Kerala

രണ്‍വീർ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ‘ശക്തിമാൻ’ ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.

സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍വീർ സിംഗിന്റെ ‘ഡോണ്‍ 3 ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാൻ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോർട്ടില്‍ പറയുന്നു.

ടോവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടൻമാർ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രണ്‍വീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്.

അങ്ങനെയെങ്കില്‍ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ശക്തിമാൻ പരമ്ബരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല്‍ 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. കരണ്‍ ജോഹറിൻ്റെ സംവിധാനത്തില്‍ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് രണ്‍ബീറിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ . ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.

സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിധിയുടെ വിശദവിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു.

മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം.

എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. വിധി പറയുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞിരുന്നു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.

മുംബൈ : 2023ലെ ഐപിഎല്ലിനിടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ ഷര്‍ട്ടില്‍ ഒപ്പുവച്ചതിന് സമാനമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മറ്റൊരു ഓട്ടോഗ്രാഫ് കൂടി ചര്‍ച്ചയാകുന്നു. ഇത്തവണ ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ ഒപ്പിന്റെ വീഡിയോയാണ് വൈറലാകുന്നത്. മലയാളിയും രാജ്യത്തെ പ്രമുഖ ക്രോസ് റിവാര്‍ഡ് പ്രോഗ്രാം ഐഡന്റിഫയര്‍ ആയ സിംഗിള്‍ ഐഡിയുടെ ഡയറക്ടറുമായ സുഭാഷ് മാനുവലിനാണ് ധോണിയുടെ എക്‌സ്‌ക്ലൂസീവ് ഓട്ടോഗ്രാഫ് ലഭിച്ചിരിക്കുന്നത്.

എനിഗ്മാറ്റിക് സ്‌മൈല്‍ പ്രമോട്ട് ചെയ്യുന്ന സിംഗിള്‍ ഐഡി വികസിപ്പിച്ചെടുത്ത ഒരു ആപ്പ് ധോണി അവതരിപ്പിച്ചു. ഈ ആപ്പിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് പേയ്‌മെന്റ് ലിങ്ക്ഡ് റിവാര്‍ഡ് സ്‌പേസുകളില്‍ റിവാര്‍ഡുകള്‍ നഷ്ടമാകുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ആപ്പ് അവതരണത്തിന് ശേഷം ധോണി ഒരു ചോദ്യോത്തര വേളയില്‍ പങ്കെടുക്കുകയും അതിനിടയില്‍ സുഭാഷ് തന്റെ ആവശ്യം ധൈര്യപൂര്‍വ്വം ഉന്നയിക്കുകയുമായിരുന്നു. ഇതിന്റെ ഇൻസ്റ്റഗ്രാം വീഡിയോയാണ് വൈറലായത്.

പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഏറത്തുവടക്ക് നന്ദനത്തില്‍ ആദേശിന്റെയും സരിതയുടെയും മകന്‍ ആദിത്യന്‍ (14), മണ്ണടി നേടിയകാല വടക്കേതില്‍ അനിയുടെയും ശ്രീജയുടെയും മകന്‍ അമല്‍ (14) എന്നിവരാണ് മരിച്ചത്.

വെണ്ടാര്‍ ശ്രീവിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രാവിലെ ട്യൂഷന് പോയിട്ട് മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ച മുതല്‍ നാട്ടുകാരും പോലീസും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ വീടിനടുത്തുള്ള കല്ലടയാറ്റിലെ പാറക്കടവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല്‍വഴുതി വീണതാകാം എന്ന് സംശയിക്കുന്നതായി പത്തനാപുരം പോലീസ് അറിയിച്ചു.

യു.കെ.യില്‍ കെയറര്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പില്‍നിന്ന് കണ്ണൂര്‍ എ.സി.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. സ്ഥാപനം പോലീസ് പൂട്ടി.

കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്. യു.കെ.യില്‍ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളില്‍നിന്നായി 11 പരാതികള്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒന്‍പതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി.

പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുഭാഷ് ബാബു, എസ്.ഐ.മാരായ പി.പി.ഷമീല്‍, സവ്യ സച്ചി, അജയന്‍ എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 45 ലക്ഷം രൂപ പിന്‍വലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താന്‍ പോലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

അടുക്കളയില്‍ നിന്നും സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേല്‍ വി സി.ദിലീപിന്റെയും സിത്താരയുടെയും മകൻ സാരംഗാണ് (13) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ജനുവരി 19നു വൈകിട്ട് അടുക്കളയിലെ അടുപ്പിനു സമീപം നിന്നിരുന്ന സാരംഗിന്റെ കയ്യില്‍ ഉണ്ടായിരുന്ന സാനിറ്റൈസർ അടുപ്പിലേക്കു മറിഞ്ഞതിനെ തുടർന്ന് തീ ആളുകയായിരുന്നു.

ഇതോടെ അടുപ്പിന് അരികില്‍ നിന്ന കുട്ടിയുടെ ശരീരത്തിലേക്ക് തീ പടർന്നു. അമ്മയും മൂത്ത സഹോദരൻ ആരോമലും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കെഎസ്‌ആർടിസിയില്‍ ഡ്രൈവറായ അച്ഛൻ ദിലീപ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അയല്‍വാസിയും വീട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

പിറവത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിലും എത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിറ്റേദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് മരിച്ചു. വെള്ളൂർ കെഎം എച്ച്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്നു വൈകിട്ട്.

ചാലിഗദ്ദയില്‍ കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന മോഴയെ പിടികൂടാന്‍ ശ്രമിച്ച ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയില്‍ വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയ ശേഷം ആര്‍.ആര്‍.ടി. ആനയെ തുരത്തുന്നതിനിടയിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബേലൂര്‍ മഖ്‌നയെ പിടികൂടാനായി ദൗത്യസംഘം മുന്നോട്ട് പോകുന്നതും ഇതിനിടെ മോഴയാന പിന്നാലെ ഓടി വന്നതോടെ സംഘം തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു തവണ വെടിവെച്ചിട്ടും ആന പിന്തിരിയാതിരുന്നതോടെ വീണ്ടും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബേലൂര്‍ മഖ്‌നയ്ക്ക് കവചമൊരുക്കുന്ന രീതിയിലായിരുന്നു രണ്ടാമത്തെ മോഴയാനയുടെ പ്രവൃത്തി.

കഴിഞ്ഞദിവസമായിരുന്നു ബേലൂർ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനകൂടി ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. കാഴ്ചയില്‍ രണ്ടെണ്ണവും ഒരുപോലെ ഇരിക്കുന്നതിനാല്‍ കഴുത്തില്‍ റേഡിയോ കോളറില്ലെങ്കില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

വയറ്റിൽ മുഴയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗിൽ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയിൽ ആമാശയത്തിൽ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.

മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെൺകുട്ടി.

ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള കുട്ടികളിൽ ആപൂർവമായി കാണുന്നതാണ് ‘ട്രൈക്കോ ബിസയർ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുടിവിഴുങ്ങൽ രോഗം. തലമുടി ആമാശയത്തിൽ ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറും. ഭക്ഷണത്തോട് താത്പര്യക്കുറവ്, വിളർച്ച, വളർച്ച മുരടിക്കൽ, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ലക്ഷണം. 28 വർഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപൂർവ ശസ്ത്രക്രിയ നടത്തുന്നത്

വീടിനുളളില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്‍ മഹേഷിനെ (42) ചൊവ്വാഴ്ച രാവിലെയാണ് മൂഴിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അജിയുടെ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. കൊലപാതക സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ആ വഴിക്ക് വ്യാപിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിക്കുന്നത് കണ്ടിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും നിര്‍ണായകമായി.

മദ്യപാനത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുദേവൻ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതി പുലർച്ചെ 1:30 മണിയോടുകൂടി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെളുപ്പിനെ പായിപ്പാട് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ ഗൃഹനാഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു.

തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മറ്റു പ്രതികളായ ഷൈബിൻ, ശ്യാം കുമാർ, നിർമ്മൽ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യപ്രതിക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ ഗോവയിൽ നിന്നും പിടികൂടുകയായിരുന്നു.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്. ഐ അഖിൽദേവ്, എ.എസ്.ഐ സന്തോഷ്, സി.പി.ഓ മാരായ അനീഷ് ജോൺ, അരുൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് തിരുവല്ല, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി.

Copyright © . All rights reserved