Kerala

 

സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 16-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ചയും തീവ്ര മഴ സാദ്ധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

നിലവിലെ കീമിൻ്റെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണ്. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണമെന്നും വിദ്യാർഥികൾ പറഞ്ഞു.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി അംഗീകരിക്കുന്നെന്നും ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നല്‍കില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി.

വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ ഉത്തരവ് റദ്ദാക്കി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡ്രൈവറുമായി വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. നടപടി വിവാദമായതോടെ വിഷയത്തിൽ മന്ത്രി ഇടപെടുകയായിരുന്നു.

യാത്രയ്ക്കിടയിൽ ഡ്രൈവറോട് സംസാരിച്ചതാണ് തെറ്റായി വ്യാഖ്യാനിച്ചത്. ജീവനക്കാരിയുടെ പേര് അടക്കം പറഞ്ഞാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടപടി വിജിലൻസ് പരിശോധനയുടെ അടിസ്ഥാനത്തിലാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

വനിത കണ്ടക്ടർക്കെതിരെ സഹപ്രവർത്തകനായ ഡ്രൈവറുടെ ഭാര്യ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി തന്റെ ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു പരാതി. മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും ഭർത്താവിന്റെ ഫോണിലെ വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകളടക്കം യുവതി പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിനെക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൻ്റെ പശ്ചാത്തലത്തിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയുമായിരുന്നു.

ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്ന രീതിയിൽ വനിതാ കണ്ടക്ടർ ജോലിക്കിടെ ഡ്രൈവറുമായി സംസാരിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഡ്രൈവറുടെ മൊബൈൽ വാങ്ങി യാത്രക്കാരെ ശ്രദ്ധിക്കാതിരിക്കുകയും യാത്രക്കാർ തന്നെ ബെല്ലടിച്ച് സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടി വന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹിതനാകാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടും പ്രതിയെ വിവാഹംകഴിക്കാനുള്ള യുവതിയുടെ സന്നദ്ധതയാണ് പരോള്‍ അനുവദിക്കാന്‍ കാരണം. തൃശൂര്‍ സ്വദേശിയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയുമായ പ്രശാന്തിനാണ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്‍ പരോള്‍ അനുവദിച്ചത്.

അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ ‘പ്രണയം തടസ്സങ്ങള്‍ അംഗീകരിക്കില്ല’ എന്ന വാക്യങ്ങളും ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 13ന് വിവാഹം നടത്താന്‍ പരോള്‍ അനുവദിക്കണമെന്ന ആവശ്യം ജയില്‍ അധികൃതര്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രശാന്തിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.വിവാഹത്തിനുവേണ്ടി പരോള്‍ അനുവദിക്കാന്‍ വകുപ്പില്ലെന്ന് വ്യക്തമാക്കിയാണ് ജയില്‍ അധികൃതര്‍ അപേക്ഷ നിരസിച്ചത്. യുവതിയുടെ ആഴത്തിലുള്ള പ്രണയവും ഇഷ്ടവും സന്തോഷവും കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചാണ് പരോള്‍ അനുവദിച്ചത്.

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അനൂപ് ആന്റണി ജോസഫ്, എസ്.സുരേഷ്, എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ട്രഷറര്‍ ഇ.കൃഷ്ണദാസ്. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, സി. സദാനന്ദന്‍, പി. സുധീര്‍, സി. കൃഷ്ണ കുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുള്‍ സലാം, കെ. സോമന്‍, അഡ്വ. കെ.കെ. അനീഷ് കുമാര്‍, എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

വി.വി. രാജേഷ്, അശോകന്‍ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം.വി. ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാര്‍.

മേഖല അദ്ധ്യക്ഷന്‍മാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണന്‍, എ.നാഗേഷ്, എന്‍.ഹരി, ബി.ബി.ഗോപകുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നല്‍കി.

ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച്‌ വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയെന്ന രണ്ടു കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷെറിനൊപ്പം ജയില്‍മോചിതരാകുന്നത്.

മലപ്പുറത്തെ ഒരു കേസിലെ അഞ്ചു പ്രതികളയും തിരുവനന്തപുരത്തെ സമാനമായ മറ്റൊരു കേസിലെ അഞ്ചു പ്രതികളെയുമാണ് വിട്ടയക്കുക.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാല്‍, ഇവർക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച്‌ സർക്കാർ വീണ്ടും ഫയല്‍ സമർപ്പിക്കുകയായിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേൽപ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പെർള സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ അറസ്റ്റ്‌ചെയ്തത്.

പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെൺമക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാൾ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയത്.

ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഇയാൾ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക്‌ കൊണ്ടുപോയി. സഹോദരിമാരുടെ ഭർത്താക്കന്മാർ ഗൾഫിൽനിന്ന്‌ വന്നപ്പോഴാണ് ഇവർ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്.

ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീൻ ശ്രമം നടത്തി. ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കൾ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. മാതാവിന്റെ പേരിൽ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവൻ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേൽപ്പിച്ചത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഷിഹാബുദ്ധീനെ റിമാൻഡ് ചെയ്തു.

ഗവര്‍ണറും വിസിയും ഒരു ഭാഗത്തും സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളും മറുഭാഗത്തും നിലയുറപ്പിച്ച് കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയപ്പോര് തുടരുന്നു. സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി ഇടത് യുവജന, വിദ്യാര്‍ഥി സംഘടനകള്‍.

സര്‍വകലാശാലയ്ക്ക് അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാവിലെ പതിനൊന്നോടെ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാര്‍ സര്‍കലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. താല്‍കാലികമായി രജിസ്ട്രാറുടെ ചുമതലയേല്‍ക്കാന്‍ താല്‍ക്കാലിക വിസി സിസ തോമസ് നിയോഗിച്ച മിനി കാപ്പന്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല.

യൂണിവേഴ്സിറ്റിക്കുള്ളില്‍ പ്രതിഷേധ എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കിയതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസിനെയും പോലീസ് വാഹനങ്ങളും ആക്രമിച്ചു. നിലവില്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും സമര രംഗത്തുണ്ട്. അതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രാജ്ഭവനിലേക്ക് നീങ്ങിയിട്ടുണ്ട്.

യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്. 2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദു മഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.

2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന്‌ ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Copyright © . All rights reserved