വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല; വിശ്വാസികളുടെ പിതാവ് മാര്‍ സ്രാമ്പിക്കല്‍ മനസ്സ് തുറന്നു

വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല; വിശ്വാസികളുടെ പിതാവ് മാര്‍ സ്രാമ്പിക്കല്‍ മനസ്സ് തുറന്നു
April 06 08:16 2017 Print This Article

എളിമയും കുലീനത്വവും നിറഞ്ഞ പെരുമാറ്റം…. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍….. ലക്ഷ്യത്തില്‍ എത്താനുള്ള ദൃഢനിശ്ചയം…. ഇത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്ത മെത്രാന്‍. ഔദ്യോഗിക കര്‍മ്മം ആരംഭിക്കുന്നതിന് മുമ്പ് മലയാളം യുകെയുമായി മനസ്സു തുറന്നു.

ബ്രിട്ടണിലെത്തിയ അഭിവന്ദ്യ പിതാവ് ആദ്യമായി ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖമാണിത്. മലയാളം യുകെ സീനിയര്‍ എഡിറ്റര്‍ ജോജി തോമസ് ചോദിച്ച ചോദ്യങ്ങളോട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കാത്തിരുന്ന ജനത്തിനോട് പിതാവ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെ…..
സുവിശേഷവേല ചെയ്യുക..

ചോ.) യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരു അസുലഭ നിമിഷം സ്വന്തമാകുകയാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ അവസരത്തില്‍ സീറോ മലബാര്‍ സഭയുടെ നിയുക്ത ബിഷപ്പ് എന്ന നിലയില്‍ വിശ്വാസികളോട് എന്താണ് പറയുവാനുള്ളത് ?

ഉ.) വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും നിലവിളിക്കുമുള്ള ഉത്തരമാണിത്. ഒരര്‍ത്ഥത്തില്‍ വളരെ വേഗത്തില്‍ സമാഗതമായ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. അതോടൊപ്പം തന്നെ ആഗോള കത്തോലിക്കാ സഭ അമ്പത് വര്‍ഷകാലത്തിലേറെയായി എടുത്ത ഒരു തീരുമാനത്തിന്റെ പ്രതിഫലനവുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്ത തീരുമാനമാണ് ഓരോ വ്യക്തി സഭയുടെയും ആളുകള്‍, അവര്‍ എവിടെ ആയിരുന്നാലും അജപാലന ശുശ്രൂഷക്കായിട്ട് അവരുടേതായ സംവിധാനങ്ങള്‍ ഉണ്ടാകണം എന്നുള്ളത്. അത് ചിലപ്പോള്‍ ഇടവകകള്‍ ആയിരിക്കാം, കുറച്ചു കൂടി വളര്‍ന്ന സാഹചര്യത്തില്‍ രൂപതകളാകാം. ഓരോ വ്യക്തി സഭയുടെയും ആരാധനക്രമവും, ആദ്ധ്യാത്മികതയും, ദൈവശാസ്ത്ര ശുശ്രൂഷയും പരിപോഷിക്കപ്പെടുന്നത് കത്തോലിക്കാ സഭയെ മൊത്തത്തില്‍ ശക്തിപ്പെടുത്തുന്നതാണ്. കത്തോലിക്കാ സഭയെന്നു പറയുന്നത് ലത്തീന്‍ സഭയും മറ്റ് ഇരുപത്തെട്ട് പൗരസ്ത്യ സഭകളും ചേരുന്നതാണ്. അതിലൊരു പൗരസ്ത്യ സഭയായ സീറോ മലബാര്‍ സഭയുടെ വിശ്വാസികളായ നമ്മള്‍ക്ക് നമ്മുടേതായിട്ടുള്ള സ്വാതന്ത്ര്യത്തോടെ സഭാ ജീവിതം നടത്തുവാനുള്ള സാഹചര്യമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.

ചോ.)  ഒരു രൂപത എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യുകെയിലെ സഭയും ഇവിടുത്തെ വിശ്വാസികളും ആ ഒരു തലത്തില്‍ പാകപ്പെട്ടു എന്ന് പിതാവിന് തോന്നുന്നുണ്ടോ?

ഉ.) ഇവിടുത്തെ സഭ പാകപ്പെട്ടു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ യുകെയില്‍ വന്നതിന് ശേഷം ഇവിടുത്തെ പിതാക്കന്മാര്‍ എല്ലാവരും തന്നെ സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മയെക്കുറിച്ച് വളരെ പ്രശംസനീയമായ രീതിയില്‍ സംസാരിക്കുകയുണ്ടായി. നമ്മളില്‍ നിന്ന് പലതും പഠിക്കാന്‍ ഉണ്ടെന്നാണ് ഇവിടുത്തെ സഭാമേലധ്യക്ഷന്‍മാര്‍ പറഞ്ഞത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സഭ പാകപ്പെട്ടു എന്നു തന്നെയാണ്.

ചോ.) ഒരു രൂപതയായി മാറുമ്പോള്‍ അതിന് കുറെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഒരു രൂപതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഈ രൂപതയ്ക്ക് നിലവിലുണ്ടൊ? ചോദിക്കാന്‍ കാരണം സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയുടെ നേതൃത്വത്തില്‍ ചില മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ഇവിടുത്തെ വിശ്വാസികള്‍ക്ക് അറിവുള്ളതാണ്.

ഉ.) സീറോ മലബാര്‍ സഭയുടെ കേരളത്തിനു പുറത്തുള്ള, ക്യാനഡയും കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ നാലാമത്തെ രൂപതയാണിത്. മറ്റ് മൂന്നു സ്ഥലങ്ങളിലും രൂപതയുടെ ആരംഭദശയില്‍ ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ നില വളരെ മെച്ചമാണ്.

ചോ.) സഭയുടെ അടുത്ത വളര്‍ച്ച ഏതു ദിശയിലായിലേയ്ക്കാണ്. കാരണം ഇപ്പോഴും ഭൂരിഭാഗം ചാപ്ലിന്‍സികളില്‍ നിന്നും മാസത്തില്‍ ഒരു കുര്‍ബാനയും വിശ്വാസ പരിശീലനവും എന്ന നിലയില്‍ പരിമിതമായ ഒരു ആത്മീയ dsc_5225സേവനം മാത്രമാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ലീഡ്‌സ് പോലുള്ള ചില സ്ഥലങ്ങളില്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് വിജയകരമായി എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയും വിശ്വാസ പരിശീലനവും നടക്കുന്നുണ്ട് താനും. ഇതൊരുമാതൃകയാക്കാന്‍ പറ്റുമോ?

ഉ.) സഭ പ്രാധാന്യം കൊടുക്കുന്നത് തിരുവചന പ്രഘോഷണത്തിനും കൂദാശകള്‍ക്കുമാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ എന്ന നിലയില്‍ ഞാന്‍ ശ്രമിക്കുന്നതും പ്രാമുഖ്യം കൊടുക്കുന്നതും അതിനു തന്നെയാണ്. സഭാവിശ്വാസികള്‍ക്ക് എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാനുള്ള അവസരവും അതോടൊപ്പം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസ പരിശീലനം നല്കണം എന്നതാണ് എന്റെ ആഗ്രഹം. അതിനായി ശ്രമിക്കാം എന്നു മാത്രമേ ഈ അവസരത്തില്‍ എനിക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ.

ചോ.)  മീഡിയ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണ്. ആധുനീക കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെ സ്വാധീനമുണ്ട്. സോഷ്യല്‍ മീഡിയയുമായി സംവേദിക്കുമ്പോള്‍ പിതാവ് എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാറുണ്ടോ? ചോദിക്കാന്‍ കാരണം പലരും പിതാവിന്റെ ഫേസ്ബുക്ക് പേജില്‍ ടാഗ് ചെയ്തത് കാണുവാന്‍ ഇടയായി. ഇത്രയധികം മാദ്ധ്യമശ്രദ്ധയുള്ള വ്യക്തിയെന്ന നിലയില്‍ അത് അപകടകരമാകുമെന്ന് തോന്നിയിട്ടില്ലേ..?

ഉ.) ഞാന്‍ ജനങ്ങളുമായി വളരെ അടുത്ത് ഇടപെഴകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അങ്ങനെ ഒരു മുന്‍കരുതല്‍ എടുക്കേണ്ടതായ അനുഭവം എന്നിക്കുണ്ടായിട്ടില്ല. എങ്കിലും ഭാവിയില്‍ ശ്രദ്ധിക്കുന്നതായിരിക്കും.

ചോ.) സീറോ മലബാര്‍ സഭാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പിതാവിന് പദ്ധതി ഉണ്ടെന്നറിയുന്നു. ഇത് എത്രമാത്രം പ്രായോഗീകമാണ്? ഒരു ജനകീയ ബിഷപ്പാകാനാണോ പിതാവ് ലക്ഷ്യമിടുന്നത്?

ഉ.) ഒരു രൂപതയിലെ മെത്രാന്‍ എന്ന നിലയില്‍ ആ രൂപതയിലെ സമര്‍പ്പിതരേയും വിശ്വാസികളെയും അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സഭയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായിട്ടുള്ള ഒരു ശ്രമമാണ് ഞാന്‍ നടത്തുന്നത്. അത് പൂര്‍ണ്ണമായും വിജയിക്കും എന്നുള്ള ഒരാത്മവിശ്വാസവും എനിക്കുണ്ട്.

ചോ.) പിതാവ് തന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘സുവിശേഷകന്റെ ജോലി ചെയ്യുക (2തിമോത്തി 4:5)’ എന്നതാണ്. പിതാവ് വൈദീകനാകാനുള്ള തിരുമാനമെടുത്തതും ഒരു ധ്യാനം കൂടിയതിനു ശേഷമാണെന്ന് കേട്ടിട്ടുണ്ട്. ഈ ബൈബിള്‍ വചനം ആപ്തവാക്യമായി തിരെഞ്ഞെടുക്കുമ്പോള്‍ നവീകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്വാധീനം ഉണ്ടോ ? അല്ലെങ്കില്‍ ഇതിന് പ്രേരിപ്പിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്?

ഉ.) നവീകരണ പ്രസ്ഥാനവുമായിട്ട് എല്ലാക്കാലത്തും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അത് സഭയുമായി ഒത്തു നിന്നു കൊണ്ടു തന്നെയായിരുന്നു. ഇവാഞ്ചലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവ ഭാഗഭാക്കായിട്ടുണ്ട്. എന്റെ അത്മീയ വളര്‍ച്ചയില്‍ നവീകരണ പ്രസ്താനങ്ങള്‍ക്ക് നല്ല പങ്കുണ്ട്.

ചോ.) പിതാവ് പഠനാര്‍ത്ഥം യുകെയിലുണ്ടായിരുന്നത്  2000-2001 കാലഘട്ടത്തിലാണ്. ആ കാലഘട്ടവും ഒന്നര പതിറ്റാണ്ടിനു ശേഷമുള്ള യുകെ യും തമ്മില്‍ ഒന്നു താരതമ്യം ചെയ്യാന്‍ സാധിക്കുമോ? പ്രത്യേകിച്ച് ആത്മീയ മേഖലയില്‍?

ഉ.) 2001 – 2002 കാലഘട്ടത്തിനു ശേഷമാണ് യുകെയിലേയ്ക്ക് സീറോ മലബാര്‍ വിശ്വാസികളുടെ വലിയ തോതിലുള്ള കുടിയേറ്റം ഉണ്ടാകുന്നത്. ഞാന്‍ വൈദീകവൃത്തിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള ആദ്യത്തെ ഒന്നു രണ്ട് വര്‍ഷങ്ങളാണ് യുകെയില്‍ പഠനാര്‍ത്ഥം ചിലവഴിച്ചത്. ആ കാലഘട്ടത്തിന്‍ സീറോ മലബാര്‍ ആരാധനാക്രമം വളരെ തീഷ്ണതയോടു കൂടി ഞാന്‍ പിന്‍തുടര്‍ന്നിരുന്നു. പക്ഷേ അത് പലപ്പോഴും പ്രൈവറ്റ് മാസ്സുകളിലും മറ്റുമായിരുന്നു. ആ ഒരു കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ സഭയ്ക്ക് വളരെ അത്ഭുതകരമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

ചോ.) പിതാവ് യുകെയിലുണ്ടായിരുന്നപ്പോള്‍ ഉള്ള അനുഭവങ്ങള്‍ ഇവിടുത്തെ സഭയെ നയിക്കാന്‍ നിയുക്തനാകുമ്പോള്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഏത് മേഘലയിലാണന്ന് വിശദീകരിക്കാമോ?

ഉ.) തീര്‍ച്ചയായിട്ടും. അന്നത്തെ അനുഭവങ്ങളും പരിചയും സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും.

ചോ.)  പ്രവാസ ലോകത്ത്, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളില്‍ സീറോ മലബാര്‍ സഭ ഒരു പ്രതിസന്ധിയെ നേരിടുകയാണെന്ന് കരുതുന്നുണ്ടോ? സഭയില്‍ നിന്നും മതങ്ങളില്‍ നിന്നും ജനങ്ങള്‍ അകലുന്ന ഒരു പ്രവണത ഇപ്പോള്‍ ഇവിടെ നിലനില്ക്കുന്നു. ഈ ഒരു പ്രവണത വരും തലമുറയിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ സഭയ്ക്ക് എന്തു ചെയ്യാന്‍ പറ്റും?

bishop-1ഉ.) സഭ അത്തരത്തില്‍ ഒരു പ്രതിസന്ധിയെ നേരിടുകയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടണിലുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായി തന്നെ സഭയോട് ഒത്തു നില്ക്കുന്നവരാണ്. യൂറോപ്പിലെ മൊത്തത്തില്‍ പറയുകയാണെങ്കില്‍ വിശ്വാസികളായിട്ടുള്ളവരുടെ വിശ്വാസം വളരെ തീക്ഷ്ണതയുള്ളതാണെന്ന് മറന്നു കൂടാ.

ചോ.) പാശ്ചാത്യ ലോകത്ത് സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് സീറോ മലബാര്‍ സഭയ്ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ?

ഉ.) പ്രധാനമായിട്ടും സഭയുടെ പ്രവര്‍ത്തനം അജപാലന ശുശ്രൂഷയിന്‍ അധിഷ്ഠിതമായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ മുഴുവന്‍ ഉള്‍പ്പെടുന്ന ഒരു രൂപതയാണ് നമ്മളുടേത്. അവിടെയുള്ള നമ്മുടെ ആള്‍ക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ നടത്തി കൊടുക്കുന്നതിനാണ് പ്രഥമ പരിഗണന. സഭ യുകെയില്‍ ശക്തിപ്പെടുന്നതനുസരിച്ച് ആത്മീയ ശുശ്രൂഷയ്ക്കുപരിയായി ആതുര വിദ്യാഭ്യാസ സാമൂഹിക മേഘലകളില്‍ സഭയുടെ സാന്നിദ്ധ്യം ശക്തിപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ചോ.) സാധാരണയായി വൈദീക പഠനത്തിന് പോകുന്നത് പത്താം ക്ലാസ്സ് കഴിഞ്ഞാണ്. അങ്ങയെ സംബന്ധിച്ചിടത്തോളം പോസ്റ്റ് ഗ്രാജുവേഷന് ശേഷമാണ്. പിതാവ് കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നെന്നും കേട്ടിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടം അങ്ങയുടെ നേതൃത്വ ശേഷിയെ വളര്‍ത്താനും സമൂഹവുമായി കൂടുതല്‍ ഇടപെഴകാനും സമൂഹത്തില്‍ നിന്നും കൂടുതല്‍ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനും കാരണമായോ? പ്രത്യേകിച്ച് പാലാ സെന്റ് തോമസ് കോളേജ് പോലുള്ള കലാലയങ്ങള്‍ ഒരു വലിയ ലോകമാണ്‍

ഉ.) തീര്‍ച്ചയായും കാരണമായിട്ടുണ്ട്. ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മനുഷ്യനാണ്. dsc_5263ചെറുപ്പത്തിലെ എന്റെ പിതാവ് മരിച്ചു പോയി. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേരുന്നിടം വരെയും മറ്റേതൊരു അല്‍മായനേയും പോലെ ഗാര്‍ഹീക കാര്യങ്ങളില്‍ ഞാന്‍ ഇടപഴകിയിരുന്നു. പാലാ സെന്റ് തോമസ്സില്‍ ബിരുദാനന്തര ബിരുദം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. അനുഭവങ്ങളാണ് എന്റെ നേതൃത്വ ശേഷിയെ വളര്‍ത്തിയത്. സമൂഹവുമായി കൂടുതല്‍ ഇടപെഴകാനും അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനും ആ കാലഘട്ടം എന്നെ സഹായിച്ചിട്ടുണ്ട്.

ചോ.) സീറോ മലബാര്‍ സഭയുടെ ബ്രിട്ടണിലെ പുതിയ രൂപതയുടെ പ്രസക്തിയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അങ്ങ് ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങയുടെ പ്രതികരണം എന്താണ്?

ഉ.) വിവാദങ്ങളില്‍ എനിക്ക് അസ്വസ്തതയോ വ്യാകുലതയോ ഇല്ല. ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു അജപാലന ദൗത്യവുമായിട്ടാണ്. അത് ഇവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമായിരുന്നെന്ന് ഞാന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നുമുണ്ട്. അത് ഞാന്‍ നിറവേറ്റും. എന്റെ പ്രവര്‍ത്തനം സഭയുടെ വിശ്വാസികള്‍ക്കൊപ്പമുള്ളതാണ്.

ഞാന്‍ എടുത്തു പറയുകയാണ് ‘ അത് വിശ്വാസികള്‍ക്കൊപ്പമുള്ളത് മാത്രമാണ്. അത് ഞാന്‍ നിറവേറ്റും ‘

നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു ഇടയന്റെ സ്വരമായിരുന്നു അത്. അതോടൊപ്പം
അദ്ധ്യാത്മീകതയില്‍ നിന്നുകൊണ്ട് യുകെയിലെ സീറോമലബാര്‍ സമൂഹത്തെ നയിക്കാനുള്ള ഒരിടയന്റെ ആവേശവും. അത്, ഞങ്ങള്‍ മലയാളം യുകെ. തിരിച്ചറിയുന്നു.
എല്ലാവിധ ആശംസകളും നേരുന്നു…

dsc_5390

അഭിവന്ദ്യ പിതാവിനോടൊപ്പം… മലയാളം യു കെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ, സീനിയര്‍ എഡിറ്റര്‍ ജോജി തോമസ്, സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ റെഞ്ചി ചെങ്ങളത്ത് എന്നിവര്‍ സമീപം.

 

 

 

 

 

 

 

 

 

 

 

 

ചിത്രങ്ങള്‍..
റെഞ്ചി ചെങ്ങളത്ത്
സ്റ്റാഫ് ഫോട്ടോഗ്രാഫര്‍
മലയാളം യു കെ

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles