ഓയൂര്‍ മരുതമണ്‍ പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2023 നവംബര്‍ 27-ന് വൈകിട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം ട്യൂഷനായി പോവുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്കു വലിച്ചുകയറ്റുകയായിരുന്നു. സഹോദരന്‍ ജോനാഥന്‍ ഇതിനെ ചെറുത്തെങ്കിലും അവനെ പുറത്തേക്കുതള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു. പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ വിളിയെത്തി. നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160-ഓളം സാക്ഷികളും 150-ഓളം തൊണ്ടി മുതലുകളും ഉണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്.
പ്രതികളുടെ ശബ്ദ സാമ്പിള്‍, കൈയക്ഷരം പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. അറസ്റ്റ് ചെയ്തവര്‍ അല്ലാതെ പുതിയ പ്രതികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെയും നിഗമനം. കേരളത്തെ രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍. നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.
വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് ഹർജിയില്‍ പറയുന്നു. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നല്‍കണം എന്നാണ് അതിജീവിതയുടെ ആവശ്യം.
ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂർത്തിയായിരുന്നു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.
കോട്ടയം: മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പിസിഎൽ) സിഎസ്ആർ ഫണ്ടിൽ നിന്ന് 68.45 ലക്ഷം അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി ബിപിസിഎൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിംഗ് ഭണ്ഡാരിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിന് അടിയന്തിരമായി 5 വെന്റിലേറ്ററുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പി. കെ ജയകുമാർ നിവേദനം നൽകിയിരുന്നു. 5 പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പ്രയോജനകരമാകും. വെന്റിലേറ്റർ ക്ഷാമം മൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും കുറയ്ക്കാൻ കഴിയും എന്ന് തോമസ് ചാഴികാടൻ അറിയിച്ചു.
നേരത്തെ എം പി യുടെ പരിശ്രമഫലമായി സെൻട്രൽ വെയർഹൗസിഗ് കോർപ്പറേഷന്റെ CSR ഫണ്ടിൽനിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെരിക്കോസ് ലേസർ സർജറി മെഷീനും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഈ സംവിധാനം ഉള്ള ഏക മെഡിക്കൽ കോളേജ് ആണ് കോട്ടയത്തേത്. പുറത്ത് 3 ലക്ഷം വരെ ചെലവ് വരുന്ന ലേസർ ശസ്ത്രക്രിയ ഇവിടെ സൗജന്യം ആയാണ് നടത്തുന്നത്.
മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാര്‍ലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. എന്‍.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചന്‍, സുപ്രിയ സുലെ, എന്‍ഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാര്‍ തുടങ്ങിയവര്‍ക്കാണ് മുമ്പ് ലോക്മത് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്,
ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ച ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. ഈ മാസം പകുതിയോടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ യുഡിഎഫില്‍ കാര്യമായ തര്‍ക്കങ്ങളില്ല. ഇടുക്കി സീറ്റുമായി വെച്ച് മാറണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകളില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിന് താത്പര്യം. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ക്കും സീറ്റില്‍ താത്പര്യമുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പന്‍ തനിക്ക് മത്സരിക്കാനുള്ള താത്പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.
മുതിര്‍ന്ന നേതാവ് പി.സി.തോമസിനും മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അദ്ദേഹം പരസ്യമായി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ.ജോസഫിനോട് നിര്‍ദേശിച്ചതായും വിവരമുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യങ്ങളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത വര്‍ധിപ്പിക്കുന്നത്.
കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് നല്‍കുന്നതോടെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകും നടക്കാന്‍ പോകുന്നത്. എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് (എം) ന്റെ സിറ്റിങ് സീറ്റാണിത്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ വീണ്ടും മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് നിന്ന് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. മാറിയും മറഞ്ഞും മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടമാകും നടക്കാനിരിക്കുന്നത്.
ഇടുക്കിയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് വിജയിച്ച ചരിത്രം ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മഞ്ഞക്കടമ്പന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ മഞ്ഞക്കടമ്പന് കാര്യമായ പിന്തുണയില്ലെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം.
വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.
മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈകൾ കെട്ടിയിട്ട് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് അഭിനന്ദ് നീന്തൽ പരിശീലനം തുടങ്ങിയത്.
ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയുദിച്ചത് .
മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദ് ഉമേഷ് പരിശീലനം പൂർത്തിയാക്കിയത്.
വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് അഭിനന്ദ് കൈകൾ കെട്ടി നീന്തൽ നടത്താനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം.
ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ വരെയാണ്. അഭിനന്ദിന് പിന്തുണയുമായി ഗ്രീൻവാലി സ്കൂൾ പിന്നിലുണ്ട്. ഒപ്പം സാംസ്ക്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ അനേകരും. ചലച്ചിത്ര നടന്മാരടക്കം നിരവധിപേർ നവമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.”
ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പതിമൂന്നാമത്തെ താരമാണ് അഭിനന്ദ് ഉമേഷ്.ഇനിയും വരുന്ന രണ്ടുമാസത്തിനുള്ളിൽ പാതിനഞ്ചു റെക്കോർഡുകൾ പൂർത്തികരിച്ച് ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചത്. 2021നവംബർ മാസമാണ് അനന്ദദർശൻ തവണക്കടവ് മാർക്കറ്റിലേക്ക് നീന്തിക്കയറി റെക്കോടുകൾക്ക് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അഭിനന്ദ് ഉമേഷ് രണ്ടുമണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്നും ഷിഹാബ് കെ സൈനു അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരള ബഡ്ജറ്റ് അവതരിപ്പിച്ചത്. ആവശ്യമായ രീതിയിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല എന്നുള്ള പരാതിയാണ് ബഡ്ജറ്റിൽ ഉടനീളം ഉള്ളത്. ഈ അവസരത്തിൽ സ്വകാര്യമേഖലയിലേക്ക് ഉറ്റുനോക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ നയ വ്യതിയാനത്തിന് തുടക്കമാണ് പുതിയ ബഡ്ജറ്റ് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബഡ്ജറ്റ് പ്രസംഗത്തിൽ പ്രവാസി മലയാളികളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും നിക്ഷേപം സ്വീകരിച്ച് മാത്രമേ ഇനിയും കേരളത്തിന് മുന്നോട്ടുപോകാൻ പറ്റുകയുള്ളൂ എന്ന് ധനമന്ത്രി പറയാതെ പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.
സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്‍ക്കാരുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം.
സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വൻവർധന. രണ്ടരവർഷത്തിനിടയില്‍ ലിഗംമാറ്റം നടത്തിയത് 365 പേർ. സർക്കാർസഹായവും ശസ്ത്രക്രിയാസൗകര്യങ്ങള്‍ കൂടിയതുമാണ് കാരണം.
എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സർക്കാർ മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ശസ്ത്രക്രിയ നടന്നത്. കോട്ടയത്ത് രണ്ടുവർഷത്തിടയില്‍ 26 ശസ്ത്രക്രിയ നടന്നു.കൂടുതല്‍പ്പേരും പെണ്‍ലിംഗത്തിലേക്കാണ് മാറിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്തിടെ ആണ്‍ലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണം അല്പം കൂടിയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എം. ലക്ഷ്മി പറഞ്ഞു. ലിംഗമാറ്റം നടത്തിയാലും ഇവർ ട്രാൻസ്ജെൻഡർ അല്ലാതാകുന്നില്ല. ഇവർക്ക് ശാരീരികമായ സൗകര്യമൊരുക്കലാണ് ചെയ്തുകൊടുക്കാനാകുകയെന്നും ഡോക്ടർ പറഞ്ഞു.
സംസ്ഥാനസർക്കാർ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ സഹായം നല്‍കുന്നുണ്ട്. തുടർചികിത്സയ്ക്കും പോഷകാഹാരത്തിനും സഹായം നല്‍കുന്നുണ്ട്. ട്രാൻസ്വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടരലക്ഷവും ട്രാൻസ്മെൻ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക.
ശസ്ത്രക്രിയയും ഹോർമോണ്‍ ചികിത്സയും കഴിഞ്ഞവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ 25,000 രൂപയും സർക്കാർ നല്‍കുന്നുണ്ട്. സർക്കാർ ആശുപത്രികളില്‍ ഒ.പി., അത്യാഹിത വിഭാഗങ്ങളില്‍ ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്ക് മുൻഗണന നല്‍കുന്നുണ്ട്.