കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെന്ന് ആശ സമരസമിതി. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന് സാധിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.
എപ്പോള്‍ മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരികയെന്ന സ്ഥിരീകരിക്കാനും സംസ്ഥാന ആരോഗ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് സമരസമിതി കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്നും സമരസമിതി കൂട്ടിച്ചേർത്തു. ഓണറേറിയം വര്‍ധിപ്പിക്കുക, 62 വയസ്സില്‍ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാതെ എത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമില്ലെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുന്ന വീണ ജോർജ് ആശ പ്രവർത്തകരുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
നഡ്ഡയുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവര്‍ക്കര്‍മാരുടെ സമരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.
ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍, വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് സംസ്ഥാനത്തെ ചില ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി വിഷയം മാറ്റിയെഴുതിയേക്കും എന്ന നിലയിലാണ് ചര്‍ച്ചകള്‍.
വഖഫ് (ഭേദഗതി) ബില്ലില്‍ കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ സ്വീകരിച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നതാണ്.
ഒന്നുകില്‍ മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം. തെരഞ്ഞെടുപ്പ് കാലം മുന്നിലുള്ളപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന നിര്‍ണായകമായ ഒരു വിഷയത്തില്‍ തീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍. സഭ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍ കെസിബിസിയുടെ ആഹ്വാനത്തില്‍ ഈ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് ഏറെ പ്രധാനമാണ്.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്ന കെസിബിസിയുടെ ആഹ്വാനം ഇതിനോടകം ബിജെപി നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ കെസിബിസിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.
വഖഫ് ബില്ലിന്റെ പൂര്‍ണചിത്രം വ്യക്തമായ ശേഷം മാത്രമാണ് പ്രതികരണം എന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയുടെ നിലപാട്.
സമാനമായ നിലപാടായിരുന്നു വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടയം എംപിയും കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചതും. ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ (ജെ.പി.സി) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പുതിയ ബില്ലിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അഭിപ്രായം പങ്കുവെക്കും. യു.ഡി.എഫും ഇന്ത്യാ ബ്ലോക്കും ഉചിതമായ തീരുമാനം എടുക്കും,’ അദ്ദേഹം പറഞ്ഞു.
മുന്നണിയും കെസിബിസിയും വിരുദ്ധ നിലപാടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനം കൈക്കൊള്ളുക ബുദ്ധമുട്ടുള്ള കാര്യമാണെന്നാണ് പല നേതാക്കളും നല്‍കുന്ന പ്രതികരണം. കെ.സി.ബി.സിയുടെ നിലപാടിനോട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൂര്‍ണമായ എതിര്‍പ്പില്ല. എന്നാല്‍ ഉള്‍പ്പെടുന്ന മുന്നണികളുടെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കുക എന്നത് വെല്ലുവിളിയാണ്. ‘ സാഹചര്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്, ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഉടന്‍ യോഗം വിളിക്കും,’ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
കെ.സി.ബി.സിയുടെ നിലപാടിന് വിരുദ്ധമായ ഒരു നിലപാട് യുഡിഎഫ് സ്വീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിനുള്ളത്. മറിച്ചൊരു നിലപാട് ഏടുത്താന്‍ മധ്യ തിരുവിതാംകൂര്‍ പോലുള്ള ക്രിസ്ത്യന്‍ ആധിപത്യ പ്രദേശങ്ങളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടേക്കാം എന്നും ഇവര്‍ വിലയിരുത്തുന്നു.
വഖഫ് ബില്ലിനെ അനുകൂലിക്കാനുള്ള കെസിബിസിയുടെ ആഹ്വാനത്തിന്റെ പ്രധാന കാരണം മുനമ്പം ഭൂമി തര്‍ക്കമാണെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്. മുനമ്പം വിഷയത്തില്‍ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.
‘മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമപരമായ സാധ്യത പരിശോധിക്കും, ബില്ലിന് മുന്‍കാല പ്രാബല്യമില്ല. നിലവിലെ നിയമത്തില്‍ ജനാധിപത്യവിരുദ്ധ വശങ്ങള്‍ വ്യക്തമായാല്‍ നിയമനിര്‍മ്മാണത്തെ ഞങ്ങള്‍ പിന്തുണയ്ക്കും,’ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നത നേതാവ് പറഞ്ഞു.
അതേസമയം, പ്രകൃതി-റബ്ബര്‍ വിലയിടിവ്, മനുഷ്യ-വന്യജീവി സംഘര്‍ഷം, ബഫര്‍-സോണ്‍ പ്രശ്‌നം, മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നിവയുള്‍പ്പെടെ സഭ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കാമെന്ന് പ്രതീക്ഷയും കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്.
കുറുപ്പന്തറയിൽ എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു ജീവനൊടുക്കിയത്. അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പൊലീസ് മുദ്രവച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല.
കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നാലര വർഷം മുൻപായിരുന്നു വിവാഹം. 2 മക്കളുണ്ട്. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. ഏപ്രിൽ പകുതിയോടെ പ്രസവത്തീയതി നിശ്ചയിച്ചു കാത്തിരിക്കുമ്പോഴാണ് അമിതയുടെ മരണം. ഞായറാഴ്ച രാവിലെ മുതൽ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖിൽ പുറത്തുപോയതിനു പിന്നാലെയാണു മകൾ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എൽസമ്മയും പറഞ്ഞു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നൽകിയിരുന്നു. ഇപ്പോൾ ഒരു തരി സ്വർണം പോലും മകളുടെ പക്കലില്ലെന്നും എൽസമ്മ പറഞ്ഞു.
സംസ്കാരം ഇന്നു 4നു കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ. പിതാവ്: കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേൽ സണ്ണി. മക്കൾ: അനേയ, അന്ന.
കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായേക്കും. മുതിര്‍ന്ന പി.ബി അംഗത്തെ പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതോടെയാണ് എം.എ ബേബിക്ക് സാധ്യത തെളിയുന്നത്. 2012 മുതല്‍ അദേഹം പോളിറ്റ് ബ്യൂറോയിലുണ്ട്.
എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇഎംഎസിന് ശേഷം കേരള ഘടകത്തില്‍ നിന്ന് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുന്ന വ്യക്തി എന്ന നേട്ടവും അദേഹത്തിന് സ്വന്തമാകും. മലയാളിയായ പ്രകാശ് കാരാട്ട് നേരത്തേ ജനറല്‍ സെക്രട്ടറി ആയിരുന്നെങ്കിലും അദേഹം ഡല്‍ഹി ഘടകത്തെ പ്രതിനിധീകരിച്ചാണ് ഉന്നത പദവിയിലെത്തിയത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ തുടങ്ങാനിരിക്കെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എം.എ ബേബി എന്ന് ഏകദേശ ധാരണ ഉണ്ടായിട്ടുള്ളത്. വൃന്ദ കാരാട്ടിന് പ്രായ പരിധി ഇളവ് നല്‍കി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അധികം പേര്‍ക്ക് പ്രായ പരിധി ഇളവ് നല്‍കുന്നതിനെ പി.ബിയില്‍ തന്നെ പലരും എതിര്‍ത്തു.
പ്രായ പരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം എന്ന നേതൃത്വത്തിന്റെ തിരിച്ചറിവാണ് എം.എ ബേബിയിലേക്ക് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാന്‍ കാരണം. കേരള ഘടകത്തിനും കേന്ദ്രത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും ബേബി സ്വീകാര്യനാണ്. മാത്രമല്ല, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള നേതാവ് എന്നതും അദേഹത്തിന് അനുകൂല ഘടകമാണ്.
ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്‌ലെ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു. എന്നാല്‍ സലീമിന് തല്‍ക്കാലം ബംഗാളില്‍ നില്‍ക്കാനാണ് താല്‍പര്യം.
മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ച് അടക്കം നയിച്ച് പൊതു സ്വീകാര്യത നേടിയ അശോക് ധാവ്‌ലെയോട് പക്ഷേ, പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് താല്‍പര്യമില്ല. ഇത്തരത്തില്‍ പല ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ബേബിക്ക് തന്നെ നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത.
മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.
അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.
എംപുരന്‍ സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ഇപ്പോ ഉണ്ടായ അവസ്ഥയെന്താ?. മോഹന്‍ലാലിന് ഖേദപ്രകടനം നടത്തേണ്ടി വന്നില്ലേ?. മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് മേജര്‍ രവി ഒന്നാലോചിക്കണം, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോ എന്നാണ്. മേജര്‍ രവി മനസിലാക്കണം എല്ലാ കാര്യങ്ങളും മോഹന്‍ലാലിനോട് പറഞ്ഞിട്ടാണ് മകന്‍ ചെയ്തത് എന്നാണ്. അതിനര്‍ഥം മോഹന്‍ലാലിനെ പരോക്ഷമായി എതിര്‍ക്കുക, മേജര്‍ രവിയെ പ്രത്യക്ഷമായി എതിര്‍ക്കുകയെന്നാതാണ്’.
മല്ലികയോട് ബിജെപിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അവള്‍ അര്‍ബന്‍ നക്‌സലാ. അവര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടപോസ്റ്റില്‍ പറഞ്ഞത് തരത്തില്‍ കളിക്കെടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായി അമ്മ ശ്രമിക്കേണ്ടത്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായാല്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുപറയുമ്പോള്‍ പിണറായിക്കും ബിനോയ് വിശ്വത്തിനും ശിവന്‍കുട്ടിക്കും വിഷമം. എടോ നിങ്ങള്‍ ഈ വിഷമം കാണണ്ട; ആശാ വര്‍ക്കമാരുടെ വിഷമം കാണു’ – ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ചുള്ള ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുടുംബജീവിത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ആത്മീയമോ മറ്റെന്തിങ്കിലുമോ ആവട്ടെ, വിവാഹം ഒരു പങ്കാളിക്ക് മറ്റൊരു ഇണയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. തന്റെ ആത്മീയജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍നിന്ന് വിട്ടുനിന്നു, പിജി കോഴ്‌സിന് ചേരാന്‍ അനുവദിച്ചില്ല, അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു, തന്നെ തനിച്ചാക്കി നിരന്തരം തീര്‍ഥയാത്രകള്‍ക്ക് പോയി, പഠനകാലത്തെ സ്റ്റൈപ്പന്‍ഡ് തുക ദുരുപയോഗം ചെയ്തു എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചത്.
ആദ്യം നല്‍കിയ വിവാഹമോചന അപേക്ഷ ഭര്‍ത്താവ് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് പിന്‍വലിച്ചു. ശരിയായ കുടുംബജീവിതം നയിക്കാമെന്നും ഭര്‍ത്താവ് ഉറപ്പ് നല്‍കിയിരുന്നതായി യുവതി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വാക്ക് പാലിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും വിവാഹമോചനവുമായി മുന്നോട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
സംസ്ഥാനത്ത് താപനില ഉയരുന്നത് കണക്കിലെടുത്ത് ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
12 ജില്ലകള്‍ക്കാണ് താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 30/03/2025 , 31/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തൃശൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍. ഞായറാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
ഇത്തവണ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍)ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം.
ശവ്വാല്‍ മാസപ്പിറ കാണുന്നതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികളുയരും. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്തര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കും. പുത്തനുടുപ്പുകള്‍ അണിഞ്ഞ് വിശ്വാസികള്‍ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടും. കുടുംബ,സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. എല്ലാ വായനക്കാര്‍ക്കും മാതൃഭൂമി ഡോട്ട് കോമിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.
എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മല്ലിക സുകുമാരൻ. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ തന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദു:ഖമുണ്ടെന്ന് മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ലെന്നും അവർ പറഞ്ഞു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല. പൃഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനുപിന്നിൽ ചില ചലച്ചിത്രപ്രവർത്തകരുമുണ്ടെന്ന് സംശയിക്കുന്നുവെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. മേജർ രവിയേയും അവർ രൂക്ഷമായി വിമർശിച്ചു.
മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:
‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.
ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.
എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?
മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..”ഞാൻ തിരക്കിൽ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.
പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?
പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല.
“അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?
ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്. ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്. അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്. എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്.
പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല. ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല. വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം…..
ഇനി മാധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് : പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി “എന്റെ പടത്തിൽ മാറ്റം വരുത്തരുതേ” എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ? അടിക്കടി അഭിപ്രായം മാറ്റുന്ന ‘മന്ദബുദ്ധി’ ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. ‘അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.