മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആൺകുട്ടികൾ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവരിൽ നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു
ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിൻ്റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കടയിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്കി നായക് ഇന്നാണ് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇന്ന് ലക്കി നായക് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനാണ് പൊലീസ് പരിശോധനക്കെത്തിയത്. രതീഷിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരാണ് സമീർ ബെഹ്റയും ലക്കി നായകും. മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരം രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ പരാതിനൽകി. എന്നാൽ, പ്രത്യക്ഷ ഏറ്റമുട്ടലിന് തത്കാലം സർക്കാർ മുതിരില്ല.
കഴിഞ്ഞദിവസത്തെ പരിപാടി മന്ത്രി പി. പ്രസാദ് ബഹിഷ്‌കരിച്ചതും അതിനെ പിന്തുണച്ച് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചതും ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു. അതിനപ്പുറം വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. മുഖ്യമന്ത്രി പ്രതികരിക്കാത്തതും അതുകൊണ്ടാണ്.
എന്നാൽ, രാജ്ഭവനിലെ എല്ലാപരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉൾപ്പെടുത്താനാണ് ഗവർണറുടെ തീരുമാനം. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ ‘നല്ലബന്ധം’ കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് സർക്കാരിപ്പോൾ. കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണച്ചടങ്ങ് രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചതുതന്നെ ഗവർണറുമായുള്ള നല്ലബന്ധം തുടരാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിരുന്നു.
കൃഷിമന്ത്രിയുടെ ബഹിഷ്‌കരണം സർക്കാർ നിലപാടാണ്. അതിനപ്പുറത്തേക്ക് ഈ പ്രശ്നത്തെ വളർത്താൻ സർക്കാർ ആലോചിക്കുന്നില്ല. അതിനാൽ, മന്ത്രിയുടെ ബഹിഷ്‌കരണത്തെത്തുടർന്ന് ഒരു കുറിപ്പും സർക്കാരിന്റേതായി രാജ്ഭവന് നൽകിയിട്ടില്ല.
എന്നാൽ, ഗവർണർ ഇതേ നിലപാട് ഇനിയും ആവർത്തിക്കുമെന്നാണ് സർക്കാരും കരുതുന്നത്. അതിനാൽ, രാജ്ഭവനിൽ സർക്കാർ പരിപാടി ഒഴിവാക്കാനുള്ള ജാഗ്രത സർക്കാരിനുണ്ടാകും. അടുത്തയാഴ്ച മൂന്നുപരിപാടികളാണ് രാജ്ഭവനിലുള്ളത്. ഇവ സർക്കാർ പരിപാടികളല്ല. ഈ മൂന്നിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ നിലനിർത്താനാണ് രാജ്ഭവന്റെ തീരുമാനം.
മന്ത്രി പ്രസാദിന്റെ ബഹിഷ്‌കരണം രാഷ്ട്രീയമായി സിപിഐക്ക് ഗുണംചെയ്തുവെന്നാണ് അവരുടെ വിലയിരുത്തൽ. അതിനാൽ, ഇത് ചർച്ചയാക്കി നിലനിർത്താനും പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് പരാതിനൽകിയത്. എന്നാൽ, അത്തരമൊരു പ്രചാരണരീതി സിപിഎം ഏറ്റെടുത്തിട്ടില്ല.
ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ശനിയാഴ്ച ദേശീയപതാക ഉയർത്താൻ സിപിഐ തീരുമാനിച്ചു. ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനം.
രാഷ്ട്രീയക്കാരന്‍ ആയില്ലെങ്കില്‍ തെന്നല ബാലകൃഷ്ണ പിള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായേനെ. ബി.എസ്.സി ബിരുദ പഠനം നടത്തുമ്പോള്‍ സിഎക്കാരനാകണം എന്നതായിരുന്നു മനസില്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
അങ്ങനെ രാഷ്ട്രീയത്തിലെത്തിയ അദേഹം പ്രമുഖ നേതാക്കളുടെ അടക്കം ഒട്ടേറെപ്പേരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ കണക്കുകള്‍ സെറ്റില്‍ ചെയ്തു. പക്ഷേ സ്വന്തം കണക്കു മാത്രം ഒരിക്കലും നോക്കിയില്ല. ഫലമോ, രാഷ്ട്രീയത്തിലെത്തുമ്പോള്‍ സ്വന്തം പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന തെന്നല രാഷ്ട്രീയത്തില്‍ നിന്ന് സ്വയം വിരമിച്ചപ്പോള്‍ കൈവശമുള്ളത് വെറും 11 സെന്റ് ചതുപ്പ് നിലം മാത്രം.
രണ്ട് പ്രാവശ്യം എംഎല്‍എ, മൂന്ന് വട്ടം രാജ്യസഭാംഗം, രണ്ട് തവണ കെപിസിസി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ച മനുഷ്യനാണ് അവസാനമായപ്പോള്‍ വെറും ‘ദരിദ്ര നാരായണന്‍’ ആയി മറിയത്. അതാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് അനുകരിക്കാന്‍ പോയിട്ട് ചിന്തിക്കാന്‍ പോലും പറ്റാത്ത ‘തെന്നല രാഷ്ട്രീയം’. അതുകൊണ്ട് തന്നെ തെന്നലയിടുന്ന ഖദറിന്റെ വിശുദ്ധിയും വെണ്മയും പതിന്മടങ്ങാണ്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 സീറ്റുകള്‍ സ്വന്തമാക്കി യുഡിഎഫ് ചരിത്ര വിജയം നേടി അധികാരത്തില്‍ വരുമ്പോള്‍ തെന്നലയായിരുന്നു കെപിസിസി പ്രസിഡണ്ട്. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇടിത്തീ പോലുള്ള ആ സന്ദേശം തെന്നലയ്ക്ക് കൈമാറി.
എഐസിസി പ്രതിനിധികളായെത്തിയ ഗുലാം നബി ആസാദും മോത്തിലാല്‍ വോറയും ചേര്‍ന്ന് തെന്നല ബാലകൃഷ്ണ പിള്ളയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റാകണമെന്നതായിരുന്നു ആവശ്യം.
തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന സന്ദേഹത്തില്‍ നിന്ന അവരോട് രാജി എപ്പോള്‍ വേണമെന്നാണ് തെന്നല ചോദിച്ചത്. ‘എത്രയും വേഗം’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവു പോലെ കറകളഞ്ഞ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി നേരെ കെപിസിസി ഓഫീസിലെത്തി. ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. അത് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് കൈമാറി നേരേ വീട്ടിലേക്ക് പോയി.
അടൂര്‍ മണ്ഡലത്തെ രണ്ട് തവണ തെന്നല നിയമ സഭയില്‍ പ്രതിനിധീകരിച്ചു. ഒരിക്കല്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം ലീഡറുടെ താല്‍പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. അപ്പോഴും തെന്നല പതിവ് പോലെ പ്രസന്ന വദനനായിരുന്നു.
കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാര്‍ട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അധ്യക്ഷന്‍ അദേഹമായിരുന്നു. ലീഗില്‍ ഒരു വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താന്‍ സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം ഇന്നും പലര്‍ക്കുമറിയില്ല.
നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിൻ്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.
എരുമേലി മൂക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണംപോയി. ക്ഷേത്രത്തിലെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഇതുഴിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്.
തൊപ്പിയും കോട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾ ക്ഷേത്രത്തിന്‍റെ മുറ്റത്ത് നിൽക്കുന്നതും നാലമ്പത്തിൽ കയറുന്നതും ശ്രീകോവിൽ തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശ്രീകോവിലിന് മുമ്പിലെ കാണിക്കവഞ്ചിയാണ് മോഷ്ടിച്ചത്. ഉപദേവാലയത്തിന്‍റെ മുന്നിലെ കാണിക്കവഞ്ചി എടുക്കാൻ ശ്രമവും നടന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത എരുമേലി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി നിലമ്പൂരില്‍ എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തിയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ദിവസം പൂര്‍ണമായും പ്രിയങ്കാഗാന്ധി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. പി.വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. 23 ന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം. സ്വരാജും മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി പി.വി അന്‍വറുമാണ് പ്രധാനമായും മത്സരരംഗത്ത്.
വയനാട് കൊളവയൽ മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ശരത്, വിഷ്ണു പ്രകാശ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ആക്രമിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.
കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒൻപത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും.
മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളില്‍ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളില്‍ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.