ഷിബു മാത്യു
ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഒന്നാമത് ഹിന്ദു മത പരിഷത്തില്‍ മുഖ്യ പ്രഭാഷകയായി എത്തുന്ന ശശികല ടീച്ചറുമായി മലയാളം യു കെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി സംസാരിക്കുമ്പോള്‍ ആണ് ടീച്ചര്‍ ഈ ചോദ്യം ഉന്നയിച്ചത്.
ടീച്ചറുടെ പ്രസംഗങ്ങളില്‍ മതതീവ്രവാതം ഉയര്‍ത്തിക്കാട്ടുന്നു എന്ന ചോദ്യത്തിന് ശക്തമായ രീതിയില്‍ ടീച്ചര്‍ പ്രതികരിച്ചു. ഒരിക്കലും മതതീവ്രവാദത്തെ ഇളക്കി വിടുന്ന രീതിയില്‍ ഞാന്‍ ഭാരതത്തില്‍ പ്രഭാഷണം നടത്തിയിട്ടില്ല. ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ അതായിരുന്നു എന്റെ പ്രശ്‌നം. ഈ ധര്‍മ്മം തെറ്റാണ്, ആരാധന തെറ്റാണ്, വിഗ്രഹാരാധനയാണ്, പുനര്‍ജന്മത്തിലുള്ള വിശ്വാസമാണ്. ഇതൊക്കെ തെറ്റാണ് എന്നു പറഞ്ഞാണ് സംഘടിത മതങ്ങള്‍ ഉദയം ചെയ്തിരിക്കുന്നത്. അതിനെയൊക്കെ അതിജീവിച്ച് ഈ മതം നിലനില്ക്കുന്നു.
ഒരു ബോധവല്‍ക്കരണം. സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കുക. എന്നു മാത്രമെ ഉദേശിച്ചിരുന്നുള്ളൂ. അധികാരത്തില്‍ കയറാന്‍ കമ്മ്യൂണിറ്റികളെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നു. ഭാരതത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ഭൂരിപക്ഷം ഒരു ശാപമാണ് എന്ന വിധത്തിലാണ് മറ്റു മതങ്ങളില്‍ നിന്നു കിട്ടുന്ന പെരുമാറ്റം.. ലോകത്തില്‍ എല്ലാ തെറ്റുകളും ചെയ്യുന്നത് ഹിന്ദുക്കളാണ് എന്ന നിലയ്ക്കാണ് ഇവരുടെ പെരുമാറ്റം. അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തു.
ഹിന്ദുക്കളെ കുറ്റം പറയുന്നത് ആരാണ്? രാഷ്ട്രീയക്കാര്‍. രാഷ്ട്രീയ സംവിധാനമാണ് ഏറ്റവും വലിയ പാളിച്ചകള്‍. ഞാന്‍ ഒന്‍പതാം ക്ലാസ് മുതല്‍ പ്രസംഗം ആരംഭിച്ചു. ബാലഗോകുലത്തില്‍ പ്രവര്‍ത്തിച്ചു, അന്നു മുതല്‍ ഹിന്ദുസംഘടനകളില്‍ സജീവമായി ഞാനുണ്ട്. അന്ന് ഞാന്‍ എന്റെ ലോക്കല്‍ ഏരിയകളില്‍ മാത്രം പ്രസംഗിച്ചിരുന്നു. പക്ഷെ തൊണ്ണൂറു മുതല്‍ ഞാന്‍ പുറത്തും പ്രസംഗിച്ചു തുടങ്ങി
എന്‍റെ പ്രസംഗം കൊണ്ട് കേരളത്തില്‍ എവിടെയെങ്കിലും ഒരു വിഷയം ഉണ്ടായതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? പ്രശ്‌നമുണ്ടായ സ്ഥലത്ത് ഞാന്‍ പോയി സംസാരിച്ചതല്ലാതെ, പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ സംസാരിച്ചിട്ടില്ല.
ഞാന്‍ പ്രസംഗിച്ചിട്ടല്ല മാറാട് പ്രശ്‌നം ഉണ്ടായത്. ഞാന്‍ പ്രസംഗിച്ചട്ടല്ല ഇന്ത്യ പിളര്‍ന്നത്. കോണ്‍ഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്തെ വര്‍ഗ്ഗീയ ലഹളയിലേയ്ക്കും പിളര്‍പ്പിലേയ്ക്കും കൊണ്ടെത്തിച്ചത്. എന്‍റെ പ്രസംഗങ്ങളില്‍ മതതീവ്രവാദം ഇളക്കി വിടുന്നു എങ്കില്‍ എന്തു കൊണ്ട് ഇന്നു വരെ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഗവണ്‍മെന്റുകള്‍ എത്ര മാറി വന്നു. അധികാരികളും. എന്റെ പ്രസംഗങ്ങള്‍ പൂര്‍ണ്ണമായി കേള്‍ക്കാന്‍ ശ്രമിക്കാതെ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. അതിന്റെ ആവശ്യമില്ല. ആ ഭാഗം മാത്രം അടര്‍ത്തിയെടുക്കുബോള്‍ അര്‍ത്ഥം വേറൊന്നായിരിക്കാം. പക്ഷെ അത് എന്തിന് വേണ്ടി പറഞ്ഞു എന്നതിന് പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും കെട്ടാലെ മനസിലാവുള്ളൂ.
ചോ : ഹിന്ദു ഓംകാരം മുഴക്കിയാല്‍ പള്ളികള്‍ പൊളിഞ്ഞു വീഴും എന്നു പറഞ്ഞതോ?
ഉ : മാറാട് എട്ടു പേര്‍ മരിച്ചതിനു ശേഷം ശരിയായ അന്വേഷണം പോലും നടക്കാത്ത ഒരവസരത്തില്‍, എന്നു പറഞ്ഞാല്‍ എട്ടു ശവം കണ്ട് മിണ്ടാതിരിക്കണ്ടവരല്ല ഹിന്ദുക്കള്‍. ശരിക്കും പ്രതികരിക്കേണ്ടവരാണ്. അതിനൊരു ഉദാഹരണം പറഞ്ഞതാണ് അയോധ്യാ. സര്‍ക്കാരിന്റെ സമീപനം കൊണ്ടല്ല സമാധാനം ഉണ്ടായത്. ഹിന്ദുവിന്റെ സംയമനം കൊണ്ടാണ് സമാധാനം ഉണ്ടായത്.
ചോ : അപ്പോള്‍ ഇതൊരു ഭീഷണിയുടെ സ്വരമാണോ?
ഉ : ഒരിക്കലുമല്ല, കണ്‍ മുന്‍പിലിട്ടാണ് പത്തിരുപത് പേരെ വെട്ടിയത്.തടിമിടുക്കും മനോബലവും ഉള്ളവരാണ് അരയന്‍മാര്‍. അവര്‍ ക്ഷമിച്ചു എന്നു പറഞ്ഞാല്‍ പാതാളത്തോളം താഴ്ന്നു. അവരെ ക്ഷമിപ്പിച്ചത് ഹൈന്ദവ സംഘടനകളാണ്. അല്ലായിരുന്നെങ്കില്‍ അവര്‍ തിരിച്ചടിക്കുമായിരുന്നു. അവിടെയും തീവ്രവാദപരമായ ഒരു പ്രസംഗമായിരുന്നില്ല ഞാന്‍ നടത്തിയത്.
ചോ : തൊടുപുഴയിലെ ജോസഫ് സാറിന്റെ സംഭവത്തില്‍ ടീച്ചര്‍ സംസാരിച്ചത് ഹിന്ദുവിനു വേണ്ടിയായിരുന്നൊ അതോ കൃസ്ത്യാനിക്കുവേണ്ടിയായിരുന്നൊ?
ഉ : ആര്‍ക്കും വേണ്ടിയായിരുന്നില്ല. മതത്തിനപ്പുറമുള്ള മനുഷ്യത്വത്തിനു വേണ്ടിയായിരുന്നു. ജോസഫ് സാറിനെ ഒഴിവാക്കാമായിരുന്നല്ലോ. കൃസ്ത്യാനിയാണ്, ഹിന്ദു ഐക്യവേദിക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷെ ജോസഫാണോ മുഹമ്മദാണോ രാമനാണോ എന്നതല്ല, മതത്തിനപ്പുറമായി ചില മര്യാദകള്‍ വേണം. മര്യാദകളാണ് അവിടെ ലംഘിക്കപ്പെട്ടത്. മുസ്‌ളീമിന്റെ യും കൃസ്ത്യാനിയുടെയും ജീവിതം തുല്യമായിരിക്കണം. അതിനു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ജോസഫ് സാറിന്റെ വിഷയത്തില്‍ ഞാന്‍ പ്രസംഗിച്ചത്. അവിടെ തീവ്രവാദത്തെ ഉയര്‍ത്തി പിടിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? കത്തോലിക്കാ സഭയ്ക്കു പോലും സാറിനെ വേണ്ടായിരുന്നു. മാത്രമല്ല ഈ പ്രശ്‌നം ഇത്രയും വഷളാക്കിയത് കത്തോലിക്കാ സഭ തന്നെയായിരുന്നു.
ചോ : തങ്കു ബ്രദര്‍ ഹിന്ദു ആയിരുന്നില്ലല്ലോ പിന്നെ എന്തിനാണ് ആ പ്രസ്ഥാനത്തില്‍ ആഞ്ഞടിച്ചത്?
ഉ : തങ്കു പാസറ്റര്‍ കോട്ടയം നഗരസഭയുടെ സ്ഥലം കൈയ്യേറിയാണ് സ്വര്‍ഗ്ഗീയ വിരുന്ന് നടത്തിയിരുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതിന് ഒത്താശ നടത്തി കൊടുത്തു. നഗരസഭ കൂട്ടുനിന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അവിടെ ചെന്ന് ഒപ്പം കൂടി . അവിടെ നടന്ന കാര്യങ്ങള്‍ സ്വര്‍ഗ്ഗത്തിലെയ്ക്ക് ‘ കൊണ്ടു പോവാനുള്ളതല്ല. എട്ടു വര്‍ഷം നിയമ നടപടികളില്‍ കൂടി പോയതിനു ശേഷമാണ് ആ പ്രസ്ഥാനം പൂട്ടിച്ചത്.
ചോ : ക്രിസ്ത്യാനിയുടെ കാര്യത്തില്‍ ഹിന്ദു ഐക്യവേദി അവിടെ ഇടപെടേണ്ട ആവശ്യം ഉണ്ടായിരുന്നോ?
ഉ: ഉണ്ടായിരുന്നു. എന്റെ പ്രസംഗങ്ങള്‍ ഹിന്ദുക്കളെ സപോര്‍ട്ട് ചെയ്തു കൊണ്ട് മാത്രമായിരുന്നില്ല. ഒരാളുടെ മതത്തെ വിലയ്ക്ക് വാങ്ങുക എന്നുളളതല്ല മത പ്രവര്‍ത്തനം അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തിരുന്നു. അനീതിക്കെതിരെ എന്നും ഞാന്‍ പ്രതികരിച്ചിരുന്നു.
ടീച്ചര്‍ മനസ്സു തുറന്ന് സംസാരിച്ചു.
ഇനി നിങ്ങള്‍ തന്നെ ചിന്തിക്കൂ…
ശശികല ടീച്ചര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയിരുന്നോ….?
എങ്കില്‍ മാറിമാറി വന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ടീച്ചറെ ശിക്ഷിച്ചില്ല,…?
ടീച്ചറിന്റെ ശബ്ദം ഹിന്ദുവിനു വേണ്ടി മാത്രമായിരുന്നോ മുഖരിതമായിരുന്നത്….?
അനീതിയെ ടീച്ചര്‍ ശക്തമായി എതിര്‍ത്തിരുന്നോ…..?
സമൂഹം ടീച്ചറിനെ തീവ്രവാദിഎന്ന് വിശേഷിപ്പിക്കുമ്പോഴും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ഇനിയും ബാക്കി…..
സൗമ്യതയുടെയും അഗാധ പാണ്ഡിത്യത്തിൻെറയും പ്രതീകം.. ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള വ്യക്തിത്വം.. കർമ്മമേഖലയെ ദൈവനിയോഗമായി കണ്ട് തീഷ്ണമായ ഒരുക്കങ്ങൾ.. പതിനായിരത്തോളം വരുന്ന വനിതകൾക്കു നേതൃത്വം നല്കാൻ ഉത്സാഹത്തോടെ ഡോ. സിസ്റ്റർ മേരി ആൻ സി.എം.സി.. രൂപരേഖകൾ തയ്യാറാക്കുന്നത് വനിതകളുമായി സംവദിച്ചുകൊണ്ട്.. ഡോ. മേരി ആൻ, യുകെയെ തൻെറ കർമ്മ മണ്ഡലമാക്കാൻ തയ്യാറെടുക്കുകയാണ്.. കുടുംബ ബന്ധങ്ങൾ ദൃഡമാക്കണം.. സ്ത്രൈണതയുടെ ഏകോപനം ലക്ഷ്യം.. മാറ്റങ്ങൾ തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്ന്.. വ്യക്തമായ നയവും കാഴ്ചപ്പാടുകളുമായി തൻെറ ദൗത്യം ആരംഭിക്കുകയാണ് സിസ്റ്റർ മേരി ആൻ.. പൂർണ പിന്തുണയുമായി സി. അനൂപയും സി. റോജിറ്റും ഒപ്പം.. മാർഗ നിർദ്ദേശകനായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും..
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടറായി ഡോ. മേരി ആൻ സി.എം.സി യെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനിന്റെ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.
വിമൻസ് ഫോറത്തിൻെറ രൂപരേഖയെക്കുറിച്ചും തൻെറ ദൗത്യത്തെക്കുറിച്ചും ഡോ. സിസ്റ്റർ മേരി ആൻ മലയാളം യുകെ ന്യൂസ് സീനിയർ എഡിറ്റർ ബിനോയി ജോസഫ് കുന്നക്കാട്ടുമായി സംസാരിക്കുന്നു.
പ്രസക്തഭാഗങ്ങളിലേയ്ക്ക്…
“പരിശുദ്ധ അമ്മയും സ്വന്തം അമ്മയും എന്നും എനിക്ക് പ്രചോദനം.. മാതാവിനോടുള്ള ഭക്തിയിൽ വളർന്നു.. ആത്മീയതയിലും സൽശിക്ഷണത്തിലും വളരാൻ ഭാഗ്യം ലഭിച്ചു.. പാലാ സെൻറ് മേരീസ് സ്കൂളിലെ നല്ലവരായ അദ്ധ്യാപകരുടെ പ്രോത്സാഹനങ്ങളും പിന്തുണയും മറക്കാവുന്നല്ല..” ഡോ. മേരി ആൻ അതീവ വിനീതയായി പറഞ്ഞു തുടങ്ങി..
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടർ എന്ന പദവിയുടെ ഉത്തരവാദിത്വം ഭാരിച്ചതാണെന്നു സിസ്റ്റർ കരുതുന്നുണ്ടോ?
എൻെറ പുതിയ ചുമതല ദൈവത്തിന്റെ പ്രത്യേക നിയോഗമായി ഞാൻ കരുതുന്നു. കർത്താവിലാശ്രയിച്ചു കൊണ്ട് മുൻപോട്ടു പോകുമ്പോൾ എല്ലാം സാധ്യമാകും. ദൈവിക പദ്ധതിയിൽ ഭാഗമാകാൻ ലഭിച്ച ഈ അവസരം സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരമായി കാണുകയും അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.
രൂപതാ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കുന്നതിൻെറ ആദ്യപടിയാണോ ഈ നിയമനം?
രൂപതാ സംവിധാനം പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിവിധ കമ്മീഷനുകൾ പ്രഖ്യാപിച്ച് വൈദികർക്ക് ചുമതലകൾ കൈമാറി. കുർബാന സെൻററുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. രൂപതയുടെ കൂരിയ സംവിധാനവും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വനിത ഫോറത്തിൻെറ തുടക്കം രൂപതയുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്ന ഒരു സുപ്രധാന നടപടിയാണ്.
സ്ത്രീ പുരുഷ സമത്വം നിലനിൽക്കുന്ന ബ്രിട്ടണിൽ വനിതാ ശാക്തീകരണത്തിന്റെ ആവശ്യകതയെന്താണ്?
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുയോജ്യമായ ഒരു സഭാനയത്തിൻെറ ഭാഗമാണ് വനിതാ ഫോറം. വനിതകളുടെ ശാക്തീകരണത്തെക്കാളുപരി സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നത്.
മലയാളി സമൂഹങ്ങളിൽ ഇപ്പോഴും പുരുഷ മേധാവിത്വം തുടരുന്നതു മൂലമാണോ രൂപത ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്?
ബ്രിട്ടണിൽ പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കുടുംബ കാര്യങ്ങൾ നിർവ്വഹിക്കുന്നവർ ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടുത്തെ മലയാളി സമൂഹങ്ങളിൽ കുട്ടികളുടെ കാര്യങ്ങളിൽ കുടുംബനാഥന്മാർ പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നതായും കാണുന്നുണ്ട്. നാട്ടിലെ പാരമ്പര്യ രീതികളിൽ നിന്നും വ്യത്യസ്തമായ സമീപനം അഭിനന്ദനീയമാണ്. ഇക്കാര്യം എൻെറ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഫുൾ ടൈം ജോലി കൂടാതെ ഓവർടൈം ചെയ്യുകയും കുടുംബ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നതിനിടയിൽ വിമൻസ് ഫോറത്തിൻെറ പ്രവർത്തനത്തിൽ പങ്കാളികളാകാൻ, എങ്ങനെയാണ് സ്ത്രീകൾക്ക് സമയം ലഭിക്കുക?
ജീവിതചര്യകളെ മാറ്റിമറിക്കാതെ ഒഴിവു സമയങ്ങൾ ഫലപ്രദമായി കുടുംബത്തിൻെറയും സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗിക്കാൻ വനിതകളെ പ്രാപ്തരാക്കാനുള്ള പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്. മാതൃത്വത്തിൻെറ മഹിമയും സ്ത്രീത്വത്തിൻെറ ശക്തിയും സമന്വയിപ്പിച്ചു കൊണ്ട് സ്വയം കണ്ടെത്താൻ അവസരമൊരുക്കാനും അത് സമൂഹത്തിലേക്ക് പകരാനും ഫോറം അവസരം ഒരുക്കും. കുടുംബങ്ങളിൽ തന്നെയാണ് ഈ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.
വിമൻസ് ഫോറത്തിൻെറ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
സ്ത്രീത്വത്തിൻെറ മാഹാത്മ്യം എന്ന വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖ നത്തിൻെറ സന്ദേശം ഉൾക്കൊണ്ട്, സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ഫോറത്തിൻെറ രൂപീകരണത്തിലൂടെ നമ്മുടെ രൂപതാദ്ധ്യക്ഷൻ ലക്ഷ്യമിടുന്നത്. ആത്മീയ നിറവിലൂടെ സഹകരണത്തിൻെറയും വിട്ടുവീഴ്ചയുടെയും അന്തരീക്ഷം ഒരുക്കി ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ച് ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക വഴി സമൂഹത്തിൽ ഗുണകരമായ മാറ്റം വരുത്താൻ കഴിയും. ടീനേജ് കുട്ടികളെക്കുറിച്ച് ആകുലരായ മാതാപിതാക്കൾ, കുട്ടികൾക്ക് വേണ്ട സന്മാർഗികപരമായ അറിവുകൾ പകർന്നു കൊടുക്കുവാനുള്ള അവസരമില്ലായ്മ, മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും സെക്സിൻെറയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന യുവതലമുറ, യുവതലമുറയെ ഓർത്ത് ആശങ്കപ്പെടുന്ന പൊതുസമൂഹം… ഇവയെല്ലാം നാം അനുദിന ജീവിതത്തിൽ കാണുന്നുണ്ട്. കുടുംബങ്ങളിലും സമൂഹത്തിലും വൈവിധ്യമാർന്ന ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഫോറം ശ്രമിക്കും. 18 വയസ് പൂർത്തിയായ വനിതകളെ ഉദ്ദേശിച്ചാണ് ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്.
ഇതര സഭാ വിഭാഗങ്ങളെയും മറ്റു മതസ്ഥരെയും സാധ്യമാകുന്ന മേഖലകളിൽ സഹകരിപ്പിക്കുമോ?
തീർച്ചയായും, വളരെ സന്തോഷത്തോടെ സാധ്യമായ മേഖലകളിൽ ഇതര സഭാ വിഭാഗങ്ങൾക്കും മറ്റു മതസ്ഥർക്കും സഹകരണത്തിനുള്ള അവസരം നല്കും. പൊതുവായി സെമിനാറുകൾ, ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുവാൻ എല്ലാവർക്കും അവസരം ലഭിക്കും. വനിതാ ഫോറത്തിൻെറ പ്രവർത്തനങ്ങൾ സുതാര്യവും പൊതു സമൂഹ താത്പര്യത്തെ മുൻനിറുത്തിയുള്ളതും ആയിരിക്കും.
ഇംഗ്ലീഷ് കമ്യൂണിറ്റിയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാൻ ഉതകുന്ന പ്രവർത്തന ശൈലി ആണോ രൂപപ്പെടുത്തുക?
എല്ലാവരിലേയ്ക്കും എത്തുക എന്നതാണ് ലക്ഷ്യം. നമ്മുടെ കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ വളരെ ആകാംഷയോടെയാണ് ഇംഗ്ലീഷ് സമൂഹം വീക്ഷിക്കുന്നത്. ഇംഗ്ലീഷ് പാരമ്പര്യത്തിൻെറ നല്ല വശങ്ങളുടെ ഗുണഗണങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. പടിപടിയായി, പുതു തലമുറയെ ഏകോപ്പിപ്പിച്ചു കൊണ്ട് ഭാവിയിൽ ഇംഗ്ലീഷ് സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇതിലൂടെ സഭയിലേയ്ക്ക് വരും തലമുറകളിൽ നിന്ന് കൂടുതൽ സന്യസ്തർ കടന്നു വരുമോ?
സാധ്യതയുണ്ട്, ഫോറത്തിൻെറ പ്രാഥമിക ലക്ഷ്യം അതല്ല എങ്കിലും. ദൈവവിളി തിരിച്ചറിയുന്നവർ സന്ന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വന്നേക്കാം.
സിസ്റ്ററിൻെറ യൂറോപ്പിലെ വിദ്യാഭ്യാസവും അദ്ധ്യാപികയായുള്ള പരിചയവും പുതിയ പ്രവർത്തന മേഖലയിൽ മുതൽക്കൂട്ടാകുമെന്നു കരുതുന്നുണ്ടോ?
യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തെ അനുഭവ സമ്പത്തും അധ്യാപികയായുള്ള പ്രവർത്തന പരിചയവും തീർച്ചയായും മുതൽക്കൂട്ടാണ്. യൂറോപ്പിലെ സംസ്കാരത്തെ മനസിലാക്കാൻ പഠന കാലത്തിനിടെ അവസരം ലഭിച്ചത് പുതിയ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഒരു അനുഗ്രഹമായി മാറുമെന്ന് പ്രത്യാശിക്കുന്നു.
വിമൻസ് ഫോറത്തിൻെറ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നത് യുകെയിലാണോ?
അതെ, 8 റീജിയനുകളിലായി 160 കുർബാന സെന്ററുകൾ ആണ് നമുക്കുള്ളത്. രൂപതയുടെ ആഗ്രഹവും പിതാവിൻെറ ദാർശനികതയും നിർദ്ദേശവും ഉൾക്കൊണ്ട് പ്രവർത്തന രൂപരേഖ തയ്യാറാക്കും. ഓരോ സെൻററുകളിലുമുള്ള വനിതകളുടെ സ്വപ്നങ്ങളും ആശയങ്ങളും കോർത്തിണക്കി, നിരവധി ചർച്ചകളിൽ കൂടിയും അനുഭവങ്ങളുടെ പങ്കുവെയ്ക്കലും വഴിയാണ് പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കപ്പെടുക.
സിസ്റ്ററിനോടൊപ്പം മുഴുവൻ സമയം പ്രവർത്തിക്കാൻ എത്ര പേരുണ്ടാകും?
എന്നോടൊപ്പം രണ്ടു സിസ്റ്റർമാർ കൂടി കമ്യൂണിറ്റിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു സിസ്റ്റർ കൂടി താമസിയാതെ ഞങ്ങളോടൊപ്പം ചേരും. കൂടാതെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തകർ ഇതിൽ പങ്കാളികളാവും.
സ്നേഹവും സന്തോഷവും നിറഞ്ഞ തൻെറ കുടുംബത്തിലെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ച പ്രചോദനത്തിൻെറ ചിന്തകളും ഡോ. മേരി ആൻ സന്തോഷത്തോടെ പങ്കു വെച്ചു. ആത്മീയതയും സഹിഷ്ണുതാ മനോഭാവവും ചാരിറ്റി പ്രവർത്തനങ്ങളും ജീവിത ലക്ഷ്യമാക്കിയവരുടെ നാടാണ് ഇംഗ്ലണ്ട് എന്ന് ഡോ. മേരി ആൻ പറഞ്ഞു.
പ്രസ്റ്റണിലെ സി.എം.സി കോൺവന്റ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്ഥാപനത്തോടൊപ്പം നിലവിൽ വന്നിരുന്നു. ഡോ. സിസ്റ്റർ മേരി ആനിനൊപ്പം ചാലക്കുടി സ്വദേശിയായ മദർ സുപ്പീരിയർ സി. ആനൂപയും ഇരിങ്ങാലക്കുട സ്വദേശിയായ സി. റോജിറ്റും ഈ കോൺവെന്റിൽ സേവനം അനുഷ്ഠിക്കുന്നു. പാലാ മാതവത്ത് കുടുംബത്തിൽ നിന്നുള്ള സിസ്റ്റർ മേരി ആൻ ഫിസിക്സിൽ ബി.എസ്.സിയും എം.എസ്.സിയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെയാണ് പാസായത്. ബി.എഡ് പാസായ ശേഷം പാലാ സി.എം.സി പ്രൊവിൻസിൽ അർത്ഥിനിയായി ചേരുകയും 2000-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. പാലാ സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ, ബൽജിയത്തിലെ ലുവൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ദൈവശാസ്ത്ര ബിരുദങ്ങൾ നേടിയത്.
രൂപതാദ്ധ്യക്ഷൻെറയും രൂപതയിലെ വൈദികരുടെയും സഭാ വിശ്വാസികളുടെയും സഹകരണത്തോടെ വിമൻസ് ഫോറത്തിൻെറ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് സിസ്റ്റർ മേരി ആൻ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു. വിമൻസ് ഫോറത്തിൻെറ ഉദ്ദേശ ലക്ഷ്യങ്ങൾ സമൂഹത്തിലെത്തിക്കാൻ മലയാളം യുകെ നടത്തുന്ന പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ സിസ്റ്റർ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം അഭ്യർത്ഥിച്ചു.
എളിമയും കുലീനത്വവും നിറഞ്ഞ പെരുമാറ്റം…. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍….. ലക്ഷ്യത്തില്‍ എത്താനുള്ള ദൃഢനിശ്ചയം…. ഇത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്ത മെത്രാന്‍. ഔദ്യോഗിക കര്‍മ്മം ആരംഭിക്കുന്നതിന് മുമ്പ് മലയാളം യുകെയുമായി മനസ്സു തുറന്നു.
ബ്രിട്ടണിലെത്തിയ അഭിവന്ദ്യ പിതാവ് ആദ്യമായി ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖമാണിത്. മലയാളം യുകെ സീനിയര്‍ എഡിറ്റര്‍ ജോജി തോമസ് ചോദിച്ച ചോദ്യങ്ങളോട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കാത്തിരുന്ന ജനത്തിനോട് പിതാവ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെ…..
സുവിശേഷവേല ചെയ്യുക..
ചോ.) യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരു അസുലഭ നിമിഷം സ്വന്തമാകുകയാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ അവസരത്തില്‍ സീറോ മലബാര്‍ സഭയുടെ നിയുക്ത ബിഷപ്പ് എന്ന നിലയില്‍ വിശ്വാസികളോട് എന്താണ് പറയുവാനുള്ളത് ?
ഉ.) വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും നിലവിളിക്കുമുള്ള ഉത്തരമാണിത്. ഒരര്‍ത്ഥത്തില്‍ വളരെ വേഗത്തില്‍ സമാഗതമായ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. അതോടൊപ്പം തന്നെ ആഗോള കത്തോലിക്കാ സഭ അമ്പത് വര്‍ഷകാലത്തിലേറെയായി എടുത്ത ഒരു തീരുമാനത്തിന്റെ പ്രതിഫലനവുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്ത തീരുമാനമാണ് ഓരോ വ്യക്തി സഭയുടെയും ആളുകള്‍, അവര്‍ എവിടെ ആയിരുന്നാലും അജപാലന ശുശ്രൂഷക്കായിട്ട് അവരുടേതായ സംവിധാനങ്ങള്‍ ഉണ്ടാകണം എന്നുള്ളത്. അത് ചിലപ്പോള്‍ ഇടവകകള്‍ ആയിരിക്കാം, കുറച്ചു കൂടി വളര്‍ന്ന സാഹചര്യത്തില്‍ രൂപതകളാകാം. ഓരോ വ്യക്തി സഭയുടെയും ആരാധനക്രമവും, ആദ്ധ്യാത്മികതയും, ദൈവശാസ്ത്ര ശുശ്രൂഷയും പരിപോഷിക്കപ്പെടുന്നത് കത്തോലിക്കാ സഭയെ മൊത്തത്തില്‍ ശക്തിപ്പെടുത്തുന്നതാണ്. കത്തോലിക്കാ സഭയെന്നു പറയുന്നത് ലത്തീന്‍ സഭയും മറ്റ് ഇരുപത്തെട്ട് പൗരസ്ത്യ സഭകളും ചേരുന്നതാണ്. അതിലൊരു പൗരസ്ത്യ സഭയായ സീറോ മലബാര്‍ സഭയുടെ വിശ്വാസികളായ നമ്മള്‍ക്ക് നമ്മുടേതായിട്ടുള്ള സ്വാതന്ത്ര്യത്തോടെ സഭാ ജീവിതം നടത്തുവാനുള്ള സാഹചര്യമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
ചോ.) ഒരു രൂപത എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യുകെയിലെ സഭയും ഇവിടുത്തെ വിശ്വാസികളും ആ ഒരു തലത്തില്‍ പാകപ്പെട്ടു എന്ന് പിതാവിന് തോന്നുന്നുണ്ടോ?
ഉ.) ഇവിടുത്തെ സഭ പാകപ്പെട്ടു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ യുകെയില്‍ വന്നതിന് ശേഷം ഇവിടുത്തെ പിതാക്കന്മാര്‍ എല്ലാവരും തന്നെ സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മയെക്കുറിച്ച് വളരെ പ്രശംസനീയമായ രീതിയില്‍ സംസാരിക്കുകയുണ്ടായി. നമ്മളില്‍ നിന്ന് പലതും പഠിക്കാന്‍ ഉണ്ടെന്നാണ് ഇവിടുത്തെ സഭാമേലധ്യക്ഷന്‍മാര്‍ പറഞ്ഞത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സഭ പാകപ്പെട്ടു എന്നു തന്നെയാണ്.
ചോ.) ഒരു രൂപതയായി മാറുമ്പോള്‍ അതിന് കുറെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഒരു രൂപതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഈ രൂപതയ്ക്ക് നിലവിലുണ്ടൊ? ചോദിക്കാന്‍ കാരണം സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയുടെ നേതൃത്വത്തില്‍ ചില മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ഇവിടുത്തെ വിശ്വാസികള്‍ക്ക് അറിവുള്ളതാണ്.
ഉ.) സീറോ മലബാര്‍ സഭയുടെ കേരളത്തിനു പുറത്തുള്ള, ക്യാനഡയും കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ നാലാമത്തെ രൂപതയാണിത്. മറ്റ് മൂന്നു സ്ഥലങ്ങളിലും രൂപതയുടെ ആരംഭദശയില്‍ ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ നില വളരെ മെച്ചമാണ്.
ചോ.) സഭയുടെ അടുത്ത വളര്‍ച്ച ഏതു ദിശയിലായിലേയ്ക്കാണ്. കാരണം ഇപ്പോഴും ഭൂരിഭാഗം ചാപ്ലിന്‍സികളില്‍ നിന്നും മാസത്തില്‍ ഒരു കുര്‍ബാനയും വിശ്വാസ പരിശീലനവും എന്ന നിലയില്‍ പരിമിതമായ ഒരു ആത്മീയ സേവനം മാത്രമാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ലീഡ്‌സ് പോലുള്ള ചില സ്ഥലങ്ങളില്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് വിജയകരമായി എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയും വിശ്വാസ പരിശീലനവും നടക്കുന്നുണ്ട് താനും. ഇതൊരുമാതൃകയാക്കാന്‍ പറ്റുമോ?
ഉ.) സഭ പ്രാധാന്യം കൊടുക്കുന്നത് തിരുവചന പ്രഘോഷണത്തിനും കൂദാശകള്‍ക്കുമാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ എന്ന നിലയില്‍ ഞാന്‍ ശ്രമിക്കുന്നതും പ്രാമുഖ്യം കൊടുക്കുന്നതും അതിനു തന്നെയാണ്. സഭാവിശ്വാസികള്‍ക്ക് എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാനുള്ള അവസരവും അതോടൊപ്പം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസ പരിശീലനം നല്കണം എന്നതാണ് എന്റെ ആഗ്രഹം. അതിനായി ശ്രമിക്കാം എന്നു മാത്രമേ ഈ അവസരത്തില്‍ എനിക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ.
ചോ.) മീഡിയ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണ്. ആധുനീക കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെ സ്വാധീനമുണ്ട്. സോഷ്യല്‍ മീഡിയയുമായി സംവേദിക്കുമ്പോള്‍ പിതാവ് എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാറുണ്ടോ? ചോദിക്കാന്‍ കാരണം പലരും പിതാവിന്റെ ഫേസ്ബുക്ക് പേജില്‍ ടാഗ് ചെയ്തത് കാണുവാന്‍ ഇടയായി. ഇത്രയധികം മാദ്ധ്യമശ്രദ്ധയുള്ള വ്യക്തിയെന്ന നിലയില്‍ അത് അപകടകരമാകുമെന്ന് തോന്നിയിട്ടില്ലേ..?
ഉ.) ഞാന്‍ ജനങ്ങളുമായി വളരെ അടുത്ത് ഇടപെഴകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അങ്ങനെ ഒരു മുന്‍കരുതല്‍ എടുക്കേണ്ടതായ അനുഭവം എന്നിക്കുണ്ടായിട്ടില്ല. എങ്കിലും ഭാവിയില്‍ ശ്രദ്ധിക്കുന്നതായിരിക്കും.
ചോ.) സീറോ മലബാര്‍ സഭാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പിതാവിന് പദ്ധതി ഉണ്ടെന്നറിയുന്നു. ഇത് എത്രമാത്രം പ്രായോഗീകമാണ്? ഒരു ജനകീയ ബിഷപ്പാകാനാണോ പിതാവ് ലക്ഷ്യമിടുന്നത്?
ഉ.) ഒരു രൂപതയിലെ മെത്രാന്‍ എന്ന നിലയില്‍ ആ രൂപതയിലെ സമര്‍പ്പിതരേയും വിശ്വാസികളെയും അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സഭയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായിട്ടുള്ള ഒരു ശ്രമമാണ് ഞാന്‍ നടത്തുന്നത്. അത് പൂര്‍ണ്ണമായും വിജയിക്കും എന്നുള്ള ഒരാത്മവിശ്വാസവും എനിക്കുണ്ട്.
ചോ.) പിതാവ് തന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘സുവിശേഷകന്റെ ജോലി ചെയ്യുക (2തിമോത്തി 4:5)’ എന്നതാണ്. പിതാവ് വൈദീകനാകാനുള്ള തിരുമാനമെടുത്തതും ഒരു ധ്യാനം കൂടിയതിനു ശേഷമാണെന്ന് കേട്ടിട്ടുണ്ട്. ഈ ബൈബിള്‍ വചനം ആപ്തവാക്യമായി തിരെഞ്ഞെടുക്കുമ്പോള്‍ നവീകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്വാധീനം ഉണ്ടോ ? അല്ലെങ്കില്‍ ഇതിന് പ്രേരിപ്പിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്?
ഉ.) നവീകരണ പ്രസ്ഥാനവുമായിട്ട് എല്ലാക്കാലത്തും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അത് സഭയുമായി ഒത്തു നിന്നു കൊണ്ടു തന്നെയായിരുന്നു. ഇവാഞ്ചലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവ ഭാഗഭാക്കായിട്ടുണ്ട്. എന്റെ അത്മീയ വളര്‍ച്ചയില്‍ നവീകരണ പ്രസ്താനങ്ങള്‍ക്ക് നല്ല പങ്കുണ്ട്.
ചോ.) പിതാവ് പഠനാര്‍ത്ഥം യുകെയിലുണ്ടായിരുന്നത് 2000-2001 കാലഘട്ടത്തിലാണ്. ആ കാലഘട്ടവും ഒന്നര പതിറ്റാണ്ടിനു ശേഷമുള്ള യുകെ യും തമ്മില്‍ ഒന്നു താരതമ്യം ചെയ്യാന്‍ സാധിക്കുമോ? പ്രത്യേകിച്ച് ആത്മീയ മേഖലയില്‍?
ഉ.) 2001 – 2002 കാലഘട്ടത്തിനു ശേഷമാണ് യുകെയിലേയ്ക്ക് സീറോ മലബാര്‍ വിശ്വാസികളുടെ വലിയ തോതിലുള്ള കുടിയേറ്റം ഉണ്ടാകുന്നത്. ഞാന്‍ വൈദീകവൃത്തിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള ആദ്യത്തെ ഒന്നു രണ്ട് വര്‍ഷങ്ങളാണ് യുകെയില്‍ പഠനാര്‍ത്ഥം ചിലവഴിച്ചത്. ആ കാലഘട്ടത്തിന്‍ സീറോ മലബാര്‍ ആരാധനാക്രമം വളരെ തീഷ്ണതയോടു കൂടി ഞാന്‍ പിന്‍തുടര്‍ന്നിരുന്നു. പക്ഷേ അത് പലപ്പോഴും പ്രൈവറ്റ് മാസ്സുകളിലും മറ്റുമായിരുന്നു. ആ ഒരു കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ സഭയ്ക്ക് വളരെ അത്ഭുതകരമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.
ചോ.) പിതാവ് യുകെയിലുണ്ടായിരുന്നപ്പോള്‍ ഉള്ള അനുഭവങ്ങള്‍ ഇവിടുത്തെ സഭയെ നയിക്കാന്‍ നിയുക്തനാകുമ്പോള്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഏത് മേഘലയിലാണന്ന് വിശദീകരിക്കാമോ?
ഉ.) തീര്‍ച്ചയായിട്ടും. അന്നത്തെ അനുഭവങ്ങളും പരിചയും സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും.
ചോ.) പ്രവാസ ലോകത്ത്, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളില്‍ സീറോ മലബാര്‍ സഭ ഒരു പ്രതിസന്ധിയെ നേരിടുകയാണെന്ന് കരുതുന്നുണ്ടോ? സഭയില്‍ നിന്നും മതങ്ങളില്‍ നിന്നും ജനങ്ങള്‍ അകലുന്ന ഒരു പ്രവണത ഇപ്പോള്‍ ഇവിടെ നിലനില്ക്കുന്നു. ഈ ഒരു പ്രവണത വരും തലമുറയിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ സഭയ്ക്ക് എന്തു ചെയ്യാന്‍ പറ്റും?
ഉ.) സഭ അത്തരത്തില്‍ ഒരു പ്രതിസന്ധിയെ നേരിടുകയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടണിലുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായി തന്നെ സഭയോട് ഒത്തു നില്ക്കുന്നവരാണ്. യൂറോപ്പിലെ മൊത്തത്തില്‍ പറയുകയാണെങ്കില്‍ വിശ്വാസികളായിട്ടുള്ളവരുടെ വിശ്വാസം വളരെ തീക്ഷ്ണതയുള്ളതാണെന്ന് മറന്നു കൂടാ.
ചോ.) പാശ്ചാത്യ ലോകത്ത് സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് സീറോ മലബാര്‍ സഭയ്ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ?
ഉ.) പ്രധാനമായിട്ടും സഭയുടെ പ്രവര്‍ത്തനം അജപാലന ശുശ്രൂഷയിന്‍ അധിഷ്ഠിതമായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ മുഴുവന്‍ ഉള്‍പ്പെടുന്ന ഒരു രൂപതയാണ് നമ്മളുടേത്. അവിടെയുള്ള നമ്മുടെ ആള്‍ക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ നടത്തി കൊടുക്കുന്നതിനാണ് പ്രഥമ പരിഗണന. സഭ യുകെയില്‍ ശക്തിപ്പെടുന്നതനുസരിച്ച് ആത്മീയ ശുശ്രൂഷയ്ക്കുപരിയായി ആതുര വിദ്യാഭ്യാസ സാമൂഹിക മേഘലകളില്‍ സഭയുടെ സാന്നിദ്ധ്യം ശക്തിപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ചോ.) സാധാരണയായി വൈദീക പഠനത്തിന് പോകുന്നത് പത്താം ക്ലാസ്സ് കഴിഞ്ഞാണ്. അങ്ങയെ സംബന്ധിച്ചിടത്തോളം പോസ്റ്റ് ഗ്രാജുവേഷന് ശേഷമാണ്. പിതാവ് കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നെന്നും കേട്ടിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടം അങ്ങയുടെ നേതൃത്വ ശേഷിയെ വളര്‍ത്താനും സമൂഹവുമായി കൂടുതല്‍ ഇടപെഴകാനും സമൂഹത്തില്‍ നിന്നും കൂടുതല്‍ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനും കാരണമായോ? പ്രത്യേകിച്ച് പാലാ സെന്റ് തോമസ് കോളേജ് പോലുള്ള കലാലയങ്ങള്‍ ഒരു വലിയ ലോകമാണ്‍
ഉ.) തീര്‍ച്ചയായും കാരണമായിട്ടുണ്ട്. ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മനുഷ്യനാണ്. ചെറുപ്പത്തിലെ എന്റെ പിതാവ് മരിച്ചു പോയി. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേരുന്നിടം വരെയും മറ്റേതൊരു അല്‍മായനേയും പോലെ ഗാര്‍ഹീക കാര്യങ്ങളില്‍ ഞാന്‍ ഇടപഴകിയിരുന്നു. പാലാ സെന്റ് തോമസ്സില്‍ ബിരുദാനന്തര ബിരുദം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. അനുഭവങ്ങളാണ് എന്റെ നേതൃത്വ ശേഷിയെ വളര്‍ത്തിയത്. സമൂഹവുമായി കൂടുതല്‍ ഇടപെഴകാനും അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനും ആ കാലഘട്ടം എന്നെ സഹായിച്ചിട്ടുണ്ട്.
ചോ.) സീറോ മലബാര്‍ സഭയുടെ ബ്രിട്ടണിലെ പുതിയ രൂപതയുടെ പ്രസക്തിയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അങ്ങ് ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങയുടെ പ്രതികരണം എന്താണ്?
ഉ.) വിവാദങ്ങളില്‍ എനിക്ക് അസ്വസ്തതയോ വ്യാകുലതയോ ഇല്ല. ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു അജപാലന ദൗത്യവുമായിട്ടാണ്. അത് ഇവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമായിരുന്നെന്ന് ഞാന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നുമുണ്ട്. അത് ഞാന്‍ നിറവേറ്റും. എന്റെ പ്രവര്‍ത്തനം സഭയുടെ വിശ്വാസികള്‍ക്കൊപ്പമുള്ളതാണ്.
ഞാന്‍ എടുത്തു പറയുകയാണ് ‘ അത് വിശ്വാസികള്‍ക്കൊപ്പമുള്ളത് മാത്രമാണ്. അത് ഞാന്‍ നിറവേറ്റും ‘
നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു ഇടയന്റെ സ്വരമായിരുന്നു അത്. അതോടൊപ്പം
അദ്ധ്യാത്മീകതയില്‍ നിന്നുകൊണ്ട് യുകെയിലെ സീറോമലബാര്‍ സമൂഹത്തെ നയിക്കാനുള്ള ഒരിടയന്റെ ആവേശവും. അത്, ഞങ്ങള്‍ മലയാളം യുകെ. തിരിച്ചറിയുന്നു.
എല്ലാവിധ ആശംസകളും നേരുന്നു…
ചിത്രങ്ങള്‍..
റെഞ്ചി ചെങ്ങളത്ത്
സ്റ്റാഫ് ഫോട്ടോഗ്രാഫര്‍
മലയാളം യു കെ
യുകെയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയ ഇടതുപക്ഷ എംപി സ. കെ.എന്‍ ബാലഗോപാലുമായി മലയാളംയുകെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യു നടത്തിയ അഭിമുഖത്തില്‍ നിന്ന്
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നവരുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയത്തില്‍ പരമപ്രധാനമാണ്. വിദ്യാഭ്യാസം സുതാര്യമായ രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പങ്ക് വിവരിക്കാന്‍ പറ്റുന്നതിലും അധികമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് കൊമേഴ്‌സിലും ലോയിലും മാസ്റ്റര്‍ ഡിഗ്രി എടുത്ത് രാജ്യസഭാ എം പി യായി തിളങ്ങുന്ന, അതോടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സഖാവ് ടി.എന്‍ ബാലഗോപാല്‍ എം പി മലയാളം യുകെയുമായി സംസാരിച്ചു.
ഔദ്യോഗീക പരിപാടികള്‍ ഒന്നുമില്ലാതെ യൂറോപ്പ് സന്ദര്‍ശിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു എം.പി യുകെയില്‍. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം യൂറോപ്പില്‍ ചിലവഴിച്ച അദ്ദേഹം ഇന്ത്യയുടേയും യൂറോപ്പിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള അന്തരം അതിവേഗം മനസ്സിലാക്കി. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ചാണ് മുഖ്യമന്ത്രിയായിരുന്ന വി എസ്സ് അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്ന കെ എന്‍ ബാലഗോപാല്‍ എം പിസംസാരിച്ചു തുടങ്ങിയത്.
കാലം ഒരു പാട് മാറി. പൊതുരംഗത്തുള്ളവര്‍ നല്ല വിദ്യാഭ്യസമുള്ളവരാകണം. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് പോകുകയോ പോകാതിരിക്കുകയോ എന്തു തന്നെയാകട്ടെ, ജോലിക്ക് പോകുന്നതിന്റെ പത്തിരട്ടി കഠിനാധ്വാനം ആവശ്യമാണ് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്ളവരേക്കുറിച്ച് പൊതുവില്‍ വരുന്ന ചിത്രം പലപ്പോഴും വളരെ നെഗറ്റീവായ അഭിപ്രായത്തില്‍ വരാറുണ്ട്. അതിന് രാഷട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ് കാരണക്കാരും. എല്ലാവരും അങ്ങനെയാണെന്ന് ധരിക്കുകയും വേണ്ട. അതല്ലാത്ത ഒരു സംവിധാനം ഉണ്ടാകണം. വളരെ ഗൗരവപരമായി ഉത്തരവാദിത്വങ്ങളെ കാണുന്നവര്‍ പൊതുരംഗത്തുവരണം. വിദ്യഭ്യാസമില്ലാത്തവര്‍ നേതൃത്വനിരയില്‍ വന്നപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതുമാണല്ലോ!
നമ്മുടെ വിദ്യാഭ്യാസ രീതിക്ക് മാറ്റമുണ്ടാകണം. പ്രാക്ടിക്കലായിട്ടുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട്, ഉദാഹരണത്തിന് സയന്‍സ്സോ, ബിസിനസ്സോ ആണെങ്കില്‍ അതില്‍ റിസേര്‍ച്ച് ചെയ്ത് പഠിക്കുവാനുള്ള രീതിയിലേയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായം ഉയരണം. അതില്ല എന്നത് നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം വിട്ട് പുറത്തു പോയ ഭാരതത്തിലെ ഒരു നല്ല ഭൂരിപക്ഷം ജനങ്ങളും അവരായിരിക്കുന്ന രാജ്യത്തു നിന്ന് ഭാരതത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ പാര്‍ട്ടി ഏതായാലും രാഷ്ട്രീയ സംവിധാനങ്ങളോട് എന്നും വെറുപ്പാണ്. കേട്ടു മടുത്ത അഴിമതി ആരോപണങ്ങള്‍, അക്രമസംഭവങ്ങള്‍, സമരങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അങ്ങനെ നീളുന്നു പലതും. എന്തിന് ഇലക്ഷന്‍ നടത്തുന്ന രീതികള്‍തന്നെ നോക്കാം. മതിലുകളില്‍ എഴുതി തുടങ്ങുന്നു. ബാനറുകള്‍, പാരഡി ഗാനങ്ങള്‍, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ അവസാനം ഒരു കൊട്ടിക്കലാശവും. കള്ളവോട്ടും ബൂത്തുപിടുത്തവും മറുവശത്ത്. ടെക്‌നോളജി ഇത്രയധികം വളര്‍ന്നിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാതെ ഇലക്ഷന്‍ നടത്താന്‍ ഇന്ത്യയില്‍ സാധിക്കില്ലേ?
ഓരോ രാജ്യത്തിലെ സംസ്‌കാരം അനുസരിച്ചേ അവിടുത്തേ രാഷ്ട്രീയവും പ്രചരണങ്ങളുമൊക്കെ വരത്തുള്ളൂ. ഇംഗ്ലീഷുകാര്‍ പൊതുവേ ശാന്തരും അച്ചടക്കമുള്ളവരുമാണ്. നമ്മുടെ നാടിന്റെ മറ്റൊരു സംസ്‌ക്കാരമായ ഹോളി ആഘോഷം ഈ രാജ്യത്ത് ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ? കടുവാകളി ചെണ്ടമേളം ഇതൊക്കെ രാജ്യത്തിന്റെ സംസ്‌കാരത്തില്‍പ്പെട്ടതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ തന്നെയെടുക്കുക പ്രചരണങ്ങള്‍ പലവിധമാണ്.
കലാശകൊട്ടിനേക്കുറിച്ച് ചോദിച്ചപ്പോള്‍….
കലാശക്കൊട്ട്. നാലഞ്ചു വര്‍ഷമായിട്ട് അതിപ്പോള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. കലാശക്കൊട്ട് ഒരു പ്രചരണമായി കാണുന്നില്ല. പിന്നെ ആളുകള്‍ക്ക് അതൊരു ഹരമാണ്. എല്ലാവരും കൂടി ചെയ്യുന്ന കാര്യങ്ങളെ നമ്മള്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്ന ഉത്തരത്തില്‍ ഒതുക്കി.
അവധിക്ക് നാട്ടില്‍ വരുന്ന ഓരോ പ്രവാസിയും കുറഞ്ഞത് ഒരു ഹര്‍ത്താലെങ്കിലും കൂടിയിട്ടാണ് തിരിച്ചു വരുന്നത്. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍. സത്യത്തില്‍ ഈ ഹര്‍ത്താല്‍ എന്തിനാണ്? അതിന്റെ ഗുണം ആര്‍ക്കാണ്?
നാട്ടില്‍ എല്ലാം നിയമപരമായിട്ട് നടക്കുകയാണെങ്കില്‍ സമരമുണ്ടാകുന്നില്ല. ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗത്തു നിന്നും നീതി കിട്ടാതെ വരുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കും. ഈ ഒരു അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനും പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്കു മുണ്ട്. അധികാരം ഉണ്ട് എന്ന കാരണത്താല്‍ എനിക്ക് എന്തും ചെയ്യാന്‍ സാധിക്കും എന്ന സമീപനം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും മാറണം.
ഹര്‍ത്താലും ബന്ദും ഒഴിവാക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് തുറന്നടിച്ച സഖാവ് കെ.എന്‍. ബാലഗോപാല്‍ പിന്നീട് പറഞ്ഞതിങ്ങനെ…
ഹര്‍ത്താലുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നതു കൊണ്ടാണല്ലോ ആളുകള്‍ അത് ചെയ്യുന്നത്. ഇത്രയധികം ഹര്‍ത്താലുകള്‍ ചെയ്തിട്ടും റബ്ബറിന്റെ വില ഇത്രയും ഇടിഞ്ഞു എന്ന് പറഞ്ഞ് ഹര്‍ത്താല്‍ ചെയ്യാതിരുന്നിട്ട് കാര്യമുണ്ടോ എന്നും ചോദിക്കുന്നു. ഇപ്പോള്‍ പഴയതു പോലെയല്ല കാര്യങ്ങള്‍. ഹര്‍ത്താലിന്റെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതുപോലെ പൊതുമുതല്‍ നശിപ്പിക്കാറില്ല. ഇംഗ്ലണ്ടിലുള്ള നിങ്ങള്‍ നാട്ടില്‍ വരാത്തതുകൊണ്ടാണ് അവിടുത്തെ കാര്യങ്ങള്‍ അറിയാതെ പോകുന്നത്. ഈ അടുത്ത കാലത്ത് അഖിലേന്ത്യാ പണിമുടക്ക് ഇന്ത്യയില്‍ ശക്തമായി നടന്നപ്പോള്‍ ഡെല്‍ഹിയിലും ബോംബെയിലും ഓട്ടോ റിക്ഷാ ടാക്‌സികള്‍ ഒന്നും തന്നെയോടിയില്ല. ഇതു വരെ അതു നടക്കാത്തതാണവിടെ. കേരളത്തിലും ബംഗാളിലും ഒക്കെ അത് പതിവാണ് താനും.
എന്തു തന്നെയായാലും വിദ്യാഭ്യാസം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദേഹം യുകെ വിടുന്നതിനു മുന്‍പ് മലയാളികളാടായി ഇങ്ങനെ പറഞ്ഞു.
മലയാളിയെന്നു പറഞ്ഞാല്‍ ലോകത്ത് എവിടെയായാലും വളരെ കെട്ടുറപ്പുള്ള സമൂഹമാണ്. കേരളത്തിനോടുള്ള സ്‌നേഹം നിലനിര്‍ത്തി കേരളത്തിനു വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം. നിങ്ങള്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാമ്പത്തീക സഹായം ചെയ്യണം. വികസിത രാജ്യത്തില്‍ നിന്നു കിട്ടുന്ന പരിചയം കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം. അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഒപ്പം ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാനും സാധിക്കും.
സന്ദര്‍ശനം പൂര്‍ത്തിയാക്കി സഖാവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും.