മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി.
ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.
ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു.
ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.
റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.
എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
റിമാന്‍ഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നും നിലവില്‍ യുവതിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും സൗത്ത് എസ്.ഐ. പ്രദീപ് പറഞ്ഞു.
യുവതി അതിജീവിതയാണെന്നാണ് അറസ്റ്റ് ചെയ്ത ഉടനേ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, യുവതിയ്ക്ക് നേരത്തേ പരിചയമുണ്ടായിരുന്നയാളാണ് യുവാവെന്നും ഇയാള്‍ക്കെതിരേ നിലവില്‍ യുവതി മൊഴി നല്‍കിയിട്ടില്ലെന്നുമാണ് സൂചന. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്.ശ്യാം സുന്ദര്‍ അറിയിച്ചു.
അതിനിടെ, യുവതി പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ഉടനേ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാലിത് ഫലം കണ്ടില്ല. കുഞ്ഞിനെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞതായാണ് സൂചന. ഇക്കാര്യങ്ങള്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ച് സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തീരദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ രാവിലെ 02.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്രമായ തിരമാലകളും ശക്തിയേറിയ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശമുണ്ട്
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം
2. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.
അടൂര്‍ കടമ്പനാട് എട്ട് വയസുകാരിയുടെ മരണം ഷിഗല്ല ബാധിച്ചെന്ന് സംശയം. കടമ്പനാട് സ്വദേശിനി അവന്തികയാണ് ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമായി അടൂര്‍ ജനറര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ സംസ്‌കാരം കഴിഞ്ഞു.
ഷിഗല്ലയെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിശോധനക്കായി സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം മരണകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പിറന്നുവീണ് മൂന്നുമണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല ആ പിഞ്ചുകുഞ്ഞിന്. പൊക്കിള്‍ക്കൊടി പോലുമുണ്ടായിരുന്നെന്ന് പറയുന്നു, കണ്ടു നിന്നവര്‍. പക്ഷേ കണ്ണ് തുറന്ന് ഈ ലോകത്തെ കാണുന്നതിന് മുന്‍പേ ആ കുഞ്ഞ് റോഡിലേക്ക് വലിച്ചെറിയപ്പെട്ടു. അവന്റെ പിഞ്ചുമേനി റോഡിലേക്ക് വീണ ആഘാതത്തില്‍ ചിതറിത്തെറിച്ചുപോയി.
വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെ ശുചിമുറിയില്‍ പിറന്നുവീണപ്പോള്‍ അവന് ഒന്നുകരയാനെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമോയെന്നാണ് കൊച്ചിയിലെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പോലീസും നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത്. കേരളം നടുങ്ങിയ, ഇനിയൊരിക്കലും കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന അതിദാരുണ കൊലപാതകമായിരുന്നു കൊച്ചിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നത്.
രാവിലെ എട്ടരയോടെ ഫ്‌ലാറ്റിന് സമീപത്തെ റോഡിലൂടെ പോയ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് കുറിയര്‍ കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
കുഞ്ഞിന്റെ കഴുത്തില്‍ ഒരു തുണിചുറ്റിയിരിക്കുന്നു. അനക്കമറ്റ ശരീരം ചിതറിത്തെറിച്ചിരിക്കുന്നു. കണ്ടവരാരും മറക്കില്ല ആ രംഗം. എത്രയോ ഉയരത്തില്‍നിന്നാണ് മാലിന്യക്കെട്ടുപോലെ ഒരു ജീവന്‍ റോഡിലേക്ക് വീണ് ഇല്ലാതായത്. റോഡില്‍ വീണപ്പോഴാണോ അതോ ശുചിമുറിയില്‍ പിറന്നുവീണപ്പോഴാണോ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറായാനായിട്ടില്ല. എന്നാലും അമ്മയാണ് ആ കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അത് അവര്‍ സമ്മതിച്ചെങ്കിലും പീഡനത്തിന് ഇരയായ അതിജീവിതയാണ് യുവതിയെന്നും പോലീസ് പറയുന്നു. നടന്നത് കൊടും ക്രൂരതയെങ്കിലും ചെയ്യിച്ചത് പേടിയോ നിസ്സഹായതയോ എന്നുപറയാനാവാത്ത അവസ്ഥ.
ബെംഗളൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു അതിജീവിതയെന്നാണ് പോലീസും ജനപ്രതിനിധികളും നല്‍കുന്ന വിവരം. ഇവിടെനിന്ന് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ നാട്ടിലേക്കെത്തിയിട്ടെന്നാണ് സ്ഥലത്തെ കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പറയുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതാണോ, അതല്ല പഠനം പൂര്‍ത്തിയാക്കി വന്നതാണോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
സി.സി.ടി.വി. ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഏത് ഫ്ളാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. കുഞ്ഞിനെ പുറത്തേക്കെറിയാന്‍ ഉപയോഗിച്ച കുറിയര്‍ കവറാണ് പോലീസിന് സഹായകമായത്. ആമസോണ്‍ കവറില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് ട്രാക്ക് ചെയ്ത് പോലീസ് മുന്നോട്ടുപോയതോടെ അതിജീവിതയിലേക്ക് പെട്ടെന്നെത്താന്‍ കഴിഞ്ഞു.
യുവതി അതിജീവിതയാണെന്ന് അറിഞ്ഞതോടെ നവജാതശിശുവിന്റെ കൊലപാതകത്തിനപ്പുറം പീഡനക്കേസ് കൂടി അന്വേഷിക്കേണ്ട വിധത്തില്‍ അന്വേഷണ വഴി സങ്കീര്‍ണമാവുകയും ചെയ്തു. സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. വസ്ത്രധാരണത്തിലൂടേയും മറ്റും ഒരു പരിധിവരെ ഗര്‍ഭാവസ്ഥയെ പ്രത്യക്ഷത്തില്‍ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അച്ഛനും അമ്മയും മകളും മാത്രമുള്ള വീട്ടില്‍ അത് എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗര്‍ഭാവസ്ഥയെ എത്രത്തോളം മറച്ചുവെക്കാന്‍ ശ്രമിച്ചാലും ശാരീരികമായ മാറ്റങ്ങള്‍ ഏറ്റവും കുറഞ്ഞത് രക്ഷിതാക്കള്‍ക്കെങ്കിലും മനസ്സിലാവേണ്ടതാണെന്ന് പറയുന്നു ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നില്ലെന്ന രക്ഷിതാക്കളുടെ വാദത്തെ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല.
കൊച്ചിയില്‍ സ്വന്തമായി മറ്റൊരു വീടുള്ള കുടുംബം വര്‍ഷങ്ങളായി സംഭവം നടന്ന ഫ്ളാറ്റിലും താമസിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി പിതാവ് എറണാകുളത്തേക്ക് പോവുമ്പോള്‍ അമ്മയും മകളും മാത്രമായിരിക്കും വീട്ടിലുണ്ടാവുകയെന്നും നാട്ടുകാര്‍ പറയുന്നു. പീഡനത്തിനപ്പുറം കുട്ടിയുടെ സൗഹൃദങ്ങള്‍, ബെംഗളൂരുവിലെ മറ്റ് ബന്ധങ്ങള്‍, ഏതെങ്കിലും തരത്തില്‍ ലഹരിയുടെയോ മറ്റോ കെണിയില്‍പെട്ടോ ഇങ്ങനെ പലവിധ വിഷയങ്ങളാണ് പോലീസിന് മുന്നിലുള്ളത്.
നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് ആറ് വരെ അടച്ചിടും, അവധിക്കാല ക്ലാസുകൾക്കും നിയന്ത്രണം, ജാഗ്രത നിർദേശങ്ങൾ സംസ്ഥാനത്തെ ഉയരുന്ന ചൂടും ഉഷ്ണതരംഗവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.സംസ്ഥാനത്തെ ഉയരുന്ന ചൂടും ഉഷ്ണതരംഗവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.
രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്.മാത്രമല്ല പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.വിവിധ ജില്ലകളിലെ സാഹചര്യം ജില്ല കലക്ടർമാർ അവലോകനയോഗത്തിൽ വിശദീകരിച്ചു.
രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. എലിപ്പനി, ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അവലോകനയോഗത്തിലെ ജാഗ്രതാ നിർദേശങ്ങൾ
നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.
ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം. വേനൽ മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം.
പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുക് നിർമ്മാർജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുമ്പായി പൂർത്തീകരിക്കണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം.
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.
കെഎസ്ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നു ചര്‍ച്ച ചെയ്യാനായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.
തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യ കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു.
ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ് ഷംസുദ്ദീൻ ചാംപ്യനായി.
അണ്ടർ 15 വിഭാഗത്തിൽ, തൃശ്ശൂർ കുരിയിച്ചിറ സെന്റ്. പോൾസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി അഹാസ് ഇ.യു. ചാംപ്യനായി. റേറ്റഡ് വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനും അൺറേറ്റഡ് വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിലും ഓരോ ഗ്രാം ഗോൾഡ് കോയിനുകളാണ് അവാർഡ്. എല്ലാ ജില്ലകളിൽനിന്നും പ്രാതിനിധ്യം ലഭിച്ച ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ 78 പേരും അൺറേറ്റഡ് വിഭാഗത്തിൽ 103 പേരും അണ്ടർ 15 വിഭാഗത്തിൽ 131 പേരും പങ്കെടുത്തു. 79 അവാർഡുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്തത്.
ഏഷ്യൻ ബോഡി ബിൽഡർ താരം ഏ. പി. ജോഷി, ടൂർണമെന്റ് രക്ഷാധികാരികളായ വി. മുരുകേഷ്, കെ. എം. രവീന്ദ്രൻ എന്നിവരും അവാർഡ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ.എം. വിദുരർ, പി. വി. സന്തോഷ്, പ്രിയങ്ക ഭട്ട്, സദു, മോഹൻദാസ് ഇടശ്ശേരി, സുബിൻ.കെ. എസ്സ്. എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (35), പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി. രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍. ശബരീഷ് (27), തെങ്കര സ്വദേശിനി സരോജിനി (56) എന്നിവരാണ് മരണപ്പെട്ടത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീര്‍ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം സ്വദേശി ശബരീഷിന് ഇന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് തെങ്കര സ്വദേശിനി സരോജിനി കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കണ്ണൂരിലും തൃശൂരിലും വയലുകളില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏക്കറുകണക്കിന് ഭൂമിയണ് കത്തി നശിച്ചത്. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളിലാണ് തീപിടിച്ചത്. വൈകിയും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്‌സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് തടസമാകുകയായിരുന്നു. ഇപ്പോഴും പ്രദേശത്താകെ ചുടും പുക പടര്‍ന്ന അവസ്ഥയാണ്.
തൃശൂരിലും സമാന അവസ്ഥ ആയിരുന്നു. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവന്‍. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.
പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രേഖപ്പെടുത്തിയത് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. പാലക്കാട് ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും കോഴിക്കോട് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ ഈ ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു ജില്ലകളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.