‘രാത്രിയിലും രാവിലെയും പാടിയിലെ മുറ്റത്തേക്കിറങ്ങാന്‍ പേടിയാണ്. കാട്ടുപോത്ത് എപ്പോഴാണ് മുന്നിലുണ്ടാവുകയെന്നു പറയാന്‍സാധിക്കില്ല. തേയിലനുള്ളിയാണ് ഞങ്ങളുടെ ജീവിതം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇനി മനഃസമാധാനത്തോടെ പണിയെടുക്കുക. കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് ജീവിതം’ -രാധയെ കടുവ കൊന്നതറിഞ്ഞ് അയല്‍വാസിയുടെ കൈക്കുഞ്ഞുമായി ഓടിയെത്തിയതാണ് പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി എല്‍സി. എന്ത് സുരക്ഷയാണ് ഞങ്ങളുടെ ജീവനുള്ളതെന്ന എല്‍സിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിനല്കാന് ആര്‍ക്കും സാധിക്കില്ല.
എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.
തേയിലനുള്ളുന്നതിനിടെ ഓടിയെത്തിയ പലര്‍ക്കും കരച്ചിലടക്കാനായില്ല. പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.
കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
2022 ഒക്ടോബറില്‍ പഞ്ചാരക്കൊല്ലിക്ക് അധികം അകലെയല്ലാത്ത കല്ലിയോട്ടുനിന്ന് പിടികൂടിയിരുന്നു. ഏകദേശം നാലുവയസ്സുള്ള കടുവയെയാണ് ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടിച്ചത്. മാനന്തവാടി-ജെസ്സി-പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിംപള്ളിക്കു സമീപത്തുനിന്നാണ് മുന്‍കാലിന് സാരമായി പരിക്കേറ്റ കടുവയെ പിടികൂടിയത്. അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എന്‍.ടി.എഫ്.പി. പ്രൊസസിങ് ആന്‍ഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി പ്രാഥമികചികിത്സ നല്കിയ കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി പച്ചാണിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണുണ്ടായത്.
പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.
10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്
2015 ഫെബ്രുവരി 10-ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്കരന് (56)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 നവംബര്‍ തോല്പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവന് (44)
2019 ഡിസംബര്‍ 24 സുല്‍ത്താന്‍ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന് (മാസ്തി- 60)
2020 ജൂണ്‍ 16-ന് പുല്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാര്‍ (24)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു 50)
2023 ഡിസംബര്‍ ഒന്‍പത് പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36)
ഒരുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍
2024 ജനുവരി 31-ന് തിരുനെല്ലി തോല്പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന് (50)
2024 ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (അജി-47)
2024 ഫെബ്രുവരി 16-ന് വനസംരക്ഷണസമിതി ജീവനക്കാരന് പുല്പള്ളി പാക്കം തിരുമുഖത്ത് പോള്‍
2024 ജൂലായ് 16-ന് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കല്ലുമുക്ക് രാജു (49)
2025 ജനുവരി എട്ടിനു പുല്പള്ളി ചേകാടിയില്‍ കര്‍ണാടക കുട്ടസ്വദേശി വിഷ്ണു (22).
വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്സണ് ഔസേപ്പിന്റെ മൊഴി ഞെട്ടിക്കുന്നത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം ജോണ്സണ് എത്തിയത്. ആതിര കുട്ടിയെ സ്കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചു. അതിന് ശേഷം വീട്ടിലേക്ക് കയറി. പിന്നീടായിരുന്നു കൊല. ആസൂത്രണത്തിന്റെ ഭാഗമായി കത്തിയും കരുതി. കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെയാണ് കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആതിരയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്സണ് പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. ഈ ബന്ധം അതിരുവിട്ടതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.
വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്സന് ആതിര ചായ നല്കി. ഈ സമയം കൈയി കരുതിയിരുന്ന കത്തി ജോണ്സന് മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തം പുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്കൂട്ടറില്‍ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. വിവാഹിതനും മൂന്നു മക്കളുമുള്ള ജോണ്സണ് ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നു. ആതിര കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമായത്.
അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്സന് വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്സണ് കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ആതിരയുടെ സ്കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി മജിസ്ട്രേറ്റ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍. കുറ്റസമ്മതാണ് ജോണ്സണ് നല്‍കിയതെന്ന് സാരം. ജോണ്‍സണിന്റെ ആരോഗ്യ നിലയില്‍ ആശങ്കയൊന്നുമില്ല. എന്നാലും മുന്‍കരുതലെന്നോണം പോലീസ് മൊഴി മജിസ്ട്രേട്ടിനെ കൊണ്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ കേസില്‍ ജോണ്‍സണിന് കുരുക്ക് മുറുകും. കൊല്ലം സ്വദേശിയായ ജോണ്സണ് ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്സണ്. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു. ടിവിയില്‍ കണ്ട ഫോട്ടോയായിരുന്നു വീട്ടുകാരിയെ സംശയങ്ങളിലേക്ക് കൊണ്ടു പോയത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വിഷം കഴിച്ചതായി ജോണ്സണ് പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
ജോണ്സണ് ഹോം നേഴ്സായിരുന്ന വീട്ടിലെ യുവതിയാണ് ജോണ്‍സനെ തിരിച്ചറിഞ്ഞ് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചത്. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാന്‍ ശ്രമിച്ച ജോണ്‍സനെ തന്ത്രപൂര്‍വം പിടിച്ചുനിര്‍ത്തിയാണ് കോട്ടയം ചിങ്ങവനത്തെ പൊലീസിനെ വിളിച്ചുവരുത്തിയത്. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജോണ്സണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുക്കൂ. അതിനിടെ കേസിന്റെ തുടര്‍ നടപടികള്‍ക്കായി കഠിനംകുളം പൊലീസ് കോട്ടയത്ത് എത്തി. കഴിഞ്ഞ 21 ആണ് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് ആതിരയെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. പഞ്ചാരകൊല്ലി സ്വദേശി രാധയാണ് മരിച്ചത്. പ്രിയദർശനി എസ്റ്റേറ്റിന് സമീപം ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.
വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രിയദർശിനി എസ്റ്റേറ്റിനു സമീപം ജോലിക്കായി കാപ്പി തോട്ടത്തിലേക്ക് പോയതായിരുന്നു. ജനവാസ മേഖലയിൽ വെച്ചാണ് കടുവ സ്ത്രീയെ ആക്രമിച്ചു കാട്ടിലേക്ക് വലിച്ചു കൊണ്ടു പോയതെന്ന് പറയുന്നു.
എന്നാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്ത പ്രദേശമായിരുന്നു ഇത്. ഉടൻ തന്നെ നാട്ടുകാർ പോലീസ് സ്റ്റേഷനിലും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.
നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനെതിരെ കേസ്. ഹേമാ കമ്മിറ്റിയിൽ മൊഴിനൽകിയതിന്റെ വിരോധത്തിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണനെ ഒന്നാം പ്രതിയും നിർമാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സിനിമയിൽ അവസരം നിഷേധിക്കുകയാണ്. തനിക്ക് സിനിമ നൽകരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് സിനിമയിൽനിന്ന് മാറിനിൽക്കേണ്ടിവന്നിരിക്കുകയാണ്. സംഘടനായോഗത്തിൽവെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് പരാതിയിൽ പറഞ്ഞു.
സെൻട്രൽ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. പിന്നീടിവർ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരമാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. ഈ നടപടി എറണാകുളം സബ് കോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
തിരുവനന്തപുരം മുട്ടട സ്വദേശികളായ ദമ്പതിമാർ നെയ്യാറിൽ മരിച്ച നിലയിൽ. സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഇവരുടെ മൃതദേഹങ്ങൾ നെയ്യാറിൽ നിന്ന് കണ്ടെത്തിയത്.
അരുവിപ്പുറം ക്ഷേത്രത്തിന് സമീപമായിരുന്നു ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നത്. കാറിന്റെ താക്കോൽ മരണപ്പെട്ട പുരുഷന്റെ പോക്കറ്റിൽ നിന്ന് ലഭിച്ചു. കൈകൾ കെട്ടിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം. ഇവരുടെ ചെരുപ്പും ഒരു ഫ്രൂട്ടിയുടെ കുപ്പിയും പോലീസ് കണ്ടെത്തി.
ഒരുവർഷം മുമ്പാണ് ഇവരുടെ മകൻ മരിച്ചത്. ഇക്കാര്യത്തിൽ സ്നേഹദേവും ശ്രീലതയും മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ 40 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്തനാകാതെ പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൺ സുഹൃത്താണ് 30 കാരി ആതിരയെ കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
കൊലക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ കണ്ടെത്താനായി എന്നത് മാത്രമാണ് അന്വേഷണത്തിൽ ഇതുവരെയുണ്ടായ പുരോഗതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഈ സമയങ്ങളിൽ യുവാവ് താമസിക്കാറുള്ള പെരുമാതുറയിലെ മുറിയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് ഇയാൾ തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറുമെടുത്താണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിൻെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രിയാര് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അനുവദിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പില്‍ സംയുക്തനേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന നേതൃകലഹം അനവസരത്തിലുള്ളതാണ്. അത് പാര്‍ട്ടിയോട് അനുഭാവമുള്ളവരില്‍പ്പോലും അവമതിപ്പുണ്ടാക്കുമെന്ന വികാരവും അവര്‍ പങ്കുവെച്ചു. സാധാരണനിലയില്‍ അധികാരം കിട്ടിയാല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി മാറുന്നതാണ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായുള്ള സമ്പ്രദായം. ഈ വിഭാഗത്തില്‍ നിലവിലുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്നുവെന്നതാണ് പ്രശ്നം.
കഴിഞ്ഞപ്രാവശ്യം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട രമേശിനെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതാണ് ഒരാവശ്യം. സ്വാഭാവികമായും നിലവിലുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശനാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന താത്പര്യക്കാരുമുണ്ട്.
നേതൃമാറ്റം വേണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും വേണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ വേണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. മാറുന്നെങ്കില്‍ രണ്ടുപേരും മാറട്ടെയെന്ന ആവശ്യവും ഇതിനിടയില്‍ ചില കോണുകളില്‍നിന്ന് നിര്‍ദേശമായുയര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവമായെടുത്തിട്ടില്ല. തര്‍ക്കം മുറുകിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാരംഭിച്ച മിഷന്-25-ഉം ഏതാണ്ട് സ്തംഭനാവസ്ഥയിലായി.
ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ ഹൈക്കമാന്‍ഡ് മാറ്റിയേക്കും. അടൂര്‍ പ്രകാശ്, റോജി എം. ജോണ്‍, ബെന്നി ബെഹനാന്, മാത്യു കുഴല്നാടന് തുടങ്ങിയവരുടെ പേരുകളാണ് പകരം പരിഗണിക്കപ്പെടുന്നത് എന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. അതേസമയം, ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വപ്രതിസന്ധിയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും ശക്തമാണ്.
വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമുള്ള സമയത്ത് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ രൂക്ഷമാക്കി എന്ന തോന്നലാണ് പൊതുവേ. എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കെടുത്ത ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്. സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടതായി നിരീക്ഷകര്‍ പറയുന്നു. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്തേക്കും.
കെ.പി.സി.സി അധ്യക്ഷനെ നീക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധാകരന് പറഞ്ഞത് കെ.പി.സി.സി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാന്‍ തനിക്കു താത്പര്യമില്ലെന്നും ഹൈക്കമാന്‍ഡിന് യുക്തമായ തീരുമാനമെടുക്കാം എന്നുമാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനമോ, മുഖ്യമന്ത്രി പദവിയോ തന്റെ വലിയ സ്വപ്നമായിരുന്നില്ല. ആറേഴു വയസ്സു മുതല്‍ സി.പി.എമ്മിനെതിരെ പൊരുതുന്ന താന്‍ പോരാട്ടം തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ, പാര്‍ട്ടിയെ നയിക്കാനുണ്ടാവും. കെ.പി.സി.സി അധ്യക്ഷന്‍ മാറുന്നു എന്നതിന് പ്രതിപക്ഷ നേതാവും മാറും എന്നര്‍ഥമില്ല- സുധാകരന് പറഞ്ഞു. അതേസമയം, സുധാകരന് കെ.പി.സി.സിയെ നയിക്കാന്‍ യോഗ്യനായ കഴിവുറ്റ നേതാവാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാത്തത് പാര്‍ട്ടിക്കു ക്ഷീണം ചെയ്യുന്നതായി ദീപ ദാസ്ദാ മുൻഷി കരുതുന്നു. നേതാക്കളുമായി അവര്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ചര്‍ച്ച നടത്തിയത്. പലരും നേതൃമാറ്റം ആവശ്യപ്പെട്ടു. ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തിയാല്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനാവാത്ത സാഹചര്യമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ- ഒരു നേതാവ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിക്കു ശേഷം വിളിച്ചുചേര്‍ക്കാനിരുന്ന സംയുക്ത പത്രസമ്മേളനം വേണ്ടെന്നു വെച്ചത് പാര്‍ട്ടിയിലെ അനൈക്യം ശക്തിയായി തുടരുന്നതിന്റെ ലക്ഷണമാണ്.
കോണ്‍ഗ്രസിന്റെ 21 സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ, പാര്‍ട്ടിക്ക് വിജയസാധ്യതയുളള 63 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വി.ഡി.സതീശന് പറഞ്ഞതിനെ എ.പി.അനില്‍കുമാര്‍ നിശിതമായി ആക്രമിക്കുകയായിരുന്നു. കെ.സി പക്ഷക്കാരനായ അനില്‍ എവിടെ നിന്നാണ് ഈ വിവരം, ആരു പറഞ്ഞിട്ടാണ് സര്‍വേ നടത്തിയത്, ഏതൊക്കെയാണ് സീറ്റുകള്‍, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ സതീശന് മറുപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ദീപയും കെ.സി. വേണുഗോപാലും വ്യക്തമാക്കുകയും ചെയ്തു. സതീശനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ യുവനേതാക്കള്‍ പോലും രംഗത്തു വന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ, മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷനേതാവിന്റെ വസതി സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അപ്രാപ്യമായെന്ന് ആരോപിച്ചിരുന്നു. പക്ഷേ, ഉദാഹരണങ്ങള്‍ നിരത്താന്‍ പറഞ്ഞപ്പോള്‍ പരുങ്ങിയ ശൂരനാട് ക്ഷമ പറഞ്ഞ് തലയൂരുകയായിരുന്നു. വി.ഡി.സതീശന് പിന്തുടരുന്ന കര്‍ശനമായ രീതികളെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നവരുമുണ്ട് കെ.പി.സി.സിയില്‍. അവഗണനയില്‍ വളരെ നിരാശരാണ് ചില മുതിര്‍ന്ന നേതാക്കള്‍. എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാന്‍ പ്രതിപക്ഷനേതാവ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.
മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘പുറത്തു കിട്ടിയാൽ കൊന്നിടും’ എന്ന ഭീഷണിയുടെ വിഡിയോ ഞെട്ടലോടെയാണു നാടു കണ്ടത്. ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിദ്യാർഥിയിൽ നിന്ന് അതു പിടിച്ചുവാങ്ങി വച്ചതിനാണു പ്രിൻസിപ്പൽ എ.കെ.അനിൽകുമാറിനു നേരെ അദ്ദേഹത്തിന്റെ മുറിയിൽ വച്ചു വിരൽ ചൂണ്ടി കയർത്ത് വധഭീഷണി മുഴക്കിയത്. പിടിഎ ഭാരവാഹികൾ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ലെന്നു പിടിഎ തീരുമാനിച്ചതാണെന്നും ഫോൺ കൊണ്ടുവരുന്ന വിദ്യാർഥികളിൽ നിന്ന് അതു വാങ്ങിവച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി തിരികെ നൽകുകയാണു പതിവെന്നും പിടിഎ പ്രസിഡന്റും ആനക്കര പഞ്ചായത്ത് അംഗവുമായ വി.പി.ഷിബു പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച സ്കൂളിൽ അടിയന്തര പിടിഎ യോഗം വിളിച്ചിട്ടുണ്ട്.
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി. പരിഗണന നല്കിയ സംഭവത്തില്‍ രണ്ട് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
മധ്യമേഖല ജയില്‍ ഡിഐജി അജയ കുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.. ജയില്‍ ആസ്ഥാന ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി.
ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകള്‍ ബോബിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.