Kerala

ദൂരെ നിന്നും തോട്ടിലൂടെ  ഒഴുകി വരുന്നത് അജ്ഞാത മൃതദേഹമാണ് കരുതി പോലീസിനെ വിവരമറിയിച്ച് കാത്തിരുന്ന നാട്ടുകാർക്ക് മുന്നിൽ ഒഴുകിയെത്തിയത് ജീവനുള്ള സ്ത്രീ . യുവാക്കളുടെ സമയോചിതമായ ഇടപെടലിൽ തിരികെ ലഭിച്ചത് എടത്വ കോയില്‍മുക്ക് കിഴക്കേടത്ത് പരേതനായ തമ്പിയുടെ ഭാര്യ പുഷ്പ (52) യുടെ ജീവൻ. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലായിരുന്നു.

തോട്ടിലൂടെ ഒഴുകിവരുന്നത് ജഡമാണെന്ന് കരുതി നോക്കി നിന്നവർക്ക് മുന്നിൽ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്പില്‍ തട്ടിയതോടെ കൈ ചെറുതായി ഉയര്‍ന്നു. ഇതോടെ ജീവനുണ്ടെന്ന് മനസ്സിലായപ്പോൾ ജീവന്‍ പണയം വച്ച്‌ ചെറുപ്പക്കാര്‍ രണ്ടും കല്പിച്ചു വെള്ളത്തിലേക്ക് ചാടി. അവരെ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. എടത്വ കോയില്‍മുക്ക് കൊല്ലന്റെ കിഴക്കേതില്‍ സുരേഷ്, ചെമ്പകശ്ശേരില്‍ അനന്തു, മാരാമുറ്റത്ത് അഖില്‍, പരുത്തിക്കല്‍ ജോജന്‍, ജോബി എന്നിവരാണു വെള്ളത്തില്‍ച്ചാടി പുഷ്പയെ കരയ്‌ക്കെടുത്തത്.

കോയില്‍മുക്ക് പേരങ്ങാട് സ്‌കൂളിനു സമീപം കരിങ്ങോഴിക്കല്‍ തോട്ടില്‍ കുഴിപടവ് പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. യുവാക്കളുടെ സമയോചിത ഇടപെടൽ കൊണ്ട് പുഷ്പയ്ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്തു.
കരയ്‌ക്കെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു പുഷ്പ. ഉടനെ എടത്വയില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയും പുഷ്പയ്ക്കു ബോധം വീണ്ടുകിട്ടിയിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പുഷ്പയുടെ വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ രണ്ടു ദിവസമായി വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തോട്ടിലേക്ക് ഇട്ടിരുന്ന മോട്ടോറിന്റെ വാല്‍വില്‍ പോള കയറുന്നതു പതിവായതിനാല്‍ അത് എടുത്തു മാറ്റാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒഴുക്കുണ്ടായിരുന്നെങ്കിലും ആഴം കുറവായതു രക്ഷയായി. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലൂടെ ഒഴുകി പോയി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഒടുവില്‍ അനുമതി. അനുമതി തരാന്‍ വൈകിപ്പിച്ച റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ രംഗത്ത് വന്നിരുന്നു. പൂരക്കാഴ്ച്ചയുടെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വെടിക്കെട്ട്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടാകുന്നത് സ്വഭാവികമാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.

വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. നാളെ നടക്കേണ്ട വെടിക്കെട്ടിന് വലിയ തയ്യാറെടുപ്പുകളാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെടിക്കെട്ടിന്റെ മാറ്റ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ പൂരപ്രേമികള്‍ ഇത്തവണ തൃശൂരിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സമീപ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്ക് കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.

കണ്ണൂര്‍: കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി സൗമ്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഇവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു വരും.

എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.

മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാന്‍ ചില ഘട്ടങ്ങളില്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവര്‍ക്കു മുന്‍പിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. പക്ഷേ കാമുകന്മാര്‍ അടക്കം എത്തിയതോടെ എല്ലാം സൗമ്യ തുറന്നു സമ്മതിച്ചു. ഇതോടെ പിണറായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചു.

വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ് നിര്‍ണ്ണായകമായത്. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ എലിവിഷം ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷെ സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗമ്യയുടെ മെഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ സൂചന ഇല്ലായിരുന്നു. ചര്‍ദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നല്‍കി. ഇതോടെ സൗമ്യയെ പൊലീസ് നിരീക്ഷിച്ചു. പ്രവര്‍ത്തികളില്‍ സംശയം തോന്നി.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.

ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.

തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്‌ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉള്ളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും നിര്‍ണ്ണായകമായി.

ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സൗമ്യയെത്തേടി പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കുറ്റം സമ്മതിച്ചു.

അവിഹിതബന്ധങ്ങള്‍ക്കു തടസം നില്‍ക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്. അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം: ലിഗ മരിച്ചത് ശ്വാസം മുട്ടിയാകാമെന്ന് നിഗമനം. മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതോടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുകയാണ്. രാസപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരുകയുള്ളു. പ്രാഥമിക നിഗമനങ്ങള്‍ പോലീസിന് കൈമാറി.

കോവളത്ത് ലിഗയെ വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും പുറത്തു വന്നിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഡ്രൈവറായ സജി മൊഴി നല്‍കിയത്. ഇതും മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്നതാണ്. ജാക്കറ്റ് ലിഗയുടേതല്ലന്ന് സഹോദരി ഇല്‍സിയും വ്യക്തമാക്കിയിരുന്നു.

തിരുവല്ലത്തെ കണ്ടല്‍കാടില്‍ ലിഗ എങ്ങിനെ എത്തിയതെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ലിഗയെ കടവ് കടത്തിയിട്ടില്ലെന്നാണ് കടത്തുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് നിഗമനങ്ങളും മൊഴികളും സ്വാഭാവിക മരണമെന്ന പോലീസ് നിഗമനത്തെ തള്ളുകയാണ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചതായി റിപ്പോർട്ടുകൾ. ചൊ​വ്വാ​ഴ്ച മൂ​ന്നു മണിമുതൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കുള്ള പ്രവേശന വിലക്കാണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​റ​വി​റ​ക്കിയത്. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​മെ​ന്ന ദേ​ശീ​യ സ​മു​ദ്ര​ഗ​വേ​ഷ​ണ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് അധികൃതരുടെ പുതിയ തീരുമാനം.

ഇതോടൊപ്പം തന്നെ കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് തീ​ര​ങ്ങ​ളി​ല്‍ രണ്ടര മു​ത​ല്‍ മൂ​ന്നു മീ​റ്റ​ര്‍ വരെ ഉ​യ​ര​ത്തി​ലു​ള്ള അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും തീ​ര​ദേ​ശ​വാ​സി​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

കോട്ടയം നഗര മധ്യത്തുനിന്നും കള്ളന്‍ ജെസിബി കൊണ്ടു പോയി. കെഎസ്ടിപിയുടെ റോഡ് നിര്‍മാണത്തിന് കൊണ്ടു വന്ന ജെ സി ബി ആണ് കള്ളന്‍ കൊണ്ടുപോയത്, പണികിട്ടിയത് കരാറുകാരനും. ശനിയാഴ്ച്ച വൈകുന്നേരം തൊഴിലാളികള്‍ പണി കഴിഞ്ഞ് ബേക്കര്‍ ജംഗ്ഷനിലെ റോഡരികില്‍ ജെസിബി നിര്‍ത്തിയിട്ട ശേഷം മടങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച വീണ്ടും പണിക്ക് വന്നപ്പോഴാണ് ജെസിബി മോഷണം പോയ വിവരം തൊഴിലാളികള്‍ മനസിലാക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് കരാറുകാരന്‍ പൊലീസിനെ സമീപിച്ചു. ഈ മോഷണത്തെ അപൂര്‍വ സംഭവമായിട്ടാണ് പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് ജെസിബി കൊണ്ടു പോയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ജെസിബി ഓടിച്ചുകൊണ്ടു പോയോ അതോ മറ്റേതെങ്കിലും വാഹനം കൊണ്ടുവന്നു കയറ്റി കൊണ്ടു പോയോ എന്ന സംശയത്തിലാണ് പൊലീസ്. ഇതിനു ഉത്തരം തേടി നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.ജെസിബിക്ക് 15 ലക്ഷം രൂപ വിലമതിക്കുമെന്നാണ് കരാറുകരാന്‍ പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം: കോവളത്ത് കണ്ടല്‍കാട്ടില്‍ നിന്ന് കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് എത്തിച്ച ഷാജി എന്ന ഓട്ടോ ഡ്രൈവറാണ് മൃതദേഹത്തിലെ വസ്ത്രം തിരിച്ചറിഞ്ഞത്. എന്നാല്‍ ലിഗ ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ഷാജി പറഞ്ഞു. ഈ മൊഴിയോടെ ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.

മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും അവര്‍ വ്യക്തമാക്കി. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തെ വിപുലീകരിച്ചിരുന്നു. മൂന്ന് എസിപിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. മരണം സംബന്ധിച്ച് ലിഗയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ വീടാക്രമണ കേസിലെ പ്രതികള്‍. എസ്ഐ ദീപക് ശ്രീജിത്തിന്റെ അടിയവയറ്റില്‍ ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചവിട്ടേറ്റ് വേദനകൊണ്ട് കരഞ്ഞ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.

എസ്ഐ ദീപക് പോലീസ് സ്റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലെത്തി തങ്ങളെ മര്‍ദ്ദിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ശ്രീജിത്തിനെയും അദ്ദേഹം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അവര്‍ പറഞ്ഞു. ആര്‍ടിഎഫുകാര്‍ തങ്ങളെ പിടികൂടിയ സമയത്ത് തന്നെ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ശേഷം എസ്‌ഐയും മര്‍ദ്ദിച്ചു.

വയറിലേറ്റ ശക്തമായ ചവിട്ട് കാരണം എണീക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശ്രീജിത്ത്. ആ സമയത്തും എസ്‌ഐ മര്‍ദ്ദനം തുടര്‍ന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. അതേസമയം പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാലത്ത് പുതിയ രീതിയിലുള്ള മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തോന്നിയത് വിളിച്ചു പറയുന്ന ഈ സംസ്‌കാരം ശരിയായ നിലപാടായി കാണാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. അതേസമയം വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: സ്വകാര്യാശുപത്രി നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഇന്നലെ രാത്രിയാണ് ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്മെന്റുകള്‍ക്ക് പദ്ധതിയുണ്ട്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംഘടനകള്‍ കൊച്ചിയില്‍ മറ്റന്നാള്‍ യോഗം ചേരുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ആശുപത്രി ബില്ലുകളടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്സുമാര്‍ മാറ്റിവെച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved