സംസ്ഥാനത്ത് ഇന്നും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഈ സമയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ്. ഈ ഓറഞ്ച് അലർട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം ഉണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്നും അറിയിപ്പ് ഉണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിൽ കള്ളകടൽ മുന്നറിയിപ്പുണ്ട്.
ഇതെന്നെക്കൊണ്ടാകുന്ന ചെറിയ സഹായമാണ് വയനാട്ടിലെ ജനങ്ങൾക്കായി ഇപ്പോൾ ചെയ്തതെന്നും ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കുമെന്നും നടൻ മമ്മൂട്ടി. എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കും പോലെ ഇവരെ സഹായിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനിപ്പോൾ ഒരു ചെറിയ സംഖ്യയാണ് നൽകിയത്. വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്. നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കുക. രണ്ടു ദിവസം മുൻപുള്ള അവസ്ഥയല്ല അവരാരുടേയും ഇപ്പോൾ. ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ. നമ്മൾ അതറിഞ്ഞ് പ്രവർത്തിക്കുക. അവരവരാൽ കഴിയുന്നത് ചെയ്യുക. ഇത് ചെറിയൊരു ഇൻസ്റ്റാൽമെന്റാണ്. ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കും’, മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം കടവന്ത്ര റീജണൽ സ്പോർട്ട്സ് സെന്ററിലെ വയനാട് ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി സഹായം ഏൽപ്പിച്ചത്. സഹായധന ചെക്കുകൾ മമ്മൂട്ടിയിൽ നിന്ന് മന്ത്രി പി.രാജീവും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി 20 ലക്ഷം രൂപയും മകൻ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും സംഭാവനയായി നൽകി.
വയനാട്ടിലെ ദുരന്തഭൂമിയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ടുമായി യുവതാരം ദുൽഖർ സൽമാൻ. ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് അദ്ദേഹം കുറിച്ചു.
‘ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട്.
എന്തു സംഭവിച്ചാലും ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് നമ്മൾ. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും എന്റെ പ്രാർഥനകൾ കൂടെയുണ്ടാകും’.– സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ദുൽഖർ സൽമാന്റെ കുറിപ്പ് .
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിലമ്പൂർ 139, മേപ്പാടി സിഎച്ച്സി 132, വിംസ് 12, വൈത്തിരി 1, ബത്തേരി 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്.
ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേഗം കൈവരിക്കും.
രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയാക്കും. ചാലിയാർ പുഴയുടെ ഉൾ വനത്തിൽ കൂടുതൽ ഭാഗങ്ങളിൽ ഇന്ന് തിരച്ചിൽ നടത്തും.
നിലമ്പൂർ പോത്തുകല്ലിൽ നിന്ന് 15 കിലോമീറ്റർ വനഭാഗം കഴിഞ്ഞാൽ തമിഴ്നാട് അതിർത്തിയാണ്. തമിഴ്നാട് അതിർത്തി കടന്നും തിരച്ചിൽ നടത്താനും തീരുമാനമായിട്ടുണ്ട്. വനം വകുപ്പ് ആണ് തിരച്ചിൽ നടത്തുന്നത്. ചാലിയാറിന്റെ പോഷക നദികൾ കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും സംഘങ്ങൾ ആയി തിരിഞ്ഞു ഇന്ന് തിരച്ചിൽ നടത്തുന്നു. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയിൽനിന്ന് കൂടുതൽ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് ടീമുകൾ വയനാട്ടിലേക്ക് തിരിച്ചു. 69 അംഗ ടീമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാവുക.
ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30-നാണ് യോഗം.
വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വ്യാഴാഴ്ച ജില്ലയിലെത്തും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരേയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. രാവിലെ ഏഴിനു ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങും. റോഡ് മാര്‍ഗം ഒരുമണിയോടെ മേപ്പാടിയിലെത്തും.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി ഷിനിയെ പട്ടാപ്പകല്‍ വീട്ടിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച കേസില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിമോള്‍ ജോസ് അറസ്റ്റിലായി. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ ദീപ്തിമോള്‍ കയ്യില്‍ കരുതിയ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായുള്ള ഡോ. ദീപ്തിയുടെ പ്രണയമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപ്തിയും ഷിനിയുടെ ഭര്‍ത്താവ് സുജിത്തും കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അങ്ങനെ തുടങ്ങിയ അടുപ്പം ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിവച്ചു.
സുജിത്തും ദീപ്തിയും വേറെ വിവാഹം കഴിച്ചിട്ടുള്ളവരായതിനാല്‍ ആ ബന്ധം രഹസ്യമായി തുടര്‍ന്നു. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് സുജിത്ത് കൊല്ലത്തെ ജോലി അവസാനിപ്പിച്ച് മാലിദ്വീപിലേക്ക് പോയി. ഇതോടെ ദീപ്തിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി. സുജിത്ത് അകന്നത് ദീപ്തിയെ അലട്ടിയിരുന്നു.
ബന്ധം തുടരാന്‍ പലതവണ ആവശ്യപ്പെട്ടപ്പോഴും ഭാര്യയും കുട്ടികളുമുള്ളതിനാല്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് സുജിത്ത് ഒഴിഞ്ഞു. ഇതോടെ തന്നെ ചതിച്ചെന്ന ചിന്തയിലേക്ക് ദീപ്തി എത്തുകയും വൈരാഗ്യമുണ്ടാവുകയും ചെയ്തു. സുജിത്തിന്റെ കുടുംബം തകര്‍ക്കണമെന്ന പകയാണ് ആക്രമണത്തില്‍ കലാശിച്ചത്.
സുജിത്തിന്റെ വീടിരിക്കുന്ന വഞ്ചിയൂര്‍ ഭാഗത്ത് രണ്ട് തവണയെത്തി സാഹചര്യങ്ങള്‍ ദീപ്തി മനസിലാക്കി. ഞായറാഴ്ച രാവിലെയുള്ള സമയത്ത് അധികമാരും റോഡിലുണ്ടാവില്ലെന്നും ഉറപ്പിച്ചു. അങ്ങിനെയാണ് ഞായറാഴ്ച രാവിലെ എട്ടരയോടെയുള്ള സമയം ആക്രമണത്തിന് തിരഞ്ഞെടുത്തത്.
ഓണ്‍ലൈനിലൂടെ എയര്‍ഗണ്‍ വാങ്ങി. യൂട്യൂബ് നോക്കി വെടിവയ്ക്കാനും പഠിച്ചു. ബന്ധുവിന്റെ കാറില്‍ വ്യാജ നമ്പരും പതിച്ചാണ് ആക്രമിക്കാനെത്തിയത്. പക്ഷെ, വെടിവയ്ക്കാനുള്ള പരിചയക്കുറവും ആ സമയത്തെ വെപ്രാളവും കാരണം മൂന്നു തവണ വെടിവച്ചതും ഉന്നം തെറ്റി. അതാണ് ഷിനിയുടെ ജീവന്‍ നിലനിര്‍ത്തിയത്.
വെടിവയ്പ്പുണ്ടായ ആദ്യ ദിവസം തന്നെ വ്യക്തിപരമായ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഷിനിയോ ഭര്‍ത്താവ് സുജിത്തോ എന്തെങ്കിലും പ്രശ്നമുള്ളതായി തുറന്ന് പറഞ്ഞില്ല. ഇതോടെ വെടിവയ്പ്പിന് ശേഷം അക്രമി പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പൊലീസിന് ആദ്യ തെളിവ് കിട്ടി.
കല്ലമ്പലത്ത് വച്ച് കാര്‍ നിര്‍ത്തി ദീപ്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ പൊലീസിനെ ആക്രമിയെ മനസിലായി. തുടര്‍ന്ന് ദീപ്തിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. ആ നമ്പറിലേക്കുള്ള ഫോണ്‍വിളി വിവരങ്ങളെടുത്തതോടെ ദീപ്തിയും സുജിത്തും തമ്മിലുള്ള ബന്ധം വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുളിൽ മുണ്ടക്കൈയെ കവർന്ന ഉരുൾ തൂത്തെറിഞ്ഞത് അഞ്ഞൂറോളം വീടുകൾ. ചുറ്റും മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. കാലു കുത്തിയാൽ കുഴിഞ്ഞു താഴേക്ക് പോകുന്ന സ്ഥിതി. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഉള്ളിൽ എത്ര മനുഷ്യരെന്ന് അവ്യക്തം. മുണ്ടക്കൈയെ ഒന്നാകെ മൂടിയ മണ്ണിനടിയിൽ നിന്ന് ഇനിയും കണ്ടെത്താൻ നിരവധി മനുഷ്യർ ബാക്കിയാവുമ്പോൾ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലാണ്. 540 വീടുകളിൽ അവശേഷിക്കുന്നത് 30 ഓളം വീടുകൾ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ കെ ബാബു പറയുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമെന്നാല്ലാതെ പറയാൻ കഴിയില്ല.
റൂഫ് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാൻ. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയിൽ ഉള്ളം നീറിയെത്തയവർ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എങ്ങനെ എത്തും എന്നറിയാതെ സകലരോടും സഹായം അഭ്യർഥിക്കുന്ന നിസാഹായ സ്ഥിതി.
‘ആശുപത്രികളിലും ക്യാമ്പുകളിലും അന്വേഷിച്ചു. അവരെങ്ങുമില്ല. ഈ മണ്ണിനടിയിലുണ്ട്’
രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കെെയിൽ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പരിക്കേറ്റവരെ എയർലിഫ്റ്റിങ് വഴി ആദ്യം പുറത്തെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നൽകിയിരുന്നത്. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിർമാണം പൂർത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. മണ്ണിനടിയിൽപ്പെട്ടവർക്കായി ബുധനാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്താനെത്തിയവർക്ക് മുന്നിൽ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്.
കോൺക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്യാൻ സാധിച്ചാൽ മാത്രമേ മണ്ണിനടിയിൽ കുടുങ്ങിയവർക്കരികിലെത്താൻ സാധിക്കുകയുള്ളൂ. അത്യാധുനിക ഉപകരണങ്ങൾ എപ്പോൾ എത്തിക്കാനാവുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാൽ ചുറ്റിക ഉൾപ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
‘എന്റെ മോനും പേരക്കുട്ടികളും എല്ലാവരും പോയി..ഒക്കെ പോയി.. അനാഥയായിട്ട് നിൽക്കുകയാണ്.. എനിക്കിനി ജീവിതമില്ല’
‘ഈ വീട്ടിലെന്റെ അച്ഛനും അമ്മയും ഭാര്യയുമുണ്ട്’. കണ്ണീരോടെ മണ്ണ് മൂടിയ വീടിന് മുന്നിൽ കാത്തുനിൽക്കുന്നവർ അനവധിയാണ്. ആശുപത്രിയിലോ ക്യാമ്പിലോ പ്രയപ്പെട്ടവരുണ്ടാകുമെന്ന് കരുതി ഓടിയോടി ഒടുവിൽ അവർക്കായി നെഞ്ച് കലങ്ങി മുണ്ടക്കൈയിലെത്തിയവരാണ് ഏറെയും.
വീടുകളുടെ മേൽക്കൂരയടക്കം ചെളിയില്‍ അമർന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാൻപറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. വീടുകളിൽ ചെളിയടിഞ്ഞതിനാൽ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നുപോലും അറിയാനാകാത്ത സ്ഥിതി. ഈ ചെളിയിൽനിന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അത്യാധുനിക ഉപകരണങ്ങൾ നിലവിലെ താത്കാലിക പാലത്തിലൂടെ എത്തിക്കുക പ്രയാസകരമാണ്. എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണ് അധികൃതർ.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 166 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് വിവരം.123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പരിക്കേറ്റ 195 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരിൽ 133 പേർ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.
അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിൽ പങ്കാളികളാണ്.നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുക. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. മണ്ണിനാൽ മൂടപ്പെട്ട വീടിൻറെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് ആളുകൾക്കായി തിരച്ചിൽ നടത്തുന്നത്.
അതിനിടെ, ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻറ് കമാൻഡൻറ് ആഷിർവാദിൻറെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്ത ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കൂടി എൻ.ഡി.ആർ.എഫും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടെത്തി. ചാലിയാറിൻറെ പനങ്കയം കടവിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ 32 എണ്ണമാണ് കണ്ടെത്തിയത്. ഇതിനുപുറമെ 25 ശരീരഭാഗങ്ങളും ലഭിച്ചു. മൃതദേഹങ്ങളിൽ 19 എണ്ണം പുരുഷന്മാരുടേതും 11 എണ്ണം സ്ത്രീകളുടേതും രണ്ടെണ്ണം കുട്ടികളുടേതുമാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
നിലമ്പൂർ, മുണ്ടേരി, പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചത്.വയനാട് മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി.
അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. കാസര്‍കോടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി
കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല
വയനാട് ജില്ലയിലെ അവധി അറിയിപ്പ്
വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ആലപ്പുഴയിലെ അവധി അറിയിപ്പ്
ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിവിധ താലൂക്കുകളിലെ നിരവധി സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും നാളെ (31/07/2024 ബുധനാഴ്ച) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകി ജില്ല കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇടുക്കിയിലെ അവധി അറിയിപ്പ്
മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (31.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് ജില്ലയിലെ അവധി അറിയിപ്പ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
എറണാകുളത്തെ അവധി അറിയിപ്പ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധ൯ (ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പാലക്കാട് ജില്ലയിലെ അവധി അറിയിപ്പ്
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( 31.07.2024) ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്.
മലപ്പുറത്തെ അവധി അറിയിപ്പ്
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
കണ്ണൂരിലെ അവധി അറിയിപ്പ്
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
തൃശൂര്‍ ജില്ലയിലെ അവധി അറിയിപ്പ്
തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർകോട് ജില്ലയിലെ അവധി അറിയിപ്പ്
ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31 2024 ബുധനാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
പത്തനംതിട്ടയിലെ അവധി അറിയിപ്പ്
ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ നാളെ (31-07-2024) പ്രൊഫഷണൽ കോളേജുകൾ, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.
അതിനിടെ, മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്. അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നു ആശങ്കയും നിലനില്‍ക്കുന്നു. വൈകീട്ട് നാലരയോടെ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.