Kerala

പാലക്കാട്: ലൈംഗികാരോപണ വിവാദത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തി. വളരെ അടുത്ത കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് യാത്രാ വിവരം അറിയിച്ചത്.

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ എം.എൽ.എ ബോർഡ് വെച്ചാണ് അദ്ദേഹം എത്തിയതെന്ന് പറയുന്നു. പാലക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സേവ്യറിന്റെ മരണത്തിൽ അനുശോചിക്കാൻ കുടുംബത്തെ സന്ദർശിച്ച ശേഷം മുൻ കോൺഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാർക്കാട്ടെ വസതിയിലും പോയി.

ഇന്നും ജില്ലയിൽ ചില സ്വകാര്യ സന്ദർശനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. എന്നാൽ മാധ്യമങ്ങളെയോ പൊതുപരിപാടികളെയോ എം.എൽ.എ അറിയിക്കാതെ എത്തിയാൽ തടയും എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. കോൺഗ്രസിന് അനുകൂലമായി സഹതാപ തരംഗം ഉണ്ടാക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും അടുത്ത ഘട്ട നടപടികളെന്നും അവർ വ്യക്തമാക്കി.

എം.എൽ.എ എത്തുമെന്ന വിവരം പുറത്തു വന്നതോടെ, പുലർച്ചെ മുതൽ പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് മുന്നിൽ പൊലീസ് കാവൽ ശക്തമാക്കിയിരുന്നു .

കേരള സർക്കാർ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രൂക്ഷമായ ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായി, 29-ന് വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിലാണ് ഐക്യദാർഢ്യ പരിപാടി. മുഖ്യാതിഥിയായി ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ് പങ്കെടുക്കും. അദ്ദേഹം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

മാധ്യമോത്സവത്തിന്റെ ഭാഗമായി ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും ഒരുക്കും. കൊല്ലപ്പെട്ടവർ പകർത്തിയ ചിത്രങ്ങളും അവർ തയ്യാറാക്കിയ വാർത്തകളും പ്രദർശനത്തിലേയ്ക്ക് ഉൾപ്പെടുത്തുന്നതായും മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഐക്യദാർഢ്യ സദസ്സിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച്‌ അർജന്റീന ടീം മാനേജർ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. മത്സരം നവംബറില്‍ തന്നെ നടക്കുമെന്നും കബ്രേര അറിയിച്ചു. കൂടുതല്‍ ഒരുക്കങ്ങള്‍ വിലയിരുത്താൻ കൂടുതല്‍ സംഘം ഉടൻ അർജന്റീനയില്‍ നിന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് ‍പ്രതികരിച്ചു .

ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കും. ലോക റാങ്കിംഗില്‍ 50 താഴെയുള്ള ടീം വേണം എന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. ഒടുവിലാണ് റാങ്കിംഗില്‍ 25 ആം സ്ഥനത്തുള്ള ഓസ്‌ട്രേലിയയെ തീരുമാനിച്ചത്.ഖത്തര്‍, സൗദി അറേബ്യ ടീമുകളേയും അര്‍ജന്റീനയുടെ എതിരാളികളായി പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് അവസാനം ഓസ്‌ട്രേലിയക്ക് വീഴുകയായിരുന്നു.സ്‌പോണ്‍സര്‍ കമ്ബനിയും ഓസ്‌ട്രേലിയയും തമ്മില്‍ കരട് കരാര്‍ കൈമാറി. ഖത്തര്‍ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു.

സന്ദർശനത്തില്‍ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാനും പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിന് പുറമെ എല്ലാ മലയാളി കായിക പ്രേമികള്‍ക്കും മെസ്സിയെയും അർജന്റീന ടീമിനെയും കാണാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പങ്കുവെച്ചു.

കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ കടത്തിയ കേസിൽ സംസ്ഥാനത്ത് വൻ പരിശോധന നടത്തി 36 കാറുകൾ പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മിഷണര്‍ ടി. ടിജു അറിയിച്ചു.

കാറുകൾ ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന ശേഷം കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ സൈന്യം, എംബസി, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവയുടെ സീലുകൾ പോലും വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പരിവാഹൻ വെബ്‌സൈറ്റിലും വ്യാജ രേഖകൾ ചേർത്തുവെന്നുമാണ് കസ്റ്റംസ് വിവരം.

വാഹനങ്ങൾ വാങ്ങിയതും വിറ്റതും നിയമവിരുദ്ധ ഇടപാടുകളിലൂടെയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. അറിഞ്ഞും അറിയാതെയും വാഹനങ്ങൾ വാങ്ങിയവർ ഉണ്ടെന്നും താരങ്ങളുടെ പങ്ക് അന്വേഷണം പൂർത്തിയായാൽ മാത്രമേ വ്യക്തമാവൂ എന്നും അറിയിച്ചു. ഉടമകൾ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് കസ്റ്റംസ് നിർദേശിച്ചു.

തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെയും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനെയും ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പോലീസും ചേർന്നാണ് ഉള്ളൂരിലെ വസതിയിൽ പരിശോധന നടത്തിയത്.

ഷൈനും ഉണ്ണികൃഷ്ണനും നൽകിയ പരാതിയിൽ അപകീർത്തികരമായ ഉള്ളടക്കം ഷാജഹാന്റെ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം വീട്ടിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ തെളിവുകൾ കണ്ടെത്തിയത്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാൻ, റെയ്ഡിന്റെ വിവരം അറിഞ്ഞ് വീട്ടിൽ നിന്ന് മാറിയതാണ് എന്നാണ് വിവരം. ഇതിനൊപ്പം കേസിലെ ഒന്നാം പ്രതിയായ പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വസതിയിലും പരിശോധന നടത്തി. അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കേരള സർക്കാർ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും വേണ്ടി ‘നോർക്ക കെയർ’ എന്ന പേരിൽ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുമിച്ച് പദ്ധതിയിലൂടെ ലഭ്യമാകും. മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യം പൂവണിയുന്ന രീതിയിലാണ് നോർക്ക കെയറിന്റെ തുടക്കം. നോർക്ക ഐഡി കാർഡുള്ള പ്രവാസികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളുമാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. നിലവിൽ രാജ്യത്തിനുള്ളിലെ 16,000-ത്തിലധികം ആശുപത്രികളിൽ പണം അടയ്ക്കാതെയുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പ്രീമിയം നിരക്കാണ് നോർക്ക കെയറിന്‍റെ പ്രത്യേകത. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നവംബർ ഒന്നുമുതൽ, കേരളപ്പിറവി ദിനത്തിൽ, പദ്ധതി പ്രവാസികൾക്കായി പ്രാബല്യത്തിൽ വരും.

ഗായത്രിവധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും.കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായിരുന്ന പ്രവീണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രണയം നടിച്ച് ഗായത്രിയെ ശാരീരികമായി ഉപയോഗിച്ച ശേഷം ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

2022 മാർച്ച് അഞ്ചിനാണ് ഗായത്രിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. തമ്പാനൂർ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രവീണുമായിട്ടാണ് ഗായത്രി മുറിയെടുത്തതെന്ന് കണ്ടെത്തിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ കൊല്ലം പരവൂർ സ്വദേശി പ്രവീണിനെ പൊലീസ് പിടികൂടി. പിന്നീടാണ് കൊലപാതകം തെളിയുന്നത്.

പ്രവീണും ഗായത്രിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്ന പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്.

ഗായത്രിയെ ഇയാള്‍ പലവട്ടം ശാരീരികമായി ഉപയോഗിച്ചു. തിരുവനന്തപുരത്ത് ഒരു ആരാധാനയത്തിൽകൊണ്ടുപോയി താലി കെട്ടി. പിന്നീട് ഗായത്രിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിനായി ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറി.

ഇതിനോട് ഗായത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല. ബന്ധത്തിൽ നിന്നും ഗായത്രി പിന്മാറില്ലെന്ന് മനസിലാക്കിയ പ്രവീണ്‍ കൊലപ്പെടുത്താൻ തീരുമാനിച്ചു. ലോഡ്ജ് മുറിയിലേക്ക് സ്നേഹം നടിച്ചു കൊണ്ടുവന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്തി തീർക്കാനും ശ്രമിച്ച ശേഷമാണ് ലോഡ്ജ് മുറിവിട്ടത്.

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ തൊടുപുഴയില്‍ വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില്‍ സംവിധായകന്‍ ജീത്തു ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. നവംബറോടെ ചിത്രീകരണം അവസാനിപ്പിക്കാനാണ് ആലോചന. 2026 ല്‍ ആയിരിക്കും റിലീസ്.

അതേസമയം മൂന്ന് ഭാഷകളിലായാണ് ദൃശ്യം 3 ഒരുക്കുക. മലയാളത്തിനൊപ്പം ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒന്നിച്ച്‌ തിയറ്ററുകളിലെത്തിക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ മലയാളം റിലീസിനു ശേഷം മറ്റു ഭാഷകളില്‍ റിലീസ് മതിയെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും തീരുമാനം.

‘ദൃശ്യം’ സീരിസിലെ അവസാന ഭാഗമായിരിക്കും ഇത്. തിരക്കഥ പൂര്‍ത്തിയായതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ദൃശ്യത്തിന്റെ അവസാന ഭാഗമെന്നാണ് സൂചന. ദൃശ്യം രണ്ടാം ഭാഗത്തെ ലുക്കിലാകും അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുകയെന്നാണ് വിവരം

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം 4090 അധ്യാപക തസ്തികകൾ നഷ്ടമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കുട്ടികളുടെ എണ്ണം കുറഞ്ഞതിനോടൊപ്പം ആധാർ വിവരങ്ങൾ പരിശോധിക്കാത്തതും ആണ് ഇത്ര വലിയ തിരിച്ചടിക്ക് കാരണമായത്. എന്നാൽ പൊതുവിദ്യാഭ്യാസവകുപ്പ് ചില കണക്കുകൾ മാത്രം അടിസ്ഥാനമാക്കി തസ്തിക നിർണ്ണയിച്ചതാണ് ഇതിന് ഇടയാക്കിയതെന്ന് അധ്യാപക സംഘടനകൾ പറയുന്നു.

ആധാർ പരിഗണന ജൂൺ 30 വരെ നടത്തുമെന്ന് മന്ത്രിയുടെ വാക്കുണ്ടായിരുന്നെങ്കിലും, വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ ഈ വർഷം 1.25 ലക്ഷം കുട്ടികളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെട്ടത്. സർക്കാർ സ്കൂളുകളിൽ 66,315 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 59,371 കുട്ടികളും കുറഞ്ഞതായി വിശദീകരണം നൽകി. ജനനനിരക്കിലെ കുറവാണ് പ്രധാന കാരണം.

ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം 2.34 ലക്ഷം ആയി. ആറാം പ്രവൃത്തി ദിനത്തിൽ ആധാർ ഇല്ലാത്ത 20,000 കുട്ടികൾ ഒന്നാം ക്ലാസിൽ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത് . പൊതുവിദ്യാലയങ്ങളിലെ 57,130 കുട്ടികൾക്ക് ആധാർ ഇല്ലെന്ന് നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു . മറ്റ് ദിവസങ്ങളിൽ കണക്കെടുത്ത് അധ്യാപക തസ്തിക നിർണയിക്കേണ്ടതുണ്ടെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ഡയറക്ടറേറ്റ് അത് സ്വീകരിച്ചിട്ടില്ല.

കൊച്ചി കളമശ്ശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതിയെ മറയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മകളാണ് കുട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പ്രതി കുട്ടിയുടെ വീട്ടുകാരുമായി പരിചയമുള്ളയാളാണ്. കുട്ടിയെ സ്വന്തം വീട്ടിലും ഇവരുടെ വീട്ടിലും കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് വിവരങ്ങൾ.

കളമശ്ശേരി പൊലീസ് നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ രാത്രി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളുടെമേൽ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

RECENT POSTS
Copyright © . All rights reserved