Kerala

നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്തനംതിട്ട ഊന്നുകൽ ചേമ്പാലേത്തു വീട്ടിൽ ഷാജി വർഗീസ്(65) നിര്യാതനായി. ഭാര്യ വൽസമ്മ ഷാജി മൂലംകുന്നം (രാമങ്കരി), മക്കൾ ഷാന്റി, ഷിന്റു മരുമക്കൾ റോജൻ, അഖിൽ കൊച്ചു മക്കൾ റെയോൻ, റോൺ. ശവസംസ്കാരം പിന്നീട്. മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജിമ്മി മൂലംകുന്നത്തിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

ഷാജി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താംതീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പിൽ ഹാജരായത്. തുടർന്ന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പുരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തിരുന്നത്.

കോട്ടയത്തുനിന്ന് കാണാതായ, പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ ലോഡ്ജില്‍നിന്ന് കണ്ടെത്തിയത്.

ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടത്. ഇവരെ കോടതിയില്‍ ഹാജരാക്കും.

ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരിച്ചതാണ്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കേട്ട ഏറ്റുമാനൂര്‍ പോലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

പോലീസ് നിര്‍ദേശം അനുസരിച്ച് സ്വത്ത് നല്‍കാമെന്ന് ബന്ധുക്കള്‍ ഐസിയെ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഐസയെയും മക്കളെയും കാണാതായത്.

നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകം തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കരുവന്നൂരില്‍ നടക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി)ന്റെ രാഷ്ട്രീയ വേട്ടയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂരില്‍ തെറ്റ് തിരുത്തിയോ എന്ന ചോദ്യത്തിന് തെറ്റ് തിരുത്തല്‍ സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു എം.എ. ബേബിയുടെ മറുപടി. തെറ്റ് തിരുത്തല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയെക്കുറിച്ച് താന്‍ ആദ്യം നടത്തിയ അഭിപ്രായപ്രകടനത്തില്‍ പിഴവുണ്ടായെന്നും ബേബി പറഞ്ഞു. സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമ കണ്ടത്. എന്നാല്‍ ആ സിനിമയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത് ശരിയായില്ല. സിപിഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നും ബേബി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പ് ശുപാര്‍ശചെയ്യുന്നു.

കനത്ത മഴയിൽ കോഴിക്കോട് അരീക്കാടിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ഇതേ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു. റെയിൽവേ ട്രാക്കിനടുത്തുള്ള വൈദ്യുതി ലൈനും തകർന്നുവീണിട്ടുണ്ട്. ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവെച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പടെ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവക്കും നാളെ അവധിയാണ്.

അതേസമയം, എറണാകുളം ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും റെയിൽവേയും സ്ഥലത്തെത്തി മരം നീക്കാനുള്ള ശ്രമം തുടരുകയാണ്.

അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി.

ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴയില്‍നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്.

ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ നിര്‍ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.

ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന.

ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തിരുന്നു.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.

ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

Copyright © . All rights reserved