സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം – 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം – രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരില്‍ ഒരാളാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.