ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് നടക്കും.. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കും. പരിപാടിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയത്. കൃത്യമായ സുരക്ഷാ നടപടികളും സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കവും സുരക്ഷാ ടീം ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ, തിരുവനന്തപുരം ജില്ല ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരും ഒരുക്കങ്ങൾ നിരീക്ഷിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് മന്ത്രിമാർ അറിയിച്ചു. ആയിരക്കണക്കിന് ആരാധകർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലും പ്രത്യേക പരിശീലനം നേടിയ വോളൻറിയർമാരും സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
തിരുവനന്തപുരം നഗരത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടെന്ന ആരോപണവുമായി ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലെയ്ഡ് പലിശയ്ക്ക് പണം നൽകി വിവിധ സ്ഥലങ്ങളിൽ ഭൂമി സ്വന്തമാക്കിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 30 കോടിയിലധികം മൂല്യമുള്ള ഇടപാടുകളുടെ രേഖകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
സ്വന്തം പേരിലല്ലാതെ ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് ഭൂമി സ്വന്തമാക്കിയതെന്നതാണ് അന്വേഷണത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. മുൻ ദേവസ്വം കരാറുകാരൻ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇടപാടുകളിൽ പലതും ദുരൂഹത നിറഞ്ഞതാണെന്നും പരിശോധനയിൽ വ്യക്തമാകുന്നുണ്ട്.
അതേസമയം, സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് വിഭാഗം ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യാനിരിക്കുകയാണ്. പാളികൾ മാറ്റി കൊണ്ടുപോയ സമയത്തും തിരിച്ചെത്തിയപ്പോഴും ഉള്ള രേഖകൾ, നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കുകൾ, സ്പോൺസറുടെ വ്യാപക പണപ്പിരിവ് തുടങ്ങിയ വിഷയങ്ങൾക്കാണ് ഉത്തരം തേടുന്നത്.
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കോട്ടുകാൽ മുള്ലുമുക്ക് മറിയൻ വില്ലയിലെ എ. ജോസ്(62) ആണ് മരിച്ചത്.
കഴിഞ്ഞ 27-ന് ഉച്ചക്കാലത്ത് പുളിങ്കുടിയിലെ ഒരു സ്വകാര്യ റിസോർട്ടിലെ മാനേജരായ ജോസ്, പ്രമേഹരോഗവുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുള്ലുവിള ഭാഗത്തരോഡിൽ തെരുവുനായ കുറുകെ ചാടിയതിനാൽ വീണത്. ബൈക്കോടെ മറിഞ്ഞു റോഡിൽ പതിച്ച് അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച രാത്രിയോടെ മരണമടഞ്ഞു . സംസ്‌കാരം വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അടിമലത്തുറ ഫാത്തിമ മാതാ പള്ളിയിൽ നടക്കും. വിഴിഞ്ഞം പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്തു.
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എംഎൽഎ പരാതി നൽകാത്തതിനിടയിലും ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തതാണ്. സംഘം ചേർന്നുള്ള തടസ്സപ്പെടുത്തലാണ് ചുമത്തിയ പ്രധാന കുറ്റം.
അതേ സമയം, സമരക്കാർ എംഎൽഎയ്‌ക്കെതിരെയും പരാതി നൽകാനുള്ള നീക്കത്തിലാണ്. സ്ത്രീകളോടടക്കം മോശമായി പെരുമാറിയെന്നാണ് സമരക്കാരുടെ ആരോപണം. പെരിങ്ങത്തൂർ കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിനടുത്ത് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാനൂർ നഗരസഭയിലെ 28-ാം വാർഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. തണൽ ഡയാലിസിസ് സെന്ററിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട സമരസമിതി അംഗങ്ങളാണ് എംഎൽഎയെ തടഞ്ഞുവെച്ചത്.
വാഹനത്തിൽ നിന്ന് ഇറങ്ങി അങ്കണവാടിയിലേക്കു നടന്ന് പോകുമ്പോൾ പ്രതിഷേധക്കാർ വഴിയടച്ച് തടഞ്ഞു നിര്‍ത്താൻ ശ്രമിച്ചു. പ്രതിഷേധക്കാർക്കിടയിലൂടെ മുന്നേറുന്നതിനിടെയാണ് കയ്യേറ്റം നടന്നത്. സ്ത്രീകളടക്കം പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രകടനത്തിന്റെ രീതി ശരിയായില്ലെന്ന് എംഎൽഎ പിന്നീട് പ്രതികരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തെ മാലിന്യ പ്രശ്നത്തെ കുറിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മാസങ്ങളായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്ന് ഒഴുകുന്ന മാലിന്യമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. കുടിവെള്ള കിണറുകൾ മലിനമാകുന്നതടക്കം ഗുരുതര പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു.
സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച് വീട്ടില്‍ നിന്നിറക്കിവിട്ടതായി പരാതി.
ആലപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് വിവാഹിതരായ യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നല്‍കാനാവില്ലെന്ന് വിവാഹ നിശ്ചയത്തിനു മുൻപുതന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിച്ചത്.
നിയമപരമായി അടുത്ത മാസം ആറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിരിക്കെ, ഭർത്താവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിക്കുകയായിരുന്നു.
കൊച്ചി: കണ്ണമാലിക്ക് പടിഞ്ഞാറ് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ ഇടിച്ചുകയറി . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ, ‘പ്രത്യാശ’ എന്ന പേരിലുള്ള വള്ളം കടലിൽ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നപ്പോഴാണ് സംഭവം.
മത്സ്യത്തൊഴിലാളികളുടെ ആരോപണമനുസരിച്ച്, എംഎസ്‌സി കമ്പനിയുടെ കപ്പലാണ് വള്ളത്തിലേക്ക് ഇടിച്ചു കയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വള്ളത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്.
പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.
ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
പാലക്കാട് വടക്കാഞ്ചേരിക്കു സമീപം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സ്കൂട്ടർ, പിന്തുടർന്ന് വന്ന വിഷ്ണു ബൈക്കോടിച്ചു ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.
എന്നാൽ യുവതി ശക്തമായി പ്രതികരിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ്, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.
വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
കണ്ണൂർ: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ് സംഘം പിടികൂടി. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദ് ഷർട്ടിലെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറയിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിക്കുകയായിരുന്നു. പാന്റിന്റെ അടിയിലുള്ള രഹസ്യ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോണും സഹായത്തിനായി ഉപയോഗിച്ചു.
പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാൾ മുൻപ് മറ്റുപരീക്ഷകളിലും സമാന രീതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സഹദിന് ഇനി പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും, കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ നടൻ വിജയ് കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ജന തിരക്ക് മൂലം ആംബുലൻസുകൾക്ക് സമയത്ത് ഇടപെടാൻ കഴിയാതെ വന്ന സാഹചര്യവും അപകടത്തിന്റെ ഗുരുതരത്വം വർധിപ്പിച്ചു.
അപകട വിവരം അറിഞ്ഞതോടെ വിജയ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയും, ജനങ്ങളോട് ശാന്തത പാലിക്കാനും ആംബുലൻസുകൾക്ക് വഴി വിടാനും അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിജയിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റാലി നടന്നത്.