പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്.
ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസിനെ വിമര്‍ശിച്ചും കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി.
ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ രത്തന്‍ സിംഗ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാഴൂര്‍ റോഡില്‍ തെങ്ങണയ്ക്ക് സമീപം ഇല്ലിമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു.മമ്മൂട് വെങ്കോട്ട കുളത്തുങ്കല്‍ ലാലിച്ചന്റെ മകന്‍ ബോബിന്‍ കെ ലാലിച്ച(26)നാണ് മരിച്ചത്. ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കേറ്ററിംങ് ജോലികള്‍ക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം.
ഇവര്‍ സഞ്ചരിച്ച കാര്‍ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു .ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടു നല്‍കും. മാതാവ് സുബി.സഹോദരങ്ങള്‍ ലോബിന്‍, ലിബി.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
ഗൂഢാലോചന നടത്തിയതിന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്പി കെഎസ് സുദർശന്റെ കൈ വെട്ടണം’ എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ ചാനലിനോട് വെളിപ്പെടുത്തിതായാണ് റിപ്പോർട്ട്.
കോന്നി പയ്യനാമണ്ണില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
ഗൃഹനാഥന്‍ ജീവനൊടുക്കി. പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന്‍ റയാന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലത്തേക്ക് പോകുകയാണെന്ന് സോണി ബന്ധുവിനോട് പറഞ്ഞിരുന്നതിനാല്‍ വീടിന് പുറത്ത് കാണാത്തതില്‍ ആര്‍ക്കും ദുരൂഹത തോന്നിയില്ല. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് താന്‍ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു. അതിനാല്‍ തന്നെ സോണിയെ പുറത്തുകാണാത്തതില്‍ ആര്‍ക്കും സംശയം തോന്നിയില്ല.
എന്നാല്‍, മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍.സംഭവമറിഞ്ഞ് നിരവധി പേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ നേഴ്സിങ് വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തിയായി പൂഞ്ഞാർ പെരിങ്ങുളം സ്വദേശിനി ഡിനു എം ജോയി. എം ജി സർവകലാശാലയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിലാണ് (നഴ്സിങ് ) ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മികച്ച നേഴ്സിനുള്ള പ്രഥമ സംസ്ഥാന അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ജേതാവ് കൂടിയാണ് ഡിനു. തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ഇപ്പോൾ ജോലി ചെയ്യുന്നു.
പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫിന്റെ ഭാര്യയും ഉരുളികുന്നം മടുക്കാവിൽ പരേതനായ എം.വി.തോമസിന്റെയും മേരി തോമസിന്റെയും മകളുമാണ്. ഡിജൽ, ഡിയോൺ എന്നിവരാണ് മക്കൾ. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി നഴ്സിംഗ് സ്കൂളിൽ ജനറൽ നഴ്‌സിങ് 1998 ൽ പാസ്സായ ഡിനു പിന്നീട് ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നിവ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നേടുകയുണ്ടായി.
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (SGTDS) മുൻ ഡയറക്ടർ ആയ ഡോ.റോയ് സി മാത്യുവിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ലൈംഗികാതിക്രമം തടയുന്നതിനായി കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുന്ന ഗവേഷണപഠനം വലിയ ശ്രദ്ധയാകർഷിച്ചു. കൗമാരക്കാരായ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടക്കുന്നത്. കേരളത്തിലെ മിക്ക ഹൈസ്കൂളുകളും കൗമാര ആരോഗ്യത്തിനും ലൈംഗികാതിക്രമത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും ഇതൊരു ഗുരുതര പ്രതിസന്ധിയാണെന്നും ഡിനു മലയാളംയുകെയോട് പറഞ്ഞു.
പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. ദിവസവും ഇത്രയും കിലോമീറ്റർ സഞ്ചരിച്ചുള്ള പഠനം ദുഷ്ക്കരമായി. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്ലാസുകൾ. ഒരു കുട്ടിയും ഇന്ന് വരെ വീട്ടിൽ നിന്നും വന്ന് പഠിച്ചു പാസ്സായിട്ടില്ല എന്ന് ട്യൂട്ടർമാരുടെ കമെന്റ്… ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചാൽ രണ്ട് വയസ്സുകാരൻ കുഞ്ഞിനെ വിട്ടിരിക്കാൻ സാധ്യമല്ലാത്ത മനസികാവസ്ഥ… മാനസികമായി തളരുന്ന സാഹചര്യം. ഒരുപാട് കഷ്ടപ്പെടുന്ന ഭർത്താവ്… വീട്ടിലെ കാര്യം നടക്കുന്നില്ല… ഇത്രയും വിഷമിച്ചു പഠിക്കാനോ എന്ന് ബന്ധുക്കൾ… എങ്കിലും പൂർണ്ണമായ മനസ്സോടെ ഡിനു പറഞ്ഞു.. ഈ റിസൾട്ട് എന്റെ ഭർത്താവായ ജോബിക്കുള്ളത്.. ജോബി സഹായിച്ചതുകൊണ്ടാണ് ഇന്ന് ഞാൻ ഡോക്ടറേറ്റ് നേടാൻ വഴിയൊരുങ്ങിയത്… എല്ലാവരും പറയും ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന്.. എന്റെ കാര്യത്തിൽ ഇത് തിരിച്ചാണ് എന്ന് മാത്രം… എന്റെ മാത്രം കഴിവ് കൊണ്ടല്ല മറിച്ച് ഭർത്താവായ ജോബി തന്ന സപ്പോർട്ട് ആണ് എന്റെ വിജയങ്ങളുടെ അടിത്തറ…
കൂടെയുള്ള കൂട്ടുകാരികൾ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും ഓസ്‌ട്രേലിയിലെ പെർത്തിലും, അയർലണ്ട്, അമേരിക്ക എന്നിവടങ്ങളിൽ എല്ലാം പോയി ജോലി ചെയ്യുന്നു. പുറത്തുപോയാൽ മാത്രമല്ല നഴ്സിങ്ങിൽ വിജയിക്കുക എന്ന് കൂടി ഡിനു നമുക്ക് കാണിച്ചു തരുന്നു. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്.
പാലായ്ക്ക് അടുത്തുള്ള ഉരുളികുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു.
രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, റിപ്പോര്‍ട്ടര്‍ ചാനൽ, ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്ര കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി നികേഷ് കുമാർ എന്നിവർക്ക് കേസിലെ പ്രതിയായ ദിലീപിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് തെളിയുന്ന വേളയിലാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നും താരം കുറ്റപ്പെടുത്തുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണമാണ് ചാനലിലൂടെ നടന്നതെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നേരത്തെ അറിയാമെന്നായിരുന്നു എന്നാണ് ബാലചന്ദ്രകുമാറിന്റെ ഒരു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ഒരു വിഐപിയാണ് ഇത് കൊണ്ടുവന്നതെന്നും ബാലചന്ദ്രകുമാർ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതോടെയാണ് വീണ്ടും അന്വേഷണം എന്നതിലേക്ക് സര്‍ക്കാര്‍ എത്തിയത്. പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
എന്നാൽ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി തനിക്കുള്ള ബന്ധം കോടതിയെ ബോധ്യപ്പെടുത്താനാകാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയാണെന്ന് ദിലീപ് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനഃപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ദിലീപ് പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം പ്രക്ഷേപണം ചെയ്തതെന്നും റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇന്‍ ക്യാമറ പ്രൊസിഡിങ്ങ്‌സാണെന്നും അതിന്റെ ലംഘനമാണ് നടക്കുന്നത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു.
‘അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേ’…പോലീസിനെ കണ്ടപാടെ നിലവിളിച്ച് എട്ടുവയസ്സുകാരന്‍. അമ്മ ചെയ്ത കുറ്റകൃത്യം പോലും മനസ്സിലാക്കാന്‍ ആവാത്ത കുഞ്ഞ്, അമ്മ പറഞ്ഞത് അനുസരിക്കുക മാത്രമേ ആ കുഞ്ഞ് മനസ്സ് ചെയ്തിട്ടുള്ളൂ, എന്നിട്ടും അവന്റെ മനസ്സ് ഏറെ നൊന്തു. ‘ആശുപത്രിയില്‍ പോയി വാവയെ വാങ്ങിക്കൊണ്ടുവരാം’ എന്ന് കുഞ്ഞുങ്ങളോട് പറയുന്ന തമാശ അവനോടും ചിലപ്പോള്‍ നീതു പറഞ്ഞുകാണും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതിനെച്ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് പോയത് പ്രതി നീതുരാജിന്റെ മകനാണ് എന്താണ് നടക്കുന്നതെന്നറിയാതെ വലഞ്ഞത്. അമ്മയെ അനുസരിച്ച അവന് ഈ സംഭവത്തെത്തുടര്‍ന്ന് ഏറെ വേദനയാണ് അനുഭവിക്കേണ്ടി വന്നത്.
അമ്മയോടൊപ്പം നാലാംതീയതി സന്തോഷത്തോടെയാണ് അവന്‍ യാത്ര തിരിച്ചത്. എന്തിനാണ്, എങ്ങോട്ടാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു. എങ്കിലും കുട്ടി ആവേശത്തിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള യാത്രയും ഹോട്ടല്‍ ഭക്ഷണവുമെല്ലാം ബാലന്‍ ആസ്വദിച്ചു.
സംഭവ ദിവസവും അമ്മയുടെ കൂടെപ്പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവവിഭാഗത്തിന് മുന്നില്‍ കാത്തുനിന്നു. തിരികെ വന്ന അമ്മയുടെ കൈയില്‍ ഒരു തുണിപ്പൊതിയുണ്ടായിരുന്നു. അത് അവന്റെ അനുജത്തിയാണെന്ന് അമ്മ പറഞ്ഞുകാണും. അതിനാലാണ് സിസിടിവി ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന്‍ സന്തോഷവാനായിരുന്നത്.
പക്ഷേ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. പോലീസ് മുറിയിലെത്തുന്നതും അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും അവന്‍ കണ്ടു. ഇതിനിടയില്‍ കുട്ടി കരഞ്ഞുപറഞ്ഞു.
പിന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക്. ഒപ്പം എത്തിയ അമ്മയെ പോലീസുകാര്‍ കൊണ്ടുപോയതോടെ കുട്ടി കരയാന്‍ തുടങ്ങി. കാരണം അമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ.
വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി. എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു. ഇടയ്ക്ക് ഒരു തവണ അഞ്ചുമിനിറ്റ് അവന്‍ അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക്. സങ്കടവും പേടിയും തോന്നിയ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മ എവിടെയെന്നറിയാതെ അവന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താതക തെയ്താരെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബുദുള്‍ വഹാബാണ്. ക്യാമ്പസും ഹോസ്റ്റല്‍ ലൈഫുമാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ദര്‍ശന ഗാനവും ഒണക്കമുന്തിരി ഗാനവും അടുത്തിടെ ഏറെ ശ്രദ്ധേയമായിരുന്നു.
ചെന്നൈ നഗരത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായി അടുത്തിടെ പുറത്തിറക്കിയ ‘കുരല്‍ കേള്‍ക്കിതാ’ ഗാനവും ശ്രദ്ധ നേടുകയുണ്ടായി. ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി.
ഏറ്റവും റിസ്‌കുള്ള ജോലി ആണെങ്കിലും സംവിധായകന്റെ റോളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിലീഷ് പോത്തന്‍. ഒരു സിനിമ സംവിധാനം ചെയ്താല്‍ രണ്ട് വര്‍ഷം ആയുസ് കുറയുമെന്നാണ് പറയുന്നത്. മൂന്ന് സിനിമ കഴിഞ്ഞപ്പോള്‍ ആറ് വര്‍ഷം ആയുസ് കുറഞ്ഞിട്ടുണ്ടാവും.
ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ചെയ്തപ്പോള്‍ ഒരു മുടി പോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിതുടങ്ങിയത്. അഭിനയിക്കുമ്പോഴും നിര്‍മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്.
മൂന്നും മൂന്നാണ്. ആക്ടര്‍ സിനിമയെ സമീപിക്കുന്നത് പോലെയല്ല സംവിധായകന്‍ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങിനെയല്ലാതെ ആ സിനിമയെ സമീപിച്ചാല്‍ മറ്റൊരു ഡയറക്ടറുടെ കാര്യത്തില്‍ കൈകടത്തലാകും.
എന്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാന്‍ കഴിഞ്ഞത്. അദ്ദേഹം മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതിയായ നീതു രാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന നീതുവിന്റെ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനം, ബാല പീഢനം തുടങ്ങിയ വകുപ്പുകളും ഇബ്രാഹിമിനെതിരെ ചുമത്തും. 30 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു, ഏഴുവയസുകാരന്‍ മകനെ മര്‍ദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നല്‍കിയ പരാതിയില്‍ നീതു പറയുന്നത്. ഇയാളെ നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.
അതേസമയം, കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.
തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇബ്രാഹിമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായെങ്കിലും ഇത് അലസിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.
കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലില്‍ മടങ്ങിയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം വൈകിട്ട് 3.23ന് ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് പോകാനാണ് നീതു പദ്ധതിയിട്ടിരുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലില്‍ എത്തിയപ്പോള്‍ നീതു നഴ്‌സിന്റെ കോട്ട് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.