വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ബൈപാസ് ജംങ്ഷന് സമീപത്തുവെച്ചാണ് സംഭവം. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചതിൽ പ്രകോപിതനായാണ് യുവാവ് കാർ വട്ടംവെച്ച് തടഞ്ഞത്. കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്ത് ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി.
യാത്രക്കിടെ വഴിയൊരുക്കാനായി പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചു. ഇതോടെ പ്രകോപിതനായ യൂട്യൂബർ കൂടിയായ അനീഷ് എബ്രഹാം തന്‍റെ കാർ വാഹനവ്യൂഹത്തിന് മുന്നിൽ വട്ടം വെക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് സംഘം പുറത്തിറങ്ങി ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തു.
വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. താൻ ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് ഇയാൾ പൊലീസിനോട് തട്ടിക്കയറി. പൊലീസ് ബലമായി ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതീവ സുരക്ഷയുള്ള വ്യക്തിയുടെ വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തും വിധം കാര്‍ ഓടിച്ചുകയറ്റിയതിന് അനീഷിനെതിരെ പൊലീസ് കേസെടുത്തു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അനീഷനെ ജ്യാമത്തിൽ വിട്ടയച്ചതായും മണ്ണുത്തി പൊലീസ് അറിയിച്ചു.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാന് നിർമ്മാതാക്കളുടെ കട്ട്. 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ 27-നാണ് എമ്പുരാൻ റിലീസ് ചെയ്തത്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ, റിലീസിന് പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരേ രംഗത്തെത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്. നേരത്തെ ചിത്രം സെൻസർ ചെയ്ത ബോർഡിനെ ഒഴിവാക്കി പുതിയ ബോർഡ് സെൻസർ ചെയ്ത ചിത്രം ബുധനാഴ്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
11 വയസുള്ള പെൺകുട്ടിയോട് വീഡിയോ കോളിലൂടെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ
തിരുവനന്തപുരം സ്വദേശി യുവാവിനെ വിവിധ വകുപ്പുകളിലായി 66 വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
തിരുവനന്തപുരം വെട്ടൂർ വില്ലേജിൽ കെട്ടിടത്തിൽ വീട്ടിൽ സത്യശീലന്റെ മകൻ ഷിജു എസ് (38) ആണ് ശിക്ഷിക്കപ്പെട്ടത്. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജസ്ജി വി.സതീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
ഐപിസി , പോക്സോ, ഐടി വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2 സെക്ഷനുകളിൽ 20 വർഷം വിതവും 8 സെക്ഷനുകളിൽ 3 വർഷം വിതവും 2 സെക്ഷനുകളിൽ 1 വർഷം വീതവുമാണ് ശിക്ഷിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കുമ്പോൾ 20 വർഷം തടവ് അനുഭവിക്കണം.
2021 ജനുവരിയിൽ പാമ്പാടി പോലീസ് ആണ് അതിജീവിതയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ: മലേഷ്യയിലായിരുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് ബന്ധുവാണന്ന നിലയിൽ ഫോൺ ചെയ്തു. ഫോൺ സംഭാഷണത്തിൽ ബന്ധുവിന്റെ ശബ്ദം പോലെ തോന്നിയതിനാൽ വീട്ടുകാർ വിശ്വസിക്കുകയും ചെയ്തു. കുട്ടിക്ക് കണക്കിനും സയൻസിനും ട്യൂഷനെടുക്കാമെന്നു പറഞ്ഞാണ് വിളിച്ചത്. പിന്നീട് ഫോണിലൂടെ പെൺകുട്ടിയോട് വീഡിയോ കോളിലൂടെ ലൈംഗിക അതിക്രമങ്ങൾ നടത്തി. വീഡിയോകോൾ വഴിയായിരുന്നു ഇതെല്ലാം ചെയ്തത് .
വിവരം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെ പ്രതിയെ മലേഷ്യയിൽ നിന്ന് പ്രതിയെ വരുത്തി അറസ്റ്റു ചെയ്തു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5 മൊബൈൽ ഫോണിലെ ദൃശ്യങ്ങളും ശബ്ദ സാമ്പിളുകളും പരിശോധിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചത്.
ഇത്തരത്തിൽ തെളിയിക്കപ്പെടുന്ന കോട്ടയത്തെ ആദ്യ പോക്സോ കേസാണിത്.
നാല് അന്വേഷണ ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷിച്ചു. സി ഐമാരായ യു. ശ്രീജിത്, വിൻസെന്റ് ജോസഫ്. ജിജു. ടി.ആർ, എസ്.ഐ. വി.എസ്.അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 47 പ്രമാണങ്ങളും 20 സാക്ഷികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ. ഏബ്രഹാം കോടതിയിൽ ഹാജരായി.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ 1.72 രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ ഇ.ഡി കള്ളപ്പണം തടയല്‍ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
മാസപ്പടി കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.
എന്നാല്‍ മാസപ്പടി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പരാതി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കീഴ്ക്കോടതി പ്രസ്താവിച്ചത് അനവസരത്തിലും അനുചിതവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അത്തരത്തില്‍ പറയേണ്ട കാര്യം ഇല്ല എന്ന് കണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിയിലെ ആ ഭാഗം ഹൈക്കോടതി റദ്ദു ചെയ്തുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി ആരോപണത്തില്‍ അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന വസ്തുകള്‍ കോടതിയുടെ മുമ്പാകെ ഉണ്ടെന്ന് കരുതാന്‍ ഈ ഘട്ടത്തില്‍ കഴിയില്ല അതിനാല്‍ പരാതി തള്ളുകയാണെന്നാണ് ഹൈക്കോടതി പ്രസ്താവിച്ചത്.
അതുകൊണ്ട് കൂടുതല്‍ തെളിവുകളുമായി വീണ്ടും കോടതിയെ സമീപിക്കുന്നതിന് പരാതി തള്ളിയത് തടസമാകില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
വിജിലന്‍സ് കോടതി വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഈ കേസില്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ ഒട്ടും എളുപ്പവും അനായാസവുമാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഹൈക്കോടതിയുടെ ഈ വിധി നിരാശപ്പെടുത്തുന്നില്ല. നീതിക്കു വേണ്ടി അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിനെ അനുകൂലിച്ച് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തെരുവ് നാടകം അവതരിപ്പിച്ചതുമായും ഇസ്രയേല്‍ പതാക കത്തിച്ചതുമായും ബന്ധപ്പെട്ട് ഐ.ബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പിടിയിലായവരെ പൊലീസ് വിട്ടയച്ചത് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.
ഇത്ര ഗുരുതര സംഭവം ഉണ്ടായിട്ടും പൊലീസിന്റെ നിസംഗത വ്യക്തമാണ്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറിയെങ്കിലും ഉന്നത ഇടപെടലില്‍ തുടര്‍ നടപടികള്‍ മുന്നോട്ട് പോകുന്നില്ല.
ഇസ്രയേല്‍ പതാകയില്‍ ചവിട്ടി നൃത്തമാടിയതും പതാക കത്തിച്ചതും നയതന്ത്ര വിഷയമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. നാല് യുവതികളടക്കം വിവിധ ജില്ലകളില്‍ നിന്നുള്ള പത്തംഗ സംഘമാണ് ആസാദി നാടകം നടത്തിയത്. കുട്ടികളെയും ഇവര്‍ പങ്കെടുപ്പിച്ചിരുന്നു
ഫ്രണ്ട്സ് ഓഫ് പാലസ്തീന്‍ എന്ന കടലാസ് സംഘടനയാണ് ആസാദി നാടകത്തിന് പിന്നില്‍ ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. നവമാധ്യമങ്ങളില്‍ നടന്ന പ്രചരണത്തെ തുടര്‍ന്ന് പതാക കത്തിക്കലടക്കമുള്ളവ ഒഴിവാക്കണമെന്നും അതിരുകടക്കരുതെന്നും സംഘാടകര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍്കിയതാണ്.
ഇത് വകവയ്ക്കാതെയാണ് സംഘം ഇസ്രയേല്‍ പതാകയ്ക്കുമേല്‍ നൃത്തം ചവിട്ടിയതും കത്തിച്ചതും. എന്നിട്ടും പോലീസ് കേസെടുക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എയ്‌ഡഡ് സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവിൽ അഴിഞ്ഞു. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവിൽ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പർ കല്ലറയിൽ അവൾ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു.
നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്കൂളിൽ ജോലിചെയ്തത്. ഒടുവിൽ അവരുടെ വേർപാട് നാടിനാകെ നോവായിമാറി.
മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ശമ്പളസ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്‌മെന്റായ താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിക്ക് ലഭിച്ചത്.
കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂൺ അഞ്ചുമുതൽ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങൾമാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുൻപ് നസ്രത്ത് എൽപി സ്കൂളിൽ 2019 ജൂൺ 17 മുതൽ 2019 ഡിസംബർ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതൽ പ്രൊബേഷനറി എൽപിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒൻപതുമാസത്തെ ആനുകൂല്യങ്ങൾമാത്രമാണ് അനുവദിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വർഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പിതാവ് ബെന്നി അറിയിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.
സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിന്‍ നടത്തുന്നുണ്ട്.
സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.
ലഹരി സംഘത്തില്‍പ്പെട്ടവര്‍ക്ക് എച്ച്‌ഐവി രോഗ ബാധ. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തിലുള്ള പത്ത് പേര്‍ക്കാണ് മലപ്പുറം ഡിഎംഒ രോഗ ബാധ് സ്ഥിരീകരിച്ചത്.
സംഘത്തിലെ മൂന്ന് പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗ ബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.
രണ്ടുമാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സ്‌ക്രീനിങ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സ്‌ക്രീനിംഗിന്റെ തുടക്കത്തില്‍ വളാഞ്ചേരിയിലെ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പത്ത് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പേരെ ആരോഗ്യ വകുപ്പ് സ്‌ക്രീനിങ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവവങ്ങളിലൂടെയും എച്ച്‌ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അനുബാധ ഉണ്ടാകാം.
ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി അഞ്ചരക്കോടി രൂപയോളം തട്ടിയെടുത്ത യുവാവിനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേരള പോലീസിന്റെയും സഹായത്തോടെ ഇന്റർപോൾ അറസ്റ്റ്‌ചെയ്തു.
ചെറുകുന്ന് മുണ്ടപ്രം സ്വദേശി വളപ്പിലെ പീടികയിലെ വി.പി. സവാദിനെ (30) ആണ് ചൊവ്വാഴ്ച വൈകീട്ട് പയ്യന്നൂർ പാലക്കോട്ടുനിന്ന് അറസ്റ്റ്‌ചെയ്തത്. പട്യാല അസിസ്റ്റന്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയശേഷം നാട്ടിലേക്ക് കടന്നതാണെന്ന് കരുതുന്നു. ഒന്നാം പ്രതി കണ്ണൂർസിറ്റിയിലെ യുവാവിനായി അന്വേഷണം ഊർജിതമാക്കി.
എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസ് പറഞ്ഞു.
ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.