നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് ഇപ്പോഴും രംഗത്തെത്തുന്നത്. ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി പോയ സുധിയുടെ അടക്കം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. അടക്കിന് മുന്നേ തന്നെ തനിച്ചാക്കി പോയ സുധിയോട് ഭാര്യ രേണു സംസാരിക്കുന്നതിന്റെ വീഡിയോ ആണ് മലയാളികളുടെ കണ്ണിനെ ഈറനണിയിക്കുന്നത്. അടക്ക ശുശ്രൂഷകൾ നടക്കുന്നതിനിടെ സുധിയെ നോക്കി ഒരുപാട് നേരം സംസാരിക്കുകയാണ് രേണു. സുധിയോട് വിഷമിക്കരുതെന്നൊക്കെ രേണു പറയുന്നുണ്ട്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവരുടെ കണ്ണുകൾ ഈറണിയിക്കുകയും ചെയ്യുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുക ആണ്. സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍
അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.
കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറൽ വിമർശിച്ചു.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.
അതിനിടെ വിദ്യാർത്ഥി സമരം രൂക്ഷമായ കോളേജിൽ പ്രശ്നം പരിഹരിക്കാന സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജ് സന്ദർശിക്കും. മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും സംഘം ചർച്ച നടത്തും. സാങ്കേതിക സർവകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ പരാതികൾ പരിശോധിക്കാൻ നിയോഗിച്ചു. ഈ സംഘവും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.
കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.
സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.
രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് സഹപാഠികളുടെ ആരോപണം. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.
കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.
തൃശൂർ : നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.
തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയാകെ. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. സംഭവത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. എസ്എഫ്ഐയും എബിവിപിയും അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇന്ന് മാർച്ച് നടത്തും.
ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.
കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം പറയുന്നുണ്ട്. ഇതിന് പിന്നാലെ കടുത്ത ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും പിതാവ് ആരോപിക്കുന്നു. വിഷയം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമടക്കം കുടുംബം പരാതി നൽകും.
രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശ്രദ്ധയെ കണ്ടെത്തിയത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ അന്തരിച്ചു. തൃശൂര്‍ കയ്പമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.
വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കുണ്ട്.ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ,ബിഗ് ബ്രദര്‍, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.2015ല്‍ പുറത്തിറങ്ങിയ കാന്താരി ആയിരുന്നു ആദ്യ ചിത്രം.
പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി കൂട്ടമണിയടിച്ച് കുര്‍ബാന നടത്തി വികാരിയച്ചന്‍. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ വികാരിയുടെ നടപടിയെ തുടര്‍ന്ന് പള്ളിയ്ക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.
പുതിയ പള്ളി നിര്‍മിച്ചതിന്റെ കണക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിക്കുന്നത്. പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത് വികാരി ഫാ. ജോയസണ്‍ കോരോത്തായിരുന്നു. ഇതിനായി അഞ്ചരക്കോടിയോളം രൂപ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തു. തുടര്‍ന്ന് പള്ളി നിര്‍മാണം പൂര്‍ത്തിയായിട്ടും വികാരി കണക്ക് അവതരിപ്പിക്കാന്‍ തയാറാകാഞ്ഞതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. വിശ്വാസികളും ഭാരവാഹികളും നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെ രൂപതയില്‍ നിന്ന് കണക്ക് അവതരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ശേഷം ഏഴ് മാസം കഴിഞ്ഞാണ് കണക്ക് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് കണക്കിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ വികാരിക്കെതിരേ ഒരു വിഭാഗം വിശ്വാസികള്‍ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ സംഘടിക്കുകയും ചെയ്തു.
അതേസമയം പഴയപള്ളി പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മര ഉരുപ്പടികള്‍ എവിടെയന്നും പള്ളിയിലെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് സിസിടിവി വെക്കുന്നില്ലന്നും തുടങ്ങിയ ആരോപണങ്ങള്‍ വികാരിക്കെതിരേ ഉന്നയിച്ച് സംരക്ഷണ സമിതി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വികാരി നേരിട്ട് പള്ളി സംബന്ധമായ ഇടപാടുകള്‍ നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തനിക്കെതിരേ ഫ്‌ളക്‌സുകള്‍ വന്നതോടെ ഫാ.ജോയസണ്‍ കോരോത്ത് കഴിഞ്ഞ ഞാറാഴ്ച കൂട്ടമരണ കുര്‍ബാന നടത്തിയിരുന്നു. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫ്‌ളക്‌സുകള്‍ പൊങ്ങിയിട്ടും ഇടവകയിലെ ആരും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്നു പറഞ്ഞായിരുന്നു മരണ കുര്‍ബാന നടത്തിയിരുന്നത്.
എന്നാല്‍ ജീവിച്ചിരുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണക്കുര്‍ബാന ചൊല്ലിയതോടെ പ്രശനം രൂക്ഷമായി. തുടര്‍ന്ന് വികാരിയെ അനുകൂലിച്ചിരുന്ന വിശ്വാസികള്‍ പോലും എതിര്‍ ദിശയിലേക്ക് ചേര്‍ന്നു. ഇന്ന് പ്രതിഷേധമായി പള്ളി പരിസരത്ത് തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ വിശ്വാസികള്‍ നടത്തി. ഇടവകക്കാരുടെ കൂട്ട മരണ കുര്‍ബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങള്‍ എന്ന ഫ്‌ള്ക്‌സ് സ്ഥാപിക്കുകയും ചെയ്തു. താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമായിരുന്നു ഇടവകക്കാര്‍ പ്രതിഷേധം നടത്തിയത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ആരോപണമുന്നയിച്ച് പെൺകുട്ടിയുടെ കുടുംബം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ സതീഷ് (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് കോളേജ് അധികൃതർ അപമാനിച്ചതായി കുടുംബം ആരോപണം ഉന്നയിച്ചത്. കോളേജ് ലാബിൽ മൊബൈൽ ഉപയോഗിച്ചതിനെ തുടർന്ന് ശ്രദ്ധയുടെ മൊബൈൽ കോളേജ് അധികൃതർ പിടിച്ചെടുക്കുകയും പെൺകുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു.
മൊബൈൽ ഫോൺ പിടിച്ച് വച്ചതിന് ശേഷം ഫോൺ തിരികെ വേണമെങ്കിൽ മാതാപിതാക്കളെ വിളിച്ച് കൊണ്ട് വരണം എന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാതാപിതാക്കളെ കോളേജ് അധികൃതർ തന്നെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. കൂടാതെ സെമസ്റ്റർ പരീക്ഷയ്ക്ക് ശ്രദ്ധയ്ക്ക് മാർക്ക് കുറവാണെന്ന് കോളേജ് അധികൃതർ പറഞ്ഞതായും വീട്ടുകാർ പറയുന്നു.
ഈ സംഭവം കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംസാരമായത് ശ്രദ്ധയെ മാനസികമായി തളർത്തിയതായി കൂട്ടുകാരികൾ പറഞ്ഞു. ഹോസ്റ്റലിലെ മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ഹോസ്റ്റൽ മുറിയിൽ തൂങ്ങുകയായിരുന്നു. മറ്റ് കുട്ടികൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കോളേജ് അധികൃതരെ വിവരമറിയിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
കാര്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പുരോഹിതന്‍ മരിച്ചു. തലശേരി അതിരൂപതയിലെ വികാരിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് (35) മരിച്ചത്. കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ മുക്കാളിയിലാണ് അപകടം നടന്നത്. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന അച്ചന്‍മാര്‍ സഞ്ചരിച്ച കെ.എല്‍-59 യു 85 നമ്പര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാ.മനോജിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എടൂര്‍ സ്വദേശിയാണ് മരിച്ച ഫാ.മനോജ് ഒറ്റപ്ലാക്കല്‍.
കമ്പം ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തമിഴ്‌നാട്. തമിഴ് നാട്ടിലെ കമ്പത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ അതിന് ശേഷം ഇപ്പോള്‍ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടില്‍ ശാന്തനായി ഒളിച്ചു നില്‍ക്കുകയാണ്.
ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വെയ്ക്കൂ.

ഇന്ന് രാവിലെയായിരുന്നു അരികൊമ്പന്‍ കമ്പത്തെ നഗരത്തില്‍ ഇറങ്ങിയത്. ആന നില്‍ക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ലോവര്‍ പെരിയാര്‍ മേഖലയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരികൊമ്പന്‍ ഇവിടെയെത്തിയത്. നഗരത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ അരികൊമ്പന്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തിരുന്നു. അതിന് ശേഷം ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുകയും ചെയ്തതോടെയാണ് ആന പുളിമരക്കാട്ടിലേക്ക് കയറിയത്.
ആനയിടഞ്ഞ സാഹചര്യത്തില്‍ കമ്പത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കാര്‍ ആരും തന്നെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പം നഗരത്തിലേക്ക് ആള്‍ക്കാര്‍ കടന്നുവരാന്‍ സാഹചര്യവുമുള്ള ചെറിയ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.