കോളേജിന്റെ പേരിൽ പ്രചരിക്കുന്ന പ്രണയരംഗം ഉൾപ്പെട്ട അഡ്മിഷൻ പരസ്യ വീഡിയോയെ തള്ളിപ്പറഞ്ഞ് മൂവാറ്റുപുഴ നിർമല കോളേജ്. എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരാണ് ഈ വീഡിയോയെന്നാണ് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോയെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ലെന്നും കുറിപ്പിൽ പറയുന്നു.
1990കളിലിറങ്ങിയ ‘നിറക്കൂട്ട്’ എന്ന സിനിമയിലെ “പൂമാനമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു പുറത്ത് വന്ന വീഡിയോ. കോളേജ് ലൈബ്രറിയിൽ പ്രണയിക്കുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രംഗങ്ങളാണ് വീഡിയോയിലുള്ളത്.
ലൈബ്രറിയിൽ പുസ്തകം ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടിയിൽനിന്നാണ് ഹ്രസ്വ വീഡിയോയുടെ തുടക്കം. വായനക്കിടെ ആൺകുട്ടിയുടെ ശ്രദ്ധ ലൈബ്രറിയിൽ പുസ്തകം പരതുന്ന പെൺകുട്ടിയിൽ പതിയുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്യുന്നു.
എന്നാൽ വീഡിയോ അവസാനിക്കുന്നത് ആൺകുട്ടി മുട്ടത്ത് വർക്കിയുടെ ‘ഇണപ്രാവുകൾ’ വായിച്ചുകൊണ്ടിരിക്കുന്ന രംഗത്തിലാണ്. ഇതാണ് വീഡിയോയിലെ സസ്പെൻസ്. വായന നിങ്ങളുടെ മനസിനെയും ഭാവനയെയും ഉണർത്തുമെന്ന് എഴുതിക്കാണിക്കുന്നതോടെയാണ് വീഡിയോയിലെ സസ്പെൻസ് മനസിലാവുക. വീഡിയോയിൽ നിന്നുള്ള രംഗം
തുടർന്ന് വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ എന്നും 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നുവെന്നും എഴുതിക്കാണിക്കുന്നു.
കോളേജിൽ വളരെ അലസമായ ചുറ്റുപാടാണന്നു തോന്നിപ്പിക്കുന്ന വീഡിയോ മുന്നോട്ടുവെയ്ക്കുന്ന ആശയം വസ്തുതാപരമായി ശരിയല്ലെന്നും വീഡിയോയിൽ കാണിച്ചിട്ടുള്ള ലൈബ്രറി നിർമല കോളേജിൽ അല്ലെന്നും പ്രിൻസിപ്പൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നു പറയുന്ന കുറിപ്പ്, വീഡിയോ കാരണം മനോവിഷമം നേരിട്ട പൂർവവിദ്യാർഥികളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.
വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നൽകി. ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ചു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.
തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാളെ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.
കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മറ്റു് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ‘പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നാളെ മുതല്‍ 15-ാം തീയതി വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി. 14ന് പത്തനംതിട്ട. 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാഗത്താണ് അപകടം.
വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിർ ദിശയിൽ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറിൽ കരുനാഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.
തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവിൽ നിന്ന് ചക്ക പറക്കുന്നതിനിടെയാണ് അപകടം.
രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു . സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽ. ഭാര്യ സിനി (ജോസി). മകൻ ഗോഡ് വിൻ .
യുഎസിലെ ഡാലസിൽ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും.
തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ അന്ന് പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം 21ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കും. സമയക്രമം പിന്നീട് അറിയിക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ നേരത്തെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതുവരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ബിഷപ്പുമാരായ ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ്, ജോഷ്വ മാർ ബർന്നബാസ്, മാർട്ടിൻ മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങൾ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ് ജന്മംകൊടുത്ത പെൺകുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും വാഹനാപകടത്തിന്റെ രൂപത്തിൽ മരണമെത്തുകയായിരുന്നു.
പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തിൽ പൊലിഞ്ഞത് ഒരു സാധാരണകുടുംബത്തിന്റെ പ്രതീക്ഷയാണ്. കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27) രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകൾ തുടരാനായി നാട്ടിലെത്തുകയായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയുംമുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവുംകൂടിയാണ് കുഞ്ഞിനെ രാത്രിയിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ ഗോപിക മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
മോഹനൻ പിള്ളയും രാധാമണിയമ്മയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് രണ്ടുമക്കളെ വളർത്തിയത്. പലചരക്കുകടയിലെ ജോലിയും കന്നുകാലിവളർത്തലുമായിരുന്നു ഉപജീവനമാർഗം. പഠിക്കാൻ സമർത്ഥരായിരുന്നു ഗോപികയും സഹോദരൻ രാജ്‌മോഹനും. ബി.എസ്‌സി. അഗ്രികൾച്ചറിനു പഠിച്ചശേഷം സർക്കാർ ജോലി ലക്ഷ്യമിട്ട് പി.എസ്.സി. പരീക്ഷയെഴുതുകയായിരുന്നു ഗോപിക. സഹോദരന് നേരത്തേ പോലീസിൽ ജോലി ലഭിച്ചിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറിവരുന്നതിനിടെയാണ് ദുരന്തമെത്തിയത്.
ചിരിച്ച മുഖത്തോടെമാത്രം സംസാരിക്കുന്ന ഗോപിക നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു. ഒരുവർഷംമുൻപാണ് തലവൂർ പാണ്ടിത്തിട്ട സ്വദേശിയായ രഞ്ജിത്തുമായി ഗോപികയുടെ വിവാഹം നടന്നത്. താമരക്കുടിയിൽ സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്. ചെങ്ങന്നൂരിൽ നടത്തിയ മൃതദേഹപരിശോധനയ്ക്കുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപികയുടെ മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
തഴക്കരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം. 70 ദിവസം പ്രായമുള്ള 10000 താറാവുകൾ ആണ് ഇവിടെ ഉള്ളത്. ഇതിൽ 3000 എണ്ണം ചത്തു.
തിരുവല്ല മഞ്ഞാടി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസൾട്ട് കിട്ടിയാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ. വെട്ടിയാർ ആശുപത്രിയിലെ ഡോ. രേണു കെ രാജ് സ്ഥലത്തെത്തി. റിപ്പോർട്ട് കിട്ടിയാലുടൻ പക്ഷികളെ നശിപ്പിക്കാൻ വേണ്ട നടപടികൾ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിനുശേഷം ബസിലെ ക്യാമറുയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. വൈകീട്ടോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്. തമ്പാനൂര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷന്‍ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടുംവിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിനെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തത്.
തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് ചോദ്യംചെയ്തത്.
കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആര്‍. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.
ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.