രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ മുക്തയായിട്ടില്ല നെല്ലാച്ചേരിയിലെ തോട്ടോളിമീത്തൽ ഷീബ. ഷീബയുടെ മകൻ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുപേരിൽ ഒരാൾ.
രാത്രി മുഴുവൻ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെതന്നെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്പിൽ വെറുതേ നോക്കാൻ പോയതാണ്. അപ്പോഴാണ് അക്ഷയും രൺദീപും മരിച്ചുകിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയിൽ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്.
ഷീബയുടെ ഭർത്താവ് ബാബുവും മൂത്തമകൻ അർജുനും ഖത്തറിലാണ്. അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകൻ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും. ഭർത്താവും മൂത്തമകനും ഖത്തറിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വേനൽച്ചൂടിന് ശക്തി കൂടുംമുമ്പേത്തന്നെ വെള്ളിയാഴ്ച കുന്നുമ്മക്കരയുടെയും നെല്ലാച്ചേരിയുടെയും ഗ്രാമീണമനസ്സിന് തീപിടിച്ചിരുന്നു. രണ്ടു യുവാക്കൾ കുനിക്കുളങ്ങര പറമ്പിൽ മരിച്ചുകിടക്കുന്നു, ഒരാൾ അവശനിലയിൽ. രാവിലെ എട്ടുമണിയോടെത്തന്നെ വാർത്ത കാട്ടുതീപോലെ പടർന്നു. എന്തുപറ്റിയെന്ന ചോദ്യങ്ങൾക്കൊടുവിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സൂചനകൾ പുറത്തുവന്നു. സിറിഞ്ച് കണ്ടെത്തിയതോടെ പലരും നടുങ്ങി. തീർത്തും ഗ്രാമീണമേഖലയായ നെല്ലാച്ചേരിയിലും മയക്കുമരുന്ന് നീരാളി എത്തിയോ എന്ന ആശങ്കയും നടുക്കവുമെല്ലാം നാട്ടുകാരിൽ നിറഞ്ഞു. അമ്മമാർ നെടുവീർപ്പിട്ടു.
ഏറാമല പഞ്ചായത്ത് നെല്ലാച്ചേരി 16-ാം വാർഡിലെ കുനികുളങ്ങര പറമ്പ് മുമ്പ് ആരും അടുക്കാത്ത കാടുകയറിയ പ്രദേശമായിരുന്നു. പഴകിയ ഒരു തറവാട് വീട്, വാഹനങ്ങൾ എത്തിപ്പെടില്ല, ഒരുഭാഗം പള്ളിപ്പറമ്പ്, മറുഭാഗം കാടുനിറഞ്ഞ നാഗക്ഷേത്രം. എന്നാൽ, അടുത്തകാലത്തായി പല കൈമാറ്റങ്ങൾ കാരണം പ്രദേശം മാറിത്തുടങ്ങി. കാടുകൾ വെട്ടിത്തെളിച്ചു, പഴയവീട് പൊളിച്ചുമാറ്റി. മൂന്നുഭാഗത്തും വഴികൾ തെളിഞ്ഞു. ടർഫ് പണിയാനുള്ള സ്ഥലമൊരുങ്ങി. അടുത്ത പറമ്പിൽ മൊബൈൽ ടവർ വന്നു. മൊയിലോത്ത് നാഗഭഗവതിക്ഷേത്രം പുനരുദ്ധാരണം നടത്തി ആൾപ്പെരുമാറ്റമുള്ള ക്ഷേത്രമായി മാറി.
പൊതുവേ നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുമ്പോഴും വെള്ളിയാഴ്ച നാടിനെയാകെ നടുക്കിയ വാർത്തയ്ക്കാണ് ഈ പറമ്പ് സാക്ഷ്യംവഹിച്ചത്. ഇൗ സ്ഥലം മദ്യം-മയക്കുമരുന്ന് ഉപയോഗത്തിന് പലരും ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും സ്ഥിരമായി ആരും വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുകയും ഒട്ടേറെപ്പേരെ ഇതിലേക്ക് കൊണ്ടുവരുകയും ചെയ്യുന്ന ഓർക്കാട്ടേരി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ 11 പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായി ഉണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഒരു സ്ഥലത്തും ഇവർ സ്ഥിരം കേന്ദ്രമാക്കില്ല.
ഒന്നോ രണ്ടോ ദിവസംകൊണ്ട് സ്ഥലം മാറുന്നതാണ് രീതി. സ്ഥലത്തുനിന്ന് ഉപയോഗിക്കാത്തതായി അഞ്ച് സിറിഞ്ചുകളാണ് കിട്ടിയത്. ഉപയോഗിച്ചതായി മൂന്നെണ്ണവും. അവശനിലയിൽ കണ്ടെത്തിയ യുവാവിനോട് പോലീസ് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നത്. അവർക്ക് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്നായിരുന്നു മറുപടി.
എടച്ചേരി ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്.ഐ. വി.കെ. കിരൺ, എ.എസ്.ഐ. വി.വി. ഷാജി, ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരായ നീതു, എ.കെ. ജിജീഷ് പ്രസാദ്, എക്സൈസ് പ്രിവൻറീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, കെ. വിനോദ്, കെ.എം. സോമസുന്ദരൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കെ.കെ. രമ എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക, സി.പി.എം. ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, എം.കെ. രാഘവൻ, കെ.എം. ദാമോദരൻ, പി. രാജൻ, ആർ.എം.പി.ഐ. സംസ്ഥാനസെക്രട്ടറി എൻ. വേണു, കോട്ടയിൽ രാധാകൃഷ്ണൻ, കുളങ്ങര ചന്ദ്രൻ പി.പി. ജാഫർ, പി.കെ. ജമാൽ, ടി.എൻ. റഫീക്ക്, ജി. രതീഷ്, വി.കെ. ജസീല, നുസൈബ മൊട്ടമ്മൽ, ടി.കെ. രാമകൃഷ്ണൻ, ഒ. മഹേഷ് കുമാർ, കെ.പി. ബാലൻ തുടങ്ങിയവർ സ്ഥലത്തെത്തി.
വടകര: മയക്കുമരുന്ന് യുവത്വത്തിന് മരണക്കുരുക്കായി മാറുന്ന സംഭവങ്ങൾ നാൾക്കുനാൾ വർധിക്കുന്നു. വടകര മേഖലയിൽമാത്രം ഒരുവർഷത്തിനിടെ ആറു യുവാക്കൾ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണെന്നാണ് സംശയം. കൊയിലാണ്ടിയിലും അടുത്തിടെ ഒരു യുവാവ് മരിച്ചു. വെള്ളിയാഴ്ച ഏറാമല കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പിൽ രണ്ടു യുവാക്കൾ മരിച്ച സംഭവത്തോടെ ഇത്തരത്തിലുള്ള മരണങ്ങൾ സംബന്ധിച്ചും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ചും പോലീസ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ കൈനാട്ടി മേൽപ്പാലത്തിന്റെ അടിവശത്ത് പ്രവാസിയായ യുവാവിനെ മരിച്ചനിലയിൽ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കംമുതൽ ഉയർന്നു. ഏതോ വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ചെന്നും അവശനായതോടെ രണ്ടുപേർ ചേർന്ന് മോട്ടോർസൈക്കിളിൽ ഇരുത്തി പാലത്തിനടിയിൽ ഉപേക്ഷിച്ചെന്നുമായിരുന്നു സംശയം. ഒടുവിൽ ഇത് തെളിയുന്നത് ജനുവരിയിലാണ്. തുടർന്ന് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മൂന്നാളുകളുടെപേരിൽ കേസെടുത്തു. ഇതിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു.
ഏറാമലയിൽത്തന്നെ മൂന്നുമാസംമുമ്പ് ഒരു യുാവിനെ ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വില്ലനായത് മയക്കുമരുന്നുതന്നെയെന്നാണ് സംശയം. കൊയിലാണ്ടിയിൽ കഴിഞ്ഞമാസം ഒരു യുവാവിനെ മരിച്ചനിലയിലും മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. ഇതിലും സംശയം നീണ്ടത് മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ്.
ആറുമാസംമുമ്പ് ഓർക്കാട്ടേരി ടൗണിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വടകര ടൗണിലെ ലോഡ്ജിൽ യുവാവ് മരിച്ച സംഭവത്തിലുമെല്ലാം പ്രതിസ്ഥാനത്ത് മയക്കുമരുന്നുതന്നെയെന്നാണ് പോലീസ് സംശയം. പക്ഷേ, പല മരണങ്ങളിലും വ്യക്തമായ ഉത്തരം കിട്ടുന്നില്ല. മരണത്തോടെ അന്വേഷണങ്ങളും അവസാനിക്കുകയാണ്. മയക്കുമരുന്ന് മാഫിയകൾ താവളമാക്കുന്ന ഒട്ടേറെ ഇടങ്ങൾ ഓരോ ടൗണുകളിലുമുണ്ട്. നാട്ടിൻപുറങ്ങളിൽപ്പോലും ഇത്തരം കേന്ദ്രങ്ങളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, ഇവിടങ്ങളിൽ തുടരെ പരിശോധന നടത്തി നടപടികൾ ശക്തമാക്കുന്നതിൽ പോലീസും എക്സൈസുമെല്ലാം പരാജയമാണെന്ന് ആക്ഷേപമുണ്ട്.
വിവിധ യുവജനസംഘടനകളും ഇതിൽ നിസ്സംഗമാണെന്നാണ് കുന്നുമ്മക്കര സംഭവം ഉൾപ്പെടെ തെളിയിക്കുന്നത്. കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പ് പോലെയുള്ള ഇടങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്ക് നാടൊട്ടാകെയുണ്ട്. ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി പോലീസിന് വിവരം കൈമാറാൻ സാധിക്കുക യുവജനസംഘടനകൾക്കും മറ്റുമാണ്.
മയക്കുമരുന്നുപയോഗമാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇവിടെനിന്ന് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സിറിഞ്ചുകളും മരണപ്പെട്ട ഒരാളുടെ പോക്കറ്റിൽനിന്ന് വെളുത്ത പൊടിയും കണ്ടെത്തി. ഇത് പരിശോധനയ്ക്കായി അയച്ചു. പൊടി ചൂടാക്കിയതെന്ന് സംശയിക്കുന്ന കുപ്പിയുടെ മൂടിയും കണ്ടെത്തി.
കുന്നുമ്മക്കര തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരാണ് മരിച്ചത്. കുന്നുമ്മക്കരയിലെ ചെറുതുരുത്തി ശ്രീരാഗിനെ (23) അവശനിലയിൽ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്കുമാറ്റി. കുനിക്കുളങ്ങര പറമ്പിലെ മൊബൈൽ ടവറിന് സമീപത്താണ് രണ്ടുപേരുടെയും മൃതദേഹം കണ്ടത്. മരിച്ച അക്ഷയിന്റെ വീട് ഇതിനു സമീപത്തായാണ്.
രാത്രിയിൽ അക്ഷയ് വീട്ടിൽ വരാത്തതിനെത്തുടർന്ന് അമ്മ ഷീബ രാവിലെ ഈ പറമ്പിലെത്തി നോക്കിയപ്പോഴാണ് മൂന്നുപേർ കിടക്കുന്നതുകണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. എടച്ചേരി പോലീസും സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്ത് തെളിവുശേഖരിച്ചു. വടകര ഡിവൈ.എസ്.പി. കെ. വിനോദ്കുമാർ, എടച്ചേരി ഇൻസ്പെക്ടർ സുധീർ കല്ലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മയക്കുമരുന്നിന്റെ അളവ് കൂടിയതോ ഉപയോഗിച്ചതിലെ അപാകമോ ആണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമായ വിവരം ലഭിക്കും.
മരണപ്പെട്ട രൺദീപിന്റെ പേരിൽ കഞ്ചാവ് പിടികൂടിയതിന് ഉൾപ്പെടെ എടച്ചേരി, വടകര സ്റ്റേഷനുകളിലും വടകര എക്‌സൈസിലും കേസുണ്ട്.
ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെയും കമലയുടെയും മകനാണ് രൺദീപ്. സഹോദരങ്ങൾ: രജിലേഷ്, രഗിലേഷ്. തോട്ടോളിമീത്തൽ ബാബു(ഖത്തർ)വിന്റെയും ഷീബയുടെയും മകനാണ് അക്ഷയ്. സഹോദരൻ: അർജുൻ (ഖത്തർ).
പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സി.ബി.ഐ. തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണം.
സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.
സി.ബി.ഐ. പിന്നിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സി.ബി.ഐ. അന്വേഷിക്കാൻ തയ്യാറായാൽ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.
ജസ്‌ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സി.ബി.ഐ. ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജസ്‌നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സി.ബി.ഐ. ശ്രമിച്ചില്ല. ആർത്തവം മൂലമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല. ജസ്‌നയുടെ മുറിയിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ല.
ജെയിംസ് ജോസഫ് ഈ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ സി.ബി.ഐ. പ്രോസിക്യൂട്ടർക്കായിരുന്നില്ല. വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
മാസപ്പടി കേസിലെ ഇഡി സമൻസിനെതിരെ ഹെെക്കോടതിയെ സമീപിച്ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി. ഇഡി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹെെക്കോടതി അറിയിച്ചു. ഇഡി സമന്‍സിലെ തുടർനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇ ഡി ശശിധരൻ കർത്തയോട് നിർദേശിച്ചിരിക്കുന്നത്.
റിസോർട്ടിലെ മദ്യസൽക്കാരം പി.വി. അൻവറിനെതിരായ പരാതി പരിശോധിക്കണം: ഹൈക്കോടതി
ആലുവ എടത്തലയിൽ പി.വി. അൻവർ എം.എൽ.എയുടെ ‘ജോയ് മാത്യു ക്ലബിൽ’ ലഹരിപ്പാർട്ടി നടത്തിയെന്ന കേസിൽ നിന്ന് അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതിയിൽ…
സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ വീണ വിജയൻ, എക്സാലോജിക്ക് കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് അന്വേഷണ പരിധിയിൽ ഉള്ളത്. ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ. ചോദ്യംചെയ്യലിന് മുന്നോടിയായി എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടേക്കും. ഇതുമായി സഹകരിച്ചില്ലെങ്കിൽ റെയ്ഡ് നടത്തി പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അതിനുശേഷമാകും ചോദ്യംചെയ്യൽ.
അതേസമയം, കിഫ്ബി മസാലബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീലിൽ അടിയന്തര ഇടപെടൽ ഇല്ലെന്ന് ഹെെക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം അപ്പീലിൽ വാദം കേൾക്കുമെന്നാണ് കോടതി നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം ഐസക്കിനെ ചോദ്യം ചെയ്യാമെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്.
കുട്ടനാട് പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് രണ്ടുപേർ ആറ്റിലേക്ക് ചാടുന്നത് കണ്ടതായി പോലീസിനെ അറിയിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ പുരോഗമിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കാരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം.
മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവർക്കെതിരാണ് മെമ്മറി കാർഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. 2018ല്‍ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഭവത്തിൽ സംസ്ഥാന കമ്മറ്റിക്ക് യാതൊരു ബാധ്യതയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, കേസുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ഗോവിന്ദൻ പറഞ്ഞു.
പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് മാറ്റണമെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണെന്നും ഫാസിസം വന്നാൽ മാത്രമേ ഇതെല്ലാം നടക്കൂ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിലെ പുരാണസംവിധാനങ്ങളുടെ ഭാഗമായുള്ള പേര് നൽകാനും ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിൽ ഇതൊന്നും വിലപ്പോവില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ ടി.ജി നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. നന്ദകുമാറിനെ വിശ്വസിക്കാൻ പറ്റില്ല. എന്നാൽ, നന്ദകുമാറിനെ പോലെ ഒരാൾ പറയുന്നത് മുഴുവൻ തള്ളിക്കളയാനും കഴിയില്ല. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. അതിനാൽ വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം, ഗോവിന്ദൻ പറഞ്ഞു.
പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി. കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ . നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് തുറന്നാട് പോലീസ് അറസ്റ്റു ചെയ്തത്. തുറന്നാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ രണ്ടാഴ്ച മുൻപ് വിവാഗ വാഗ്ദാനം നല്കി കടത്തി ക്കൊണ്ടുപോയത്.
തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. പോക്സോ കേസിലും പ്രതിയാണ് അറസ്റ്റിലായ രഘു.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി . എന്നാല്‍, പെൺകുട്ടിയുടെയും രഘുവിന്റെയും പക്കല്‍ മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.
സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അഞ്ചല്‍ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും കണ്ടെത്തി.
പൊലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ മൃഗീയ പീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു .
രണ്ട് തവണ വിവാഹിതനായ ഇയാള്‍ക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞമാസം 20 ന് ചാരുംമൂട്ടിലെ ബന്ധുവീട്ടില്‍ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാള്‍ നാടുവിട്ടത്. അയല്‍ സംസ്ഥാനത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് .
ചെങ്ങന്നൂർ ഡിവൈ എസ്പി കെ എൻ രാജേഷ് , നൂറനാട് സിഐ ഷൈജു ഇബ്രാഹിം, എസ്.ഐ അരുൺ കുമാർ, പോലീസുകാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള . മുഹമ്മദ് ഷെഫീക്ക്, പ്രവീൺ പി, അരുൺ ഭാസ്കർ. ബിനു രാജ് ആർ. പ്രസന്നകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച് നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പില്‍ മനോജ് കെ.ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും.
മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആല്‍വിൻ മരിച്ചു.
നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു.
2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കും നിയമവിരുദ്ധമായി മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തി.
മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാറിൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്‌ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേർന്നു. സ്‌നേഹം പങ്കുവെക്കലിന്റെ ആഘോഷംകൂടിയാണ് പെരുന്നാള്‍.
ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.