Kerala

ഷാരോൺ വധക്കേസിലെ ശിക്ഷാ വിധിയിന്മേൽ അതിരൂക്ഷമായ വാദ- പ്രതിവാദംപൂർത്തിയായി. ഈ മാസം 20 ന് കേസിൽ ശിക്ഷ വിധിക്കും. ഒരു തരത്തിലും ദയ അർഹിക്കാത്ത കേസാണിതെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ ചിന്തയാണെന്നും മലയാളികൾക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ കേസാണിതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

മലയാളിക്ക് മാത്രമേ ബാധകമാവുകയുള്ളോയെന്ന് കോടതി ചോദിച്ചപ്പോൾ മലയാളികൾ മാത്രമാണ് ഈ വാർത്ത വായിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ നൽകിയ മറുപടി. ഒരു ഘട്ടത്തിൽ പോലും പ്രതിക്ക് മനസ്താപം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ശിക്ഷയെപ്പറ്റി പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് കോടതിയോട് പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്മ എഴുതി നൽകുകയായിരുന്നു. തനിക്ക് 22 വയസാണെന്ന് കോടതിയെ അറിയിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകൾ കാണിച്ചു.

മറ്റ് ക്രിമിനൽ കേസുകളൊന്നും ഇല്ലെന്നും തനിക്ക് പരമാവധി ഇളവു നൽകണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. കേസിൽ സാഹചര്യത്തെ മാത്രം പരിഗണിച്ച് എങ്ങിനെ ശിക്ഷിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തം ആണ്. പക്ഷേ 10 വർഷമായി ഇളവ് നൽകേണ്ട സാഹചര്യം സംഭവത്തിൽ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു.

സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഷാരോണിൻ്റെ സ്വഭാവമെന്നും അയാൾക്ക് സമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഗ്രീഷ്മ ക്രൈം ചെയ്തു പോയത്. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിഭാഗം വാദം വാദിച്ചു. സമയബന്ധിതമായി കേസ് പൂർത്തിയാക്കിയതിൽ കോടതിയെയും പ്രകീർത്തിച്ചാണ് പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചത്.

ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകന്‍ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായെന്നാണ് സുബൈദയുടെ സഹോദരി സക്കീന പറയുന്നത്.

മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതായാണ് വിവരം. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയതായി സക്കീന പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിലാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുംകൂടിയായിരുന്നു. ശനിയാഴ്ച സുബൈദയുമായി ആഷിഖ് തര്‍ക്കത്തിലേര്‍പ്പെട്ടോ എന്നത് വ്യക്തമല്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍വീട്ടിലെത്തി കൊടുവാള്‍ ചോദിച്ചു. തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. ഇവിടെ നിന്ന് വാങ്ങിയ കത്തിയുമായി വീടിനകത്ത് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.

വീടിനുള്ളില്‍നിന്ന് കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ ‘ആര്‍ക്കാടാ കത്തിവേണ്ടതെന്ന്’ ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കഴുകിയ ശേഷം കത്തി അവിടെവെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസിലും ഏല്‍പ്പിച്ചു.

സുബൈദ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പേ സുബൈദ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

കുന്ദമംഗലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് സ്വദേശി ശ്രീനിജ് ആണ് അറസ്റ്റിലായത്. കുന്ദമംഗലം പോലീസ് പരിധിയില്‍ വരുന്ന ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് ശ്രീനിജ്. രണ്ട് വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

രണ്ടുപേരുടെ പരാതിയില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് ശ്രീനിജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ലൈംഗിക ഉദ്ദേശത്തോടുകൂടി അധ്യാപകന്‍ പെരുമാറി എന്ന് വിദ്യാര്‍ഥികള്‍ ആദ്യം പരാതി നല്‍കിയത് സ്‌കൂളിലെ പ്രഥമാധ്യാപകനോടാണ്. അദ്ദേഹമാണ് വിവരം പോലീസില്‍ അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ശ്രീനിജിനെതിരെ ഇതിനുമുമ്പും കേസുകള്‍ ഉള്ളതായി പോലീസ് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസും സഹപ്രവര്‍ത്തകരായ അധ്യാപകരെ അസഭ്യം പറഞ്ഞയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഉള്‍പ്പെടെ ആറോളം കേസുകളുമാണ് ശ്രീനിജിനെതിരെ നിലവിലുള്ളത്.

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) കുറിച്ച് വിശദ അന്വേഷണത്തിന് പോലീസ്. ഋതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് തീരുമാനം. പോലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷം സ്റ്റേഷനില്‍ എത്തിച്ച പ്രതി ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയിരുന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32), എന്നിവരാണ് ഋതുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ചേരാനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഋതു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കൃത്യം നടത്തിയ ശേഷം ബൈക്കില്‍ സഞ്ചരിച്ച പ്രതിയെ സംശയം തോന്നിയതിനാല്‍ പോലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. നാലുപേരെ കൊന്നുവെന്നും അത് അറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നുമാണ് ഋതു പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. കൊലപാതകത്തെ കുറിച്ച് അറിഞ്ഞാണ് പോലീസ് തടഞ്ഞു നിര്‍ത്തിയത് എന്ന വിശ്വാസത്തിലായിരുന്നു ഋതുവിന്റെ കുറ്റസമ്മതം. വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പോലീസ് കൈകാട്ടി തടഞ്ഞത്. ഹെല്‍മറ്റ് വയ്ക്കാതെയായിരുന്നു ഋതു ബൈക്കില്‍ പോയതെന്നായിരുന്നു ഇതിന് കാരണം. ജിതിന്റെ ബൈക്ക് എടുത്തായിരുന്നു രക്ഷപ്പെടാനുള്ള ഋതുവിന്റെ ശ്രമം. പോലീസ് കണ്ടതു കൊണ്ട് മാത്രമാണ് അപ്പോള്‍ പിടിയിലായത്. അല്ലാത്ത പക്ഷം സ്ഥലം വിടാന്‍ സാധ്യത ഏറെയായിരുന്നു.

സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്നും കൂടുതല്‍ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണം എന്നും കാണിച്ച് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് ഋതുവിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. പ്രതി പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. വൈദ്യപരിശോധനയില്‍ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യംചെയ്യലില്‍ ഋതു പോലീസിനോട് വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ചേന്ദമംഗലത്തെ നടുക്കിയ അരുംകൊല നടന്നത്.

ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേര്‍ക്കും മുഖത്തും തലയിലുമാണ് പരിക്കുകള്‍. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയില്‍ ആറും വിനീഷയുടെ തലയില്‍ നാലും ഉഷയുടെ തലയില്‍ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റര്‍വരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ജിതിനെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ വെന്റിലേറ്ററിലാണ്. കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ പ്രതി ഋതു ഉപയോഗിച്ചത് ബൈക്കിന്റെ ഷോക്ക്അബ്സോര്‍ബറിന്റെ സ്റ്റമ്പാണ്. ഇതുകൊണ്ട് തലയ്ക്കടിച്ചശേഷം ജിതിന്റെ ബൈക്കുമായി പോകുന്നതിനിടെ പ്രതി നാട്ടുകാരില്‍ ചിലരോട് നാലുപേരെ തീര്‍ത്തെന്ന് പറഞ്ഞിരുന്നു. ഹെല്‍മെറ്റ് വയ്ക്കാതെ സിഗരറ്റ് വലിച്ച് ബൈക്കില്‍ പോകുന്നതുകണ്ട് വടക്കേക്കര പൊലീസ് കൈ കാണിച്ചു. എന്നാല്‍, നിര്‍ത്താതെപോയ ഋതു തിരികെവന്ന് നാലുപേരെ കൊന്നെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വേണുവും കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നല്‍കിയത്. കൊലപാതകത്തില്‍ കുറ്റബോധമില്ലാത്ത വിധമാണ് പ്രതിയുടെ പെരുമാറ്റം. ബൈക്ക് മോഷണം ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ഋതു പ്രതിയാണ്. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുണ്ട്. 2015ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണം, 2020ല്‍ പറവൂര്‍ സ്റ്റേഷനില്‍ അടിപിടി, 2022ല്‍ സ്ത്രീയെ പിന്തുടര്‍ന്ന് ശല്യംചെയ്തെന്ന പരാതിയില്‍ വടക്കേക്കര സ്റ്റേഷനിലുമാണ് കേസുകള്‍. തര്‍ക്കങ്ങളില്‍ വേണുവിന്റെ വീട്ടുകാരും ഋതുവിന്റെ വീട്ടുകാരും രണ്ടുതവണ വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുള്ള ജിതിന്‍ ബോസ് കുറച്ചുകാലം നാട്ടില്‍ ഡ്രൈവറായിരുന്നു. പിന്നീടാണ് ഗള്‍ഫില്‍ ജോലി കിട്ടിയത്. കൂട്ടക്കൊല നടത്തിയ പ്രതി ഋതു ഇടയ്ക്ക് ബംഗളൂരുവില്‍ പോകുമെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണകളില്ല. നിര്‍മ്മാണ തൊഴിലാളിയാണെന്ന് പറയുന്നുണ്ടെന്ന് മാത്രം. ലഹരിമരുന്ന് ഇടപാടുകള്‍ക്കായാണ് ബംഗളൂരു യാത്ര എന്നാണ് നാട്ടുകാര്‍ പറയുന്നത്.

വെള്ളി വൈകിട്ട് 5.30നാണ് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. ജിതിന്റെ സുഹൃത്തുക്കളും നാട്ടുകാരും കോടതി അങ്കണത്തില്‍ എത്തിയിരുന്നു. ഇവരില്‍ പലരും രോഷത്തോടെ, ‘നീ ഒരു കുടുംബത്തിനെ ഇല്ലാതാക്കിയില്ലേടാ’ എന്ന് ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. ജീപ്പില്‍നിന്ന് ഇറക്കിയപ്പോള്‍ ചിലര്‍ പ്രതിക്കുനേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വേഗം കോടതിയുടെ ഉള്ളിലേക്ക് കയറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കോടതിമുറിക്കുസമീപത്തേക്ക് ജീപ്പ് നീക്കിയിട്ടു. പ്രതിയെ തിരിച്ച് പുറത്തേക്ക് ഇറക്കിയപ്പോള്‍ ഒരാള്‍ ഇഷ്ടികയുമായി പാഞ്ഞടുത്തു. പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഋതുവിനെ ജീപ്പിലേക്ക് വേഗം കയറ്റി. പ്രതിയെ ആലുവ സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. പിന്നീട് കോടതി പോലീസ് കസ്റ്റഡിയിലും വിട്ടു.

വെമ്പായം ഇരിഞ്ചയത്തുണ്ടായ ബസ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ജീവഹാനി ഒഴിവായി. അപകടവാര്‍ത്ത അറിഞ്ഞയുടന്‍ 25 ആംബുലന്‍സുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നെടുമങ്ങാട് അഗ്നിരക്ഷാസേനയും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.

കാട്ടാക്കട കീഴാറൂരില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. ബന്ധുക്കളായിരുന്നു ഇവരിലേറെയും. കുട്ടികളും ബസിലുണ്ടായിരുന്നു. വളവും തിരിവുമുള്ള റോഡിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10:20-ഓടെ നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിനു സമീപമായിരുന്നു അപകടം. കാട്ടാക്കട സ്വദേശി ദാസിനി(61)യാണ് മരിച്ചത്. 40 പേര്‍ക്കു പരിക്കേറ്റു. 49 പേരാണ് ബസിലുണ്ടായിരുന്നത്. 26 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഏഴു കുട്ടികള്‍ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലാത്ത 15 പേര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്.

അപകടത്തിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ടയുടന്‍ ഇവിടേക്ക് യുവാക്കളടക്കമുള്ള നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. പത്തുമിനിറ്റിനകം പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി എന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ബസ് വെട്ടിപ്പൊളിച്ചാണ് അതിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത്. റോഡരികിലെ അഴുക്കുചാലിനു മുകളിലേക്കാണ് ബസ് വീണത്. വീഴ്ചയില്‍ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നു. യാത്രക്കാര്‍ ഈ സ്ലാബിനിടയിലൂടെ ഓടയിലേക്കു വീണു. ഇവരെയെല്ലാം മിനിറ്റുകള്‍ക്കകം പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്കു കഴിഞ്ഞു. ഈ റോഡിലൂടെ വാഹനഗതാഗതം പൊലീസ് തടഞ്ഞതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. ഒരു മണിക്കൂറിനകം ബസ് നിവര്‍ത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു.

നിരന്തരം അപകടമുണ്ടാകുന്ന കൊടുംവളവിലാണ് അപകടം ഉണ്ടായത്. വളവില്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിഞ്ഞുവീഴുകയായിരുന്നു. വേഗത്തിലുണ്ടായ വീഴ്ചയില്‍ ബസിലുണ്ടായിരുന്നവര്‍ തെറിച്ചുവീണാണ് പരിക്കേറ്റത്. മരിച്ച ദാസിനിക്ക് ശരീരത്തില്‍ മുറിവുണ്ടായിരുന്നില്ല. തലയ്ക്കാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്.

ദിശ എന്ന സംഘടന നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി.

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.

ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ഹണി റോസ് നിയമനടപടി സ്വീകരിച്ചത്. പൊതുമധ്യത്തിൽ രാഹുൽ നടത്തുന്ന പരാമർശങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവും എന്ന് ഹണി വ്യക്തമാക്കിയിരുന്നു.

ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും.

പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍.ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ഗ്രീഷ്മ കൊന്നുവെന്നാണ് കേസ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്‌സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.

കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.

നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം.

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി. അടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണന്‍, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന്‍ ആണ് ക്രൂരകൃത്യം നടത്തിയത്.

ആക്രമണത്തിന് ശേഷം ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതിയെ പോലീസ് പിടികൂടി. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് പ്രതി നാട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരുംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. ഇയാള്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പോലീസില്‍നിന്ന് രക്ഷപ്പെട്ടിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

കലൂരില്‍ നടന്ന നൃത്ത പരിപാടി കാണാനെത്തിയപ്പോള്‍ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിടുമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരസഹായത്തോടെ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു.

ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെയാകും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുക. അപകടത്തെത്തുടര്‍ന്ന് പതിനൊന്ന് ദിവസം ഉമ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

ഡിസംബര്‍ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം നര്‍ത്തകരെ അണിനിരത്തി നടത്തിയ പരിപാടിയായിരുന്നു ഇത്.

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.

ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്. എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ ‘സമാധി ഇരുത്തി’യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.

Copyright © . All rights reserved