മാസപ്പടി വിവാദത്തിൽ പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊച്ചിയിൽ സമരാഗ്നിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംആര്‍എലിനെ കൂടാതെ എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്നും അത്തരം കമ്പനികൾക്ക് നികുതി ഇളവുൾപ്പെടെ എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍നിന്നും ഉയര്‍ന്നു വന്നതാണ് ഈ ചോദ്യങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന തന്റെ വെല്ലുവിളിക്ക് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുന്‍പ് അന്വേഷണം ഇഡി ആരംഭിച്ചതാണ്. എക്സാലോജിക്കിനെതിരായ അന്വേഷണം മൂടിവയ്ക്കാന്‍ ബിജെപിയുമായി എന്തുധാരണയാണുള്ളത്.
ആദായ നികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ.
സിഎംആര്‍എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നാണ് ആര്‍ഒസി കണ്ടെത്തൽ. എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ച മറ്റുകമ്പനികള്‍ ഏതൊക്കെയാണ്.
ഈ കമ്പനികൾക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ. എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും എംപവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. വായ്പയിലെ ഗണ്യമായ തുക എവിടെപ്പോയെന്നും സതീശൻ ചോദിച്ചു.
തിരുവനന്തപുരം പാലോടിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ. പാലോട് സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനിൻ്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽ കുമാർ. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. വിതുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇവരുടെ രണ്ട് മക്കൾ വിവാഹിതരായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65) കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വൈകിട്ടായിരുന്നു സംഭവം. തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.
അക്രമം നടത്തിയ ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രൻ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം
മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ശുഭവാര്‍ത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയെ കണ്ടെത്തിയ വിവരം തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്.
തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനടക്കം മൂന്നുപേർ അറസ്റ്റിൽ. കൊട്ടാരക്കര മൈലം ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തിൽ റിന്റു (20) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീടുമായി അടുപ്പം പുലർത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണൻകുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്ന് ഗവർണർ വിളിച്ചു. ക്രിമിനലുകള്‍ക്ക് മറുപടിയില്ലെന്നായിരുന്നു ഗവർണറുടെ പരാമര്‍ശം. ഇല്ലാത്ത അധികാരം മന്ത്രി പ്രയോഗിച്ചു. ചാൻസലറോ ചാൻസലർ നിർദേശിക്കുന്ന ആളോ ആകണം അദ്ധ്യക്ഷത വഹിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമര്‍ശിച്ചതിന് മന്ത്രി മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ പരാമര്‍ശവുമായി രംഗത്തെത്തിയത്.
താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ് ഗവര്‍ണര്‍ക്കെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. നിയമം ലംഘിച്ചിട്ടില്ലെന്നും സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവർണർക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി ചോദിച്ചു.
സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക് അധികാരമില്ലെന്ന് ഗവർണർ ആവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നുമായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തല്‍.
വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി . കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തുടർന്ന് കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി’-. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്.
സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.