Kerala

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്.

കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണന്നും പ്രതിഭാഗം വാദിച്ചു. ദിവ്യയുടെ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണയില്ലെന്നും അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്നും ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണം എന്നുമാണ് ദിവ്യയുടെ അഭിഭാഷകന്റെ ആവശ്യം.

സ്വര്‍ണം പണയം വെച്ച് ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാന്‍ ഉപയോഗിച്ചതാണെന്നാണ് ഉന്നയിച്ച വാദം. നവീന്‍ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവായി ഫോണ്‍ രേഖകള്‍ ഹാജരാക്കി. കൂടാതെ പ്രശാന്തനും നവീന്‍ ബാബുവും തമ്മില്‍ കണ്ടെന്ന വാദത്തിന് തെളിവായി ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നവീനെതിരേ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രമാണ്. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് വാദം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. ദിവ്യയ്ക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്.റാല്‍ഫും കോടതിയില്‍ ഹാജരായി.

ഒക്ടോബര്‍ 29 നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.

കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണത്തില്‍ പ്രതികള്‍ 1.4 കോടി രൂപ ധൂര്‍ത്തടിച്ചെന്ന് പോലീസ്. ഈ പണമാണ് പ്രതികളില്‍നിന്ന് കണ്ടെടുക്കാനാകാതെപോയത്. ഭാര്യക്കും ബന്ധുക്കള്‍ക്കും പ്രതികള്‍ സ്വര്‍ണം വാങ്ങിക്കൊടുത്തത് 30.29 ലക്ഷത്തിനാണ്. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്ത് തൊണ്ടിമുതലായി വകയിരുത്തി.

കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്നശേഷം പ്രതികള്‍ ചെലവേറിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയും വിലകൂടിയ വാഹനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു. ഇതിനായി നല്ലതുക ചെലവിട്ടു. ചില പ്രതികള്‍ വേണ്ടപ്പെട്ടവര്‍ക്കും കടംവാങ്ങിയവര്‍ക്കും പണം നല്‍കി. ഇത് കിട്ടിയവര്‍ ചെലവാക്കി. അതുകൊണ്ട് തിരിച്ചുപിടിക്കാനായില്ല. ഇക്കാര്യമെല്ലാം കുറ്റപത്രത്തിലുണ്ട്.

കവര്‍ച്ചയ്ക്കുശേഷം പണം പങ്കിട്ടുകഴിഞ്ഞ് 15-ാം പ്രതിയായ ഷിഗില്‍ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തു. 13-ാം പ്രതി അബ്ദുള്‍സലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവര്‍ കവര്‍ച്ചയ്ക്കുശേഷം കര്‍ണാടകത്തിലെ കുടകില്‍ താമസിച്ചു.

മൂന്നാംപ്രതി രഞ്ജിത്ത് കവര്‍ച്ചപ്പണത്തില്‍ 17 ലക്ഷം ഭാര്യയായ ദീപ്തിക്ക് നല്‍കി. പത്താംപ്രതി ഷാഹിദ് കവര്‍ച്ചപ്പണത്തില്‍ പത്തുലക്ഷം ഭാര്യ ജിന്‍ഷയ്ക്ക് നല്‍കി. ഇതില്‍ ഒന്‍പതുലക്ഷം ജിന്‍ഷ ഉമ്മൂമ്മയ്ക്ക് നല്‍കി. ഇതില്‍ ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപിടിച്ചു

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.

അതേസമയം പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.

ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും അദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവേ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി.

ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിൻ്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 1 ലക്ഷം രൂപ വീതം റയിൽവെ നൽകുമെന്നും അറിയിച്ചു.

നല്ലിലയിൽ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. രാജിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയിൽ കരുതിയെ പെട്രോൾ ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു.

ആദ്യ ഭർത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്‍ക്കുള്ള സാധ്യത മുൻനിർത്തിയാണ് നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തേക്ക് വീശുന്ന തുലാവർഷക്കാറ്റിന്‍റെയും മാന്നാർ കടലിടുക്കൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് വീണ്ടും മഴ കനക്കുന്നത്.

നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഷൊര്‍ണൂരില്‍ നാല് പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മണ്‍ എന്നിവരും ലക്ഷമണന്‍
എന്ന പേരുള്ള മറ്റൊരാളുമാണ് മരിച്ചത്.

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടന്നതിരച്ചിലിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവര്‍. ട്രാക്കില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.

പട്ടാപ്പകലായിരുന്നു മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ട്. അത് ലഭ്യമാകാൻ ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു.

പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാർഡ് മെമ്പർ അനൂപ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.

കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടാണ് മന്ത്രി കെ. രാജന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്.

എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. കലക്ടര്‍ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.

ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു ആരോപണം.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കെ. രാജന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.

RECENT POSTS
Copyright © . All rights reserved