Kerala

ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ (27) പോലീസ് പിടിയില്‍. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്.

ബുധനാഴ്ച രാത്രി 12.30 ഓടെ പോലീസ് വിദ്യയെ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞു. വിശദ മൊഴിയെടുപ്പിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയരേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി.

അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഇതോടെയാണ് അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്.

അതിരഹസ്യമായാണ് പോലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പിടികൂടി കോഴിക്കോടുജില്ലവിട്ടശേഷം മാത്രമാണ് വിവരം കോഴിക്കോട്ടെ ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കുന്നത്.

വിദ്യ കോഴിക്കോട് ജില്ലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു.

രണ്ടാഴ്ചയായി അഗളി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. പാലക്കാട് എസ്.പി. ആര്‍. ആനന്ദ് നടപടികള്‍ ഏകോപിപ്പിച്ചു. അഗളി സി.ഐ. എ. സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.

അഗളി പുതൂര്‍ എസ്.ഐ. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുശിവ, പ്രിന്‍സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോട്ടയം: ലോക്‌സഭയിലെ എം.പി ഫണ്ടിന്റെ വിനിയോഗത്തില്‍ കോട്ടയം എം.പി തോമസ് ചാഴികാടന്‍ ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏഴു കോടി രൂപയില്‍ 100 ശതമാനവും വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചാണ് അദ്ദേഹം ആദ്യ സ്ഥാനത്ത് എത്തിയത്. ഈ തുകയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അടുത്ത ഘട്ടം തുക അനുവദിക്കുക. കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ തോമസ് ചാഴികാടന്‍ മാത്രമാണ് 100 ശതമാനം ഫണ്ടും വിനിയോഗിച്ചത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധസര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ഉപകരണങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകള്‍, അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍, ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടങ്ങള്‍, ലൈബ്രറി കെട്ടിടങ്ങള്‍, ഇലക്ട്രിക്ക് സ്ട്രീറ്റ് ലൈന്‍ നിര്‍മ്മാണം, ഹൈ മാസ്‌ററ് / മിനി മാസ്‌ററ് ലൈറ്റുകള്‍, ഗ്രാമീണ റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കല്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും, ലാബുകളും, ആശുപത്രികള്‍ക്ക് ആംബുലന്‍സുകള്‍, കുടിവെള്ള പദ്ധതികള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, പട്ടിക ജാതി / പട്ടിക വര്‍ഗ കോളനികളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍, വഴി വിളക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഫണ്ട് ചെലവഴിച്ചത്.

കണ്ണൂർ∙ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനു ദാരുണാന്ത്യം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാൽ നിഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടയിലാണു കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്.

 

വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചതാകാം എന്നാണു കരുതുന്നത്. ശരീരമാസകലം കടിയേറ്റ പാടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.

അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് പരിശോധന. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

ബാങ്ക് അടക്കം വിവിധയിടങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റ് ആയിരുന്ന കെ.കെ. എബ്രഹാം, വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലാണ് പരിശോധന. ആറു പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. 2016 – 17 കാലയളവിൽ ഏകദേശം 8.30 കോടി രൂപയുടെ തട്ടിപ്പ് ഈ ഭരണ സമിതി നടത്തിയിട്ടുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പത്തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ. എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റായിരുന്നു എബ്രഹാം. സംഭവത്തിൽ രമാദേവിയും കെ.കെ. എബ്രഹാമും ജയിലിലാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടിൽ കെ.കെ എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ്. നാല് മാസം മുൻപാണ് ഇഡി ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

കെ.കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡന്റായ സമയത്തായിരുന്നു പുൽപ്പള്ളി സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടന്നത്. 8.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വായ്പാ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന് പിന്നാലെ കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാന്റിലായ ഇദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതേസമയം, ബാങ്കിൽ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാൽ, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.എബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് എബ്രഹാമിനെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായ്പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ കെ.കെ.ഏബ്രഹാം നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്.

നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് ഇപ്പോഴും രംഗത്തെത്തുന്നത്. ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി പോയ സുധിയുടെ അടക്കം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. അടക്കിന്‌ മുന്നേ തന്നെ തനിച്ചാക്കി പോയ സുധിയോട് ഭാ​ര്യ രേണു സംസാരിക്കുന്നതിന്റെ വീഡിയോ ആണ് മലയാളികളുടെ കണ്ണിനെ ഈറനണിയിക്കുന്നത്. അടക്ക ശുശ്രൂഷകൾ നടക്കുന്നതിനിടെ സുധിയെ നോക്കി ഒരുപാട് നേരം സംസാരിക്കുകയാണ് രേണു. സുധിയോട് വിഷമിക്കരുതെന്നൊക്കെ രേണു പറയുന്നുണ്ട്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവരുടെ കണ്ണുകൾ ഈറണിയിക്കുകയും ചെയ്യുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുക ആണ്. സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറൽ വിമർശിച്ചു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.

അതിനിടെ വിദ്യാർത്ഥി സമരം രൂക്ഷമായ കോളേജിൽ പ്രശ്നം പരിഹരിക്കാന സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജ് സന്ദർശിക്കും. മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും സംഘം ചർച്ച നടത്തും. സാങ്കേതിക സർവകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ പരാതികൾ പരിശോധിക്കാൻ നിയോഗിച്ചു. ഈ സംഘവും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.

സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.

രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് സഹപാഠികളുടെ ആരോപണം. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ  ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

തൃശൂർ : നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി.  അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.

തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയാകെ. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. സംഭവത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. എസ്എഫ്ഐയും എബിവിപിയും അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇന്ന് മാർച്ച് നടത്തും.

ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.

കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം പറയുന്നുണ്ട്. ഇതിന് പിന്നാലെ കടുത്ത ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും പിതാവ് ആരോപിക്കുന്നു. വിഷയം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമടക്കം കുടുംബം പരാതി നൽകും.

രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശ്രദ്ധയെ കണ്ടെത്തിയത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Copyright © . All rights reserved