കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനെതുടര്‍ന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. ഇതിനാൽ ഈ വിമാനത്തിൽ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്.
പത്തനംതിട്ടയിലെ കോയിപ്രം ആന്താലിമണ്ണിൽ നടന്ന ഹണിട്രാപ്പ് ക്രൂരമർദ്ദന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ആയ രണ്ട് യുവാക്കളെയാണ് ക്രൂരമായി മർദ്ദിച്ചത്. പ്രതികളായ ജയേഷ്-രശ്മി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാക്കളെ വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഭീകരമായ മർദ്ദനം നടത്തിയത്.
യുവാക്കളുടെ മൊഴിപ്രകാരം, ആദ്യം ആഭിചാരക്രിയകൾ പോലുള്ള ഭീതിജനകമായ കാര്യങ്ങൾ നടത്തി. പിന്നീട് കൈകാലുകൾ കെട്ടിയിട്ട് മുളക് സ്പ്രേ ചെയ്യുകയും, കമ്പികൊണ്ട് അടിക്കുകയും, ജനനേന്ദ്രിയത്തിൽ വരെ സ്റ്റാപ്ലർ പിൻ അടിക്കുകയും ചെയ്തു. നഖങ്ങൾ സൂചികൊണ്ട് തറച്ചും, ബ്ലേഡ് കൊണ്ട് വരകളും വരച്ചു പീഡിപ്പിച്ചതായും അവർ പറഞ്ഞു. മർദ്ദനത്തിൽ ഒരാൾക്ക് നട്ടെല്ല് പൊട്ടുകയും, മറ്റൊരാൾക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തി വിഡിയോ പകര്‍ത്തുകയും പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി വ്യക്തമാകുന്നു. ആദ്യം ഭയത്തിൽ ഇരകൾ സത്യാവസ്ഥ മറച്ചു വെച്ചെങ്കിലും പിന്നീട് കാര്യങ്ങൾ വെളിപ്പെട്ടു. ഇരകൾക്ക് ഗുരുതര പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
പോലീസ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള തെളിവുകളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ച് കൂടുതൽ ഇരകളുണ്ടോയെന്നു അന്വേഷിക്കുകയാണ്. സൈക്കോ സ്വഭാവമുള്ള ദമ്പതികളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം യുഡിഎഫിന്റെ ഭാഗമല്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്നും, കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നടപടികൾ എടുക്കേണ്ടി വന്നതിൽ അദ്ദേഹം വിഷമം പ്രകടിപ്പിച്ചു.
രാഹുലിനെതിരെ പൊലീസിൽ പരാതിയൊന്നുമില്ലായിരുന്നുവെങ്കിലും, യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിയിൽ ഏകോപിതമായ തീരുമാനം ആയിരുന്നുവെന്നും, പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും സതീശൻ വ്യക്തമാക്കി. സിപിഎമ്മിനെതിരെ വന്ന സ്ത്രീപീഡന ആരോപണങ്ങളിൽ പാർട്ടി നടപടിയില്ലാത്തതിനെ താരതമ്യം ചെയ്യുകയും ചെയ്തു.
രാഹുലിനെതിരായ സൈബർ ആക്രമണങ്ങളെയും പാർട്ടിയിൽ ഒറ്റപ്പെടലിന്റെ ആരോപണങ്ങളെയും സതീശൻ തള്ളി. വ്യാജ ഐഡികളിൽ നിന്നുള്ള പ്രചാരണം മാത്രമാണ് ഇതിന് പിന്നിലെന്നും, പാർട്ടിയിൽ യുവനേതാക്കളെ പിന്തുണച്ചത് ആരുടെയും പിന്തുണ ആവശ്യപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള സാഹചര്യം പാർട്ടി അംഗങ്ങളെ സഹായിക്കുന്ന തരത്തിലാണ്, എന്നാൽ രാഹുലിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുത്താലോ പരിപാടികളിൽ പങ്കെടുത്താലോ അവഗണന സംഭവിക്കില്ല.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി അമലിനെയാണ് (27) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
പരാതിക്കാരിയായ യുവതിയും പ്രതിയും 7 കൊല്ലമായി അടുപ്പത്തിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നല്‍കി യുവതിയെ വലയില്‍വീഴ്ത്തി. നിരവധിതവണ വിവിധ ലോഡ്ജുകളിലും പരിചയക്കാരുടെ വീടുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചു. കാമുകിയുമായി വീഡിയോകോളില്‍ സംസാരിക്കുമ്പോള്‍ പകർത്തുന്ന ദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളില്‍ അപ‌്ലോഡ് ചെയ്തിരിക്കുന്നത്. സംസാരം തുടരുമ്പോള്‍ അമലിന്റെ നിർദ്ദേശപ്രകാരം യുവതി വിവസ്ത്രയാകും.
ഈ ദൃശ്യങ്ങള്‍ യുവതി അറിയാതെ മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
പോണ്‍സൈറ്റുകളിലെ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ കണ്ടതോടെയാണ് വിവരം പുറത്തായത്. മുൻപ് യുവതിയും അമലും തമ്മില്‍ വഴക്കുകൂടുമ്പോള്‍ ഇരുവരുടെയും സുഹൃത്തുക്കള്‍ക്ക് യുവതിയുടെ ചിത്രങ്ങള്‍ അയക്കുന്ന പതിവുണ്ടായിരുന്നു. പെട്ടെന്നുണ്ടായ വിരോധത്തിന് ചെയ്തുപോയെന്നായിരുന്നു മിഥുൻ അന്ന് നല്‍കിയ വിശദീകരണം. പോണ്‍സൈറ്റുകളില്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തതുമായുണ്ടായ വാക്കേറ്റത്തിനിടെ യുവതിയെ അമല്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ശനിയാഴ്ച രാവിലെ ഈ മെയിൽ മുഖേന ബോംബ് ഭീഷണി ലഭിച്ചത് കടുത്ത പരിഭ്രാത്തിക്ക് ഇടയാക്കി. രണ്ട് ക്ഷേത്രങ്ങളിലും സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പൊട്ടിത്തെറിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. വിവരം ലഭിച്ചതോടെ പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി.
നീണ്ട പരിശോധനകൾക്കൊടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നേരത്തെയും തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും സമാന സ്വഭാവത്തിലുള്ള ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അവയെല്ലാം ഡാർക്ക് നെറ്റ് വഴി അയച്ചവയായിരുന്നു.
ഇതിനിടെ, തലസ്ഥാനത്ത് നടന്ന സംഭവവുമായി സാമ്യമുള്ള രീതിയിൽ, ഡൽഹിയിലെ താജ് പാലസ് ഹോട്ടലിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. തുടർച്ചയായി ഉയർന്നുവരുന്ന ഇത്തരം ഭീഷണിസന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുകയാണ്.
കണ്ണൂർ ആലക്കോട് പ്രദേശത്ത് വിവാഹിതയായ യുവതിയുടെ സ്വകാര്യരംഗം മൊബൈലിൽ ഒളിച്ചുപകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. നാട്ടുകാരായ ശമലും ലത്തീഫും ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലായതിനാൽ ഇപ്പോൾ ജയിലിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ എത്തിയ പുരുഷ സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് ശ്യാമും ശമലും ഒളിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യരംഗങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, അത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലൂടെ യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ആദ്യം ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചെങ്കിലും, പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടു.
തുടർന്ന് ദൃശ്യങ്ങൾ ലത്തീഫിനും കൈമാറി. ലത്തീഫ് യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയ പൊലീസ്, ഇരുവരെയും റിമാൻഡ് ചെയ്തു.
വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം.
കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെയാണ് തീ പിടിച്ചത്.
തീ പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും മാറ്റി. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
കൊട്ടാരക്കരയിലെ ബത്തൽ ചരുവിള സ്വദേശി ഐസക് ജോർജ് (33) അപകടത്തിൽപ്പെട്ടു മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം തന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവിതം സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ ഉൾപ്പെടെ പ്രധാന അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് മാറ്റിവച്ചു .
ഐസകിന്റെ ഹൃദയം കൊച്ചിയിലെ 28 കാരനായ ആജിൻ ഏലിയാസിന് വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. രണ്ട് കണ്ണുകൾ തിരുവനന്തപുരം ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ മാറ്റിവെച്ചു. മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്ക് ജീവൻ നൽകി.
സെപ്റ്റംബർ 8ന് രാത്രി 8 മണിയോടെ കൊട്ടാരക്കരയിലെ പാല്ലിമുക്ക് ഈസ്റ്റ് സ്ട്രീറ്റിലെ സ്വന്തം റസ്റ്റോറന്റിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ബൈക്ക് ഇടിച്ചുവീണാണ് ഐസക്കിന് അപകടം സംഭവിച്ചത്. ഉടൻ കൊട്ടാരക്കര ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും സെപ്റ്റംബർ 10ന് *ബ്രെയിൻ ഡെഡ് ആയി സ്ഥിരീകരിച്ചു.
ഈ ഘട്ടത്തിലാണ് കുടുംബം അവയവദാനത്തിന് അനുമതി നൽകിയത്. ഭാര്യ നാൻസി മേരിയം സാം , രണ്ട് വയസ്സുള്ള മകൾ അമീലിയ നാൻസി ഐസക്, അമ്മ മറിയമ്മ ജോർജ് എന്നിവർ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം മാനിച്ചാണ് തീരുമാനമെടുത്തത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് , ഐസകിന്റെ കുടുംബത്തെ അഭിനന്ദിക്കുകയും അവയവങ്ങളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രവർത്തിച്ച KSOTTO, പോലീസ്, ജില്ലാ ഭരണകൂടം, ഡോക്ടർമാർ, ആംബുലൻസ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹൃദയം എറണാകുളത്തേക്ക് എത്തിക്കാൻ ഹോം ഡിപ്പാർട്മെന്റ് ഹെലികോപ്റ്റർ ഉപയോഗിക്കുകയും, പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ, ആരോഗ്യപ്രവർത്തകർ നിരയായി നിന്ന് ലാസ്റ്റ് പോസ്റ്റ് നൽകി ഐസകിനെ സല്യൂട്ട് ചെയ്ത യാത്രയപ്പ് കണ്ണീരോടെയാണ് എല്ലാവരും കണ്ടത്. ഐസകിന്റെ അവയവദാന തീരുമാനം സമൂഹത്തിനുമുന്നിൽ വലിയൊരു സന്ദേശമായി മാറിയതിനാലാണ് സാധാരണ രോഗിക്ക് ഒരിക്കലും ലഭിക്കാത്ത ഇത്തരം യാത്രയപ്പ് ആരോഗ്യപ്രവർത്തകർ ഒരുക്കിയത്..
ഐസകിന്റെ ശവസംസ്കാരം സെപ്റ്റംബർ 13-ന്, ശനിയാഴ്ച, ബത്തൽ ചരുവിളയിലെ വീട്ടിൽ നടക്കും.
കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തിൽ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കലൂരിൽ ഗ്രേസി ജോസഫ് ഒരു കട നടത്തി വരുന്നുണ്ട്. അവിടെയെത്തിയ മകൻ ഗ്രേസിയുമായി വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനൊടുവിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം മകൻ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രേസി പരാതി നൽകിയിട്ടില്ലെങ്കിലും നോർത്ത് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.
ഇടുക്കിയിലെ വണ്ടിപ്പെരിയാറിന് സമീപം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി പ്രസവിച്ചു. വള്ളക്കടവ് റെയിഞ്ചിൽ താമസിക്കുന്ന ബിന്ദു (24) വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബിന്ദു ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
ആംബുലൻസിൽ കുഞ്ഞിനെ മാത്രം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പായതോടെ വീണ്ടും മാതാവിനൊപ്പം തിരിച്ചെത്തിച്ചു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.
കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, മറ്റ് ആരോഗ്യ പ്രവർത്തകർ, വനം വകുപ്പ് ജീവനക്കാർ, അങ്കണവാടി അധ്യാപിക എന്നിവർ ചേർന്നാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. തുടർപരിചരണത്തിനായി കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .