കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിലെ ‘ഫാസ്’ എന്ന സ്ഥാപനത്തില്‍ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്നും ഹെല്‍ത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയതോടെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നല്‍കി.
മാളയ്ക്ക് സമീപം കുഴൂരില്‍ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയതിന് പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്ത് പ്രതി ജോജോ എത്തുകയും, കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.
ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടത്. മരണം ഉറപ്പാക്കാനായി വെള്ളത്തില്‍ മുക്കിപ്പിടിക്കുകയും ചെയ്തു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ അയല്‍വാസി കൂടിയാണ് പ്രതിയായ ജോജോയെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്‍ക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, ബോര്‍സ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടിയെ തിരയുന്നതിനിടെ, പ്രതിയും കുട്ടിയും നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
ഇതോടെ അവസാനം പ്രതി കുട്ടിക്കൊപ്പം ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുളത്തിലുള്ളതായി ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ ജോജോയും ഒപ്പം കൂടി. അന്വേഷണം വഴിതെറ്റിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നതായാണ് വിവരം.
വിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന മലയാളികളുടെ നിരന്തര ആവശ്യത്തിൽ അവസാന നിമിഷവും റെയില്‍വേ മുഖംതിരിച്ചതോടെ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർ സംസ്ഥാന ബസുകള്‍. ബംഗളൂരുവില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു.
വെള്ളിയാഴ്ച മുതലാണ് ടിക്കറ്റ് നിരക്കില്‍ വർദ്ധനവ്. രണ്ടാം ശനി ആയതിനാല്‍ വെള്ളി രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്ക മലയാളികളുടെയും പദ്ധതി. ഇതോടെ വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ ഒരുപോലെ ടിക്കറ്റ് നിരക്കില്‍ വർദ്ധനവുണ്ട്.
ഇന്നലെ ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് എ.സി സ്ലീപ്പറിന് 1,100 രൂപയായിരുന്നു. 1,400 രൂപയാണ് കൂടിയ നിരക്ക്. അതേസമയം നാളെ ടിക്കറ്റ് നിരക്ക് 2,400 രൂപ വരെയായി കൂട്ടും. ബസ് പുറപ്പെടുന്ന സമയം വച്ച് നിരക്ക് വീണ്ടും വർദ്ധിപ്പിക്കും. മലപ്പുറം വഴി എട്ട് സർവീസുകളും, തിരൂർ വഴി പത്തും പെരിന്തല്‍മണ്ണ വഴി നാലും മഞ്ചേരി വഴി എട്ടും സർവീസുകളാണ് ഉള്ളത്. നിലമ്ബൂരിലേക്ക് രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ പിതാവ് മോഹനൻ. വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസ് കമ്പനിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ആരോപിച്ചു.
ഓട്ടോറിക്ഷ വാങ്ങുന്നതിന് പണം വായ്പ എടുത്തിരുന്നു. രണ്ടുമാസത്തെ തവണ അടയ്ക്കുന്നതിൽ മുടക്കം സംഭവിച്ചു. തുടർന്ന് സ്ഥാപനത്തിൽ നിന്ന് സജീവിനെയും തന്നെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മോഹനൻ പറഞ്ഞു. 30 നുള്ളിൽ വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഏജന്റ് അസഭ്യവാക്കുകൾ വിളിച്ചെന്നും പിതാവ് ആരോപിച്ചു.
സജീവ് മോഹനന്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കത്തിൽ ആരോപിച്ചിട്ടുണ്ടെന്നാണ് വിവരം.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മർദ്ദം സജീവിന് ഉണ്ടായിരുന്നു. ആത്മഹത്യ കുറുപ്പിലും ഈ കാര്യങ്ങൾ ഉണ്ടെന്ന് എസ്പി വ്യക്തമാക്കി.
ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമ, മകന്‍ അബൂബക്കര്‍ സിദ്ദിഖ് എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് ഭാര്യ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്.
പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ പ്രസവിച്ച അസ്മ രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം തുടര്‍ന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാം.
കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നാണ് നിര്‍ദേശം. ടൂറിസം വകുപ്പായിരുന്നു ഡ്രൈ ഡേ മാറ്റാൻ നിർബന്ധം പിടിച്ചത്. കേരളത്തിൽ നടക്കേണ്ട പല ടൂറിസം കോൺഫറൻസുകൾ റദാക്കുന്നുവെന്നായിരുന്നു വാദം. ഇതിനിടെ ഡ്രൈ ഡേ മാറ്റാൻ സർക്കാറിന് പണം പിരിച്ചുനൽകണമെന്ന ബാറുടമകളുടെ സംഘടനാ പ്രതിനിധിയുടെ ഓഡിയോ പുറത്തുവന്നത് സർക്കാറിനെ വെട്ടിലാക്കിയിരുന്നു. നയം മാറ്റം തന്നെ ഇതോടെ നീട്ടി. ഒടുവിൽ ടൂറിസം കേന്ദ്രങ്ങളിൽ മാത്രം ഡ്രൈ ഡേ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഗിരീഷ് കപ്ത്താലിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കുറ്റപത്രം നല്‍കിയ ശേഷം ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും ഈ മാസം 22 ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് പരിഗണിക്കും.
സിഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് കോടതിയില്‍ ഹാജരായത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ എസ്എഫ്‌ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീന്‍ ചവ്ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി.ഡി സിങ് എന്നിവര്‍ ഹര്‍ജിയില്‍ വാദം കേട്ടു. ജസ്റ്റിസ് ഗിരീഷ് കപ്ത്താലിയയാണ് ഇന്ന് കേസ് പരിഗണിച്ചത്.
സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും തായ്‌വേരറുത്ത് വരുംതലമുറകളെ കൊടുംവിപത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് നാടിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ലഹരി വസ്തുക്കള്‍ പൊതുസമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുകയും കുടുംബ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകള്‍ തങ്ങള്‍ ചെയ്തുവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഇന്ന് നടന്ന യോഗത്തില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ടര്‍ഫ് മുതല്‍ തട്ടുകടവരെയും പരിശോധന കര്‍ശനമാക്കുമെന്നും ലേബര്‍ ക്യാമ്പുകളിലും ഹോസ്റ്റലുകളിലും പരിശോധന കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 17-ന് സര്‍വകക്ഷി യോഗം ചേരും.
തൃക്കൊടിത്താനത്ത് അഴിഞ്ഞാടിയ അക്രമിസംഘം തീവണ്ടിയിലെത്തി കോട്ടയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടിടത്തായി നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്ന് പേരുടെ തലയടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനത്തെ ബാറില്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തിയശേഷം മറ്റ് മൂന്നുപേരെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട പ്രതികളാണ്, കോട്ടയത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി യാത്രക്കാരനെ ബിയര്‍കുപ്പിക്കടിച്ച് തല പൊട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഴുപേരെ തൃക്കൊടിത്താനം പോലീസും, കോട്ടയം റെയില്‍വേ പോലീസുംചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്നായി അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.
ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അമീന്‍ (23), കുറിച്ചി മന്ദിരം തകിടിപ്പറമ്പില്‍ സിയാദ് ഷാജി (32), എന്നിവരെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃക്കൊടിത്താനത്തെ ബാറിലാണ് ഒന്‍പതംഗസംഘം ആക്രമണം നടത്തിയത്. യുവാവിനെ കുത്തിയശേഷം ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ ചങ്ങനാശ്ശേരിയിലെത്തി മലബാര്‍ എക്‌സ്പ്രസില്‍ രക്ഷപ്പെടുകയായിരുന്നു.
രാത്രി പത്തരയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തീവണ്ടിയില്‍ കയറാന്‍ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശി അയ്യപ്പന്‍ പൊക്കോട്ട് പി. വിനു (41)വിനെ ആക്രമിച്ച് ബിയര്‍കുപ്പികൊണ്ട് തലയടിച്ച് പൊട്ടിക്കുകയായായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ യുവാവ് വീട്ടിലേക്ക് പോകുകയായിരുന്നു. തീവണ്ടിയുടെ വാതിലിലിരുന്ന പ്രതികളോട് മാറാനാവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കുപ്പിക്കടിയേറ്റ യുവാവിന്റെ തലയില്‍ ഏഴ് തുന്നിക്കെട്ടിടേണ്ടിവന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
നേരത്തെ തൃക്കൊടിത്താനത്തെ ബാറിലാണ് പ്രതികള്‍ ആദ്യം ആക്രമണം നടത്തിയത്. മദ്യപിക്കാനെത്തിയ യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പ്രതികള്‍ യുവാവിനെ കത്തിക്ക് കുത്തിവീഴ്ത്തുകയായിരുന്നു. പായിപ്പാട്ട് വാടകയ്ക്ക് താമസിക്കുന്ന മോനിപ്പള്ളി സ്വദേശി ജോമോനാണ് (27) കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഷിജു (32), ഷെമീര്‍(36) എന്നിവര്‍ക്ക് ഹെല്‍മെറ്റിനുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രക്ഷപ്പെട്ട മറ്റ് പ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട് മുന്തിരിക്കവല കാഞ്ഞിരത്തില്‍ സാജു ജോജോ (30), തൃക്കൊടിത്താനം കടമാന്‍ചിറ ചക്കാലയില്‍ ടോണ്‍സണ്‍ ആന്റണി (25), തെങ്ങണ വട്ടച്ചാല്‍പടി പുതുപ്പറമ്പില്‍ കെവിന്‍ (26), ഫാത്തിമാപുരം നാലുപാറയില്‍ ഷിബിന്‍ (25), തൃക്കൊടിത്താനം മാലൂര്‍ക്കാവ് അമ്പാട്ട് ബിബിന്‍ വര്‍ഗീസ് (37), എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റുചെയ്തത്.
ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി.ജോസഫ്, സിപിഒമാരായ ജോണ്‍സണ്‍, ജോബിന്‍ എന്നിവരാണ് കോട്ടയത്ത് രണ്ട് പ്രതികളെ കീഴ്പ്പെടുത്തിയത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കടത്തല്‍ അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും.
ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയായി.
ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.
ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.
കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകൻ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയിൽ വന്നിട്ടില്ല.
കൊല്ലത്ത് കാമുകനൊപ്പംചേർന്ന് ഭർത്താവിനെ വിഷം നൽകി കൊന്ന കേസിൽ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ശുപാർശയും ഗവർണറുടെ പരിഗണനയിലാണ്.