ആത്മഹത്യക്ക് ശ്രമിച്ച കാമുകനെ ആശുപത്രിയിൽ പോയി കണ്ട് മടങ്ങും വഴി, വിഷമം താങ്ങാനാവാതെ കാമുകി വിഷം കഴിച്ചു. പിന്നാലെ തല കറങ്ങിയതോടെ ഓടി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ എത്തിച്ച് പൊലീസ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന വിവാഹിതനായ ആണ്‍സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്.
യുവതി അഞ്ചല്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ ഹോസ്പിറ്റലില്‍ കണ്ട് മടങ്ങുമ്ബോഴാണ് സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി സഞ്ചരിച്ചിരുന്നത്, വഴിയില്‍ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.
ആണ്‍ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാള്‍ വിവാഹിതനാണത്രെ. പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിയുടെ ബാഗില്‍ നിന്ന് ശീതളപാനിയത്തില്‍ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിച്ച ബാബുവിനെ പിടികൂടാൻ എത്തിയ പൊലീസിനെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.
തിരുവനന്തപുരത്ത് ഏഴ് മാസം പ്രായമായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആന്ധ്ര സ്വദേശിയേയും സുഹൃത്തിനേയും പിടികൂടി. വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.
തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് ആന്ധ്ര സ്വദേശികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിന്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈ സമയം ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിറ്റ് ഔട്ടിൽ വന്നയാൾ മുട്ടിൽ ഇഴഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു.
ഇതുകണ്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോൾ ഇയാൾ ഭിക്ഷ ചോദിച്ചശേഷം ഓടിപോകാൻ ശ്രമിച്ചു. തുടർന്ന് ഷാനും സമീപവാസികളും ചേർന്ന് ഇയാളെ പിടികൂടി വിതുര പോലീസിൽ എൽപിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർതന്നെ പോലീസിനു കൈമാറി. രേവണ്ണയ്ക്ക് രേഖകൾ ഒന്നുംതന്നെ ഇല്ല. പോലീസ് ഇരുവരേയും ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് മാതാപിതാക്കളുടെ പരാതി.
കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾക്ക് കൊച്ചിയിൽ വിമാനത്താവളത്തിൽ അന്ത്യാജ്ഞലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയ്ക്ക് പുറമെ മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിമാരായ കീർത്തി വർധൻ സുരോഷ് ഗോപി എന്നിവരും മൃതദേഹങ്ങളിൽ അന്ത്യാജ്ഞലി അർപ്പിച്ചു.ഏവരുടേയും കണ്ണുനനയിപ്പിക്കുന്ന കാഴ്ച്ചയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്. ചേതനയറ്റ ഉറ്റവരുടെ മൃതദേഹത്തിനു മുന്നിൽ പൊട്ടികരയുന്നവരെ ദൃശ്യങ്ങളിൽ കാണാം.ഇന്ന് രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങും. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.
വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങൾക്കും കാണാൻ സൗകര്യമൊരുക്കും. തുടർന്ന് പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ എത്തിയിട്ടുണ്ട്.
മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.
അപകടത്തിൽ 23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കേരളത്തിൽ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ കേരളീയരാണെന്നും മന്ത്രി വ്യക്തമാക്കി.ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്.
കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകൻ പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ പരേതരായ ബാബു വർഗീസിൻറെയും കുഞ്ഞേലിയമ്മയുടെയും മകൻ ഷിബു വർഗീസ് (38), പത്തനംതിട്ട തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ ഉമ്മൻ-റാണി ദമ്പതികളുടെ മകൻ ജോബി എന്ന തോമസ് സി. ഉമ്മൻ (37), മല്ലപ്പള്ളി കീഴ്വായ്പൂര് തേവരോട്ട് എബ്രഹാം മാത്യു-പരേതയായ ആലീസ് ദമ്പതികളുടെ മകൻ സിബിൻ ടി. എബ്രഹാം (31), തിരുവല്ല പ്ലാംചുവട്ടിൽ കുടുംബാംഗവും ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മനക്കണ്ടത്തിൽ ഗീവർഗീസ് തോമസിന്റെ മകനുമായ മാത്യു തോമസ് (53), തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബു (37),
മലപ്പുറം പുലാമന്തോൾ തിരുത്തിൽ താമസിക്കുന്ന മരക്കാടത്ത് പറമ്പിൽ വേലായുധന്റെ മകൻ ബാഹുലേയൻ (36), തിരൂർ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കൽ നൂഹ് (42), തൃശൂർ ചാവക്കാട് തെക്കൻ പാലയൂരിൽ താമസിക്കുന്ന തിരുവല്ല തോപ്പിൽ തോമസ് ബാബുവിന്റെ മകൻ ബിനോയ് തോമസ് (44), കണ്ണൂർ ധർമടം കോർണേഷൻ ബേസിക് യു.പി സ്കൂളിന് സമീപം വാഴയിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകൻ വിശ്വാസ് കൃഷ്ണൻ (34), പെരിങ്ങോം വയക്കര കൂത്തൂർ ലക്ഷ്മണന്റെ മകൻ കൂത്തൂർ നിതിൻ (27), കണ്ണൂർ സിറ്റി കുറുവ തറ സ്റ്റോപ്പിന് സമീപം ഉന്നൻകണ്ടി ഹൗസിൽ അനീഷ്കുമാർ (56), കൊല്ലം അഞ്ചാലുംമൂട് മതിലിൽ കന്നിമൂലയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടെ മകൻ സുമേഷ് എസ്. പിള്ള (40), വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ ശ്രീജേഷ് (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി കേരളംവിട്ട് കുവൈത്തിലെത്തിയ ആ 23 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.
തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മന്റെും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്തകേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെന്‍ജി കെ.എസ്. മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.
മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ വടക്കേക്കര പോലീസ് വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു. രാത്രി 8.30-ഓടെ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണിത്. രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.
മകളെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ എൻ.എസ്. ഹരിദാസ്, വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു.
ദിവസങ്ങൾക്കു മുൻപ് മാല്യങ്കരയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തെ ജോലിസ്ഥലത്തുപോയ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചതും മകളെ കാണാനില്ലെന്ന് പരാതി നൽകിയതും. ഇതിനിടെ താൻ പറഞ്ഞ പരാതി കള്ളമാണെന്നു കാട്ടി യുവതിയുടെ മൂന്ന് വീഡിയോകൾ പുറത്തുവന്നിരുന്നു.
ആത്മകഥയിൽ സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്.
സിബി മാത്യൂസ് രചിച്ച ആത്മകഥയായ ‘നിർഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.
ഐപിസി 228 എ പ്രകാരമാണ് മുൻ ഡിജിപിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. സിബി മാത്യൂസ് പുസ്‌തകത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ കൊണ്ട് സൂര്യനെല്ലി കേസിലെ അതിജീവിത ആരാണെന്ന് പൊതുസമൂഹത്തിന് വ്യക്തമാകും എന്നാണ് കോടതി വിലയിരുത്തിയത്.
സിബി മാത്യൂസിൻ്റെ പുസ്‌തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും അതിജീവിത താമസിക്കുന്ന സ്ഥലവും മാതാപിതാക്കളുടെ പേരും പഠിച്ച സ്കൂളിനെ കുറിച്ചും എല്ലാം കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളിലൂടെ അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം തങ്ങളാണെന്ന എം.വി.ജയരാജന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇടത് സൈബര്‍ പേജായ പോരാളി ഷാജി. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്റ തോല്‍വിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും ‘പോരാളി ഷാജി’ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളാണെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായി. ‘സാമൂഹിക മാധ്യമങ്ങളിലെ ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളെ വിലയ്‌ക്കെടുക്കുന്നുണ്ട്. ചെങ്കോട്ട, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ വിലയ്ക്ക് വാങ്ങപ്പെടുന്നുണ്ട്. ആദ്യം ഇത്തരം ഗ്രൂപ്പുകളില്‍ ഇടതുപക്ഷ അനുകൂലമായ വാര്‍ത്തകള്‍ വരുമെങ്കിലും പിന്നീട് ഇടതുവിരുദ്ധ പോസ്റ്റുകള്‍ വരും. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം’ ജയരാജന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്ന തലക്കെട്ടില്‍ പോരാളി ഷാജി പേജില്‍ ജയരാജന് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്നും കുറിപ്പില്‍ പറയുന്നു.
പച്ചക്കറിയുടെ വില കുതിച്ചുയരുന്നതിനൊപ്പം മീനിന്റെ വില കൂടിയത് സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കി. ഇത് കൂടാതെയാണ് പക്ഷിപ്പനി കാരണം കോഴിയിറച്ചി പലസ്ഥലങ്ങളിലും കിട്ടാതെയുമായത് . കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെ എത്തി.ഇത് കടകളിൽ എത്തുമ്പോൾ വില 400 രൂപയാകും. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം.
വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിങ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉള്ളത്. ട്രോളിങ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
എറണാകുളം അതിരൂപതയിലെ കുർബാന തർക്കം വീണ്ടുംരൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കുറച്ചുനാളായി തണുത്ത് കിടന്ന പ്രശ്നം വീണ്ടും ഗുരുതരമാകുമെന്നാണ് അറിയാൻ സാധിച്ചത്. കുർബാനയുടെ പേരിൽ എറണാകുളം അതിരുപതയുടെ പള്ളികളും സ്ഥാപനങ്ങളും കയ്യേറി അധിനിവേശം നടത്താനുള്ള നീക്കം ജീവൻ നൽകിയും പ്രതിരോധിക്കുമെന്ന് അൽമായ മുന്നേറ്റം എം,മുന്നറിയിപ്പ് നൽകി . ഒരു ലിറ്റർജിക്കൽ വേരിയന്റാക്കി മാറ്റിയാൽ തീരുന്ന പ്രശ്നമാണ് സിനഡ് കഴിഞ്ഞ രണ്ടു വർഷമായി സീറോ മലബാർ സഭയെ പൊതുസമൂഹത്തിൽ അവഹേളനത്തിന് കാരണമാകുന്ന വിഷയമായി തീർത്തതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. എറണാകുളം അതിരൂപതയിലെ വൈദികരെയും വിശ്വാസികളേയും വഞ്ചിച്ചു നിലപാടെടുത്ത അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ എറണാകുളം ബിഷപ്പ് ഹൗസിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.
എറണാകുളം അതിരൂപതയിലെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം വിശ്വാസികൾ ഏറ്റെടുക്കാൻ മുഴുവൻ ഇടവക സമൂഹത്തെയും ഒരുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 16 ഫൊറോനകളിലും ഇടവക പ്രതിനിധികളുടെ കൺവെൻഷൻ ആരംഭിക്കുകയാണ്.
എറണാകുളം അതിരൂപതയുടെ നിലപാട് പരിഗണിക്കാൻ കഴിയില്ലെങ്കിൽ ഈ വിശ്വാസസമൂഹത്തെ സീറോ മലബാർ സഭയിൽ നിന്ന് മാറ്റി നിർത്തി വത്തിക്കാന്റെ കീഴിൽ മാർപ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ സ്വാതന്ത്ര മെത്രാപോലിത്തൻ സഭയാക്കണം. ആറര ലക്ഷം വിശ്വാസികളെയും 450വൈദീകരെയും കുർബാനയുടെ റൂബറിക്സിന്റെ പേരിൽ പുറത്താക്കി ഇവിടെ ഭരണം നടത്താമെന്നുള്ള ആഗ്രഹം വ്യാമോഹം മാത്രമാണെന്ന് യോഗം മുന്നറിയിപ്പ് നൽകി.
വൈദികരുടെ നിലപാടിനും തീരുമാനങ്ങൾക്കും യോഗം പൂർണപിന്തുണ വാഗ്ദാനം ചെയ്തു. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന മുഴുവൻ വൈദീകർക്കും അല്മായ മുന്നേറ്റം ഫൊറോന, ഇടവക പ്രവർത്തകർ പരിപൂർണ സംരക്ഷണവും പിന്തുണയും പ്രഖ്യാപിച്ചു.