ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു ആദിത്യ. എന്നാൽ കുറച്ചുനാളുകൾക്കു മുൻപ് പ്രണയബന്ധം അവസാനിപ്പിച്ചിരുന്നു. ഇത് അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്‌സും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.
യുകെയിൽ സ്കൂൾ അവധി കാലം ആരംഭിച്ചതോടെ ഒട്ടേറെ മലയാളികൾ ആണ് നാട്ടിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ഈ വട്ടം നാട്ടിലെത്തി തങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ രുചിക്കാൻ ഒരു പക്ഷെ ഈ അവധി കാലത്ത് സാധിച്ചേക്കില്ല. ഏറ്റവും വലിയ ദുരന്തം രുചിയുള്ള കടൽ മത്സ്യങ്ങൾ കിട്ടാനില്ല എന്നതാണ്. ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതയിലെ കുറവുമാണ് പ്രധാനകാരണം. ട്രോളിംഗ് നിരോധന സമയത്ത് കേരളത്തിൽ വിറ്റഴിക്കാൻ സൂക്ഷിച്ചു വയ്ക്കുന്ന പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും ഒരു വശത്തുണ്ട്.
പലസ്ഥലങ്ങളിലും പക്ഷിപ്പനി രൂക്ഷമായതോടെ കോഴിയിറച്ചിയും താറാവും കിട്ടാനില്ല. മാർക്കറ്റിലെ മീൻ ചന്തകളിൽ സുലഭമായുള്ളത് വളർത്തുമത്സ്യങ്ങൾ മാത്രമാണ്. നെയ്യ് മുറ്റിയ വളർത്തുവാള ഉൾപ്പെടെയുള്ള മീനുകളിൽ മലയാളികൾക്ക് താത്പര്യം കുറവാണ്. മീനുകളെ കുറിച്ച് കാര്യമായ വിവരമില്ലാത്തവരെ വളർത്തുവാള കാണിച്ച് ആറ്റു വാളയാണെന്ന് പറഞ്ഞ് വിൽക്കുന്ന സംഭവങ്ങളും ഉണ്ട്. കറിവെച്ച് കഴിയുമ്പോഴായിരിക്കും അബദ്ധം മനസ്സിലാകുന്നത്.
കടൽ മീൻ ലഭ്യത കുറഞ്ഞതോടെ വളർത്തുമത്സ്യങ്ങളുടെ വിലയും കൂടി. വീടുകളിൽ വാഹനങ്ങളിൽ മത്സ്യം എത്തിച്ചിരുന്നവരും റോഡരികിൽ തട്ട് സ്ഥാപിച്ച് കച്ചവടം നടത്തുന്നവരും ഇതിൽ നിന്ന് പിന്തിരിഞ്ഞു. പച്ചമീനുകളുടെ ലഭ്യത കുറവിനെ തുടർന്ന് വളർത്തുമത്സ്യങ്ങൾക്കും, ഉണക്കമീനുകൾക്കും ആവശ്യക്കാരുമേറി.
പച്ചക്കറികൾ വാങ്ങാമെന്ന് കരുതിയാലും തീവിലയാണ്. രണ്ടാഴ്ച മുൻപ് വില കുറഞ്ഞുനിന്നിരുന്ന പച്ചക്കറികളുടെ വില കുത്തനെയാണ് ഉയർന്നത്. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ പച്ചക്കറികൾ സംസ്ഥാനത്തേയ്ക്കെത്തുന്നത്.
മുളക്, ബീൻസ്, മുരിങ്ങയ്ക്ക, വെളുത്തുള്ളി എന്നിവയുടെ വില 100 രൂപയ്ക്ക് മുകളിലാണ്. മുളക് 160, കാരറ്റ് 80, തക്കാളി 90, ബീൻസ് 160,പാവയ്ക്ക 80, വഴുതനങ്ങ 80, കിഴങ്ങ് 60, കോവയ്ക്ക 80, ചേന 90, കൂർക്ക 90, പയർ 90, വെള്ളരി 60 പടവലം 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
കുമരകം കരിമീൻ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീനിന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിലും ലഭിക്കുന്നത് ആന്ധ്ര മീനാണ്. യഥാർത്ഥ കരിമീനിന്റെ വില കൊടുക്കുകയും വേണം.
തിരഞ്ഞെടുപ്പിലെ തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതലിനിടെ സി.പി.എമ്മിനുള്ളിൽ അതൃപ്തി കനംവെക്കുന്നു. തിരുത്തുമെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു.
തോൽവിയുടെ കാരണംതേടി പാർട്ടി നേതൃയോഗങ്ങൾ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നോക്കി മറുവാക്ക് പറയാൻ കഴിയാത്ത ആൾക്കൂട്ടമായി പാർട്ടി നേതൃഘടകം മാറുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഐസക്കിന്റെ നിലപാട് എന്നതും പ്രധാനമാണ്.
ഇടതുവോട്ടുകൾ കൂട്ടത്തോടെ ചോർന്നതിന്റെ അസ്വാരസ്യങ്ങൾ ആലപ്പുഴയിൽ പുകയുന്നുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്ന നിലപാട് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയിൽ ഉയർത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനെതിരേ അവിടെ കടുത്ത വിമർശനമാണുണ്ടായത്.
എന്തുകൊണ്ട് തോറ്റുവെന്നതിന്, കേന്ദ്രഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം കോൺഗ്രസിന് അനുകൂലമായി മാറിയെന്ന മുഖ്യമന്ത്രിയുടെ തിയറി ഭൂരിപക്ഷം നേതാക്കൾക്കും അത്രയ്ക്ക് ദഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സമീപനവും സർക്കാരിന്റെ പ്രവർത്തനവും ഇടതുവിരുദ്ധ വോട്ടായി മാറിയിട്ടുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. പക്ഷേ, അത് പാർട്ടിയോഗത്തിൽ ഉയരാനിടയില്ലെന്ന കാര്യം അവർതന്നെ സൂചിപ്പിക്കുമ്പോഴാണ് ഐസക്കിന്റെ പ്രതികരണം. ഇനി സംസ്ഥാന കമ്മിറ്റി ഇതിനെ എങ്ങനെ പരിശോധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. .
ഇടതുവോട്ടുകൾ ചോർന്നുപോയതിന്, പ്രവർത്തകരുടെ പെരുമാറ്റശൈലി തൃപ്തികരമല്ലാത്തതാണോ, അഴിമതി സംബന്ധിച്ചുള്ള പല ആക്ഷേപങ്ങളും വന്നതിലുള്ള ദേഷ്യമാണോ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ, കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെവന്നപ്പോഴുള്ള ദേഷ്യമാണോ എന്നെല്ലാം പരിശോധിക്കണമെന്നാണ് ഐസക് പറഞ്ഞത്. ഇതിലേറെയും മുഖ്യമന്ത്രിക്ക് കൊള്ളുന്നതുമാണ്.
തിരഞ്ഞെടുപ്പിനുമുമ്പ് ഉയർന്ന അഴിമതി ആരോപണത്തിൽ പ്രധാനം മാസപ്പടിയാണ്. ഇത് മുഖ്യമന്ത്രിക്കും മകൾക്കുമെതിരേയുള്ളതാണ്. പെരുമാറ്റശൈലിയിലും വിമർശനം നേരിടുന്നതും പ്രധാനമായും മുഖ്യമന്ത്രിയാണ്.
ഐസക് ചൂണ്ടിക്കാട്ടിയ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടവും പാർട്ടിയെ ബാധിക്കുന്ന കാരണമല്ല. അതിനാൽ, തിരുത്തേണ്ടത് മുഖ്യമന്ത്രിയും സർക്കാരുമാണെന്ന ചർച്ചയിലേക്ക് പാർട്ടിയെ നയിക്കാനുള്ള മുന്നൊരുക്കമാകുമോ ഐസക്കിന്റെ വിമർശനം എന്നതും ഇനി അറിയാനിരിക്കുന്നതേയുള്ളൂ.
സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തിരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി, കുടുംബവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ എന്നിവ തിരിച്ചടിയായെന്നും കൗൺസിലിൽ വിലയിരുത്തി.
സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ഉടലെടുത്തത് തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ മതയോഗങ്ങളായി മാറി, മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നടത്തിയ നവകേരള സദസ് ധൂർത്തായി മാറി. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും വിമർശനം ഉയർന്നു.
തിരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെതിരെ സിപിഐയുടെ പല ജില്ലാ യോഗങ്ങളിലും വിമർശനമുയർന്നിരുന്നു. വോട്ടിങിൽ പ്രതിഫലിച്ചത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന അഭിപ്രായം എല്ലാവർക്കുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ട്.
ഇടുക്കി പൈനാവിൽ ഭാര്യാമാതാവിന്റെയും ഭാര്യ സഹോദരന്റെയും വീടിന് യുവാവ് തീയിട്ട സംഭവത്തിൽ ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്ന് പൊലീസ്. പ്രതി സന്തോഷിന്റെ സമ്മതമില്ലാതെയാണ് ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ച്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഭാര്യാമാതാവ് അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്ന് കരുതിയാണ് സന്തോഷ് വീടിന് തീയിട്ടതെന്നും ഇടുക്കി എസ്‌പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു.
കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകൾക്കാണ് പുലർച്ചയോടെ തീയിട്ടത്. സംഭവം നടക്കവേ രണ്ടു വീട്ടിലും ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. വഴിയിലൂടെ പോയ നാട്ടുകാരാണ് വീട് കത്തുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.
പ്രിൻസി ഇറ്റലിയിൽ നഴ്സാണ്. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ് പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചിരുന്നു. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്നക്കുട്ടിക്ക് 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലുണ്ട്.
ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ നമീബിയയെ നിലംപരിശാക്കി ഇംഗ്ലണ്ട് സൂപ്പർ എട്ടിലേക്കുള്ള വഴി കൂടുതല്‍ ദൃഢമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് തങ്ങളുടെ അവസാന മത്സരത്തില്‍ 41 റണ്‍സിന് നമീബിയയെ പരാജയപ്പെടുത്തി. ഓസ്ട്രേലിയ സ്കോട്ട്ലൻഡ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇനി ഇംഗ്ലണ്ടിന്റെ ഭാവി..
ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് നമീബിയയ്ക്കെതിരെ തകർപ്പൻ ജയം സമ്മാനിച്ചത്. മഴ ദീർഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ പുറത്താകല്‍ ഭീഷണിയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവില്‍ 11 ഓവറാക്കി വെട്ടിചുരുക്കിയ മത്സരം വീണ്ടും മഴയെത്തിയതോടെ 10 ഓവറാക്കി മാറ്റി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറില്‍ 122 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയ നമീബിയയ്ക്ക് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. പത്ത് ഓവറില്‍ 84 റണ്‍സെടുക്കാനെ നമീബിയയ്ക്ക് ആയുള്ളൂ.
നേരത്തെ ടോസ് നേടിയ നമീബിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോയും ഹാരി ബ്രൂക്കുമാണ് കരകയറ്റിയത്. ഹാരി ബ്രൂക്ക് 20 പന്തില്‍നിന്ന് 47 റണ്‍സടിച്ചപ്പോള്‍ ബെയർസ്റ്റോ 18 പന്തില്‍ നിന്ന് 31 എടുത്തു.
രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലീഷ് സ്കോർ രണ്ടില്‍നില്‍ക്കെ ബട്ട്ലറെ (0)നഷ്ടപ്പെട്ടു. മൂന്നാം ഓവറില്‍ ഫില്‍ സാല്‍ട്ടും (11) മടങ്ങി. പിന്നീടാണ് ബെയർസ്റ്റോയും ഹാരി ബ്രൂക്കും താണ്ഡവമാടിയത്. ബെയർസ്റ്റോ മടങ്ങിയതിന് പിന്നാലെ എത്തിയ മൊയീൻ അലിയും ലിയാം ലിവിങ്സ്റ്റോണും മോശമാക്കിയില്ല.
മൊയീൻ അലി ആറ് പന്തില്‍ നിന്ന് 16 അടിച്ചു. നാല് പന്തില്‍ നിന്ന് 13 റണ്‍സായിരുന്നു ലിയാമിന്റെ സംഭാവന. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 122 അടിച്ചത്.
കുവൈറ്റിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമെന്ന് എന്‍ബിടിസി എം.ഡി കെ.ജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ കെ.ജി എബ്രഹാം വിതുമ്പിക്കരഞ്ഞു.
തീപിടിത്തത്തില്‍ മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കും. നഷ്ട പരിഹാരമായി പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദേഹം വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണും. ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നും നിയമങ്ങള്‍ക്ക് വിധേയമായാണ് ആളുകളെ താമസിപ്പിച്ചതെന്നും അദേഹം പറഞ്ഞു.
എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. സാമ്പത്തിക സഹായം മാത്രല്ല, ജോലി വേണ്ടവര്‍ക്ക് അതുറപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല രീതിയിലുളള ഇടപെടലാണ് ഉണ്ടായത്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ക്യാമ്പുകളുടെ പരിശോധന എല്ലാ സമയത്തും നടത്താറുണ്ടെന്നും കെ.ജി എബ്രഹാം പറഞ്ഞു.
ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണം.
അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാര്‍ട്ട്‌മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകട വിവരം അറിയുന്നത്. വിഷയം അറിഞ്ഞതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. പ്രഷറും ഷുഗറും വര്‍ധിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് മാറിയെന്നും കെ.ജി എബ്രഹാം പറഞ്ഞു.
ആത്മഹത്യക്ക് ശ്രമിച്ച കാമുകനെ ആശുപത്രിയിൽ പോയി കണ്ട് മടങ്ങും വഴി, വിഷമം താങ്ങാനാവാതെ കാമുകി വിഷം കഴിച്ചു. പിന്നാലെ തല കറങ്ങിയതോടെ ഓടി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ എത്തിച്ച് പൊലീസ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന വിവാഹിതനായ ആണ്‍സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്.
യുവതി അഞ്ചല്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ ഹോസ്പിറ്റലില്‍ കണ്ട് മടങ്ങുമ്ബോഴാണ് സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി സഞ്ചരിച്ചിരുന്നത്, വഴിയില്‍ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.
ആണ്‍ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാള്‍ വിവാഹിതനാണത്രെ. പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിയുടെ ബാഗില്‍ നിന്ന് ശീതളപാനിയത്തില്‍ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിച്ച ബാബുവിനെ പിടികൂടാൻ എത്തിയ പൊലീസിനെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.