Kerala

ലണ്ടൻ : ചരിത്ര സിനിമയുടെ ഭാഗമാകാൻ യുകെ മലയാളി അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലും ബ്ലൂടൈഗേഴ്സും. മമ്മൂട്ടിയും മോഹന്‍ലാലും ഒരു വമ്പൻ സിനിമയിൽ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുന്നു എന്ന് നാളുകളായി കേട്ടിരുന്ന വാർത്ത ഇന്ന് യാഥാർഥ്യമാവുകയാണ്. ഈ വമ്പൻ സിനിമയുടെ നിർമ്മാതായി മാറുവാനുള്ള ഭാഗ്യമാണ് ബ്ലൂടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് ലഭിച്ചിരിക്കുന്നത്.

കാൽ നൂറ്റാണ്ടിന്റെ നീണ്ട കാത്തിരുപ്പുകൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മെഗാ സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കമായി. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. നിർമ്മാതാവായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും , രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവർ തിരി തെളിയിക്കുകയും ചെയ്തു.

ഈ  സിനിമയിൽ ഇന്ത്യൻ സിനിമയിലെ വലിയൊരു താര നിര തന്നെയാണ് അഭിനയിക്കുന്നത്. മലയാളത്തിൽ നിന്നും താരങ്ങളായ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, നയന്‍താര  തുടങ്ങിയവരുമുണ്ട്.

ഈ ചിത്രത്തിന്റെ ആദ്യഘട്ട  ചിത്രീകരണത്തിനായി മമ്മൂട്ടി , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ എന്നിവർ ശ്രീലങ്കയിൽ എത്തിയിരുന്നു.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അളവില്ലാത്ത മൂലധനത്തിന്റെ അപൂർവ്വധാതുക്കൾ ജപ്പാനിൽ കണ്ടെത്തി. ഏകദേശം 26 , 290, 780, 000 ഡോളർ വിലമതിക്കുന്ന ധാതുക്കൾ ആണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദശാബ്ദ കാലത്തേയ്ക്ക് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കുന്ന സുപ്രധാന കണ്ടെത്തലാണ് ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിപ്പോൺ ഫൗണ്ടേഷനും ടോക്കിയോ സർവകലാശാലയും സംയുക്തമായി നടത്തിയ പരിവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജപ്പാൻ്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 1,200 മൈൽ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിൻ്റെ കടൽത്തീരത്ത് ആണ് കൊബാൾട്ടും നിക്കലും മാംഗനീസിൻ്റെയും അതിവിപുലമായ നിക്ഷേപം ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ താഴെയായാണ് ഇത്.

സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളും മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും അസ്ഥികളുമായി ചേർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഈ ധാതുക്കൾ എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ രണ്ട് നിർണായക ഘടകങ്ങളാണ് കോബാൾട്ടും നിക്കലും, കൂടാതെ ജെറ്റ് എഞ്ചിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കുന്നു. സർവേയിൽ ഏകദേശം 610,000 മെട്രിക് ടൺ കോബാൾട്ടും 740,000 മെട്രിക് ടൺ നിക്കലും ആണ് കണ്ടെത്തിയത് . നിലവിലെ കണ്ടെത്തൽ വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിൽ വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആത്യന്തികമായി ഈ കണ്ടെത്തൽ ജപ്പാന്റെ വളർച്ച കൂടുതൽ ത്വരിതഗതിയിൽ ആക്കാൻ സഹായിക്കുമെന്ന് ടോക്കിയോ സർവകലാശാലയിലെ റിസോഴ്‌സ് ജിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത പ്രൊഫസർ യാസുഹിരോ കാറ്റോ പറഞ്ഞു.


പുതിയ നിക്ഷേപ സാധ്യതകളുമായി ലോകരാജ്യങ്ങൾ മുന്നേറുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് കേരളത്തിലെ ധാതുമണൽ ഖനനത്തോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളാണ്. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ ധാതുമണൽ ഖനനം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്. ഖനനം പുനരാരംഭിക്കുവാൻ നടന്ന നീക്കത്തിനെതിരെ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗം മണൽ ഖനനവുമായി മുന്നോട്ടുപോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . കേരളത്തിലെ നദികളിലെയും ഡാമുകളിലെയും അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ മണലിന്റെ ഖനന സാധ്യതയും വിവിധ നൂലാമാലകളിൽ തട്ടി വഴിമുട്ടി നിൽക്കുകയാണ്.

കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനഘട്ടത്തില്‍. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. തദ്ദേശ തരഞ്ഞെടുപ്പിന്റെയും ഒന്നര വര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുിന്റെയും പശ്ചാത്തലത്തില്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് യു.ഡി.എഫ്. ശ്രമം.

നീണ്ട 10 മണിക്കൂര്‍ പിന്നിട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പോളിങ്, ആദ്യഘട്ടത്തില്‍ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകള്‍ വൈകുന്നേരമായതോടെ സജ്ജീവമായ കാഴ്ചയാണ് കണ്ടത്.

മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്‌കാരം ഷൊർണൂരിലെ വീട്ടില്‍ വച്ച് നടക്കും.

പഴയ കാലത്തേ പ്രശസ്ത വില്ലൻ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ്.

1980 ല്‍ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകള്‍.

കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

രാവിലെ പല സ്ഥലത്തും മെഷീനുകള്‍ തകരാറായതിനാല്‍ വോട്ടിങ് വൈകി. ഉച്ചകഴിഞ്ഞാണ് പോളിങ് വേഗത്തിലായത്. ഇതിനിടയില്‍ വോട്ടിങ് മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാനായില്ല. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു.

മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ ശ്രമം. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. സംസ്ഥാനത്ത് ഏറ്റവും വിജയസാധ്യതയുള്ള സീറ്റില്‍ ഏത് വിധേനെയും വിജയിച്ച് കയറാനാണ് ബി.ജെ.പിയുടെ ശ്രമം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങൾ. സ്ഥാനാർഥിപ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദങ്ങൾ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടർന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

യു.ഡി.എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ എതിർപ്പുമായി ഡോ. പി. സരിൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിൻ പിന്നീട് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീൽ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോൺഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തുടങ്ങിയവയും ചർച്ചയായി. രണ്ട് ദിനപത്രങ്ങളിൽ എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം. ന്യായീകരിച്ചപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറി അത് എൽ.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട്‌ അഭിപ്രായമുണ്ടെന്ന് വ്യക്തമായി.

ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ കോൺ‌ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഒടുവിൽ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം ഉയർത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍കരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്’ എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചൂരല്‍മല, , മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്ത ബാധിതരോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താലില്‍ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്.

നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇട വരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമാണ് കാണുന്നത്.

അതുകൊണ്ടു തന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നല്‍കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017-18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു.

മലയാള ടെലിവിഷന്‍ സീരിയല്‍ കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യും മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മിഷന്‍ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.

മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലില്‍ രണ്ട് സീരിയല്‍ മതിയെന്നും പുനസംപ്രേഷണം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്.

വര്‍ഷം തോറും മൂന്ന് പ്രധാന റിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിതാ കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം, സേവന വേതന വ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.

മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്തെത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെയുള്ളവർ അ‌തിരൂപത അ‌ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. അ‌തിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയ്ക്കെത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ മുന്നോട്ടുവന്നില്ലെങ്കിൽ മുസ്ലിം ലീഗ് അ‌ത്തരം ചർച്ചകളിലേക്ക് കടക്കുമെന്ന് പാർട്ടി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്. അ‌തിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.

അ‌തേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സർക്കാർ മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് ഇവര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600-ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved