കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം പഞ്ചാബിലേക്ക്. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകുന്നത്. സംഘം ബുധനാഴ്ച യാത്ര തിരിക്കും. പഞ്ചാബ് പോലീസിനെ ഇതു സംബന്ധിച്ചുള്ള വിവരം ഔദ്യോഗികമായി അറിയിച്ചു.
ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലാണ് കാലതാമസമെന്നും എസ്.പി വ്യക്തമാക്കിയിരുന്നു. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ പരാതി നല്‍കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഫോണ്‍ ശബ്ദരേഖയാണ് പുറത്തു വന്നത്. ഇതില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ എര്‍ത്തയിലിനെതിരെയും നടപടിയുണ്ടാകും.
കോഴിക്കോട് ∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു 30നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് അയ്യപ്പ ധർമസേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത്, ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവൽസലൻ തുടങ്ങിയവർ പറഞ്ഞു. ഹർത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തും. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
അതേസമയം ഹർത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളിൽ ഒരു സംഘം നോട്ടിസുകൾ വിതരണം ചെയ്തു. ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടിസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തിൽ തിയേറ്ററുടമ പൊലീസിൽ പരാതി നൽകി.
എന്നാൽ ചില സംഘടനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകൾ കോട്ടയത്തു പതിവു പോലെ സർവീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. കെഎസ്ആർടിസി പതിവു പോലെ സർവീസ് നടത്തുമെന്നു കോട്ടയം ഉൾപ്പെടുന്ന സെൻട്രൽ സോണിന്റെ ട്രാഫിക് ഓഫിസർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചു.
ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർഎസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹർത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു. ശബരിമലയുടെ പേരിൽ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വർഷംകൊണ്ട് ഉയർന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു.
ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ല. ചില സംഘടനകൾ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവൽക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിന്റെ അഭിമാന താരം ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണെന്ന് പറഞ്ഞ ടോം ഫെബ്രുവരിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളില്‍ സുതാര്യതയില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ തലപ്പത്ത് അഴിമതിക്കാരും രാഷ്ട്രീയസ്വാധീനത്തില്‍ കയറിക്കൂടിയ കള്ളന്മാരുമാണെന്നാണ് താരം ആരോപിച്ചിരിക്കുന്നത്. വോളിബോള്‍ അസോസിയേഷനിലടക്കം നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിങ്ങള്‍ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോയെന്ന് കായിക മന്ത്രിയോടും കായിക കേരളത്തോടും ചോദിക്കുന്ന രീതിയിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫണ്ടില്‍ കയ്യിട്ടു വാരാത്ത പണക്കൊതിയന്മാരായ നല്ല സംഘാടകര്‍ പണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉള്ളവരെല്ലാം അഴിമതി നടത്തുന്നവരാണെന്നും ടോം ആരോപിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കായിക കേരളത്തോട്.
കായിക ഭരണകർത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.
നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ …
കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.
ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.
ഒരിക്കൽ, ഇന്നും.
വോളിമ്പോൾ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോർജും, ഉദയകുമാറും,സിറിൾ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപിൽദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓർമയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാൽ നിറയുന്നത്.
ആലുവ ടോർപിഡോയും, പാസ് കുറ്റ്യാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികൾ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.
വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.
പണകൊതിയൻമാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.
കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളർച്ചക്കും അവർ നിലകൊണ്ടിരുന്നു.
ഇന്നല്ല.
ഒരു പാട് മുൻപ്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളൻമാരും വരുന്നതിന് മുൻപുള്ള കാലമാണത്.
കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികൾ എന്തേ ഇതൊന്നും കാണാതെ പോകുന്നത്.
ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീർപ്പിക്കലും മാത്രമാണ്.
നിങ്ങൾ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോർട്ടുകൾ.
ആർക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവർ മുഖം തിരിക്കുന്നത്.
അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ.
കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു സ്പോട്സ് കൗൺസിൽ.
എന്തിനാണ് സർ
കായികതാരങ്ങളെ,
വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….
കൊച്ചി: മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും തെറിവിളിയും നടത്തിയ ഒരാള്‍കൂടി പോലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഹനാന്‍ ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് മത്സ്യ വില്‍പ്പന നടത്തിയതെന്ന വ്യാജ പ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജപ്രചരണം തുടങ്ങിവെച്ച ഫെയിസ്ബുക്ക് പേജുകളെ ആസ്പദമാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നൂറുദ്ദീന്‍ എന്ന വയനാട് സ്വദേശിയാണ് ആദ്യമായി വ്യാജ ആരോപണം ഉന്നയിച്ചത്. ഇയാളുടെ ഫെയിസ്ബുക്ക് ലൈവിന് പിന്നാലെ തെറിവിളികളുമായി ചിലര്‍ രംഗത്ത് വരികയായിരുന്നു. ഹനാനെ അപമാനിച്ചനവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പലരും അശ്ലീല പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കപ്പെട്ടവ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഉപജീവനമാര്‍ഗത്തിനായി മത്സ്യ വ്യാപാരം ആരംഭിച്ച ഹനാനെക്കുറിച്ച് വന്ന പത്ര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹനാന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി പെയ്ഡ് ന്യൂസ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തി ശ്രദ്ധനേടിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി. കുവൈറ്റിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് വീട് വയ്ക്കാന്‍ ഭൂമി നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയത്.
ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് ജോയി മുണ്ടക്കാടന്‍ രമേശ് ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്. ഹനാനോടുള്ള മലയാളിയുടെ സ്‌നേഹമാണ് ഈ ഭൂമി സമ്മാനം പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും കളക്ടറേറ്റിൽ ഇടുക്കി, മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ടു ചേർന്ന അടിയന്തരയോഗത്തിൽ മന്ത്രി എം.എം. മണിയും ജില്ലാ കളക്ടർ കെ. ജീവൻ ബാബുവും അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് വരെ 2,393.32 അടിയാണു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാൻ കാക്കാതെ 2,397 അടിയിലെത്തുന്പോൾ നിയന്ത്രിത അളവിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കാനുള്ള സാധ്യതകളാണ് പരിഗണിക്കുന്നത്.
അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പിൽ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് ഒഴിവാക്കും. സെൽഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകൾ തടിച്ചുകൂടുന്നത് നിരുത്സാഹപ്പെടുത്തും. ഇക്കാര്യത്തിൽബോധവത്കരണം നടത്തും.
വെള്ളമൊഴുകുന്ന വഴികൾ പരിശോധിച്ചു
ചെറുതോണി ഡാം തുറക്കേണ്ടിവന്നാൽ വെള്ളം ഒഴുകിപ്പോകുന്ന വഴികൾ ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. ചെറുതോണി ഡാം ടോപ്പ് മുതൽ പനംകുട്ടിവരെയുള്ള സ്ഥലങ്ങളിലാണ് ഇറിഗേഷൻ, വൈദ്യുതി, റവന്യു വകുപ്പുകളിലെ അഞ്ച് പേർ വീതം അടങ്ങിയ 20 സംഘങ്ങൾ പരിശോധന നടത്തിയത്. പുഴയുടെ വീതി, തടസങ്ങൾ, സമീപമുള്ള വീടുകൾ, കെട്ടിടങ്ങൾ, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയവ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകൾ, താമസിക്കുന്ന ആളുകളുടെ എണ്ണം, വിലാസം, ഫോണ്‍ നന്പർ, കൃഷിയിടം, വൈദ്യുത ലൈനുകൾ, കെട്ടിടങ്ങൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഉയർന്ന മേഖലകളിൽ പെരിയാറിന് മധ്യഭാഗത്തുനിന്ന് ഇരുഭാഗത്തേക്കും 50 മീറ്റർ വീതവും താഴ്ന്ന മേഖലയിൽ 100 മീറ്റർ വീതവും ദൂരത്തിലാണ് സർവേ നടത്തിയത്. സ്ഥലത്തിന്റെ സ്കെച്ച് രേഖപ്പെടുത്തുകയും ചെയ്തു.
ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമാണ് വിവരശേഖരണത്തിലൂടെ സ്ഥലമാപ്പും പ്ലാനും തയാറാക്കുന്നത്. ഡാം ടോപ്പ് മുതൽ ചെറുതോണി കുതിരക്കല്ല് വരെ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരാണ് സർവേ നടത്തിയത്. തുടർന്നുള്ള ഓരോ കിലോമീറ്ററും വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങിയ സംഘമാണ് സർവേ നടത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഇടുക്കി ആർഡിഒ എം.പി. വിനോദ് എന്നിവർ വെള്ളം കയറാനിടയുള്ള പെരിയാർ തീരദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
രാത്രിയിൽ തുറക്കില്ല
ജലനിരപ്പ് 2400 അടിയിലെത്തിയാൽ അണക്കെട്ടു തുറന്നുവിടാനാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ നേരത്തേ നിർദേശിച്ചിരുന്നത്. എന്നാൽ, പെരിയാറിലൂടെ അമിതമായി വെള്ളം ഒഴുക്കി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാ കുന്നത് ഒഴിവാക്കുന്നതിന് നേരത്തെതന്നെ അണക്കെട്ട് തുറക്കാനാണ് ഇന്നലെ നടന്ന സംയുക്ത യോഗത്തിന്റെ തീരുമാനം. രാത്രിയിൽ അണക്കെട്ട് തുറക്കില്ലെന്നും എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചശേഷം മാത്രമേ ഇതുണ്ടാവുകയുള്ളൂവെന്നും ആശങ്കവേണ്ടെന്നും വൈദ്യുതി മന്ത്രി എം.എം. മണി അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതും ഇടുക്കി ഡാം തുറക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.9 അടിയിൽ തുടരുകയാണ്. പകൽ മഴ മാറിനിന്നെങ്കിലും രാത്രി ശക്തമായ മഴ പെയ്യുന്നുണ്ട്. ജലനിരപ്പ് നിയന്ത്രിക്കാൻ മുല്ലപ്പെരിയാർ തുറന്നുവിട്ടാൽ ഇടുക്കി ഡാമിൽ കൂടുതൽ വെള്ളമെത്തും.
ഇടുക്കിയിലെ ജലനിരപ്പ് സമുദ്രനിരപ്പിന്‍റെ അടിസ്ഥാനത്തിൽ
ഇടുക്കി ഡാമിലെ ജലനിരപ്പ് കണക്കാക്കുന്നത് സമുദ്രനിരപ്പിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റ് ഡാമുകളിൽ ഡാമിലെ ജലനിരപ്പാണ് കണക്കാക്കുന്നത്.
839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 168.91 മീറ്റർ ഉയരത്തിൽ പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 745ലക്ഷം ഘനയടിയാണെങ്കിലും 705 ല ക്ഷം ഘനയടിവരെയാണു സംഭരിക്കാറുള്ളത്. 1992 ഒക്ടോബർ 12നാണ് ഏറ്റവുമൊടുവിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
അടിച്ചുപൊളിച്ച് നടക്കേണ്ട ചെറു പ്രായത്തില്‍ മീന്‍ വില്‍പ്പന നടത്തിയ ജീവിക്കാനായി പാടുപെടുന്ന പെണ്‍കുട്ടി. ഉള്‍ക്കൊള്ളാനാവത്ത ആ സത്യമാണ്, കുറച്ചുനേരത്തേയ്‌ക്കെങ്കിലും പലരെയും ഹനാനെ തട്ടിപ്പുകാരിയെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.
പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ ഏത് ജോലിയും ചെയ്യാനുള്ള അവളുടെ മനസിനെ നിറകൈയ്യടികളോടെയാണ് ബഹുഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്.
എന്നാല്‍ അച്ഛനുപേക്ഷിച്ച, അമ്മയ്ക്ക് വയ്യാത്ത ഈ പെണ്‍കുട്ടിയിക്ക് മാന്യമായ ഏത് ജോലിയും ചെയ്തു ജീവിക്കാനുള്ള മനോഭാവം എവിടുന്നു കിട്ടി എന്നത് പലരെയും അത്ഭുതപ്പെടുത്തി. അതിനുള്ള ഉത്തരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ഹനാന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അവള്‍ക്കാ മനോഭാവം പകര്‍ന്നു നല്‍കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയാണെന്ന്. ആ പാഠം തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. ഹനാന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
‘എന്ത് ജോലിയും ചെയ്ത് ഞാന്‍ ജീവിക്കും. ഞാന്‍ അത് പഠിച്ചത് കലാഭവന്‍ മണിചേട്ടനില്‍ നിന്നാണ്. കൂലിപ്പണി എടുത്തിട്ടായാലും മീന്‍ വിറ്റിട്ടായാലും ഞാന്‍ ജീവിക്കും. ഒരുപാട് ആളുകള്‍ എന്നെ സഹായിക്കാനായി വന്നിട്ടുണ്ട്.
അതില്‍ ഒന്ന് മണിച്ചേട്ടനാ.. എന്നെ മരിക്കും വരെ വിളിക്കുമായിരുന്നു. മോളേ നിനക്ക് എത്ര രൂപ വേണം മണിച്ചേട്ടന്‍ സഹായിക്കാം.. അപ്പോള്‍ ഞാന്‍ പറയും മണിച്ചേട്ടാ എനിക്ക് പരിപാടികള്‍ പിടിച്ചു തന്നാ മതി. പിന്നെ അദ്ദേഹം മരിക്കുന്നത് വരെ എനിക്ക് ഒട്ടേറെ പരിപാടികള്‍ക്ക് വിളിച്ചിട്ടുണ്ട്. കുഞ്ഞുവാവെ എന്നാ മണിച്ചേട്ടന്‍ എന്നെ വിളിക്കാറ്.
മരിക്കുന്നതിന് മുന്‍പ് വരെ എന്നെ വിളിച്ച് പാട്ടുപാടിതരുമായിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടി തരാന്‍ പറഞ്ഞു. ‘എനിക്കുമുണ്ടേ അങ്ങേ വീട്ടില്‍ ഇഷ്ടത്തിലുള്ളൊരു കുഞ്ഞേട്ടന്‍, കുഞ്ഞന്‍ കരിവണ്ടും തോറ്റ് പോകണ പാവം കരുമാടി കുഞ്ഞേട്ടന്‍, പാടി ഉറക്കണ കുഞ്ഞേട്ടന്‍..’ ഇതു പാടിക്കഴിഞ്ഞപ്പോള്‍ മണിച്ചേട്ടന്‍ ചിരിച്ചു. ആ ചിത കത്തുന്നത് വരെ ഞാന്‍ ആ വീട്ടിലുണ്ടായിരുന്നു.
ആ ചിത കത്തിയമരുന്നത് ആ വീട്ടിന്റെ മുകളില്‍ ഇരുന്നാ ഞാന്‍ കണ്ടത്. അദ്ദേഹത്തിന് വേണ്ടി ഞാനൊരു പാട്ടും എഴുതി ചിട്ടപ്പെടുത്തിയിരുന്നു. അതൊന്നും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. മണിചേട്ടന്‍ പോയതോടെ ഞാനും തളര്‍ന്നു.
അദ്ദേഹത്തിന്റെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്’. ഹനാന്‍ പറഞ്ഞു നിര്‍ത്തുന്നു.
പൈനാവ്: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്; 135.9 അടിയിലെത്തിയിട്ടുണ്ട്
അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.
പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോയ്സ് ജോര്‍ജ് എം പി, ജില്ലയില്‍നിന്നുള്ള മറ്റ് എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റിലായി. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ വയനാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്‍റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.
അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയില്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വിഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.
കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി. ഹനാന്റെ കേസിന് പുറമേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാൻ പൊലിസ് നടപടി തുടങ്ങുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് ഹനാനും രംഗത്തെത്തിയിരുന്നു.
ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.
കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.
അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.
സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.