നിയമസഭയിൽ കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. എന്നാൽ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കമില്ലെന്ന് വ്യക്തമാക്കി നോട്ടീസ് തള്ളുന്നു എന്ന് സ്പീക്കർ അറിയിച്ചു. അതേസമയം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്‌പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാരിന് ഭയമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തുടർന്ന് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമായി.
ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി.
ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്‍പിച്ച് പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുകയും ചെയ്യുന്നു.
എന്നാല്‍ വരുന്ന ജൂലൈ മൂന്ന് ബുധനാഴ്ച അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ കോഴ്‌സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ തയ്യാറെടുക്കുന്നതായി അറിയുന്നു. അന്നേ ദിവസം പരീക്ഷകള്‍ നടത്തപ്പെടുകയാണെങ്കില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു നടപടിയായി മാറും.
ഇത് തികച്ചും ദുഖകരമാണ്. ഇപ്രകാരം ഉള്ള സാഹചര്യത്തില്‍ അടുത്ത ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
പത്തിരിപ്പാലയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. സി.സി.ടി.വികൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പോലീസ്.
പത്താം ക്ലാസ് വിദ്യാർഥികളാണ് അതുല്‍ കൃഷ്ണയും ആദിത്യനും. ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനിരുദ്ധ്. ഇവർ മൂന്ന് പേരും അയൽവാസികളാണ്. ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയ വിദ്യാർഥികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതായതോടെ മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു.
നിലവിൽ വിദ്യാർഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് പേരും സ്കൂൾ യൂണിഫോമിലായിരുന്നു. മറ്റ് വസ്ത്രങ്ങൾ ഇവരുടെ പക്കലുണ്ടോ എന്നതിലും സംശയമുണ്
മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ തോമസ് ചാഴികാടന്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു തോമസ് ചാഴികാടന്റെ ആരോപണം. നവകേരളസദസിലെ തനിക്കെതിരായ വിമര്‍ശനം തോല്‍വിക്ക് ആക്കംകൂട്ടിയെന്നും അദേഹം പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തോമസ് ചാഴികാടന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വി.എന്‍ വാസവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും ഇത്തവണ കിട്ടിയില്ലെന്നും ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയ്ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നത്തെ എം.പിയായ തോമസ് ചാഴികാടനെ വേദിയിലിരുത്തി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തൊട്ടുമുമ്പ് പ്രസംഗിച്ച ചാഴികാടന്‍ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.
അടിമാലി – കോതമംഗലം ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കാര്‍ യാത്രികനായ ഒരാള്‍ മരിച്ചു. മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് കാറ്റിലും മഴയിലുമാണ് അപകടം നടന്നത്.
കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്കാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഒരു ഗര്‍ഭിണി അടക്കം നാല് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്തേക്കാണ് മരം വീണത്. നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇതിലെ യാത്രക്കാരുൾപ്പെടെയുള്ളവര്‍ പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇന്നു കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 25ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 26ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 ദിവസം സംസ്ഥാനത്തു പലയിടത്തും മഴ ശക്തമായി തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തി രൂപപ്പെട്ടതിനാൽ പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത രണ്ടു ദിവസം കാലവർഷക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശത്തും കനത്ത മഴ ലഭിക്കുമെന്നാണു സൂചന. ഒഡീഷയിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട 2 ചക്രവാതച്ചുഴികളാണു മഴ കനക്കാൻ കാരണം.
27 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ മീൻ പിടിക്കാൻ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രതാ നിർദേശം.
നാളെ രാത്രി 11.30 വരെ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള,തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
ഒരുരാത്രികൊണ്ട് മൂന്ന് വളർത്തുപശുക്കളെ കൊന്ന് കേണിച്ചിറയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിത്താഴെ കിഴക്കയിൽ സാബുവിന്റെ വീടിനുസമീപത്ത് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവയെ കണ്ടാൽ മയക്കുവെടിവെക്കാൻ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്. 10 വയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണിത്.
നേരത്തെ ഒമ്പതുമണിയോടെ മാളിയേക്കല്‍ ബെന്നിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കടുവ എത്തിയിരുന്നു. തൊഴുത്തിലെത്തിയതിന്റെ ദൃശ്യം പുറത്തുവന്നു. പശുക്കളെ കൊന്ന അതേ തൊഴുത്തിലാണ് കടുവയെത്തിയത്. കടുവയ്ക്ക് അവശതയുള്ളതായി സംശയമുണ്ട്. പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടിലുള്ള ഒരു ആടിനെ ചത്തനിലയില്‍ കണ്ടെത്തി.
പിണറായി മന്ത്രിസഭയിൽ ഇനി ഒ.ആർ.കേളുവും; പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ മന്ത്രിയായ ഒ.ആർ. കേളു, വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു.
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ മന്ത്രിയായ ഒ.ആർ. കേളു, വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായാണ് കേളു മന്ത്രിപദവിയിലേക്ക് അധികാരത്തിലേക്കെത്തുന്നത്.
മുൻ മന്ത്രി കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് സിപിഎം വക്‌താക്കൾ പറയുന്നത്. അതേസമയം, കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതിനെതിരെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും വലിയതോതിലുള്ള വിമർശനവും ഉന്നയിക്കുന്നത്ഉയർന്നു വന്നിരുന്നു. വയനാട്ടില്‍നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സിപിഎം ജനപ്രതിനിധിയാണ് കേളു.
വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് മാനന്തവാടി ജനങ്ങള്‍ക്കുള്ളത്. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒ.ആര്‍. കേളു എം.എല്‍.എ.യുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.
സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷവിമർശനമുയർന്ന സി.പി.എം. സംസ്ഥാനസമിതിയിൽ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജൻ. ഭാവിയിൽ കെ.കെ. ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ജയരാജന്റെ പരാമർശം.
വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്- ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജൻ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ സമീപനവും സാധരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ പരാമർശത്തിന് രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. വിമർശനങ്ങൾക്കൊന്നും യോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല.
പാർട്ടിയിലെ ഒരുനേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ, അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നരീതി സി.പി.എമ്മിലില്ല. ഗൗരിയമ്മ മുതൽ വി.എസ്. അച്യുതാനന്ദൻവരെയുള്ളവരുടെ പേരുകൾ അങ്ങനെ ഉയർന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാർട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അസാധാരണ നീക്കമായി ജയരാജന്റെ പരാമർശം വിലയിരുത്തപ്പെടുന്നത്.
ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സൈബര്‍ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ 5107 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്‌സൈറ്റുകളും തടഞ്ഞു. നഷ്ടപ്പെട്ട 201 കോടിയില്‍ 20 ശതമാനം തുക തിരിച്ചുപിടിച്ചു.
അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1511 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തട്ടിപ്പിനുപയോഗിച്ച 1730 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു. തട്ടിയെടുക്കുന്ന പണം നിക്ഷേപിക്കാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്ന 50 ലേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു.
റിസര്‍വ് ബാങ്ക് അംഗീകരിച്ച നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ലോണ്‍ ആപ്പുകളെക്കുറിച്ചും ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തില്‍ നിന്ന് തട്ടിച്ചത് 617.59 കോടി രൂപയാണ്. ഇതില്‍ തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മെയ് വരെ നഷ്ടപ്പെട്ട തുകയാണിത്. വന്‍തുക കിട്ടുമെന്ന പ്രലോഭനത്തിലും കേസില്‍ കുടുക്കുമെന്ന് സി.ബി.ഐ ചമഞ്ഞുള്ള ഭീഷണികള്‍ക്ക് വഴങ്ങിയും ലോണ്‍ ആപ്പുകളില്‍ തലവച്ചും മൊബൈലിലെത്തുന്ന ഒ.ടി.പി പങ്കിട്ടുമാണ് മിക്കവരും തട്ടിപ്പിനിരയാകുന്നത്.
പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയും കോടികള്‍ തട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയും മറ്റു രാജ്യങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പായതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്.