യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. പുല്ലാളൂർ സ്വദേശിനി സെലീന (43) ന്റെ മൃതദേഹേമാണ് തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് പ്രദേശ വാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലാളൂർ സ്വദേശിനിയായ സെലീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സെലിന്റെ മകൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രജനികാന്തിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ‘ദളപതി’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.
‘ലോഹിതദാസ് ‘ഭൂതക്കണ്ണാടി’ എന്ന സിനിമ എഴുതിയ മമ്മൂക്കയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി ആയിരുന്നില്ലേ’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. അത് തനിക്ക് വേണ്ടിയല്ല ലോഹിതദാസിന് സംവിധാനം ചെയ്യാന്‍ വേണ്ടി തന്നെ എഴുതിയതാണ് എന്ന് പറഞ്ഞ ശേഷമാണ് തന്റെ സംവിധാന മോഹത്തെ കുറിച്ച് താരം പറഞ്ഞത്.
”രജനികാന്തിനെ വച്ചൊരു പടം ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് നടന്നില്ല. അത് പഴയ കഥ. അന്ന് ഞാന്‍ രജനികാന്തിന്റെ കൂടെ ആ സിനിമയില്‍ അഭിനയച്ചതോടെ വലിയ സൗഹൃദമായി. അങ്ങനെയങ്ങ് തോന്നിയതാണ് ആ കാലത്ത്” എന്നാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം, ജനുവരി 19ന് ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന സിനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിച്ചപ്പോള്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ കേരളത്തില്‍ നിന്ന് മടങ്ങിപോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശികളായ രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിരാണ് മരിച്ചത്.
കഴിഞ്ഞ 45 വര്‍ഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോൻമാവ് സ്വാദേശി മാത്യു ഫിലിപ്പിൻ്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് അഞ്ച് പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്. ഇതില്‍ ദീപക്ക് തമാംഗ്, സരൺ ഷായി എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി.
ആത്മവിശ്വാസം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ആളാണ് നടി മംമ്ത മോഹന്‍ദാസ്. പഴയ ജീവിതം വീണ്ടെടുക്കുന്നതിനിടെ ഇപ്പോള്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണ് താനെന്ന് അറിയിച്ചിരിക്കുകയാണ് മംമ്ത.
ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച പുതിയ പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്.
രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും.
സൂര്യനോട് സംസാരിക്കും പോലെയാണ് താനെന്നാണ് മംമ്ത പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’ എന്ന് മംമ്ത പറയുന്നു.
മംമ്തയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 40000 സീറ്റുകള്‍ ഉള്ള സ്‌റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ.
ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സംഘാടകര്‍ എന്ന നിലയില്‍ വിഷമം ഉണ്ട്. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും അറിയിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.
കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതിനു മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
പണം ഉള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാന്‍ പോലും ആള്‍ എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും.
നാല് ദിവസം മുൻപ് കാണാതായ യുവതിയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പയാർ നാട്ടിക സ്വദേശിനിയും അഭിഭാഷകയുമായ ശോഭന (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശോഭനയെ കാണാതാവുകയായിരുന്നു.
വിവാഹമോചിതയായ ശോഭന ആമ്പക്കാടുള്ള തങ്കം റസിഡൻസ് ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സുഖമില്ലെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ ശോഭനയെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നുമില്ലായിരുന്നു. സഹപ്രവർത്തകർ ശോഭനയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. തുടർന്ന് സംശയം തോന്നിയ സഹപ്രവർത്തകർ നേരിട്ട് ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ് ഫ്ലാറ്റിലെ ശുചിമുറിയിൽ ശോഭനയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പോലീസ് അറിയിച്ചു.
ചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബികോം വിദ്യാർത്ഥിയായ യുവാവ് മരിച്ചു. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളജിൽ അവസാന വർഷ ബികോം വിദ്യാർത്ഥിയായ അഭിജിത്ത് എം കുമാറാണ് (22) മരിച്ചത്. ചങ്ങനാശേരി തെങ്ങണ കരിക്കണ്ടം റോഡിൽ പുന്നക്കുന്നം ഭാഗത്ത് ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്.
തെങ്ങണായിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുകയാണ് അഭിജിത്തിന്റെ അച്ഛൻ എം ആർ അജികുമാർ. തെങ്ങണായിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് അഭിജിത് സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് 4മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : പരേതയായ ബിന്ദു.
തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ശ്രീകാര്യം കട്ടേല അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ വീട്ടിൽനിന്നു വിളിച്ചു കൊണ്ട് പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ ഇവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഈ മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി. കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ഇതുവഴി കടന്നുപോയവർ ശ്രദ്ധിച്ചതുമില്ല.
വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
കെഎസ്ആർടിസിയിൽ ശമ്പളം വൈകിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെകൊണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിലെ ഡ്രൈവർ തൊളിക്കോട് കാരയ്ക്കൻതോട് തോണിപ്പാറ അഭിജിത്ത് ഭവനിൽ ജി. സജികുമാറി(52)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കുടുംബപ്രശ്നം ഉണ്ടായതെന്ന് സഹപ്രവര്‍ത്തകർ പറഞ്ഞു. ശബരിമല സീസണിൽ സജികുമാറിനെ ഒരു മാസത്തോളം പമ്പ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. 30 നാണു തിരികെ എത്തിയത്. ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയുടെ ശമ്പളം ഇതുവരെ സജികുമാറിന് ലഭിച്ചിരുന്നില്ല.
അറ്റൻഡൻസ് രജിസ്റ്ററിലെ വിവരങ്ങൾ ഹെഡ് ഓഫീസിലേക്കയച്ചതിലെ പിഴവുമൂലം നവംബർ മാസത്തിലെ ശമ്പളവും സജികുമാറിന് ലഭിച്ചിട്ടില്ല. രണ്ടു മാസത്തെ ശമ്പളം ലഭിക്കാതെ വന്നതോടെ കടുത്ത നിരാശയിലും സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു സജികുമാറെന്ന് സഹപ്രവർത്തകർ പറയുന്നു.
ഡിസംബറിൽ ശബരിമല ഡ്യൂട്ടിക്കായി പമ്പയിലേക്കു പോകുമ്പോൾ പലചരക്കു സാധനങ്ങൾ വാങ്ങിയ വകയിൽ 18,000 രൂപ കടം ഉണ്ടായിരുന്നു. ശമ്പളം വൈകാതെ വരുമെന്നു പ്രതീക്ഷിച്ച സജികുമാർ തന്റെ സുഹൃത്തും കെഎസ്ആർടിസി ഡ്രൈവറുമായ സുരേന്ദ്രന്റെ പക്കൽ എടിഎം കാർഡ് നൽകിയ ശേഷമാണ് സജികുമാർ ശബരിമല ഡ്യൂട്ടിക്ക് പോയത്.
സജികുമാറിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. എന്നാൽ ഇതുവരെയും കെഎസ്‍ആർടിസി ശമ്പള ഇനത്തിൽ ഒരു രൂപ പോലും വന്നിട്ടില്ലെന്ന് സുഹൃത്ത് സുരേന്ദ്രൻ പറയുന്നു. പമ്പ ഡ്യൂട്ടി കഴിഞ്ഞെത്തി ശമ്പളം സറണ്ടർ ചെയ്തു വാങ്ങി ലോൺ വ്യവസ്ഥയിൽ ബൈക്ക് വാങ്ങണം എന്നായിരുന്നു സജികുമാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
പയ്യന്നൂരിൽ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടമ്മയുടെ ഭർത്താവിന്റെ ആദ്യഭാര്യയിലെ മകനെതിരെയാണ് പോലീസ് കേസെടുത്തത്. ഈ മാസം ആറാം തീയതി വൈകുന്നേരം നാലരയോടെയാണ് പിതാവിന്റെ രണ്ടാം ഭാര്യയായ വീട്ടമ്മയെ യുവാവ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പാലക്കോട്ടെ ബാങ്കിൽ എത്തിയതായിരുന്നു വീട്ടമ്മ.
മർദ്ദനത്തിൽ പരിക്കേറ്റ് അവശ നിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻശ്രമിച്ചതും യുവാവ് തടഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് വീട്ടമ്മയെ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടമ്മയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകൻ വീട്ടമ്മയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി നിരന്തരം നിർബന്ധിച്ചിരുന്നു. എന്നാൽ വീട്ടമ്മ യുവാവിന്റെ ആഗ്രഹത്തിന് വഴങ്ങാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
നിലവിൽ നിയമ പ്രകാരമായി വിവാഹം കഴിച്ച വീട്ടമ്മയുടെ ഭർത്താവിനെ കാണരുതെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെയും യുവാവ് വീട്ടമ്മയ്‌ക്കെതിരെ ആക്രമണം നടത്തിയിരുന്നു. പൊതുസഥലത്ത് സ്‌ത്രീത്വത്തെ അപമാനിച്ചതിന് 354 വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.