നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് വരുന്നത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിൻറെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.
വൈറസിൻറെ ഉറവിടം തേടിയുള്ള പരിശോധനകൾ ആരോഗ്യ വകുപ്പ് ഇന്നും തുടരും. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടി അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഇവിടങ്ങൾ പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ട്. എന്നാലും അമ്പഴങ്ങ കഴിച്ചതിലൂടെയാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഉറവിട് കണ്ടെത്താനായി തിങ്കളാഴ്ച കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.
സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്.
പത്താം തിയതി പനി ബാധിച്ച കുട്ടിക്ക് 12 ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആദ്യം പരിശോധനക്ക് അയക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.
അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.
ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത് . ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം. ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്.
ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത് .
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണിത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് ദിവസം മുമ്പ് ഒരാള്‍ മരിച്ചിരുന്നു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി.
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇത് കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവൻ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ഇതേ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്.
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. കുലുക്കല്ലൂര്‍ സ്വദേശി മുളയന്‍കാവ് ബേബി ലാന്‍ഡില്‍ ആനന്ദിനെ(39)യാണ് പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോര്‍ എന്നയാളില്‍നിന്ന് പ്രതിയായ ആനന്ദ് പല തവണകളിലായി 61ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോൾ സര്‍ക്കാരില്‍നിന്ന് തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായി ഉള്ള വ്യാജ രേഖകള്‍ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയുമായിരുന്നു.
ഇക്കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പൊതുമരമത്ത് മന്ത്രിക്ക് പേടിഎം വഴി 98000 രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുത്തു.
തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി സമാന രീതിയില്‍ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ്.പി. ആര്‍. മനോജ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്‍, എസ്.ഐ.മാരായ കെ. മണികണ്ഠന്‍, കെ. മധുസൂദനന്‍, എ.എസ്.ഐ. എന്‍.എസ്. മണി, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബി. വിനീത്കുമാര്‍, കെ.എം. ഷെബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
ഗാര്‍ഹികപീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. മുട്ടില്‍ മാണ്ടാട് തടത്തില്‍ അബൂബക്കര്‍ (60) ആണ് അറസ്റ്റിലായത്. മലപ്പുറത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.
1994-ല്‍ ഭാര്യയെ വീട്ടില്‍വെച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പ്പിച്ചും സ്ത്രീധനമാവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം ചന്തപറമ്പില്‍ എന്ന സ്ഥലത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ക്കഴിഞ്ഞുവരുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. സി.പി.ഒ.മാരായ സാജിദ്, സാഹിര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. ഫിസിയോതെറാപ്പി ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ പിതാവിൻറെ പരാതിയിൽ വെള്ളയിൽ പോലീസ് ആരോഗ്യപ്രവർത്തകൻ്റെ പേരിൽ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.