നത് അവർക്ക് സഹിക്കില്ല. അത് അവർ പ്രകടിപ്പിക്കുന്നു. മാത്രവുമല്ല, അവരോട് സ്നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ഈ അവസരം മാപ്പ് ചോദിക്കുന്നു”, എന്നും രജിത് വ്യക്തമാക്കി.

രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാവിലെ 11ന്. കൊവിഡ് ബാധ കൂടുതല്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. ലോക്ക്ഡൌണ്‍ നീട്ടേണ്ടിവരുമെന്ന സൂചന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നല്‍കിയിരുന്നു.

ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സ്വന്തമായ പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നതായി വിവരമുണ്ട്. പഞ്ചാബും ഒഡീഷയും ഇതിനകം തന്നെ സ്വന്തം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. യഥാക്രമം മെയ് 1 വരെയും ഏപ്രില്‍ 30 വരെയും ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീളും. മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായത്തിലാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകം ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. മോദിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറയുന്നത്. വൈറസ് ബാധ കാര്യമായി റിപ്പോര്‍ട്ട് ചെയ്ത കേന്ദ്രങ്ങള്‍ മാത്രം ലോക്ക് ചെയ്യുന്ന നടപടിയായിരിക്കും കര്‍ണാടകം പിന്തുടരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പൊതുഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയുമുണ്ടായി. ഇന്നത്തെ യോഗത്തിനു ശേഷം ലോക്ക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. രണ്ടാം സാമ്പത്തിക പാക്കേജും ഉടന്‍ പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്ലെങ്കില്‍ ഒരു രോഗിയില്‍ നിന്ന് മുപ്പത് ദിവസത്തിനിടെ 406 പേര്‍ക്ക് കോവിഡ് പടരാം എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്. ലോക്ക്ഡൗണ്‍ തുടരണമെന്ന് യുപിയും മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും തെലങ്കാനയും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ വന്നിട്ടുണ്ട്. കേരളത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഒഡീഷ ഏപ്രില്‍ 30 വരെയും പഞ്ചാബ് മേയ് 1 വരെയും ലോക്ക്ഡൗണ്‍ ഇതിനകം നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നതായുള്ള ആശങ്ക പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പങ്കുവച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. പഞ്ചാബില്‍ വിദേശയാത്രാ ചരിത്രമില്ലാത്ത 27 പേര്‍ക്കാണ് കൊവിഡ് ബാധ ഉണ്ടായിരിക്കുന്നത്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രീച്ച് കാൻഡി ആശുപത്രിയിലുൾപ്പടെ നഗരത്തിലെ വിവിധ ആശുപത്രികളിലായി 70ഓളം മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണ്.

മൂന്ന് ഘട്ടങ്ങളിലായി ജില്ലാതലങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യാമെന്നാണ് കേരളം കരുതുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ കൊവിഡ് മരണവും ഇന്നലെയാണ് സ്ഥിരീകരിച്ചത്. അസമിലെ സിൽച്ചര്‍ ജില്ലയിൽ 65 വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഡൽഹിയിൽ 120 പേർക്കം രാജസ്ഥാനിൽ 489 പേർക്കം രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കുന്നത് അബദ്ധമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുവരെ 6761 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 206 ആയി.

ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് വഴി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. മാർച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തി.

ലോക്ക് ഡൗണിനിടെ അതിർത്തിയിൽ പൊലീസ് തടഞ്ഞയാൾ നദി നീന്തിക്കടക്കാനുളള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ച് മാസം പ്രായമുളള കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ദുരന്തം. കർണാടകത്തിലെ ബീജാപൂരിലാണ് സംഭവം.

ബീജാപൂർ-ബാഗൽകോട്ട് ജില്ലകൾക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാൾ മുങ്ങിമരിച്ചത്. മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റർ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. രണ്ട് ജില്ലകളുടെയും അതിർത്തി ഗ്രാമത്തിലാണ് കെഎസ്ആർടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകൾ. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റിൽ വെച്ച് പൊലീസ് തടഞ്ഞു. എല്ലാവരെയും പൊലീസ് വാഹനത്തിൽ നിന്നിറക്കി. അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ അയഞ്ഞില്ല.

ഒടുവിൽ ഭാര്യയെയും കുഞ്ഞിനെയും അതിർത്തി കടന്ന് നടന്നുപോകാൻ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാൻ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. പൊലീസ് മല്ലപ്പയെ മർദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കിൽ ദുരന്തമൊഴിഞ്ഞേനെ എന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓരോ ദിവസവും ലോകം കൺതുറക്കുന്നത്   കോവിഡ് -19ന്റെ ഭീകര കഥകൾ കേട്ടുകൊണ്ടാണ്. കേരളത്തിൽ സ്ഥിതി മെച്ചപ്പെടുന്നെങ്കിലും ലോകമെമ്പാടും പ്രവാസികൾ അധിവസിക്കുന്ന പലസ്ഥലങ്ങളിലും ഓരോ ദിവസവും മരണ നിരക്ക് കൂടുകയും പല രാജ്യങ്ങളിൽനിന്നും പ്രവാസിമലയാളികളുടെ പേരുകൾ അതിലുൾപ്പെടുകയും ചെയ്യുന്നതിൻെറ ഞെട്ടലിലാണ് മലയാളികൾ എല്ലാവരും. കോവിഡ് -19 അറുപത് വയസ്സിനുമുകളിലുള്ളവരെ കൂടുതലായി ബാധിക്കുമെന്ന കണക്കുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. പല രാജ്യങ്ങളിലും ആതുരശുശ്രൂഷ രംഗത്ത് പ്രായാധിക്യം ഉള്ളവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നില്ല എന്നുള്ള പരാതികൾ പരക്കെ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആതുരശുശ്രൂഷ രംഗത്ത് പ്രത്യാശയുടെ പൊൻകിരണങ്ങൾ സമ്മാനിച്ച് ബ്രിട്ടനിൽ 101 വയസ്സുള്ള കീത്ത് വാട്സൺ കൊറോണാ വൈറസിനെ അതിജീവിച്ചത്. ഇതോടുകൂടി യുകെയിലെ കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയായി അദ്ദേഹം. കഴിഞ്ഞ മാസം റെഡ്ഢിച്ചിലുള്ള അലക്സാഡ്ര ആശുപത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്

ഇതേസമയം കൊറോണ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തി 107 വയസ്സുകാരിയായ ഡച്ച് വനിത കോർനെലിയ റാസ്ആണ്. അവരുടെ കൂടെ നഴ്സിങ് ഹോമിൽ ഉണ്ടായിരുന്ന 40 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും അതിൽതന്നെ 12 പേർ കോവിഡ് -19 മൂലം മരിക്കുകയും ചെയ്തു. അതേസമയം വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോർനെലിയ റാസ് തന്റെ 107 -ആം വയസ്സിലും കോവിഡ് -19 അതിജീവിച്ചു.

ഇന്ത്യയിൽ കേരളത്തിൽനിന്നുള്ള റാന്നി സ്വദേശിയായ 93 വയസ്സുകാരനായ തോമസ് എബ്രഹാമാണ് കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി. അദ്ദേഹത്തിനും ഭാര്യയായ 88 വയസ്സുകാരിയായ മറിയാമ്മയും കൊറോണ വൈറസ് ബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയും രോഗമുക്തി ആയി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രായമായ ഈ വ്യക്തികളുടെ അത്ഭുതകരമായ അതിജീവനം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് .

ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം സമര്‍പ്പിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കർത്താവായ ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അവന്റെ ധൈര്യവും ധര്‍മ്മവും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ അവന്റെ നീതിബോധവും. ഈ ദുഃഖവെള്ളിയാഴ്ച കർത്താവായ ക്രിസ്തുവിനെയും അവിടുത്തെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത അനുസ്മരിക്കാം. മോദി ട്വീറ്റ് ചെയ്തു.

 

RECENT POSTS
Copyright © . All rights reserved