Kerala

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് മാറിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാറാത്തത് മാറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് . കൂടുതൽ വ്യക്തത തേടിയപ്പോൾ, അതിന്റെ മേൽ ആവശ്യമില്ലാത്ത ചർച്ച വേണ്ടെന്നായിരുന്നു എകെജി സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച പ്രസ്താവനകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ സംഭവങ്ങളിൽ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നും എന്നാൽ അത് അടഞ്ഞ അധ്യായമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ മൂന്നാംഭരണത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന്, “അക്കാര്യത്തിൽ എന്തു സംശയം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എൻഎസ്എസുമായുള്ള ബന്ധം കുറവായിരുന്നില്ലേ എന്ന മാധ്യമചോദ്യത്തിന്, “സ്വരച്ചേർച്ച ഇല്ലാത്തിടത്തല്ലേ ചേർച്ച ആവശ്യമുള്ളത്” എന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. ഇടതുപക്ഷത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്, സർക്കാർ നിലപാടിനും വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒക്ടോബറിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട എയിംസ് നഷ്ടപ്പെടുത്താൻ കേന്ദ്രമന്ത്രി ബിജെപിയിലെ ഒരു വിഭാഗത്തോടൊപ്പം ശ്രമിക്കുന്നുവെന്നും, അത് കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന നിരുത്തരവാദപരമായ നടപടിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

തെക്കൻ, മധ്യകേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ വിവിധ തീയതികളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നദിക്കരകളും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശക്തമായ കാറ്റും മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനുള്ള സാധ്യതയും മുന്നിൽ കാണിച്ച് അടച്ചുറപ്പില്ലാത്ത വീടുകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് മാറുംവരെ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കൊച്ചി ∙ ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് നിയമവിരുദ്ധമായി എസ്‌യുവികള്‍ കടത്തിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസില്‍ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ‘ഫസ്റ്റ് ഓണര്‍’ വാഹനത്തിന്റെ ഉടമ മാഹീന്‍ അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. അരുണാചലില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തി.

കേസിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പലരും സ്വന്തമാക്കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.

ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതായിരുന്നു രീതി. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 200ഓളം വാഹനങ്ങള്‍ വിറ്റിട്ടുണ്ടെന്നാണ് പു റത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവയെല്ലാം പിടിച്ചെടുക്കാന്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കുമെന്ന സൂചനയുമുണ്ട്.

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയെ തുടര്‍ന്ന് യൂട്യൂബര്‍ കെ.എം. ഷാജഹാനെ ആക്കുളത്തെ വീട്ടിൽനിന്ന് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസിന്റെ 5 മണിക്കൂർ നീണ്ട മൊഴിയെടുക്കലിനു ശേഷം ഷാജഹാനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് .

ഷൈനിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ഓൺലൈനിൽ അപകീര്‍ത്തികര പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് കെ.എം. ഷാജഹാൻ. ഒന്നാം പ്രതിയായ കോൺഗ്രസ് പരവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.കെ. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

പോലീസ് അന്വേഷണം തുടരുന്നതിനിടെ, ഷൈനും മറ്റ് പ്രതികളും കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും, ഡിജിറ്റല്‍ സാക്ഷ്യങ്ങള്‍ പരിശോധിക്കാനും തയ്യാറായതായി പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പോലീസിനോട് സഹകരിച്ച് ദുരുപയോഗപ്പെടുത്തപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് സഹായം നല്‍കുന്നു. ഐടി വിദഗ്ധർ വ്യാജ അക്കൗണ്ടുകള്‍ കൂടാതെ പോസ്റ്റുകളുടെ പ്രചാരണം എത്രത്തോളം ബാധിച്ചു എന്ന് പരിശോധിക്കുന്നുണ്ട്. .

വിഴിഞ്ഞത്തുനിന്ന് കാണാതായ പതിമൂന്നുകാരി വിമാന മാർഗം ഡൽഹിയിലേയ്ക്ക് പോയതായി പൊലീസ് കണ്ടെത്തി. കുടുംബാംഗങ്ങൾ പൊലീസിനെ വിവരം അറിയിച്ച ശേഷം നടത്തിയ അന്വേഷണത്തിലൂടെ ആണ് പെൺകുട്ടിയെ കണ്ടെത്തിയത് .

ഡൽഹിയിൽ നിന്നുള്ള പൊലീസ് സംഘം പെൺകുട്ടിയെ ബന്ധപ്പെടുകയും, കുടുംബത്തിനൊപ്പം മടക്കിക്കൊണ്ടുവരാൻ ഒരുക്കമാകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാരോപിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എംപി ഷാഫി പറമ്പിലിനെതിരെ തുറന്നടിച്ചു. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തിയത് .

ഷാഫിയും രാഹുലും സ്ത്രീ വിഷയത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും, രാഹുലിന്റെ ഹെഡ് മാഷ് ഷാഫി പറമ്പിലാണെന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട സംഭവങ്ങളിൽ ഷാഫി പറമ്പിൽ പ്രതികരിക്കാത്തത് ഇത്തരത്തിലുള്ള ബന്ധത്തിന്റെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെ സസ്പെൻഡ് ചെയ്ത നടപടി വിഡി സതീശൻ എടുത്തത് നിർബന്ധിതമായ സാഹചര്യത്തിലാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിൽ ഉയർന്ന തലത്തിലുള്ള ചില നേതാക്കളുടെ സംരക്ഷണം കൊണ്ടാണ് ഇരുവരും ഇത്രകാലം രക്ഷപ്പെട്ടതെന്നും, പാർട്ടിയിൽ തന്നെ വലിയ അധ്യാപകരാണ് മുകളിൽ ഇരിക്കുന്നതെന്നും സുരേഷ് ബാബു വിമർശിച്ചു.

വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജി സമർപ്പിച്ചു. കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ രൂക്ഷമായതും നേതൃതലത്തിൽ ചേരിതിരിവ് ശക്തമായതുമാണ് രാജിയിലേക്ക് നയിച്ചത്. അപ്പച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്.

വയനാട്ടിലെ കോൺഗ്രസിൽ നടന്ന ചില ആത്മഹത്യാ സംഭവങ്ങൾ പാർട്ടി തലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനത്തിനിടെയാണ് പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യയും തുടർന്ന് ഡിസിസി ഭാരവാഹിയുടെ ബന്ധുവിന്റെ ആത്മഹത്യാശ്രമവും ഉണ്ടായത്. ഇതോടെ ഹൈക്കമാൻഡ് അടക്കം ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു.

പ്രിയങ്കാ ഗാന്ധി പര്യടനം അവസാനിച്ച് മടങ്ങിയ ദിവസങ്ങൾക്കകം അപ്പച്ചന്റെ രാജിയുണ്ടായി. ഇതേ സമയം ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ പേരിലുള്ള ബാങ്ക് വായ്പ കെപിസിസി അടച്ചുതീർത്ത് പ്രശ്നങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, രാജിക്കുശേഷവും വയനാട്ടിലെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നുവെന്നാണ് സൂചന.

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊമ്മേരി സ്വദേശിയും കാട്ടികുളങ്ങര സ്വദേശിയുമായ ഹരിദാസനെയാണ് (64) നടക്കാവ് പൊലീസ് പിടികൂടിയത്. 15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിനിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, സിപിഒ സുബൈർ എന്നിവരുടെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തെ തുടർന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സമൂഹവും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനൊപ്പം വികസനം നടത്താനുള്ള ഇടതുമുന്നണി സർക്കാരിന്റെ സമീപനത്തിനെതിരെ വിമർശനമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഒൻപതാണ്ട് വിട്ടു നിന്ന ശേഷം എൻഎസ്എസ് വീണ്ടും ‘സമദൂരത്തിലേക്ക്’ തിരിച്ചെത്തി, ശബരിമലയുടെ വിഷയത്തിൽ സർക്കാർ നിലപാടിന് പിന്തുണ അറിയിച്ചു.

കോൺഗ്രസിനെ വിമർശിച്ചും സർക്കാരിന്റെ നിലപാടിനെ അംഗീകരിച്ചും പ്രശംസിച്ചു ആണ് സുകുമാരൻ നായർ ഇടതുപക്ഷത്തിന് രാഷ്ട്രീയ പിന്തുണ നൽകിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇതിനെ അംഗീകരിച്ച്, ആഗോള അയ്യപ്പസംഗമം ഇടതുപക്ഷത്തിന് പ്രധാന സാമുദായിക പിന്തുണയായി മാറിയതായി പറഞ്ഞു.

എൻഎസ്എസ് സർക്കാർ സത്യവാങ്മൂലം പാലിക്കുന്നതിനും വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ടതായും, കോൺഗ്രസ് കള്ളക്കളി കളിക്കുകയാണെന്നും സുകുമാരൻ നായർ നിർവചിച്ചു. സർക്കാർ നിലപാടിനെ വിശ്വസിക്കാമെന്ന് അദ്ദേഹം പറഞ്ഞു, യുവതീപ്രവേശ കാര്യത്തിൽ സർക്കാർ ഏതെങ്കിലും നടപടിക്രമം തിരുത്തിയില്ലെന്നും, കേസുകൾ പിൻവലിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് സംരക്ഷണത്തിലാണ് ആലുവയിൽ ചോദ്യം ചെയ്യൽ നടന്നത്.

‘പ്രതിപക്ഷം’ എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചുവെന്ന ഷൈനിന്റെ പരാതിയിലാണ് കേസ്. എന്നാൽ, താൻ അവഹേളിച്ചിട്ടില്ലെന്നാണ് ഷാജഹാന്റെ മറുപടി. ഇതോടൊപ്പം, ഒന്നാം പ്രതിയായ സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

അതേസമയം, തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപണം ഉന്നയിച്ചു . പറവൂർ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള മൂന്നാം പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

RECENT POSTS
Copyright © . All rights reserved