നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഒളിവിലായിരുന്നു ജാഫറിനെ, കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻഐഎ സംഘം പിടികൂടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്നാണ് എൻഐഎ കണ്ടെത്തൽ. എൻഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫർ പിടിയിലായത്. 2047നകം കേരളത്തിൽ ഇസ്‍ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് ഭീമന്റവിട ജാഫറിനെ എൻഐഎ പിടികൂടിയത്. കേസിൽ അറസ്റ്റിലാകുന്ന 59–ാമത്തെ വ്യക്തിയാണ് ജാഫർ. ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാൻ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പിഎഫ്ഐ ഹിറ്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു പരിശീലനം നൽകി എന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ചന്ദ്രനഗറിൽ സീഡ് ഫാം ക്വാട്ടേഴ്സിൽ വീട് കുത്തിത്തുറന്ന് നാലുപവൻ സ്വർണവും 6,000 രൂപയും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി 35 വർഷത്തിനുശേഷം പിടിയിൽ. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രിയിലും പകൽസമയത്തും മോഷണം നടത്തിയിട്ടുണ്ട്.
പാലക്കാട് കസബ പോലീസ് പഴയ കേസുകളിൽ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീർ പിടിയിലായത്.
പാലക്കാട് കസബ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സീനിയർ പോലീസ് ഓഫീസർമാരായ ആർ. രാജീദ്. എസ്. ജയപ്രകാശ്, സെന്തിൾകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട്ടെ പടക്കപ്പുരയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
പടക്കപ്പുരയിൽ രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സമീപത്തെ വീടുകളടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ചില്ലുകളും വാതിലുകളും ജനലുകളും തകർന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. തൃപ്പൂണിത്തുറ – വൈക്കം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. അനുമതിയില്ലാതെയാണ് പടക്കപ്പുര പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ജില്ല കലക്ടർ, ഹൈബി ഈഡൻ അടക്കമുള്ളവർ സ്ഥലത്തെത്തി
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു.
2019-ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്.
സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരേയൊരു പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് യോഗശേഷം ജോസ് കെ.മാണി പറഞ്ഞു.
1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട് തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് 2019-ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്.
1991-ലെ തിരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്.
വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് തുടരുമെന്ന് വനംവകുപ്പ്. ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെ ഞായറാഴ്ച ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. പ്രദേശത്ത് മൂടല്‍മഞ്ഞുള്ള കാലാവസ്ഥായാണെന്ന് ചൂണ്ടിക്കാട്ടിയ സി.സി.എഫ്. കെ.എസ്. ദീപ രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.
ഒരു കുടുംബത്തിലെ മൂന്നുപേരുടെ വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് നാട്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയവര്‍ അറിഞ്ഞിരുന്നില്ല അവരെ കാത്തിരുന്നത് മരണക്കയമാണെന്ന്. പുഴയില്‍ കുളിക്കുന്നതിനിടെ ആയിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരി പൊയ്യ പുളിക്കമണ്ണില്‍ക്കടവിലായിരുന്നു ദാരുണമായ അപകടം നടന്നത്.
കുന്നമംഗലം കാരിപ്പറമ്ബതക്ക് സിദ്ധാര്‍ത്ഥന്റെ ഭാര്യ സിന്ധു(മിനി 48), ഇവരുടെ മകളും വൈത്തിരി കാവുമന്നം രാജേഷിന്റെ ഭാര്യയുമായ ആതിര(25), പൊയ്യ കുഴിമണ്ണില്‍ ഷിനിജയുടെയും ഷാജിയുടെയും മകന്‍ അദ്വൈത്(13) എന്നിവരാണ് മരിച്ചത്. ഷിനിജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അദ്വൈതിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു സിന്ധുവും ആതിരയും. വൈകിട്ട് എല്ലാവരും ചേര്‍ന്ന് പൊയ്യ കടവില്‍ കുളിക്കാനായി പോയതായിരുന്നു. ഇതിനിടെ അദ്വൈത് പുഴയില്‍ മുങ്ങിപ്പോയി. രക്ഷിക്കാനായി ഇറങ്ങിയ ആതിരയും സിന്ധുവും ഷിനിജയും അപകടത്തില്‍പ്പെടുകയായിരുന്നു. അദ്വൈതിന്റെ കുടുംബം രണ്ട് വര്‍ഷം മുമ്ബ് മാത്രമാണ് ഇവിടെ താമസമാക്കിയത്. അതുകൊണ്ടുതന്നെ പുഴയെ കുറിച്ച് കുടുംബത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
ആതിരയുടെ ആറ് വയസുള്ള കുട്ടിയും, അദ്വൈതിന്റെ സഹോദരിയും മാത്രമാണ് ആ സമയം കരയില്‍ ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ അപകടം ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അരമണിക്കൂറോളം പിന്നിട്ടിരുന്നു. ഇതിനിടയില്‍ ഷിനിജയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. മറ്റു മൂന്നുപേരും ഇതിനോടകം തന്നെ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടവകയിലെ ആൾത്താര ബാലനായിരുന്നു.
കുർബാനയ്ക്കിടെ പെട്ടെന്ന് മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകൾ ഓടി എത്തുമ്പോൾ വായിൽനിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച മിലൻ. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
ബ്രിട്ടനിൽ മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സായ മലയാളി യുവതി പിടിയിൽ. പതിമൂന്നും എട്ടും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.
ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇംഗ്ലിഷ് മാദ്ധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ജിലുവിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍രക്ഷിച്ചു. ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിയെയാണ് പോലീസ് വാതില്‍പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇതില്‍നിന്നാണു രക്ഷിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.
ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്നിക്കുമെന്നും യോഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.
അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുകൂല പരിഗണന നല്‍കും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി.
മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ആളുകൾ ഇപ്പോൾ വൈകാരികമായ അന്തരീഷത്തിലാണ്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ചനടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.