പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍. വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. വിഷരഹിതഭക്ഷണം ഉറപ്പാന്‍ പരിശോധനകള്‍ക്ക് സഹകരിക്കുമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍ കേരള ഭാരവാഹികള്‍ പറഞ്ഞു.
ബേക്കറികളില്‍ വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോല്‍പ്പന്നമായ പച്ചമുട്ടകൊണ്ടുള്ള മയോണൈസ് നിരോധിക്കും. അസോസിയേഷന്റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും ഇനി മുതല്‍ ഇത് വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പി എം ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഫൗസീര്‍, സംസ്ഥാന സെക്രട്ടറിമാരായ സി പി പ്രേംരാജ്, കിരണ്‍ എസ് പാലയ്ക്കല്‍, സന്തോഷ് പുനലൂര്‍, ബിജു പ്രേംശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാമ്പാടി എട്ടാംമൈലിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണ മരണം. മീനടം ചകിരിപ്പാടം ഷൈനി സാം ആണ് മരിച്ചത്. 48 വയസായിരുന്നു. കെ.കെ. റോഡിൽ പാമ്പാടി എട്ടാംമൈൽ ജങ്ഷനിൽ ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം നടന്നത്.
മകന്റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കുശേഷം മകനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ഷൈനി മരണപ്പെട്ടത്. രണ്ട് വർഷം മുൻപാണ് ഷൈനിയുടെ മൂത്ത മകൻ അനിൽ സാം ബംഗളൂരുവിൽ അപകടത്തിൽ മരിച്ചത്.
പിന്നിലൂടെ എത്തിയ ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി. തൽക്ഷണംതന്നെ മരണം സംഭവിച്ചു. മകൻ അഖിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ഡെൽഹി : കേരളത്തിൽ ആം ആദ്മി പാർട്ടിയെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി വളരെ നിർണ്ണായകമായ ഒരു യോഗം ഇന്നലെ ( 10/01 / 2023 ) ഡെൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് നടന്നു. താഴെ തട്ട് മുതൽ സംഘടനയെ ശക്തമാക്കികൊണ്ട് 2026 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കേരളത്തിൽ വിജയിപ്പിക്കുവാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ആം ആദ്മി പാർട്ടിയുടെ ഇന്ത്യ മുഴുവനുമുള്ള സംഘടന സംവിധാനത്തിന്റെ വിജയ ശില്പിയായ ആം ആദ്മി പാർട്ടി എംപിയും , ദേശീയ സംഘടന ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് ആയിരുന്നു ഈ യോഗം സംഘടിപ്പിച്ചത് . കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ നേതാക്കളെയും പ്രവർത്തകരേയും ഡെൽഹിയിലേയ്ക്ക് വിളിച്ചു വരുത്തി ദേശീയ ജനറൽ സെക്രട്ടറി നേരിട്ട് തന്നെ ഇങ്ങനെ ഒരു ചർച്ച നടത്തുന്നത് ഒരു പക്ഷേ ആദ്യമായിട്ടാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ വളരെയധികം രാഷ്ട്രീയ പ്രാധാന്യമാണ് ഈ യോഗത്തിന് ഉണ്ടായിരിക്കുന്നത്. കേരളത്തെ ആം ആദ്മി പാർട്ടിക്ക് വളരെയധികം സാധ്യതയുള്ള ഒരു സംസ്ഥാനമായി കേന്ദ്ര നേതൃത്വം കണ്ടു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിൽ നിന്നും മനസ്സിലാകുന്നത്.
അഴിമതി വിരുദ്ധത കൊണ്ടു മാത്രം കേരളത്തില്‍ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാനാകുമോ ?, സംഘടനയെ എങ്ങനെ ശക്തിപ്പെടുത്താം ?, താഴെ തട്ടിൽ സ്വാധീനം വർദ്ധിപ്പിയ്ക്കാൻ വേണ്ട വിവിധ പദ്ധതികളും തന്ത്രങ്ങളും എന്തൊക്കെ ?, ബഹുജന അടിത്തറ വിപുലീകരിക്കുവാൻ കേരളത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങൾ എന്തൊക്കെയാണ് ? തുടങ്ങുന്ന വിഷയങ്ങളിൽ യോഗത്തിൽ പങ്കെടുത്ത ഓരോ വ്യക്തികളിൽ നിന്നും സന്ദീപ് പഥക്കും , കേരളത്തിന്റെ ചുമതലയുള്ള ശ്രീ എൻ രാജയും നിദ്ദേശങ്ങൾ സ്വീകരിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ, ജയിക്കുകയോ, തോൽക്കുകയോ അല്ല പ്രധാനം , എന്നാൽ അത് പ്രാവർത്തികമാക്കണമെങ്കിൽ അതിനായി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നും , ശക്തമായ ഒരു സംഘടന താഴേ തട്ടിൽ ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ സഹായിക്കൂ എന്നും , എല്ലാവരും ഒരുമിച്ചു നിന്ന് കഴിയുന്നത്ര ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നും , സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകണമെന്നും യോഗത്തെ അഭിസംബോധന ചെയ്ത ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. സന്ദീപ് പഥക് പറഞ്ഞു.
സ്ഥാനമോഹമുള്ള ഒരാൾ ഒരിക്കലും സംഘടനയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും , അവർ തെരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനം നേടുന്നതിലാണ് ശ്രദ്ധയും കേന്ദ്രീകരിക്കുകയെന്നും , അതുകൊണ്ട് എല്ലാവരും ഒരുമിച്ച് നിന്ന് സന്തോഷത്തോടെ പ്രവർത്തിച്ച് കേരളത്തിലെ പാർട്ടിയും സംഘടനയും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമെന്നും, അതിനായി എല്ലാ സഹപ്രവർത്തകരും നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണമെന്നും, ആ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിനായും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയ്യാറാക്കി നിങ്ങൾ പോരാട്ടം നടത്തണമെന്നും, സംഘടനയെ ശക്തമാക്കിയാൽ ഈ പോരാട്ടത്തിൽ നിങ്ങൾക്ക് വിജയം സാധ്യമാണെന്നും ഡോ. സന്ദീപ് പഥക് പറഞ്ഞു.
ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ. PC സിറിയക്കിന്റെ നേതൃത്വത്തിൽ ഡെൽഹി ഗതാഗത മന്ത്രി ശ്രീ. കൈലാഷ് ഗെലോട്ട്, ഭക്ഷ്യ വിതരണ മന്ത്രി ശ്രീ. ഇമ്രാൻ ഹുസൈൻ എന്നിവരുമായിയും കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടിയുടെ സംഘടനാപരമായ വിജയത്തിന്റെ കാരണകാരനായ ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ ഉടൻ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തെ ആം ആദ്മി പാർട്ടിക്ക് സാധ്യതയുള്ള സംസ്ഥാനമായി കേന്ദ്ര നേത്യത്വം കണ്ടതോട് കൂടി വലിയ ആവേശത്തിലാണ് കേരളത്തിലെ നേതൃത്വവും സജീവ പ്രവർത്തകരും. വരും ദിവസങ്ങളിൽ കേരളത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കുമെന്നും , വരുന്ന മൂന്ന് വർഷത്തെ പ്രവർത്തനം കൊണ്ട് കേരളത്തിൽ വിജയം നേടാൻ കഴിയുമെന്നുമാണ് ആം ആദ്മി പാർട്ടിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു.
താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തെലുങ്ക് സിനിമയായ വീര സിംഹ റെഡി. ചിത്രത്തില്‍ തെലുങ്ക് നായകന്‍ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് താരം അവതരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ ഹണി റോസ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഹണി റോസ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിന് സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞു. നന്ദൂരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷന്‍ സിനിമയാണ് ഇത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു വീഡിയോ ആണ്. വേദിയിലേക്ക് ഹണി റോസിനെ അവതാരിക ക്ഷണിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഹണി റോസിനെ വേദിയിലേക്ക് ക്ഷണിച്ചത്.
തുടര്‍ന്ന് ഹണി റോസ് തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വേദിയിലേക്ക് നടന്നുപോയി. നടക്കുന്നതിനിടയിലാണ് വിവാ ദപരമായ കാര്യം സംഭവിച്ചത്. ഹണി റോസിനെ നോക്കി അശ്ലീല ആഗ്യം ബാലകൃഷ്ണ കാണിച്ചു. താരം നടന്നുപോകുമ്പോള്‍ താരത്തിന്റെ പുറകിലോട്ട് നോക്കി ചുണ്ട് കടിക്കുകയാണ് ബാലയ്യ ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍. ബാലയ്യ പോലത്തെ ഒരു വലിയ ഇതിഹാസ നടനില്‍ നിന്നും ഇത്തരം കാര്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴി വച്ചിരിക്കുന്നത്. അതേസമയം ബാലയ്യ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നാണ് സിനിമ പ്രേക്ഷകര്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ ഇയാളുടെ ഭാഗത്തുനിന്നും പല കാര്യങ്ങളും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എന്തോ വലിയ സംഭവമാണെന്നും ഹീറോയിസം ആയിട്ടുമാണ് ആരാധകര്‍ ഇത് കണക്കാക്കുന്നത്.
എറണാകുളം കലക്ടര്‍ രേണു രാജിനെപ്പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. രേണുരാജ് വളരെ മനോഹരമായാണ് മലയാളത്തില്‍ സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.
‘കലക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കലക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ.
അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കലക്ടര്‍ ആണെന്ന് അറിയുന്നത്.”-മമ്മൂട്ടി പറഞ്ഞു. പ്രസംഗം നിര്‍ത്തിയപ്പോള്‍ തന്നെ രേണുരാജിനോട് സോറി പറയുകയും പക്ഷേ സത്യസന്ധമായ കാര്യമാണ് വേദിയില്‍ പറഞ്ഞതെന്ന് പറയുകയും ചെയ്തു.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കൊച്ചി പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഗായകരായ എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സംഗീതസംവിധായകരായ വിദ്യാധരന്‍ മാസ്റ്റര്‍, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം മന്ത്രി റിയാസ് സംഭവം വിവാദം ആക്കി. ഇതേത്തുടര്‍ന്ന് തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കനകദാസ് പറഞ്ഞു.
കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. ഞാന്‍ സംഘിയല്ല കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളുമായാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ആവശ്യം.
കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.
റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് ആണ് മരിച്ചത്. 77 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിൽ വെച്ചായിരുന്നു അപകടം നടന്നത്. തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളോട് പറഞ്ഞാണ് തോമസ് ഇറങ്ങിയത്.
എന്നാൽ, തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. ശേഷം, തീയണയ്ക്കുമ്പോഴാണ് തീയിൽ അകപ്പെട്ട തോമസിനെയും കണ്ടെത്തിയത്.
ഉടൻതന്നെ ഫയർസ്റ്റേഷന്റെ വാഹനത്തിൽ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തോമസിന് ഭാഗികമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പൊന്നമ്മയാണ് ഭാര്യ. മക്കൾ: ഷീജ, ജിനീഷ്, പരേതയായ ഷീബ. മരുമക്കൾ: ബിനു, ജോസ്, ലുധിയ.
തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.കേസില്‍ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങിയ തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദിനെ(48)യാണു മലപ്പുറം പൂക്കോട്ടുംപാടം ചുള്ളിയോടുനിന്നും പോലീസ് പിടികൂടിയത്.
2005 ല്‍ തമിഴ്നാട് കന്യാകുമാരി നാഗര്‍കോവിലില്‍ ഭൂത പാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ഇരു മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ നടന്ന അടിപിടിയില്‍ ഉണ്ടായ വൈരം തീര്‍ക്കാന്‍ ഒരു വിഭാഗം എതിര്‍ ടീമിലെ രണ്ട് പേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ രണ്ട് കൊലപാത കേസുകള്‍ ദൂതപാണ്ടി പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലൊന്നില്‍ മൂന്നാം പ്രതിയും മറ്റൊന്നില്‍ ആറാം പ്രതിയുമായാണ് റഷീദ് പിടിയിലായത്. തുടര്‍ന്ന് നാഗര്‍ കോവില്‍ ജയിലില്‍ കഴിയവേ ജാമ്യത്തില്‍ പുറത്തിങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നു പ്രതി വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബ സമേതം ഇവിടെ രഹസ്യമായി കഴിഞ്ഞുവരികയായിരുന്നു.
ശേഷം വിദേശത്തേക്കും ജോലി തേടി പോയിരുന്നു. തുടര്‍ന്നു അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. പ്രതിയുടെ മുന്‍കാല കിമിനല്‍ പാശ്ചാതലത്തെ കുറിച്ച് പൂക്കോട്ടു പാടം സി.ഐ സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ എം. അസ്സൈനാര്‍ , ശശികുമാര്‍ , എസ്.സി.പി.ഒ മാരായ ശ്യാംകുമാര്‍ സൂര്യകുമാര്‍ , അജീഷ്, ലിജിഷ് , നൗഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കമാണ് പ്രതിയെ പിടികൂടാനായത്.
വിവരമറിഞ്ഞ് പൂക്കോട്ടുംപാടത്ത് എത്തിയ ഭൂതപാണ്ടി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാഗര്‍ കോവില്‍ കോടതിയില്‍ ഹാജരാക്കാനായി പ്രതിയെ ഏറ്റ് വാങ്ങി നാഗര്‍കോവിലിലേക്ക് തിരിച്ചു.
വർഷങ്ങൾക്ക് മുൻപ് ‘മ’ അക്ഷരം പറഞ്ഞ് കളിക്കുന്നതിനിടയിലുണ്ടായ പകയാണ് 15 വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ജയറാഴ്ച കണ്ണനല്ലൂർ സ്വദേശി സന്തോഷ് (41) നെ സുഹൃത്ത് ചന്ദനത്തോപ്പ് സ്വദേശി പ്രകാശ് കുത്തി കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ 15 വർഷം മുൻപുണ്ടായ പകയാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളായ സന്തോഷും, പ്രകാശും ‘മ’ അക്ഷരം വരാതെ സംസാരിക്കുന്ന കളി കളിച്ചു. എന്നാൽ സംസാരിക്കുന്നതിനിടയിൽ ‘മ’ ഉച്ചരിച്ച പ്രകാശിന്റെ നട്ടെലിന് സന്തോഷ് ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രകാശിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതിനെല്ലാം കാരണം നട്ടെല്ലിനേറ്റ ഇടിയാണ് എന്ന് പ്രകാശ് വിശ്വസിച്ചിരുന്നത്. കൂടാതെ വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടാവാത്തതും നട്ടെല്ലിന് ഏറ്റ ഇടിയാണെന്നാണ് പ്രകാശ് കരുതിയിരുന്നത്. ഇതാണ് പകയ്ക്ക് കാരണമായതെന്നും പോലീസ് പറയുന്നു.
അതേസമയം രണ്ട്‍ വർഷം മുൻപ് ഭാര്യ മരിച്ചതോടെ പ്രകാശൻ തീർത്തും ഒറ്റപ്പെടുകയും സന്തോഷിനോടുള്ള വൈരാഗ്യം വർദ്ധിക്കുകയുമായിരുന്നു. ഒരു വർഷത്തോളമായി സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി പ്രകാശൻ കത്തി വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ കാണുകയും ഉച്ചയോടെ പ്രകാശ് സന്തോഷിന്റെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇരുപത്തിമൂന്നോളം കുത്തുകളാണ് സന്തോഷിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ആന്തരികാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് നാട്ടുകാർ സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്.
യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേട്. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല. ‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സര്‍ജന്റെ മൊഴി. എന്നാല്‍ അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്‌നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ ഉടലെടുത്ത സംശയങ്ങളും പൊലീസിന്റെ വീഴ്ചകളും കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് നയനയുടെ കുടുംബം ആവശ്യപ്പെടുന്നത്. പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യമായ പുരോഗതി ഇല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുമുണ്ട്. കേസില്‍ വലിയ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയും കുടുംബം തേടിയിട്ടുണ്ട്.
നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബത്തോടൊപ്പം സുഹൃത്തുക്കളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പ്പിക്കാനും മരണം ആത്മഹത്യയാക്കാന്‍ പൊലീസിനെ കൊണ്ട് തിരക്ക് കൂട്ടാനും കഴിവുള്ള ആരോ ഒരാളാണ് പിന്നിലെന്നും ഇവര്‍ കരുതുന്നു. തെളിവുകളും പൊലീസിന്റെ വിചിത്രമായ നീക്കങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും നയനയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം അദ്ദേഹം പങ്കാളിയായിരുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതും മരണവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇയാള്‍ നയനയെ ഭീഷണിപ്പെടുത്തിയെന്ന സുഹൃത്തുക്കളുടെ ആരോപണം ഇതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്.
മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നയനയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവ രണ്ട് പരിശോധനയ്ക്ക് ശേഷം തിരിച്ച് നല്‍കിയപ്പോള്‍ മുഴുവന്‍ ഡേറ്റയും തേയ്ച്ച് മായ്ച്ച് കളഞ്ഞിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായും മായ്ച്ചിട്ടുണ്ടെങ്കിലും കോണ്‍ടാക്ട് നമ്പരുകള്‍ ഫോണിലുണ്ടായിരുന്നു. എട്ട് മാസത്തിന് ശേഷം ലഭിച്ച ലാപ്‌ടോപ്പും ശൂന്യമായിരുന്നു. സിനിമകളും ചിത്രങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ നയന കഴുത്തില്‍ കുടുക്കിയ നിലയില്‍ കാണപ്പെട്ട വസ്ത്രത്തിനു പകരം മറ്റൊരു തുണിക്കഷ്ണമായിരുന്നു പൊലീസ് നല്‍കിയത്.
ചുരുട്ടിയ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നുവെന്ന് മഹസ്സറില്‍ രേഖപ്പെടുത്തിയ പൊലീസ് തിരിച്ചു നല്‍കുമ്പോള്‍ അതെങ്ങനെ കര്‍ട്ടന്‍ തുണിയാകുമെന്ന സംശയം ഇനിയും ബാക്കി. കൂടാതെ മൃതദേഹം അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നുവെന്ന പൊലീസിന്റെ ‘കണ്ടെത്തല്‍’ സംഭവ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് തന്നെ തെറ്റാണെന്ന് ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ തെളിവ് പൊലീസ് തന്നെ നശിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്.
മരിച്ച ദിവസം നയനയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മൊഴിയെടുക്കാത്തതും വീട്ടുടമസ്ഥന്‍ സംഭവത്തിന് രണ്ടാം ദിവസം വിദേശത്തേക്ക് പോയതും ദുരൂഹത കൂട്ടുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞുവെന്നാണ് നയനയുടെ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.
ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ്‌ഷോകളിലും അസിസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.